Friday, February 4, 2011

കോടതി വിധി ! ജന വിധി !

പൊതു റോഡുകളിലും,പാതയോരങ്ങളിലും സമ്മേളനങ്ങളും,പ്രകടനങ്ങളും നടത്തി ജന ജീവിതം ദുസഹമാക്കി കൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് മൂക്ക് കയറിടാന്‍ ബഹുമാനപ്പെട്ട കോടതി വിധിക്ക് കഴിയുമെന്ന പ്രത്യാശയിലാണ് കേരളത്തിലെ ഒട്ടു മുക്കാല്‍ ജനങ്ങളും.ബഹുമാനപ്പെട്ട കോടതിയുടെ ഈ വിധിയില്‍ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജനങ്ങള്‍ സന്തുഷ്ടരും,സംത്രുപ്തരുമാണെന്നുമാണ്‌ മലയാള മനോരമ നടത്തിയ ഓണ്‍
ലൈന്‍ സര്‍വ്വേ തെളിയിക്കുന്നത്.വേറൊരു സംസ്ഥാനത്തിലും ഇത്തരം പൊതു നിരത്തുകളില്‍ നടക്കുന്ന പൊതു യോഗങ്ങളും,ഉപരോധ സമരങ്ങളും അധികം നമുക്ക് കാണാന്‍ കഴിയില്ല.കേരളം പുരോഗതിയുടെ കൊടുമുടിയിലേക്ക് കുതിക്കുമ്പോഴും പുതിയ റോഡുകള്‍ ഉണ്ടാവാത്തതും ഒപ്പം ഉള്ള റോഡുകള്‍ വീതിയില്ലാതെ ഞെരുങ്ങുന്നതും പൊതു നിരത്തുകള്‍ സമര നിരത്തുകള്‍ ആക്കുന്നവര്‍ അറിയുന്നില്ല.

സന്തോഷത്തില്‍ ആര്‍മാദിക്കാനും,രോഷാകുലരായി പ്രതിക്ഷേധിക്കാനും പൊതു നിരത്തുകള്‍ തറവാട്ടു സ്വത്തു പോലെ ഉപയോഗിക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ക്ക് ഈ വിധി വല്യ ഒരു തിരിച്ചടി തന്നെയാകും.പ്രകടനങ്ങളും,പൊതു യോഗങ്ങളും,പ്രതിക്ഷേധങ്ങളും ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണെന്ന വസ്തുത നില നില്‍ക്കുമ്പോള്‍ തന്നെ അവരുടെ അവകാശങ്ങള്‍ മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ ഉള്ളതായി തീരരുത്. ഈ പ്രകടങ്ങളും,പൊതു യോഗങ്ങളും,ജന ജീവിതം സ്തംഭിപ്പിക്കുകയും, ഗതാഗത തടസം മൂലം ജനങ്ങള്‍ ദുരിതത്തില്‍ ആയി തീരുന്നതും കേരളീയര്‍ക്ക് നിത്യ സംഭവങ്ങള്‍ ആണല്ലോ ! അത്യാസന്ന നിലയില്‍ വലയുന്ന രോഗികള്‍,ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍,വിമാന,ട്രെയിന്‍ യാത്രക്കും മറ്റും പുറപ്പെടുന്നവര്‍,അന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവര്‍ തുടങ്ങിയവരുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കാന്‍ ഈ പൊതു യോഗങ്ങള്‍ക്കും,പ്രകടനങ്ങള്‍ക്കും കഴിയുമെന്നുള്ളതാണ്‌ അപകടകരമായ
അവസ്ഥ.ചിലപ്പോള്‍ ഈ സമ്മേളങ്ങളും,പ്രകടനങ്ങളും അക്ക്രമാസക്തമായി തീരാറുണ്ട്.ജനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് മറ്റുള്ളവരുടെ അവകാശങ്ങളില്‍ ബോധവാന്‍മാരാകാത്ത ഇത്തരക്കാര്‍ക്ക് എതിരെ കോടതി കര്‍ശന നടപടികളില്‍ എത്തിചേര്‍ന്നിരിക്കുന്നത്.

ഈ സമരങ്ങളും,പൊതു യോഗങ്ങളും കൊണ്ട് വീര്‍പ്പു മുട്ടുന്നത് കേരളത്തിലെ മറ്റേതു നഗരത്തേക്കാള്‍ തിരുവനന്തപുരം നഗരമാണെ ന്നുള്ളത് ഏല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ !! അനന്തപുരിയുടെ ഈ ദുര്യോഗം ആറു വര്‍ഷത്തിനു മുന്‍പ് ബീ ബീ സീയുടെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത് പുറം ലോകത്ത് എത്തിച്ചിരുന്നു.ഇന്ത്യയിലെ ഏതൊരു നഗരത്തെക്കാളും ഈ സമരക്കാരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നത് തിരുവനന്തപുരം നഗരം തന്നെയാനെന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യം തന്നെയാണ്.ഇത്തരം പ്രകടനങ്ങളാലും,പൊതു യോഗങ്ങളാലും ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പൊതു ജനങ്ങള്‍ക്ക്‌ കോടതി വിധി ഒരു ആശ്വാസം തന്നെയാണ്.

കാല്‍ നടക്കാര്‍ക്കും,വാഹനങ്ങള്‍ക്കും തടസമുണ്ടാക്കുന്ന രീതിയില്‍ പ്രകടനക്കാര്‍ റോഡ്‌ നിരന്നു നടക്കരുതെന്നു 1997- ല്‍ തന്നെ കോടതി നിര്‍ദേശിച്ചിരുന്നതാണ്.യോഗമോ,ജാഥയോ,പ്രകടനങ്ങളോ നടത്തുന്നവര്‍ പങ്കെടുക്കുന്നവരുടെ ഏകദേശ കണക്കും,പൊതു യോഗം നടക്കുന്ന മൈതാനത്തിന്റെ വിവരവും അറിയിക്കുവാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സുഗമമായ ഗതാഗത സംവിധാനം ഉറപ്പു വരുത്തുന്നതോടൊപ്പം ശബ്ദ മലിനീകരണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുവാനുമാണ് കോടതിയുടെ ജനഹിതമായ ഈ വിധി.അവധി ദിവസങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്കൂളുകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മൈതാനങ്ങള്‍,വഴിയോരം വിട്ടുള്ള തുറസ്സായ സ്ഥലങ്ങള്‍,സ്ടെഡിയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യോഗാനുമതി നല്‍കാവുന്നതാണെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.അനുമതിയില്ലാതെ സമ്മേളങ്ങളും,യോഗങ്ങളും,പ്രകടനങ്ങളും നടത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കുവാനും,വേദികളും,അനുബന്ധ സജ്ജീകരണങ്ങളും പൊളിച്ചു നീക്കാനും പോലീസിനു കര്‍ശനമായ നിര്‍ദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്.വളരെ വൈകിയാണെങ്കിലും കോടതി നടത്തിയ ഈ വിധി പ്രഹ്യാപനം സംശുദ്ദമായ ഒരു ജനാധിപത്യ പ്രക്രിയ വാര്‍ത്തെടുക്കും എന്നുള്ളതില്‍ സംശയമില്ല ...

മുലപ്പാല്‍ വില്‍പ്പനക്ക് !!

ലോകത്തുള്ള ഒട്ടു മുക്കാല് വസ്തുക്കളും കച്ചവട ചരക്കായി മാറി കൊണ്ടിരിക്കുന്ന ഈയവസരത്തില്‍ മുലപ്പാലും കച്ചവട ചരക്കായി മാറിയിരിക്കുകയാണ്.ലണ്ടന്‍ നഗരത്തിലെ ടോണി എബ്ടന്‍ എന്ന ഇരുപത്തിയാറു കാരിയായ യുവതിയാണ് മുലപ്പാല്‍ വില്‍പ്പനക്ക് എന്ന പരസ്യവുമായ് ഇന്റര്‍നെറ്റ്‌ വഴി മുന്നോട്ടു വന്നിരിക്കുന്നത്.ഇവര്‍ക്ക് ഏകദേശം പത്തോളം സ്ഥിര കസ്ടമര്‍ ഉണ്ടെന്നാണ് ഇവരുടെ വാദം.

ഈ വര്‍ഷമാദ്യം ടോണി ഒരു ആണ്‍ കുഞ്ഞിനു ജന്മം നല്‍കിയിരുന്നു.കുഞ്ഞിനു നിറയെ മുലപ്പാല്‍ ഊട്ടിയെങ്കിലും പിന്നെയും കുറെ പാല്‍ മിച്ചം വന്നു.അപ്പോള്‍ ടോണിയുടെ ഒരു പെണ്‍ സുഹൃത്ത്‌ തമാശക്ക് ചോദിച്ചു.ബാക്കി വരുന്ന ഈ മുലപ്പാല്‍ തനിക്കു വിറ്റു കൂടെ എന്ന്.കൂട്ടുകാരി തമാശക്ക് പറഞ്ഞതാണെങ്കിലും ടോണി അത് വളരെ ഗൌരവമായി എടുത്തു ഇന്റര്‍നെറ്റ്‌ മൂലം പരസ്യം നല്‍കി.

അത്ഭുതമെന്നു പറയട്ടെ ടോണിയെ ഒരുപാട് ഉപഭോക്താക്കള്‍ കോണ്ടാക്റ്റ് ചെയ്യുവാന്‍ തുടങ്ങി.ഇതില്‍ കൂടുതലും പുരുഷന്മാര്‍ ആണെന്നുള്ളതാണ് ഏറ്റവും രസകരമായ വിഷയം.യുവാക്കള്‍ തൊട്ടു വൃദ്ധന്മാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.മുലപ്പാലിന്റെ ഗുണം തന്നെയാണ് ഇതിനു കാരണം.മുറിവുണക്കാനും,പ്രമേഖവും,കാന്‍സര്‍ മുതലായ രോഗങ്ങള്‍ ചെറുക്കുവാനുമുള്ള ദിവ്യ ഔഷധമാണ് മുലപ്പാല്‍ എന്നുള്ള അറിവായിരിക്കാം ഇത്തരക്കാര്‍ക്ക് മുലപ്പാലിനോടുള്ള താല്‍പ്പര്യത്തിനു കാരണം.മുലപ്പാല്‍ നല്ലൊരു ആന്റിബയോട്ടിക് ആണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

"അമ്മയുടെ മുലപ്പാല്‍ കുടിച്ചവന്‍ ആണെങ്കില്‍ വാടാ ഒരു കൈ നോക്കാം" എന്ന വീര വാദങ്ങള്‍ ആണുങ്ങളുടെ ഇടയില്‍ നമ്മള്‍ കേള്‍ക്കുന്നത് ആണല്ലോ....എന്തായാലും മിച്ചം വരുന്ന ഈ മുലപ്പാല് പാക്കറ്റുകളില്‍ ആക്കി മാര്‍ക്കെറ്റില്‍ എത്തിച്ചാല്‍ സ്ത്രീകള്‍ക്ക് ഒരു വരുമാനവുമാകും,ആണുങ്ങള്‍ വീരന്മാരും യോദ്ധാക്കളും ആയി തീരും .....നട്ടെല്ല് വളയാതെ ആണുങ്ങള്‍ നിവര്‍ന്നു നില്‍ക്കും .... സ്വന്തം അമ്മയില്‍ നിന്നും മുലപ്പാല്‍ വേണ്ട വിധം കിട്ടാത്തവര്‍ക്കും ഈ സംരഭം ഒരനുഗ്രഹം തന്നെയായിരിക്കും .....എന്തായാലും ഭാവിയില്‍ മുലപ്പാല്‍ ക്ഷീരോല്‍പ്പാദന സംഘങ്ങള്‍ തുടങ്ങാനും സര്‍ക്കാരില്‍ നിന്നും ലോണ്‍ കിട്ടാനും സാധ്യതയുണ്ട് ...... അമ്മിഞ്ഞ പാലിന്റെ മാധുര്യം എന്നൊക്കെ വാ തോരാതെ എഴുതുന്ന കവികള്‍ക്കും ചിന്തകര്‍ക്കും ഒക്കെ ഇനി പാക്കറ്റ് മുലപ്പാല്‍ കുടിച്ചു കൊണ്ട് ഇനി ഇതൊക്കെ എഴുതുവാന്‍ കഴിയും .... "വിനാശകാലേ വിപരീത ബുദ്ധി" ....

കദ്ദാമ

ദാരിദ്ര്യവും പട്ടിണിയും മൂലം പൊറുതി മുട്ടി വേറൊരു തൊഴിലും വശമില്ലാത്ത,വിദ്യാഭ്യാസമില്ലാത്ത സ്ത്രീകള്‍ ചെയ്യുന്ന തൊഴിലാണ് വീട്ടു ജോലി.നിര്‍ധന കുടുംബത്തില്‍ ജനിക്കുന്ന ഇവര്‍ കുഞ്ഞുങ്ങളെ വളര്‍ത്താനും,കുടുംബത്തെ പോറ്റാനുമുള്ള തത്രപ്പാടില്‍ ഏതെങ്കിലും ഏജന്റുമാര്‍ വച്ച് നീട്ടുന്ന വിസയില്‍ ആകൃഷ്ടരാകുന്നു. കിടപ്പാടം വരെ പണയം വച്ചും,കടം വാങ്ങിയും,ലോണ്‍ എടുത്തും പണം സംഘടിപ്പിച്ചു ഗള്‍ഫില്‍ ജോലിക്ക് വന്നാല്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അറുതി വരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഈ സാഹസത്തിനു മുതിരുന്നത്.

പക്ഷെ ഈ പാവങ്ങള്‍ അറിയുന്നില്ല ഏജന്റുമാര്‍ പണം വാങ്ങി തങ്ങളെ ഗള്‍ഫിലുള്ള മറ്റുള്ള ഏജന്റുമാര്‍ക്ക് വില്‍ക്കുകയാനെന്നു.ഗള്‍ഫില്‍ വന്നിറങ്ങുന്നത് മുതല്‍ അവരുടെ ദുരിതങ്ങള്‍ അവസാനിക്കുകയല്ല മറിച്ചു ആരംഭിക്കുകയാണ്.ഗള്‍ഫിലുള്ള ഏജന്റുമാര്‍ അവരെ അറവു മാടുകളെ പോലെ ഏജന്‍സി ഓഫീസുകളില്‍ കൊണ്ടിരുത്തുന്നു.അറബികള്‍ വന്നു തിരിച്ചും മറിച്ചും നോക്കി നല്ല ഉരുക്കളെ തിരഞ്ഞെടുത്തു കച്ചവടമുറപ്പിക്കുന്നു(എല്ലാരുമല്ല).അറബികളിലും മനുഷ്യത്വത്തോടെ വീട്ടു ജോലിക്കാരോട് സമീപിക്കുന്നവരുണ്ട്.വീട്ടു ജോലിക്കാരെ സ്വന്തം സഹോദരങ്ങളെ പോലെ അല്ലങ്കില്‍ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നവരുണ്ട്.അറബികളില്‍ ഏകദേശം അഞ്ചു ശതമാനമോ അതില്‍ താഴെയോ മാത്രമേ ദയയും കാരുണ്യവും വീട്ടു ജോലിക്കാരോട് കാണിക്കുന്നവരുള്ളൂ.മറ്റുള്ളവര്‍ തങ്ങള്‍ വിലക്ക് വാങ്ങിയ അടിമകള്‍ ആയിട്ടാണ് വീട്ടു ജോലിക്കാരെ കാണുന്നത്.
അറബികളുടെ വീട്ടില്‍ ജോലി നോക്കുന്ന സ്ത്രീകള്‍ക്ക് "കദ്ദാമ" എന്നാണു പേര്.മലയാളത്തില്‍ വീട്ടു ജോലിക്കാരി എന്നാണു ഇതിനര്‍ഥം.വെളുപ്പിനെ നാല് മണിക്ക് ഇവര്‍ എഴുന്നേല്‍ക്കണം.വീട്ടിലെ എല്ലാ അംഗങ്ങളുടെയും കാറുകള്‍ കഴുകണം.ഇതു തണുപ്പത്തും,ചൂടത്തും അവര്‍ ചെയ്തെ പറ്റൂ.പിന്നെ എല്ലാ കാര്‍പെറ്റുകളും പൊടി തട്ടി ഷാമ്പൂ ഉപയോഗിച്ച് കഴുകണം.പിന്നെ തുണി കഴുകല്‍,അടുക്കളയില്‍ പാചകം,തുണികള്‍ക്ക് ഇസ്ത്തിരിയിടല്‍,യജമാനനും,യജമാനത്തിക്കും,കുട്ടികള്‍ക്കും(മിക്കവാറും പത്തു പതിനഞ്ചു മക്കളുണ്ടാകും)ആഹാരം വിളമ്പണം.കുട്ടികള്‍ക്ക് ചന്തി കഴുകി കൊടുക്കണം.കുളിപ്പിക്കേണ്ടി വരില്ല.കാരണം അവര്‍ ആഴ്ചയിലും,മാസത്തിലും ഒരിക്കലെ കുളിക്കുകയുള്ളൂ.
ഇത്രയും പണികള്‍ ചെയ്തു കഴിഞ്ഞു ഒന്ന് തല ചായ്ക്കുമ്പോള്‍ രാത്രി പന്ത്രണ്ടു മണിയാകും.ഈ പണികള്‍ക്കിടയില്‍ യജമാനനും,യജമാനത്തിയും പല കുറ്റങ്ങളും കണ്ടു പിടിക്കും.ഇസ്തിരി ഇട്ടതു ശെരിയാകതത്തിനു,പാത്രങ്ങള്‍ കയ്യില്‍ നിന്ന് വീണു പൊട്ടിയതിന് ശകാരവും,മാനസികവും,ശാരീരികവുമായ പീഡനങ്ങളും.വീട്ടു ജോലിക്കാരെ വളരെ മൃഗീയമായി ഉപദ്രവിക്കുന്ന അറബികള്‍ ഉണ്ട്.ലൈന്കീക പീഡനങ്ങള്‍ വളരെയധികം ഇവര്‍ അനുഭവിക്കുന്നുണ്ട്.പത്തു വയസു കാരന്‍ മുതല്‍ നൂറു വയസു കാരന്‍ വരെ കദ്ദാമകളെ ലൈന്കീകമായി പീഡിപ്പിച്ച അറബി വീടുകളുണ്ട്.തുടയിലും,ദേഹത്തും കമ്പി ചൂടാക്കി വക്കുക,ആഹാരം കൊടുക്കാതെ പട്ടിണിക്കിടുക,ശരീരത്തില്‍ തിളച്ച എണ്ണ കൊരിയോഴിക്കുക തുടങ്ങിയ ദ്രോഹങ്ങള്‍ ഈ പാവങ്ങളോട് അറബികള്‍ കാട്ടാറുണ്ട്‌.നാട്ടിലുള്ള തങ്ങളുടെ കുഞ്ഞുങ്ങളുടെ ഒട്ടിയ വയര്‍ ഓര്‍ക്കുമ്പോള്‍ അവര്‍ എല്ലാം സഹിക്കുകയും മറക്കുകയും ചെയ്യുന്നു.ഇതെല്ലാം കഴിഞ്ഞു ഇവര്‍ക്ക് കിട്ടുന്നത് നാലപ്പതു ദിനാര്‍... ഏകദേശം ആറായിരം രൂപ.അതും രണ്ടും മൂന്നു മാസം കഴിഞ്ഞാണ് ഇവര്‍ക്ക് കിട്ടുന്നത്..കുട്ടികളെ പഠിപ്പിക്കാനും,അവരുടെ ഭക്ഷണത്തിനും,പലിശ പൈസ അയക്കുന്നതിനും ഒട്ടും ഈ പണം തികയാറില്ല.
പീഡനങ്ങള്‍ സഹിക്ക വയ്യാതെ പ്രതികരിച്ചു പോയാല്‍ കദ്ദാമകളെ മര്‍ദ്ദിച്ചു അവശരാക്കി ഏജന്‍സിയില്‍ തിരിച്ചു കൊണ്ട് വിടുന്നു.ഏജന്റുമാരുടെ മര്‍ദ്ദന മുറകള്‍ വേറെയും...ഏജന്റുമാരുടെയും,അറബികളുടെയും മര്‍ദ്ദന മുറകള്‍ സഹിക്ക വയ്യാതെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ചാടി മരിച്ച കദ്ദാമകളും ഉണ്ട്.ഭ്രാന്തായി തീര്‍ന്നവര്‍ ഏറെയുണ്ട് ...പീഡനങ്ങള്‍ സഹിക്ക വയ്യാതെ ചില കദ്ദാമകള്‍ ഓടി എംബസിയില്‍ പോകാറുണ്ട്.അവിടെ ചെന്നാലോ അറബികള്‍ക്കെതിരെ നടപടികള്‍ എടുക്കാതെ അവരെ അറബികളുടെ വീട്ടിലേക്കു തന്നെ തിരിച്ചു അയക്കുകയാണ് പതിവ്...പിന്നെ വീട് വിട്ടു ഓടി പോയതിനു വേറെ ശിക്ഷയും.
വീട് വിട്ടു ഓടിപ്പോകുന്ന സ്ത്രീകളെ സംരക്ഷിക്കുന്നു എന്ന വ്യാജേന വേശ്യാ വൃത്തിക്കു പ്രേരിപ്പിക്കുന്ന സംഘങ്ങളും ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപകമാണ്. മനുഷ്യത്വ രഹിതമായ ഈ പ്രവര്‍ത്തനങ്ങള്‍ കണ്ടും കണ്ടില്ലാന്നു നടിക്കുന്ന ഒരു സമൂഹമാണ് ഗള്‍ഫിലെ നമ്മുടെ ഇന്ത്യന്‍ സമൂഹം.ഇതിനെതിരെയെല്ലാം ശബ്ദമുയര്‍ത്തുന്ന ചില സംഘടനകള്‍ ഉണ്ട്.എന്നാല്‍ അവര്‍ക്ക് വേണ്ട സഹകരണങ്ങളും,സഹായങ്ങളും സര്‍ക്കാരില്‍ നിന്നോ നാട്ടുകാരില്‍ നിന്നോ കിട്ടുന്നില്ല എന്നതാണ് വാസ്തവം.ഈ പാവങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്ന അറബികളുമുണ്ട്.പക്ഷെ ഒരു പരിധിവരെ മാത്രമേ ഇവര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയൂ.കാരണം കദ്ദാമ വീട്ടു ജോലിക്കാരിയാണ്.അവള്‍ അറബിയുടെ വീടിന്റെ സ്വകാര്യതയുടെ ഭാഗമാണ്.അറബികള്‍ പൊതുവേ തങ്ങളുടെ സ്വകാര്യതകള്‍ മറ്റുള്ളവരുമായി പങ്കു വക്കാന്‍ ആഗ്രഹിക്കാത്തവരുമാണ്.
കദ്ദാമകളെ പീഡിപ്പിക്കുന്നതില്‍ മലയാളികള്‍ ഒട്ടും പിന്നിലല്ലായെന്നു തെളിയിക്കുന്ന സംഭവമാണ് കുവൈറ്റിലെ ഫാഹാഹീലില്‍ നടന്നത്. അവിടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നേര്‍ഴ്സും,ഭര്‍ത്താവും അവരുടെ വീട്ടു ജോലിക്കാരിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച വാര്‍ത്ത ചിത്രങ്ങള്‍ സഹിതം ഇന്റര്‍നെറ്റ്‌ വഴി ലോകം മുഴുവനും അറിഞ്ഞിരുന്നു.മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ഒരു വാര്‍ത്തയായിരുന്നു അത്.വീട്ടു ജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ച ഈ നേര്‍ഴ്സിന്റെ കയ്യില്‍ രോഗികള്‍ എത്ര സുരക്ഷിതരായിരിക്കും?ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇത് എന്നും നമ്മുടെ മനസ്സില്‍ അവശേഷിക്കും.ഈ വാര്‍ത്തകള്‍ പുറത്തു വന്നതിനു ശേഷം മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ നിമിത്തം ഈ നേര്‍ഴ്സിനു തന്നാല്‍ പീഡിപ്പിക്കപ്പെട്ട വീട്ടു ജോലിക്കാരിക്ക് നഷ്ട പരിഹാരം നല്‍കി നാട്ടില്‍ അയക്കേണ്ടി വന്നു.
ഒരു ചാണ്‍ വാറിനു വേണ്ടി ജീവിതത്തില്‍ പൊരുതി എല്ലാ പീഡനങ്ങളും ഏറ്റു വാങ്ങി തങ്ങളുടെ ജീവിതം ഹോമിക്കുന്ന ഈ സഹോദരികളുടെ ജീവിതത്തിലേക്ക് നമ്മള്‍ എത്തി നോക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.കൂട്ടം എന്ന ഈ തറവാട്ടിലെ മക്കള്‍ ഒരുപാട് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഈയവസരത്തില്‍ നമ്മള്‍ വീണ്ടും ഒരുമിച്ചിരുന്നു ഈ സഹോദരിമാരുടെ ക്ഷേമത്തിനായ് പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ ആത്മാര്‍ഥമായും ആഗ്രഹിക്കുന്നു.നമുക്ക് ചുറ്റുമുള്ള വീട്ടു ജോലിക്ക് വന്നു യാതനകള്‍ അനുഭവിക്കുന്ന സഹോദരിമാരുടെ പ്രശ്നങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുകയും അവര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്നതിനും നമ്മുടെ കൂട്ടം കൂട്ടുകാര്‍ ഒന്നിക്കണം.നമ്മുടെ കൂട്ടം ജീവ കാരുണ്യത്തിന്റെ വട വൃക്ഷമായി വളരട്ടെ.സ്നേഹവും സാഹോദര്യവും നമ്മുടെ ജീവിതത്തിന്റെ മുഖ മുദ്രയാകട്ടെ!!.

ചിരി ദിനം

ചിരിക്കുവാനും ഒരു ദിനം .... പലതും വെട്ടിപ്പിടിക്കാനും എല്ലാം സ്വന്തമാക്കാനും മനുഷ്യര്‍ നെട്ടോട്ടം ഓടുമ്പോള്‍ മറക്കാറുള്ള ഒരു വസ്തുതയാണ് ചിരി ... എല്ലാ സമ്മര്‍ദ്ദങ്ങളുടെയും,മത്സരങ്ങളുടെയും വീര്‍പ്പു മുട്ടലില്‍ ജീവിക്കുന്ന മനുഷ്യന് ചിരിക്കാന്‍ എവിടെ നേരം?മരവിപ്പ് ബാധിച്ച അവന്റെ മനസിനും,ശരീരത്തിനും ഉണര്‍വേകാന്‍ ചിരി സഹായകമാകുന്നുവെന്നു എത്രപേര്‍ക്ക് അറിയാം?.ഓഫീസിലും,വീട്ടിലും പൊതു സഭകളിലും മുഖം വീര്‍പ്പിച്ചിരിക്കുന്ന മനുഷ്യരോട് മറ്റുള്ളവര്‍ അടുക്കുവാന്‍ തന്നെ മടിക്കുന്നു ... അതെ സമയം എപ്പോഴും ചിരിച്ചും കളിച്ചും ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ സുഹൃത്തുക്കള്‍ കൂടുതലാണ് ചിരിക്കാത്തവരെ അപേക്ഷിച്ച് ...ചിരിക്കുന്നവര്‍ എല്ലായിടത്തും ശ്രദ്ധിക്കപ്പെടുകയും എല്ലാരാലും ഇഷ്ടപ്പെടുന്നവരുമായി തീരാറുണ്ട്.
എപ്പോഴും ഉള്ളു തുറന്നു ചിരിച്ചു സന്തോഷവാന്‍മാരായി ഇരിക്കുന്നവര്‍ക്ക് യൌവ്വനവും,സൌന്ദര്യവും,ആരോഗ്യവും ഉണ്ടായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചിരിക്കുന്നത് മൂലം മുഖത്തിന്‌ നല്ല വ്യായാമം കിട്ടുന്നു.മുഖത്തെ മാംസ പേശികള്‍ നല്ലവണ്ണം പ്രവര്‍ത്തിക്കുകയും ഒപ്പം മുഖത്തിന്‌ നല്ല കാന്തിയും ഓജസും ലഭിക്കുന്നു.മാത്രമല്ല ചിരിച്ചു കൊണ്ട് സംസാരിക്കുന്നവരോട് സംസാരിക്കുവാന്‍ മറ്റുള്ളവര്‍ക്ക് താല്‍പര്യവും, ആത്മ വിശ്വാസവും ഉണ്ടാകാറുണ്ട്.ഉദാഖരണത്തിന് ചാടി കടിക്കാന്‍ നില്‍ക്കുന്ന ഒരു വ്യക്തിയോട് നമ്മള്‍ പറയാന്‍ വന്ന കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ കഴിയാറില്ല.അത് പകുതിയിലെ നിന്ന് പോവുകയാണ് പതിവ്.ചിരി സ്വന്തം ആരോഗ്യത്തിനും മറ്റുള്ളവരുടെ ആരോഗ്യത്തിനും ഉതകുന്ന ദിവ്യ ഔഷധമാണ് എന്ന് നമുക്ക് ഇതില്‍ നിന്നും മനസിലാക്കാം.
ചിരിക്കാതെ സെര്‍വ് ചെയ്യുന്ന ഒരു വെയിറ്ററെ അല്ലങ്കില്‍ ഒരു എയര്‍ ഹോസ്റ്റസിനെ നമ്മള്‍ ഇഷ്ടപ്പെടാറില്ല.ചിരിക്കാതെ മുഖം വീര്‍പ്പിച്ചു നമുക്ക് മരുന്ന് നല്‍കുന്ന ഒരു നേര്‍ഴ്സിനെയോ നമുക്ക് സങ്കല്‍പ്പിക്കാനേ കഴിയില്ല.ഒരു ഡോക്ടറുടെയോ അല്ലെങ്കില്‍ ഒരു നേര്‍ഴ്സിന്റെയോ ചിരിച്ചു കൊണ്ടുള്ള സമീപനം നമ്മുടെ പകുതി അസുഹത്തെയും മാറ്റുവാനും നമുക്ക് അവരോടുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്നു.ദിവസം മുഴുവനും അധ്വാനിച്ചു വീട്ടില്‍ എത്തുമ്പോള്‍ ഒരു പുഞ്ചിരിയുമായി തന്നെ വരവേല്‍ക്കുന്ന ഭാര്യയെ ഇഷ്ടപ്പെടാതിരിക്കാന്‍ ഈ ലോകത്ത് ഏതു ഭര്‍ത്താവിനാണ് കഴിയുക? ഭാര്യയുടെ കൊച്ചു കൊച്ചു തമാശകള്‍ പോലും കേട്ടു കുലുങ്ങി ചിരിക്കുന്ന ഏതു ഭര്‍ത്താവിനെയാണ് ഭാര്യമാര്‍ ഇഷ്ടപ്പെടാതിരിക്കുക ? കുഞ്ഞുങ്ങളുടെ പാല്‍ പുഞ്ചിരി ഇഷ്ടപ്പെടാത്ത ഏതു മാതാ പിതാക്കളാണ് ഈ ലോകത്തിലുള്ളത് ?

പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങകുകയില്ല എന്ന മട്ടില്‍ മസിലു പിടിച്ചു ഇരിക്കുന്ന ചില വ്യക്തികളെ നമുക്കു ചുറ്റും കാണാം.തമാശകള്‍ കേട്ടു മറ്റുള്ളവര്‍ പൊട്ടി ചിരിക്കുമ്പോള്‍ ഇക്കൂട്ടര്‍ നിര്‍ജീവമായി ഇരിക്കുന്നത് നമുക്ക് പലപ്പോഴും കാണാന്‍ കഴിയും.ഒരു പക്ഷെ വായ തുറന്നു ചിരിച്ചാല്‍ അവരുടെ ഇമേജ് നഷ്ടപ്പെടുമെന്നു ഇക്കൂട്ടര്‍ കരുതുന്നുണ്ടാവാം .ഇത്തരക്കാര്‍ക്ക് വേണ്ടി ഇപ്പോള്‍ മുക്കിലും മൂലയിലും ചിരി ക്ലബ്ബുകള്‍ തുടങ്ങിയിട്ടുണ്ട്.ഇവിടെ എങ്ങനെ ചിരിക്കാംഎന്നു പഠിപ്പിക്കുന്നു.ഇക്കൂട്ടര്‍ നിര നിരയായി നിന്ന് ഹ ഹ ഹ ഹോ ഹോ ഹോ എന്ന് അട്ടഹസിക്കുന്നു.ഇതിനായി ഒരു പരിശീലകനും.എന്തൊരു വിരോധാഭാസം !! കാശ് മുടക്കി ചിരിക്കാന്‍ പഠിക്കുന്ന ഇത്തരക്കാരോട് എനിക്ക് സഹതാപം തോന്നിയിട്ടുണ്ട്.പഴമക്കാര്‍ പണ്ട് പറഞ്ഞത് പോലെ മനസ് അറിഞ്ഞു ചിരിക്കാന്‍ നല്ലൊരു മനസ് വേണം.തമാശകളുടെ അര്‍ഥം മനസിലാക്കി ഉള്ളു തുറന്നു ചിരിക്കാന്‍ ഒരു നല്ല ഹൃദയം വേണം.മറ്റുള്ളവരെ സ്നേഹിക്കാനും സഹോദര്യത്തോടെ ജീവിക്കാനും പഠിക്കണം.ആയിരം ചാര്‍ളി ചാപ്ലിന്മാരും,ജഗതി ശ്രീകുമാറുമാറും ഈ ലോകത്ത് ജനിച്ചാലും ഇതൊന്നുമില്ലാത്തവര്‍ക്ക് ഒരു വ്യത്യാസവും ഉണ്ടാവുകയില്ല.ആയതിനാല്‍ പരസ്പരം തമാശകള്‍ പറഞ്ഞും ഉള്ളു തുറന്നു ചിരിച്ചും നമുക്കു ഈ ക്ഷണികമായ ജീവിതത്തെ മനോഹരമാക്കാം.... ചിരിച്ചു കൊണ്ടെയിരിക്കാം ...... ലോകാ സമസ്താ സുഖിനോ ഭവന്തു ....

അന്യന്‍

എനിക്കന്ന്യമായയീ രാത്രി മുഴുവനും നിനക്കുള്ളതാണ്...
എല്ലാം നീയെടുത്തു കൊള്‍ക ...
എന്റെ നിഴല്‍ മാത്രം ബാക്കി വക്കുക ...
ഒരാലിംഗനത്തില്‍ ഒരു പക്ഷെ നീയെല്ലാം മറന്നേക്കാം...
ചത്തു മലച്ച സ്വപ്നങ്ങളെ നീ വാരിയുടുത്തെക്കാം ..
നെഞ്ചോട്‌ നെഞ്ചു ചേര്‍ത്ത്
കവിളോട് കവിള്‍ ചേര്‍ത്ത് നീ വിതുംബിയേക്കാം....
വിരലുകളില്‍ വിരല്‍ കോര്‍ത്ത്‌
അധരങ്ങളില്‍ ചുടു നിണമൊഴുക്കി നീ കുംബസരിചെക്കാം ....
എങ്കിലും ....ഒന്ന് പറയുക സഖേ .....
എന്നെ തനിച്ചാക്കി എന്‍ നിഴലുകളെ തലോടാതെ-
എന്നെ പാതി വഴിയില്‍ ഉപേക്ഷിച്ചതെന്തിനു ?

ഹൃദയമേ !!

ഹൃദയമേ ..... എന്റെയീ മോഹച്ചൂടില്‍-
ഉരുകിയൊലിച്ചു നീയെന്‍ ജീവനാഡികളില്‍
പുതു ജീവനായ് ഉയിര്‍ത്തെഴുന്നേല്‍ക്കുക.
എന്‍ ശ്വാസത്തിലുതിരുന്ന പ്രണയ മര്‍മ്മരത്തിനായ്
നിശബ്ദ നിമിഷങ്ങളിലിഴചേര്‍ന്ന് കാതോര്‍ത്തിരിക്കുക.

പ്രിയനേ ... ഞാനെന്ന ചില്ല് പാത്രത്തെ-
ഉടയാതെ നിന്‍ കരവലയങ്ങളില്‍ സൂക്ഷിക്കുക.
എന്‍ മുടിയിഴകളില്‍ ഒരു കുളിര്‍ തെന്നലായ് നീ തലോടുക.
എനിയ്ക്കു ചേക്കേറാനായ്‌ നിന്‍ നെഞ്ചില്‍ ഒരു കൂടൊരുക്കുക.
പ്രണയ വൃക്ഷങ്ങള്‍ വളര്‍ന്നു മാനം മുട്ടുന്നതും
ഇണ ചേരലിന്‍ വേരുകളോടി ഭൂമിയെ കീഴടക്കുന്നതും
ഈ സമന്വയത്തിന്‍ കരവിരുതുകളാലല്ലോ ....

Friday, November 27, 2009

1990

ആദ്യമായി പടിയിറങ്ങി
പ്രവാസിയായപ്പോള്‍
കണ്ണുകളില്‍ നനവും
തിളക്കവുമുണ്ടായിരുന്നു.

ഹരിത മോഹത്തിന്റെ
പച്ചപ്പുകള്‍ വിട്ടകന്നു
മരുഭൂമിയില്‍ സ്വപ്നം
വിതച്ചു കാത്തിരുന്നപ്പോള്‍
നിനച്ചിരിക്കാതെയൊരു
അധിനിവേശവും ഘോര യുദ്ധവും.

നഷ്ട്ടക്കെടുതികള്‍ നെഞ്ചിലേറ്റി
മരിച്ച മനസുമായി
അത്തറിന്റെ മണമകന്നു
ചുളിഞ്ഞു വികൃതമായ
അവസാനത്തെ പണത്താളും
കാലിയാക്കിയ കീശയുമായി
സ്വദേശത്തിലെത്തി-
ഉറ്റവരുമുടയവരുമായി
നഷ്ടപ്പെടലുകളുടെ ദുരിത
വേദന പങ്കു വച്ചയാള്‍.

പ്രിയരുടെ എന്ന് മടങ്ങുമെന്ന
ചോദ്യത്തിനുത്തരമില്ലാതെ
വെറുപ്പോ ശാപമോ കൂട്ടിക്കുഴച്ചു-
ഉറ്റവര്‍ വച്ച് നീട്ടിയ ഭക്ഷണം
കുത്ത് വാക്കിനാല്‍ അന്നനാളത്തിലുടക്കി
ആമാശയത്തിലെത്താതെ
വിമ്മിട്ടത്തിനന്ത്യത്തില്‍ പുളിച്ചു
തികട്ടി തിരസ്ക്കരിക്കുമ്പോഴും
വീണ്ടും കൊതിച്ചയാള്‍ ഒരിക്കലും
തീരാത്തയീ പ്രവാസത്തിനായ്.



കുറിപ്പ് : 1990 കുവൈറ്റിലെ ഇറാക്ക് അധിനിവേശവും,യുദ്ധവും പ്രവാസികള്‍ക്ക്(കുവൈറ്റികള്‍ക്കും) ഓര്‍ക്കാപ്പുറത്ത് കിട്ടിയ ഒരടിയായിരുന്നു .. മാസങ്ങളോളം കുടിക്കാന്‍ വെള്ളമില്ലാതെ,കഴിക്കുവാന്‍ ഭക്ഷണമില്ലാതെ ( ഫയര്‍ എകസ്ടിങ്ങൂഷറിലെ വെള്ളം വരെ അവര്‍ കുടിച്ചിരുന്നു.പൂപ്പു പിടിച്ചു ഉണങ്ങിയ കുബ്ബുസ് വെള്ളത്തില്‍ കുതിര്‍ത്തു അവര്‍ കഴിച്ചിരുന്നു ) സംബാദിച്ചതെല്ലാം അവിടെ നഷ്ട്ടപ്പെടുത്തി കീറി മുഷിഞ്ഞ തുണിയുമുടുത്തു നാട്ടില്‍ വന്നിറങ്ങി ദുരിതമനുഭവിച്ച കുവൈറ്റ്‌ പ്രവാസി സുഹൃത്തുക്കള്‍ക്കായ്‌ ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു.