Friday, February 24, 2012

അവണൂരിലെ അനധികൃത മാനസിക കേന്ദ്രം !!

മനസാക്ഷിയില്ലാത്ത മനുഷ്യത്വം നശിച്ച സ്വാര്‍ഥരായ ഒരു മനുഷ്യ സമൂഹം!!.കന്നുകാലികള്‍ക്ക് വരെ നല്ല ഭക്ഷണവും വൃത്തിയുള്ള കിടപ്പാടവും ഉള്ള ഈ ലോകത്ത് മനുഷ്യ ജീവന് മാത്രം എന്തെ ഒരു വിലയുമില്ലാതെ പോകുന്നു ?മൃത ശരീരം പോലും വില്പന ചരക്കായി തീരുന്ന ഈ കരുണ വറ്റിയ ലോകത്ത് നമ്മളും മനുഷ്യരാണെന്ന് പറയാന്‍ അറപ്പു തോന്നുന്നുവെങ്കില്‍ അതില്‍ യാതൊരു അത്ഭുതവുമില്ല.മൃഗത്തേക്കാള്‍ കേവലമായി മനുഷ്യര്‍ തന്റെ സഹജീവികളോട് പെരുമാറുന്ന ഭീകരമായ കാഴ്ചകള്‍ കണ്ടു നമ്മുടെ കണ്ണുകള്‍ ഈറനായില്ലെങ്കില്‍ ഒന്നോര്‍ക്കുക!! നമുക്ക് മാനസികമായി എന്തോ പ്രശ്നം ഉണ്ട് !!.നമ്മള്‍ എന്ത് കണ്ടാലും പ്രതികരിക്കാത്തവരും സുബോധമില്ലാത്തവരും ആയിരിക്കുന്നു.സാഡിസത്തിന്റെ ഊരാക്കുടുക്കില്‍ നമ്മളും അകപ്പെട്ടിരിക്കുന്നു !! കോര്‍ട്ട് ഓര്‍ഡര്‍ പ്രകാരം കേരള ഹെല്‍ത്ത് അതോറിറ്റി കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തൃശൂര്‍ ജില്ലയിലെ ആവണൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അനതികൃത മാനസിക കേന്ദ്രത്തില്‍ റെയ്ഡ് നടത്തി 41 മാനസിക രോഗികളെ രക്ഷപ്പെടുത്തിയിരുന്നു 35 മുതിര്‍ന്ന പുരുഷന്മാരെയും 6 ആണ്‍കുട്ടികളെയും കാലില്‍ ചങ്ങല കൊണ്ട് കെട്ടിയിട്ട നിലയില്‍ കാണപ്പെട്ടു. മാസങ്ങളോളം കുളിക്കാതെയും,കീറി പറിഞ്ഞ തുണിയുമുടുത്തും കിടന്നിടത്ത് തന്നെ മലമൂത്ര വിസര്‍ജനവും നടത്തി നരകയാതന അനുഭവിക്കുന്ന അവസ്ഥയിലാണ് ഈ മനോനില നക്ഷ്ടപ്പെട്ട നിരാലംബരായ മനുഷ്യരെ കണ്ടെത്താന്‍ കഴിഞ്ഞത്.അവര്‍ക്ക് കൊടുത്തിരുന്ന ഭക്ഷണം പോലും മൂന്നു നാല് നാള്‍ പഴക്കമുള്ളവയാണെന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞു.പിന്നീട് നടത്തിയ തുടര്‍ അന്നെഷണങ്ങളില്‍ ഇവര്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്കു വിധേയരായെന്നും പലരുടെയും വൃക്കകള്‍ ഓപറേറ്റ് ചെയ്തു നീക്കം ചെയ്തതായും കണ്ടെത്തി.ഇവരില്‍ മരിച്ചു പോയ ഒരാളുടെ മൃത ശരീരം മെഡിക്കല്‍ കോളെജിനു വിറ്റു കാശാക്കിയതായും കണ്ടെത്തി.
തളിക്കുളം ജോഷി എന്ന അമ്പത് വയസുകാരനും 45 വയസ്സുള്ള അയാളുടെ ഭാര്യ അല്‍ഫോന്‍സയുമാണു ഈ കശാപ്പു ശാല നടത്തി വന്നിരുന്നത് !!.ചാരിറ്റി പ്രവര്‍ത്തനം എന്ന വ്യാജേന സ്വദേശത്തു നിന്നും വിദേശത്ത് നിന്നുമുള്ള സന്മനസുള്ള ആളുകളെ കബളിപ്പിച്ചു ഇവര്‍ ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്നതായി അന്നെഷണത്തില്‍ തെളിഞ്ഞു.ഈ കേന്ദ്രത്തില്‍ ഒരു ഡോക്ടറോ മറ്റുള്ള മെഡിക്കല്‍ ചികിത്സാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല.മാസങ്ങളോളം ചങ്ങലയില്‍ കെട്ടിയിട്ടിരുന്ന ഈ പാവങ്ങളുടെ ദേഹത്ത് വൃണങ്ങള്‍ പൊട്ടി പഴുപ്പ് ഒലിക്കുന്നുണ്ടായിരുന്നു.മനം മടുപ്പിക്കുന്ന ദുര്‍ഗന്ധമായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് ദ്രിസാക്ഷികള്‍ പറഞ്ഞു.രാത്രി കാലങ്ങളില്‍ ജോഷിയും ഭാര്യയും ഈ പാവങ്ങളെ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചു മര്‍ദ്ദിക്കുമായിരുന്നുവെന്നു അയല്‍ക്കാരായ നാട്ടുകാര്‍ പറയുന്നു.
ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ മാലാഖ ചമഞ്ഞു മനുഷ്യ ശരീരം വരെ വിറ്റു തിന്നുന്ന ഈ നരഭോജികളെ മനുഷ്യന്‍ എന്നോ മൃഗമെന്നോ വിളിക്കാന്‍ കഴിയില്ല.ദൈവത്തിന്റെ വക്താക്കളായി സ്വയം അവരോധിച്ചു ചെകുത്താന്റെ പിണിയാളുകള്‍ ആയി വിലസുന്ന സമൂഹത്തിലെ ഇത്തരം ക്യാന്‍സറുകളെ ഉന്മൂല നാശനം ചെയ്യാന്‍ നന്മ വറ്റാത്ത മനസിന്റെ ഉടമകളായ മനുഷ്യര്‍ ഒന്നിച്ചു നില്‍ക്കേണ്ടത് അത്യാവശ്യമാണ്.ഇത്തരം പിശാചുക്കളുടെ മേലുള്ള വിജയമായിരിക്കണം ദൈവരാജ്യം സ്ഥാപിക്കുവാനുള്ള സജ്ജനങ്ങളുടെ ലക്‌ഷ്യം !! ലോകാവസാന കാലങ്ങളില്‍ ചെകുത്താനും വേദമോതും എന്ന തെളിവാണ് ഇത്തരം മനുഷ്യത്വ ഹീനമായ പ്രവര്‍ത്തനങ്ങള്‍ !!
ഇടയ്ക്കിടക്ക് പ്രത്യക്ഷപ്പെടുന്ന മനുഷ്യ ദൈവങ്ങള്‍,മന്ത്രവാദികള്‍, ഹൈടെക് പര്ണാശ്രമങ്ങള്‍,ഫൈവ് സ്റ്റാര്‍ സന്ന്യാസികള്‍, സുവിശേഷ മിനിസ്ട്രികള്‍,യതീം ഖാനകള്‍ എന്നിവയെല്ലാം സംഭാവനയുടെ പേരില്‍ കറുത്ത പണം വെളുപ്പിക്കുന്ന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നില്ലേ എന്ന സംശയവും ബാക്കി നില്‍ക്കുന്നു.ഇത്തരം കേന്ദ്രങ്ങളില്‍ നമ്മുടെ അധികാര പ്രമുഖര്‍ കയറി ഇറങ്ങുന്നതും,സഹകരിക്കുന്നതും കൌതുകത്തോടെയല്ല ഒരു ഉള്‍ ഭയത്തോടെയാണ് നമുക്ക് നോക്കി കാണുവാന്‍ കഴിയുക !!

മെട്രോധരന്‍

ത്രിപ്പുണിത്തുറ മുതല്‍ ആലുവ വരെ നീളുന്ന 27 കിലോമീറ്റര്‍ മെട്രോ റെയില്‍വേ പദ്ധതി പല പ്രതിസന്ധികള്‍ക്കുമൊടുവില്‍ ഡീ എം ആര്‍ സീ ഏറ്റെടുത്തു.5000 കോടി ചെലവ് വരുന്ന ഈ പദ്ധതിക്ക് ജപ്പാന്‍ ഏജന്‍സി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.ഗതാഗത പ്രതിസന്ധി നേരിടുന്ന കൊച്ചിക്കാര്‍ക്ക്‌ ഇതൊരു സന്തോഷമുള്ള വാര്‍ത്തയാണ്.ഡീ എം ആര്‍ സീയുടെ അധ്യക്ഷനായി ചുമതലയേല്‍ക്കാമെന്ന് മേട്രോമാന്‍ എന്നറിയപ്പെടുന്ന ഈ ശ്രീധരന്‍ ഉറപ്പു നല്‍കി.പതിനഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഡീ എം ആര്‍ സീ തന്നെയാണ് ഈ പദ്ധതി നടപ്പാക്കാന്‍ യോഗ്യരെന്നും പല പ്രോജക്ടുകളും വിജയകരമായി സമയ ബന്ധിതമായി പൂര്‍ത്തീകരിച്ച മലയാളിയായ ഈ ശ്രീധരന്റെ സേവനം ഒരു മുതല്‍ക്കൂട്ടാണെന്നും ആണ് വീ ഗാര്‍ഡ് കമ്പനിയുടെ ഉടമസ്ഥനായ കൊച്ചുസേഫ് ചിറ്റിലപള്ളി പോലുള്ള കൊച്ചിയിലെ നഗര പ്രമുഖരുടെ അഭിപ്രായം.മൂന്നു വര്‍ഷം കൊണ്ട് ഈ പ്രോജക്റ്റ് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് ഈ ശ്രീധരന്‍ ഉറപ്പു നല്‍കി.

ഏറ്റുവളപ്പില്‍ ശ്രീധരന്‍ : 1932 ജാനുവരി - ല്‍ പാലക്കാട്ടെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചു.1954 - ല്‍ സിവില്‍ എന്ജിനീയറിംഗ് ബിരുദ ധാരിയായ അദ്ദേഹം ഇന്ത്യന്‍ റയില്‍വേയില്‍ ചേര്‍ന്ന് കൊണ്ടാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.1963 - ല്‍ വമ്പന്‍ തിരമാലകളാല്‍ തകര്‍ന്ന പാമ്പന്‍ പാലത്തിന്റെ ചില ഭാഗങ്ങളുടെ അറ്റകുറ്റ പണികള്‍ ചെയ്തു തീര്‍ത്തു കൊണ്ടാണ് അദ്ദേഹത്തിന്റെ സാങ്കേതികമായ പരിജ്ഞാനവും,കഴിവും ആദ്യമായി തെളിയച്ചത്. ഈ ദൌത്യം പൂര്‍ത്തീകരിക്കാന്‍ റെയില്‍വേ അദ്ദേഹത്തിന് ആറു മാസം സമയം കൊടുത്തിരുന്നു.എങ്കിലും അദ്ദേഹം എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് വെറും 46 ദിവസം കൊണ്ട് തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.1970 - ല്‍ ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയില്‍ പ്രോജെക്റ്റ്‌ ആയ കൊല്‍ക്കത്ത മെട്രോയുടെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത് ശ്രീധരനാണ്. 1981 മുതല്‍ ഏഴു വര്‍ഷം അദ്ദേഹം ഇന്ത്യന്‍ റെയില്‍വേയില്‍ ചീഫ് എഞ്ചിനീയറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1987 - ല്‍ ജനറല്‍ മാനേജരായി സ്ഥാനക്കയറ്റം ലഭിച്ച ഇദ്ദേഹം പിന്നീട് 1989-ല്‍ റെയില്‍വേ ബോര്‍ഡില്‍ അംഗമായി നിയമിക്കപ്പെടുകയും ചെയ്തു.1990 - ല്‍ അദ്ദേഹം ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും വിരമിക്കുകയും എന്നാല്‍ അതെ വര്‍ഷം തന്നെ ഗവണ്‍മെന്റ് അദ്ദേഹത്തെ കൊങ്കണ്‍ റെയില്‍വേയുടെ CMD ആയി നിയമിക്കുകയും ചെയ്തു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഈ വമ്പന്‍ പ്രോജെക്റ്റ്‌ ബില്‍ഡ് ഓപേറേറ്റ് ട്രാന്‍സ്ഫെര്‍ അടിസ്ഥാനത്തില്‍ ആണ് നിര്‍മ്മിച്ചത്. ഈ പ്രോജെക്ടില്‍ 760 കിലോമീറ്റര്‍ ദൂരത്തില്‍ 93 ടണലുകളും,50 ബ്രിട്ജുകളും ഉള്‍പ്പെട്ടിരുന്നു. 1997 - ല്‍ അദ്ദേഹത്തെ ഡല്‍ഹി മെട്രോയുടെ മാനേജിംഗ് ടയറക്ടര്‍ ആയി നിയോഗിച്ചു.2002 വരെ സമയ പരിമിതി ഉണ്ടായിരുന്ന ഈ പദ്ധതി അദ്ദേഹം അതിനു മുമ്പേ പൂര്‍ത്തീകരിച്ചു കൊണ്ട് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുകയായിരുന്നു.അദ്ദേഹത്തിന് തന്റെ കര്‍ത്തവ്യങ്ങളോടുള്ള പ്രതിബദ്ധതയും,ആത്മാര്‍ഥതയും,ശുഷ്കാന്തിയും,മെട്രോ പ്രോജെക്റ്റുകള്‍ സാങ്കേതിക മികവോടെ പൂര്‍ത്തീകരിക്കുവാനുള്ള മികവും അദ്ദേഹത്തെ മേട്രോമാന്‍ എന്ന പേരിനു ഉടമയാക്കി. 2001 - ല്‍ അദ്ദേഹത്തിന് കേന്ദ്ര ഗവണ്‍മെന്റിന്റെ "പദ്മശ്രീ" അവാര്‍ഡും,ടൈംസ്‌ ഓഫ് ഇന്ത്യയുടെ "മാന്‍ ഓഫ് ദി ഇയര്‍"'' അവാര്‍ഡും ലഭിച്ചിരുന്നു.അതിനു പുറമേ 2005 - ല്‍ ഫ്രാന്‍സ് ഗവണ്‍മെന്റ് "ചെവലിയര്‍ ദെ ല ലെജ്യന്‍ ദ'ഹോണിയര്‍""""". "അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. മലയാളിയുടെ അഭിമാനവും,അഹങ്കാരവും ആയ ശ്രീധരന്‍ എന്ന സാങ്കേതിക വിദഗ്ദ്ധന്‍ മുക്കിനും മൂലയ്ക്കും മുളച്ചു വരുന്ന ആശ്രയവും,പരാശ്രയവും,സ്വയാശ്രയുമായ എന്ജിനീയറിംഗ് കോളേജുകള്‍ക്കും,ഓട്ടോ കാഡിന്റെയും,സോഫ്റ്റ്‌ വെയറുകളുടെയും ഹൈക്കു സന്തതികള്‍ക്കും അസൂയയോടെയും, അത്ഭുതത്തോടെയും നോക്കി കാണുവാനുള്ള ഒരു വ്യക്തിത്വമായി അവശേഷിക്കുമെന്നതില്‍ സംശയമില്ല.ഇനി വരും കാലങ്ങളില്‍ "മെട്രോധരന്‍""""""""""'' തിയറി സിവില്‍ എന്ജിനീയറിംഗ് മേഖലകളില്‍ ഒരു കൊടുംകാറ്റായി വീശിയടിച്ചെക്കാം !!

കൊച്ചുണ്ട്രാപ്പി റീലോഡട്‌ - 2012

സീന്‍ ഒന്ന് :
എടാ കൊച്ചു ...
എന്തരണ്ണ ?

നീ പിടിച്ചിരുന്നോ.വെള്ളത്തില്‍ വീണു പോയാല്‍ എനിക്ക് മുങ്ങി തപ്പാന്‍ പറ്റൂല.

ഓ .. അണ്ണന്‍ കത്തിച്ചു വിട്.നേരത്തെ എത്തിയില്ലങ്കില്‍ ബിവറേജ് അടച്ചു പൂട്ടും.രാവിലെ അടിച്ച ഗോല്‍ക്കണ്ട ഇപ്പോഴും വയറ്റില്‍ കെടന്നു കത്താണ്.

അണ്ണാ ..
എടേ എന്തരു ?

അണ്ണാ രാവിലത്തെ മൊതല് കത്തിയാ ?

ഓ .. കൊറച്ചു കത്തിയടെ !! നിനക്കാ ?

എന്തരു പറയാന്‍ അണ്ണാ .. എനിക്ക് ചെവിയില്‍ ഒരു ചെറിയ പെരുപ്പ്‌ മാത്രമേ ഒണ്ടായിരുന്നുള്ളു!!

എടേ ലവന്മാര്‍ ഇപ്പൊ കുപ്പീല് നെറയെ വെള്ളം ഒഴിച്ചാണ് വിക്കണത്‌ കേട്ട...

ഓ തന്നെ !! ഒരു കൃതവും ഇല്ലണ്ണ !! അടിച്ചത് മുഴുവനും പെടുത്തു പോയി !! ഇടയ്ക്കിടയ്ക്ക് മൊബെല് കാരു റീ ചാര്‍ജ് ചെയ്യണ പോലെ ചാര്‍ജ് ചെയ്താ വല്ലതും ആയി !! വല്ല വിധേനെയും വല്ലവനെയും കുറ്റി വച്ച് ഒരു പെയിന്റ് ആന്തി കൊണ്ട് വന്നു ചാര്‍ജ് ചെയ്താ ദാ കെടക്കണ്.. "പരിധിക്കു പുറത്തു"

അണ്ണാ ഇങ്ങനെ പോയാ എങ്ങനെ അണ്ണാ നമ്മള്‍ കുടിയന്മാര്‍ ജീവിക്കണേ ? എത്ര ലവന്മാരെ തള്ളക്കു വിളി കേട്ടാണ് അണ്ണാ നമ്മള്‍ കൊറച്ചു സൊയമ്പന്‍ നാക്കില്‍ തൊട്ടു തേക്കണതു !!

അണ്ണാ ...
എന്തരു കൊച്ചു ?

അണ്ണാ ഈ തമിഴന്മാരെ കൊണ്ട് തോറ്റു.
ലവന്മാര്‍ ഡാം കെട്ടാനും വിടൂല .. ജല നിരപ്പ് കൊറക്കാനും വിടൂല .. പശുവോട്ട് തിന്നേം ഇല്ല പട്ടിയെ കൊണ്ട് തീറ്റിക്കേം ഇല്ല എന്ന ഗതിയാണ് ഇപ്പൊ !!
അവിടന്ന് പൊങ്ങിയ താനേ കാറ്റ് വന്നു ഇവിടേം വന്നു കലിപ്പാക്കി !! റോഡേതു പുഴയെത് എന്ന അവസ്ഥയല്ലേ അണ്ണാ ഇപ്പൊ. ഇന്ന് ന്യൂയീര്‍ മുഴുവനും വെള്ളത്തില്‍ ആയല്ലോ അണ്ണാ .. ദാണ്ടേ ബൈക്കും കാറുമൊക്കെ മുങ്ങി നടക്കണ് !! തള്ളെ കലിപ്പ് .. കലിപ്പ് ..

എന്റെ ആറ്റുകാല്‍ അമ്മച്ചീ തിരോന്തരത്തെ എല്ലാ ബിവറേജുകളിലും വെള്ളം കേറി ഫുള്ളും പൈന്റും ഒഴുകി നടന്നെങ്കില്‍ !! ഞാന്‍ ചൂണ്ടയിട്ടു പിടിച്ചേനെ !!
അണ്ണാ..
എന്തരു ടെ ?
നിങ്ങള് ബൈക്ക് ഉരുട്ടണ അതാ ഓടിക്കണ ?

ഡേയ് കൊച്ചു പിടിച്ചിരുന്നോ ...
മരുതം കുഴി ഇറക്കം ആണ്..
സൂക്ഷിച്ചു ഇരുന്നില്ലെങ്കില്‍ മരുതം കുഴി ആറ്റില്‍ ചെന്ന് വീഴും ...
അണ്ണാ പോപ്പ അടിക്കിന്‍ !! പോപ്പ അടിക്കിന്‍ !!
എടേ എന്തരു ?
അണ്ണാ കാളവണ്ടിക്ക് സൈഡ് കൊടുക്കിന്‍ .. പോം പോം ..
ഹോ .. നിങ്ങളെ സമ്മതിച്ചു കേട്ട .. കാള വണ്ടി നിങ്ങളെ ഓവര്‍ ടെക് ചെയ്തല്ല !!
ഓ ... കൊല കൊല മുന്തിരിക്കാ !!
അണ്ണാ ...
എന്തരു ഡേയ് ?
അണ്ണാ സൈഡിലോട്ടു ചവിട്ടി പിടിക്കീന്‍ .. ബിവറേജ് !! ബിവറേജ് !!
ഓ ബിവറെജാ !! പേടിപ്പിച്ചു കളഞ്ഞല്ല ഡേയ് !!
ഡേയ് കൊച്ചു ..
എന്തരണ്ണാ ?
നീ പോയി ഒരു ഗോല്‍ക്കണ്ട ഫുള്‍ വാങ്ങിയിട്ട് വാ !!
ശെരി അണ്ണാ ... നിങ്ങള് വെയ്ടീന്‍ ... ദാ ... വന്ന് !!
വൈ ദിസ്‌ കൊലവെറി ... കൊലവെറി ഡീ ... അല്ലങ്കിന്‍ വേണ്ട ലവന്മാര്‍ പാണ്ടിയാണെന്നു വിചാരിച്ചു കൂമ്പിനിടിചാലാ !!
അപ്പൊ കെടക്കട്ട് !! പണ്ടിട്റ്റ് അണ്ണന്റെ "രാത്രി ശിവരാത്രി" ..... നീയെന്‍ കാമാക്ഷി...
അണ്ണാ ഒരു ഗോല്‍ക്കണ്ട ഫുള്ള് !!
പൊതിഞ്ഞു പാന്റിന്റെ ഇടയിലോട്ടു കേറ്റി വയ്ക്കാം ... ആഹ !! ആഹ !!
എടേ കൊച്ചു നീ എന്തരിനു കെടന്നു പൊളക്കണ ?
അണ്ണാ അത് !!കുപ്പീരെ മൂട് കൊണ്ട് ... ലവിടെ !! ലെവിടെ ? ലവിടെ !!
ഡേയ് ലതു പൊട്ടിയാലും കുപ്പി പൊട്ടിക്കരുത്‌ കേട്ട ...
അണ്ണാ ദോ പെട്ടിക്കടെരെ അടുത്ത് നിര്‍ത്തിന്‍ !!
ഓ .. നിര്‍ത്തി !!
അണ്ണാ ... കടിക്കാന്‍ വാങ്ങീട്ടു വരാം !!
പെട്ടിക്കടയില്‍ : അണ്ണാ കടിക്കാന്‍ എന്തുണ്ട് ?
കടക്കാരന്‍ : അരിയുണ്ട !!
കൊച്ചു : അണ്ണാ നാലെണ്ണം പൊതിയിന്‍ !!
സീന്‍ രണ്ടു :അരിയുണ്ടയും ഗോല്‍ക്കണ്ട ഫുള്ളുമായി കൊച്ചുണ്ട്രാപ്പിയും കൂട്ടുകാരനും അടച്ചിട്ടിരിക്കുന്ന ഒരു കടയുടെ പുറകില്‍ ഇരുട്ടത്ത്‌ നിന്ന് ഗോല്‍ക്കണ്ട മാറി മാറി പൂശുകയാണ്.ഒരു പെക്ക് കൊച്ചു അടിക്കുമ്പോള്‍ കൂട്ടുകാരന്‍ രണ്ടു ഒരുമിച്ചു അടിക്കും.ടച്ചിംഗ്സിനായ് അരിയുണ്ട കറുമുറാ എന്ന് കടിച്ചു തിന്നും.എന്തോ പെട്ടെന്ന് തൊണ്ടയില്‍ കുരുങ്ങി കൊച്ചുണ്ട്രാപ്പി ഒച്ചത്തില്‍ ചുമക്കാന്‍ തുടങ്ങി ..
ഡേയ് ... എന്തരിനു ചുമക്കണേ ?
തേങ്ങ !!
ഡേയ് എന്തരിനു നീ പള്ളു പറയണേ?
അണ്ണാ പള്ളു പറഞ്ഞതല്ല ... തൊണ്ടയില്‍ അരിയുണ്ടയിലെ "തേങ്ങ കുരുങ്ങയിതാണ്". !!
സീന്‍ മൂന്നു : പാളയത്തെ ഗതാഗത കുരുക്കു .. കൊച്ചുണ്ട്രാപ്പി അടിച്ചു വീലായി സ്കൂട്ടറിന്റെ പുറകില്‍ .. കൂട്ടുകാരന്‍ പാമ്പായി ബൈക്ക് വെട്ടി വെട്ടി നാട് റോഡില്‍ നിര്‍ത്തി ..കൊച്ചുണ്ട്രാപ്പി ബൈക്കില്‍ നിന്നും ചാടിയിറങ്ങി ട്രാഫിക്ക് ഐലന്റില്‍ ചാടി കയറി പോലീസുകാരനെ ഒരൊറ്റ ചവിട്ടു .... ലങ്ങേരു മണ്ടയടിച്ചു ദാ കെടക്കണ് താഴെ!!
പിന്നെ കളിശം പൊക്കി കേറ്റി കൊച്ചുണ്ട്രാപ്പി വണ്ടികള്‍ നിയന്ത്രിക്കാന്‍ തുടങ്ങി ... പിന്നത്തെ കാര്യം പറയണ്ടല്ല അല്ലെ ?
എവിടെന്നോ വന്ന ഒരടി !! ... ചെകിട് പൊളിഞ്ഞു ചെവിക്കകത്ത്‌ ഒരു മുഴക്കം മാത്രം !! ... പിന്നെ കൊച്ചുണ്ട്രാപ്പിയുടെ കണ്ണുകളില്‍ കുറെ നക്ഷത്രങ്ങളും സ്പ്രിങ്ങുകളും !!
കൊച്ചുണ്ട്രാപ്പിക്ക് ബോധം വന്നപ്പോള്‍ താന്‍ മ്യൂസിയം സ്ടഷനില്‍ ആണെന്ന് ബോധ്യമായി.
കൊച്ചുണ്ട്രാപ്പി ചുറ്റും ഒന്ന് നോക്കി ... കുറെ ചെരുപ്പക്കാരന്മാര്‍ ജട്ടി മാത്രം ഇട്ടു കൊണ്ട് നില്‍ക്കുന്നു .. അതില്‍ പല ജട്ടികളും തന്നെ നോക്കി പല്ലിളിക്കുന്ന പോലെ കൊച്ചുണ്ട്രാപ്പിക്ക് തോന്നി .. അതില്‍ പലതും ഓട്ട വിഴുന്നതും എലാസ്ടിക്ക് പോയതും ഒക്കെ ആയിരുന്നു !!

പെട്ടെന്നൊരു ആക്രോശം മുണ്ടും ഷര്‍ട്ടും ഊരടെ!! എസ് ഐ ആണ് ...

കൊച്ചുണ്ട്രാപ്പി മടിച്ചു മടിച്ചു മുണ്ടും ഷര്‍ട്ടും ഊരി .. കൊച്ചുണ്ട്രാപ്പി പച്ച വരകളുള്ള കളിശം മാത്രം ധരിച്ചു കൊണ്ട് നാണിച്ചു കൊണ്ട് നഖം പോയ പേര് വിരല്‍ കൊണ്ട് ചിത്രം വരച്ചു നിന്നു.
ഹൌ സെക്സീ ഡ !!

എന്തോ ശബ്ദം കേട്ട് കൊച്ചുണ്ട്രാപ്പി സൈഡിലോട്ടു നോക്കി... അയ്യോ അണ്ണനെ കുനിച്ചു നിര്‍ത്തി ലങ്ങേരെ മുതുകില്‍ ബിയര്‍ കുപ്പികള്‍ നിരത്തി വച്ച് പോലീസുകാര്‍ കാത്തു നില്‍ക്കുന്നു .. ബാറില്‍ മേശപ്പുറത്തു കുപ്പികള്‍ നിരത്തി വച്ചിരിക്കുന്ന പോലെ.അവര്‍ ഇടയ്ക്കിടയ്ക്ക് വാച്ചും നോക്കുന്നുണ്ട് ..

എവിടെയോ ഒരു വെടി പൊട്ടി ... പോലീസുകാര്‍ ആര്‍ത്തു വിളിച്ചു ... "ഹാപ്പി ന്യൂ ഇയര്‍ 2012" .... ബീയര്‍ കുപ്പികളുടെ വായില്‍ നിന്നും നുരഞ്ഞു പൊന്തിയ ദ്രാവകം കൊച്ചുണ്ട്രാപ്പിയെയും കടന്നു പോലീസ് സ്ടെഷനെയും കടന്നു "താനേ" ചുഴലിക്കാറ്റില്‍ താനെ പറന്നു പോയി.

കവിയൂരില്‍ നഷ്ടപ്പെട്ടത് !! ( അനഘാ )

സ്ത്രീ ലൈന്കീക പീഡനങ്ങള്‍ മാധ്യമങ്ങളും,രക്ഷ്ട്രീയക്കാരും, ജനങ്ങളും ആഘോഷമാക്കുന്ന ഈ കാലത്ത് അതിന്റെ പുറകില്‍ നടക്കുന്ന സത്യാവസ്ഥ എന്തെന്ന് പുറത്തു കൊണ്ട് വരാന്‍ ഇന്നേ വരെ ഒരു അന്വേഷണ സംഘത്തിനും കഴിഞ്ഞിട്ടില്ല അഥവാ സ്വതന്ത്രമായ അന്വേഷണങ്ങള്‍ നടത്തുവാന്‍ തക്കതായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല.അന്വേഷണ റിപ്പോര്‍ട്ടുകളില്‍ പോലും മായം ചേര്‍ത്ത് പൂച്ചയെ പുലിയാക്കുന്ന കാഴ്ചകള്‍ നമ്മള്‍ പലതും കണ്ടതാണ്.കണ്ടു മടുത്തവരാണു.ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിച്ചു കണ്ടു രസിക്കുന്ന സാഡിസ്റ്റുകളായ ഒരു ജനതയാണോ നമ്മുടേത്‌ ? അതോ പ്രതികരണ ശേഷി നഷ്ടപ്പെട്ട വെറും നോക്ക് കുത്തികളോ? നിരപരാധികളായ സ്ത്രീകളുടെ നഗ്നത മൊബൈല്‍ ഫോണ്‍ വഴിയും ഇന്റര്‍നെറ്റ് വഴിയും ദ്രിശ്യ വിരുന്നുകള്‍ ഒരുക്കുമ്പോള്‍ ഇത്തരക്കാരുടെ സിരകളില്‍ കാമം നുരയ്ക്കുന്നുണ്ടാകുമോ ? അതോ അവരിലെല്ലാം തങ്ങളുടെ അമ്മയുടെയോ,മകളുടെയോ, ,സഹോദരിയുടെയോ നിഷ്കളങ്കമായ ,ദയനീയമായ മുഖം ഇക്കൂട്ടരുടെ മനസ്സില്‍ സഹതാപം ഉണര്‍ത്തുന്നുവോ ? നാല് വയസു മുതല്‍ നൂറു വയസുവരെയുള്ള നമ്മുടെ സ്ത്രീ ജനങ്ങള്‍ക്ക്‌ എന്ത് സുരക്ഷയാണ് ഈ നാട്ടിലുള്ളത് ?പഠിയ്ക്കുവാനും,ജോലിക്കും പുറത്തു പോകുന്ന പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തുന്നത് വരെ മാതാ പിതാക്കന്മാര്‍ക്കു മനസ്സില്‍ ആധിയാണ്.ഈ പെണ്‍കുട്ടികളെ ഏതെങ്കിലും ഗോവിന്ദ ചാമികള്‍ ആക്രമിചെക്കാം,വീ ഐപികള്‍ പങ്കിട്ടെടുത്തു പിച്ചി ചീന്തിയെക്കാം.തുണിക്കടയിലെയും,മൂത്രപ്പുരയിലേയും ഞരമ്പ് രോഗികളുടെ ഒളിക്യാമറകള്‍ ഈ നിരപരാധികളായ ഈ സ്ത്രീകളുടെ നഗ്നത ഒപ്പിയെടുത്തു അവരുടെ മാനത്തിന് വില പറഞ്ഞേക്കാം.അവരുടെ നഗ്നത നാളെ ഒരു മുഴം കയറില്‍ തൂങ്ങി ആടിയേക്കാം,ഒരു കുപ്പി വിഷത്തില്‍ തലച്ചോറ് പൊട്ടി കൈ കാലുകള്‍ വിറങ്ങലിച്ചു മരവിച്ചു കിടന്നേക്കാം.
പണത്തിനും അധികാരത്തിനും മേല്‍ പരുന്തല്ല ഒരു ചെറിയ കൊതുക് പോലും പറക്കില്ല എന്ന വസ്തുത ബുദ്ധിയുണ്ടെന്ന് വാദിക്കുന്ന ഏതു പ്രബുദ്ധനായ മലയാളിക്കും അറിയാവുന്ന ഒരു സത്യമാണ്.എന്ത് തന്നെയായാലും ഇവിടെ മനുഷ്യത്വം നശിക്കുകയാണ്.അധികാരത്തിന്റെയും,പണത്തിന്റെയും ലഹരിയില്‍ മത്തു പിടിച്ച മാടമ്പിമാര്‍ ധര്‍മ്മം,നീതി ,ന്യായം എന്നിവയുടെ കഴുത്ത്‌ ഞെരിച്ചു കൊന്നു അന്ത്യ ശുശ്രൂഷ പോലും നല്‍കാതെ ശവക്കുഴിയിലേക്ക് ചവുട്ടി തള്ളുകയാണ്.കവിയൂരിലെ അനഘയുടെ മരണത്തില്‍ പല ദുരൂഹതയും നില നിന്നിരുന്നു.പത്രക്കാരും ദ്രിശ്യ മാധ്യമങ്ങളും അവരവരുടെ ഭാവനയില്‍ പല തുടര്‍ കഥകളും വള്ളിയും പുള്ളിയുമില്ലാതെ എഴുതി.ഈ തുടര്‍ സീരിയയിലെ അശ്ലീലതയും,ശ്ലീലതയും മസാലയും വായിച്ചു രസിച്ച ഞരമ്പ്‌ രോഗികള്‍ അഥവാ നോക്ക് കുത്തികള്‍ അതിന്റെ ക്ലൈമാക്സിനു കാത്തിരിക്കുമ്പോഴാണ് അനഘയെ പീഡിപ്പിച്ചത് സ്വന്തം അച്ഛന്‍ നാരായണന്‍ നമ്പൂതിരി തന്നെയാണ് എന്ന അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ വെളിപ്പെടുത്തലുകള്‍........ !! ... ഡീ എന്‍ ഏ ടെസ്റ്റിന്റെയോ, ബ്ലഡ് ടെസ്റ്റിന്റെയോ തെളിവില്‍ അല്ലാ ഇവര്‍ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.ഒരു പക്ഷെ കവടി നിരത്തി കണിയാര് പ്രശനം വച്ച് ഗ്രഹ നില നോക്കി പറഞ്ഞതായിരിക്കും!! മരിച്ചു പോയവര്‍ എന്തായാലും തിരിച്ചു വന്നു ഇവര്‍ക്കെതിരെ ഹര്‍ജി കൊടുക്കൂല എന്ന ധൈര്യത്തില്‍ ആയിരിക്കാം ഈ ജെയിംസ്‌ ബോണ്ടുമാര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്..കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. !!!!!....? നമ്മുടെ നിയമങ്ങള്‍ക്കു ഒത്തിരി ഓട്ടകള്‍ ഉണ്ടെന്നും അത് വഴി ഏതു കുറ്റവാളികളെയും രക്ഷപ്പെടുത്താന്‍ കഴിയുമെന്നും അറിയാവുന്ന കറുത്ത അങ്കി ധരിച്ച അഭിഭാഷകര്‍ ഉള്ളിടത്തോളം കാലം അവര്‍ക്ക് വേണ്ട സാമ്പത്തിക ഭൌതീക ദ്രവ്യങ്ങള്‍ കാഴ്ച വയ്ക്കുവാന്‍ മാടമ്പിമാര്‍ ഉള്ളിടത്തോളം കാലം ഈ നാട്ടില്‍ നീതിയുടെ ധര്‍മ്മത്തിന്റെ പ്രഭാതം പുലരില്ല.മാറ്റുവിന്‍ ചട്ടങ്ങളെ !! സാമൂഹ്യ നീതി ഉറപ്പാക്കാന്‍ കഴിയാത്ത ഏതു നിയമങ്ങളും പുനരവലോകനം ചെയ്യപ്പെടണം.തിരുത്തപ്പെടണം !!

തീ നാളങ്ങള്‍ക്ക് കീഴടങ്ങാത്ത ആത്മാവുകള്‍ ( AMRI HOSPITAL കൊല്‍ക്കത്ത )

കൊല്‍ക്കത്തയിലെ AMRI ആശുപത്രിയില്‍ ഉണ്ടായ തീ പിടുത്തത്തില്‍ തീവ്ര പരിചരണത്തില്‍ ഉണ്ടായിരുന്ന രോഗികള്‍ ഉള്‍പ്പെടെ 73 പേര്‍ മരിക്കുകയുണ്ടായി.താഴത്തെ നിലയില്‍ ഉണ്ടായ തീ പിടുത്തം ക്രമേണ സെന്‍ട്രല്‍ എയര്‍ കണ്ടീഷന്‍ ഡക്റ്റുകള്‍ വഴി മറ്റുള്ള നിലകളിലേക്ക് പടരുകയായിരുന്നു.നിമിഷ നേരം കൊണ്ട് കുമിഞ്ഞു കൂടിയ പുക ശ്വസിച്ചതാണ് ഇത്രയും പേരുടെ മരണത്തിനു കാരണമായത്‌.ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത് വളരെ ഇടുങ്ങിയ സ്ഥലത്താണ്.വണ്ടികള്‍ വരുവാനും പോകുവാനും വേണ്ടത്ര സൌകര്യങ്ങള്‍ ഈ സ്ഥലത്ത് കുറവാണ്.അപകടം നടന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് അഗ്നി ശമന പ്രവര്‍ത്തകര്‍ എത്തിയതെന്നും ആക്ഷേപമുണ്ട്.മാത്രമല്ല അപകടമറിഞ്ഞു തടിച്ചു കൂടിയ ജനങ്ങളും വാഹനങ്ങളും കാരണം അഗ്നി ശമന സേനയ്ക്ക് വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്ന പരാതിയുമുണ്ട്.ഈ അപകടം നടക്കുന്നതിനു ആറു മാസത്തിനു മുമ്പേ സേഫ്റ്റി കൌണ്‍സില്‍ അപകട സാധ്യതയെ കുറിച്ച് അവരുടെ ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ടില്‍ ആശുപത്രി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതൊന്നും വക വയ്ക്കാതെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയ ആശുപത്രി അധികൃതര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.മരിച്ചവരുടെ കുടുംബത്തിനായ് അഞ്ചു ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാരും രണ്ടു ലക്ഷം രൂപ വീതം കേന്ദ്ര സര്‍ക്കാരും നല്‍കാമെന്നു പ്രഹ്യാപിച്ചിട്ടുണ്ട്.
ഈ അപകടത്തില്‍ വിനീത,രംമ്യ മലയാളി നേഴ്സുമാരും മരിച്ചിരുന്നു.അവര്‍ ജോലി ചെയ്തിരുന്ന ജനറല്‍ വാര്‍ടിലുള്ള ഒന്‍പതില്‍ എട്ടു രോഗികളെയും അവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. അവസാനത്തെ രോഗിയെ രക്ഷപ്പെടുത്തുന്ന അവസരത്തിലാണ് ഈ ത്യാഗമതികളായ രണ്ടു സഹോദരിമാരെയും തീ നാളങ്ങള്‍ വിഴുങ്ങിയത്.വളരെ ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരാണ് ഈ സഹോദരിമാര്‍.ഇവരുടെ തുച്ചമായ വരുമാനത്തില്‍ ആണ് നാട്ടിലുള്ള അവരുടെ കുടുംബം പുലര്‍ന്നു പോന്നിരുന്നത്.ഇവരുടെ വിയോഗം ആ കുടുംബങ്ങളെ ആകെ തളര്‍ത്തിയിരിക്കു കയാണ്.ആതുര സേവനം വെറും കച്ചവടം ആയി കൊണ്ടിരിക്കുന്ന ഈ കാലത്ത് വിനീത രമ്യമാര്‍ തങ്ങളുടെ ജീവന്‍ പണയം വച്ച് തന്റെ രോഗികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതും അവസാനം തങ്ങളുടെ ജീവനും അഗ്നിക്ക് സമര്‍പ്പിച്ചിട്ടു യാത്രയായതും ചരിത്രത്തിന്റെ ഏടുകളില്‍ ഇവര്‍ക്കുള്ള മഹോന്നത സ്ഥാനം നില നിര്‍ത്തുമെന്നതില്‍ സംശയമില്ല .. ഈ ധീര വനിതകളുടെ വിയോഗത്തിലും ഒപ്പം അഗ്നിക്കിരയായി അവരോടൊപ്പം യാത്രയായ മറ്റുള്ളവര്‍ക്കും എന്റെ കണ്ണീര്‍ അഞ്ജലികള്‍ ചെലുത്തുന്നു ... ഇനിയും ഇത്തരത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ സേഫ്റ്റി കൌണ്‍സിലിന്റെയും അഗ്നി ശമന സേനയുടെയും അപ്പ്രൂവല്‍ എല്ലാ സ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കെണ്ടാതാണ്.ആശുപത്രികള്‍ പോലും സുരക്ഷിതമല്ലാത്ത ഈയവസരത്തില്‍ അധികാരികള്‍ കണ്ണ് തുറന്നു പ്രവര്‍ത്തിക്കുമെന്ന് ആത്മാര്‍ഥമായും ആശിക്കുന്നു.

Saturday, November 26, 2011

നേതാജി





http://www.youtube.com/watch?v=kChz4uldQL8

http://www.youtube.com/watch?NR=1&v=u0V8Em_lKBk

വിപ്ലവകാരികള്‍ മരിച്ചു കഴിഞ്ഞാല്‍ അവരുടെ ശരീരം അടക്കപ്പെടുകയല്ല മറിച്ച്‌ വിതയ്ക്കപെടുകയാണ് ചെയ്യുന്നത്.ആ വിപ്ലവ വിത്തുകള്‍ കാലാകാലങ്ങളില്‍ മുളച്ചു വരും.അത്തരത്തില്‍ തന്റെ ജീവിതം ഭാരതത്തിന്റെ സ്വാതന്ത്ര്യതിനായ് ഉഴിഞ്ഞു വച്ച വിപ്ലവ വിത്തായ ധീരനായ സുഭാഷ് ചന്ദ്ര ബോസ്സ് എന്ന നേതാജിയെ നമ്മള്‍ ഒരിക്കലെങ്കിലും ഓര്‍ക്കണം.അദ്ദേഹത്തിന്റെ ജീവിത വീക്ഷണം നമ്മള്‍ വിലയിരുത്തിയാല്‍ നമുക്ക് നമ്മുടെ രാജ്യത്തോടുള്ള പ്രധിബദ്ദത എന്താണ് എന്ന് മനസിലാക്കുവാനും ഒപ്പം നല്ലൊരു പൌരന്‍ ആകുവാനുമുള്ള പ്രചോദനവും ലഭിക്കുമെന്നുള്ളതിനു സംശയമില്ല.സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശമാണ്!!.അത് ആരും കനിവോടെ നമുക്ക് തരേണ്ട ഭിക്ഷയല്ല.അത് ആരാലും അടിച്ചേല്‍പ്പിക്കപെടെണ്ടതോ അല്ലങ്കില്‍ പിടിചെടുക്കപെടെണ്ടതോ അല്ല.അത് സ്വീകരിക്കുകയോ അല്ലെങ്കില്‍ തിരസ്കരിക്കപെടെണ്ടാതോ അല്ല.നമ്മുടെ വീട്ടില്‍ അന്യന്‍ കയറി വന്നിട്ട് നമ്മളോട് വീട് വിട്ടു പോകാന്‍ പറഞ്ഞാല്‍ നമ്മള്‍ എങ്ങനെ പ്രതികരിക്കും ? അതും അവന്‍ കായ ബലത്തില്‍ ശക്തനും കയ്യൂക്കും ഉള്ളവന്‍ ആണെങ്കിലോ? നമ്മുടെ വീട്ടില്‍ അഥിതി ആയി വന്നവന്‍ നമ്മളെ പുറത്താക്കിയിട്ട് സ്വയം വീടിന്റെ ഉടമസ്ഥനായിട്ടു അവരോധിച്ച കഥയാണ്‌ ബ്രിട്ടീഷുകാര്‍ അടങ്ങുന്ന പറങ്കി പട നമ്മോടു ചെയ്ത നെറികേട്.ഇന്നും അവര്‍ മിക്കവാറും ഏഷ്യന്‍ രാജ്യങ്ങളിലും ചെയ്തു കൊണ്ടിരിക്കുന്നതും അത് തന്നെ !! മറ്റുള്ളവനെ ചൂക്ഷണം ചെയ്തു തന്റെ വയര്‍ വീര്‍പ്പിക്കുക എന്ന നികൃഷ്ടമായ സാമ്രാജ്യ രാക്ഷ്ട്രീയ കുടില തന്ത്രം !! എതിര്‍ക്കുന്നവനെ രായ്ക്കു രാമാനം ഇല്ലാതാക്കുന്ന, വിമര്‍ശിക്കുന്നവന്റെ വായില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്ന നെറി കേടിന്റെ ഗൂഡ തന്ത്രം !.

1897 ജനുവരി 23 - നു ആണ് നേതാജിയുടെ ജനനം.ബെന്‍ഗാളി കസ്യത് കുടുംബത്തില്‍ പെട്ട അദ്ദേഹം ജനിച്ചത്‌ കട്ടക്ക്, ഒറീസയില്‍ ആണ്.അഭിഭാഷകനായ ജാനകീ ദാസിന്റെയും,പ്രഭാവതി ദേവിയുടെയും പതിനാലു മക്കളില്‍ ഒന്‍പതാമത്തെ പുത്രനാണ് സുഭാഷ് ചന്ദ്ര ബോസ്.ഏഴാം ക്ലാസ് വരെ ആന്‍ഗ്ലോ സ്കൂള്‍ കട്ടക്കില്‍ പഠിച്ചു. പിന്നീട് അദ്ദേഹം രാവെന്‍ഷാ സ്കൂളിലേക്ക് മാറ്റപ്പെടുകയും പിന്നീടുള്ള ഉന്നത പഠനത്തിനായ് പ്രസിടെന്‍സി കോളേജില്‍ ചേരുകയും ചെയ്തു .എന്നാല്‍ അദ്ദേഹത്തിന് അവിടെ അധികം നാള്‍ തുടരാന്‍ കഴിഞ്ഞില്ല.വെള്ളക്കാരനായ പ്രോഫസ്സര്‍ ഒട്ടന്റെ ഇന്ത്യക്കെതിരെയുള്ള പ്രസ്താവനയില്‍ പ്രകോപിതനായ സുഭാഷ് അയാളെ ആക്രമിക്കുകയായിരുന്നു.പ്രൊഫസറെ ആക്രമിച്ചു എന്ന കാരണത്താല്‍ സുഭാഷിനെ മാനെജ്മെന്റ് കോളേജില്‍ നിന്നും പുറത്താക്കി.എന്നാലും കുറച്ചു കാലം കഴിഞ്ഞു കല്‍ക്കട്ട ജില്ലയില്‍ നിന്നും 1911- ല്‍ മെട്ട്രികുലെഷനില്‍ ഒന്നാമനായി പാസ് ആവുകയും പിന്നീട് സ്കോട്ടിഷ് ചര്‍ച് കോളേജില്‍ നിന്നും 1918 - ല്‍ ഫിലോസഫിയില്‍ BA ഡിഗ്രീ കരസ്ഥമാക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ ആരാധ്യ പുരുഷനായ ശ്രീ ചിത്തരഞ്ജന്‍ ദാസിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി സ്വരാജ് പത്രത്തില്‍ പ്രവര്‍ത്തിക്കുകയും 1923 - ല്‍ ആള്‍ ഇന്ത്യ യൂത്ത് കോണ്ഗ്രസ്സിന്റെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.അതോടൊപ്പം തന്നെ അദ്ദേഹം ശ്രീ ദേശബന്ധു നടത്തി കൊണ്ടിരുന്ന ഫോര്‍വേഡ് എന്ന പത്രത്തില്‍ എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു.

പിന്നീട് അദ്ദേഹത്തെ 1924 - ല്‍ കല്‍ക്കട്ട മേയര്‍ ആയി തിരഞ്ഞെടുത്തു.എന്നാല്‍ ആ പദവി അദ്ദേഹത്തിന് അധിക നാള്‍ തുടരാന്‍ കഴിഞ്ഞില്ല കാരണം അദ്ദേഹത്തിന്റെ തീവ്രമായ ദേശീയ വാദം തന്നെ ! ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ മണ്ടലായ്‌ ജയിലില്‍ അടക്കുകയും ജയിലില്‍ വച്ച് അദ്ദേഹത്തിന് ക്ഷയ രോഗം പിടി പെടുകയും ചെയ്തിരുന്നു.1927 - ല്‍ അദ്ദേഹം ജയിലില്‍ നിന്നും മോചിതനാവുകയും കൊണ്ഗ്രസ്സില്‍ ജനറല്‍ സെക്രട്ടറി പദം അലംകരിക്കുകയും ചെയ്തു. ഈയവസരത്തില്‍ അദ്ദേഹത്തിന് ജവഹര്‍ലാല്‍ നെഹ്രുവുമായി കൂടുതല്‍ അടുക്കുവാനും സ്വാതന്ത്ര്യ സമരങ്ങളില്‍ കൂടുതല്‍ സജീവമാകുവാനും കഴിഞ്ഞു.1930 ന്റെ മധ്യത്തില്‍ അദ്ദേഹത്തിന് യൂറോപ്യന്‍ രാന്ജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരമുണ്ടായി.ഈ യാത്രയില്‍ അദ്ദേഹത്തിന് കമ്മ്യൂണിസവും, ഫാസിസവും എന്താണെന്ന് മനസിലാക്കുവാനും പഠിക്കുവാന്‍ കഴിഞ്ഞു.1938 കാല ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ രാക്ഷ്ട്രീയ വീക്ഷണങ്ങളും ദേശീയ വാദവും നിരീക്ഷിച്ച ദേശീയ നേതൃത്വം അദ്ദേഹത്തെ കൊണ്ഗ്രെസ്സ് പ്രസിഡന്റ്‌ പദത്തിലേക്ക് നോമിനേറ്റു ചെയ്തു.

അദ്ദേഹത്തിന്റെ തീവ്രമായ ദേശീയ വാദത്തെ ആരംഭത്തില്‍ തന്നെ ഗാന്ധിജി എതിര്‍ത്തിരുന്നു.കൊണ്ഗ്രെസ്സ് പ്രസിഡന്റ്‌ സ്ഥാനം നേതാജിക്ക് കൊടുക്കുന്ന തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് ദേശീയ നേതൃത്വത്തോട് ഗാന്ധിജി അഭ്യര്‍ഥിച്ചിരുന്നു . എന്നാല്‍ നേതാജിയെ ഇതൊന്നും ചോടിപ്പിചിരുന്നില്ല.അദ്ദേഹത്തിന് ഗാന്ധിജിയോട് തികഞ്ഞ ബഹുമാനവും മതിപ്പുമുണ്ടായിരുന്നു.അങ്ങനെ അദ്ദേഹം മെല്ലെ കൊണ്ഗ്രെസ്സ് ദേശീയ നേതൃത്വത്തില്‍ നിന്നും പിന്തള്ള പെടുകയാണ് ഉണ്ടായത്.അങ്ങനെ അദ്ദേഹം 1939 ജൂണ്‍ 22 -നു ഫോര്‍വേഡ് ബ്ലോക് എന്ന സംഘടന രൂപീകരിച്ചു.ഇടതു പക്ഷ ചിന്താ ധാര ബംഗാളില്‍ അലയടിപ്പിക്കുവാന്‍ അദ്ദേഹത്തിന്റെ ഈ സംഘടനയ്ക്ക് കഴിഞ്ഞു.

പല തരുണത്തിലും ബ്രിട്ടീഷ് സാമ്രാജ്യത്തിനു എതിരെ സമരം ചെയ്തു കൊണ്ടിരുന്ന സുഭാഷ് ചന്ദ്ര ബോസിന് രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കാമെന്ന ബ്രിട്ടന്റെ ഉറപ്പിനോട് വിശ്വാസമില്ലായിരുന്നു.യുദ്ധത്തില്‍ ഇന്ത്യന്‍ പട്ടാളക്കാരെ ഉപയോഗിക്കുകയും യുദ്ധം ജയിച്ചു കഴിഞ്ഞാല്‍ ബ്രിട്ടീഷുകാര്‍ തങ്ങളെ കറി വേപ്പില പോലെ വലിച്ചെറിയും എന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.ആസാദ് ഹിന്ദ്‌ ഫൌജ് അഥവാ ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന സംഘടന ക്യാപ്ടന്‍ മോഹന്‍ സിംഘിന്റെ നേതൃത്വത്തില്‍ 1942 - ല്‍ രൂപപ്പെട്ടിരുന്നു.പിന്നീട് ഈ സംഘടനയില്‍ ആകൃഷ്ടനായ അദ്ദേഹം അതില്‍ അംഗമാവുകയും സംഘടനയെ കൂടുതല്‍ ശക്തപ്പെടുത്തുകയും ചെയ്തിരുന്നു.1944 - ല്‍ ബര്‍മയില്‍ വച്ച് നടന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ വമ്പിച്ച റാലിയില്‍ അദ്ദേഹം ജനങ്ങളെ അഭി സംബോധന ചെയ്തു സംസാരിച്ചിരുന്നു.ഈയവസരത്തില്‍ വച്ചാണ് അദ്ദേഹം "നിങ്ങള്‍ എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം തരാം" എന്ന ചരിത്ര പ്രസിദ്ധമായ പ്രഹ്യാപനം നടത്തിയത്.ഈയവസരത്തില്‍ അദ്ദേഹം ബ്രിട്ടീഷ് രാജിന് എതിരെ നടത്തുന്ന തന്റെ ഈ സന്ധിയില്ലാ സമരത്തില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുവാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.ഹിന്ദിയില്‍ സംസാരിച്ചിരുന്ന അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗം കേള്‍ക്കുവാന്‍ വല്ല്യ ജനാവലി തന്നെ തടിച്ചു കൂടുമായിരുന്നു.

"ദില്ലി ചലോ" എന്ന പ്രഹ്യാപനം വഴി അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ സൈനികര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുകയായിരുന്നു."ജയ് ഹിന്ദ്‌" എന്ന മുദ്രാവാക്യം അദ്ദേഹത്തിന്റെതാണ്.അത് പിന്നീട് ഇന്ത്യന്‍ ഗവണ്‍മെന്റ് അന്ഗീകരിക്കുകയും ഇന്ത്യന്‍ സൈനികരുടെ മുദ്രാവാക്യമായി സ്വീകരിക്കുകയും ചെയ്തു.ജൂലൈ 1944 -ല്‍ സിംഗപ്പൂരില്‍ നിന്നും ആസാദ് ഹിന്ദ്‌ റെഡിയോവില്‍ ആദ്യമായി " ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്ര പിതാവ് " എന്ന് പ്രഹ്യാപിക്കുകയും ഒപ്പം ബ്രിട്ടീഷ് രാജിനെതിരെ തങ്ങള്‍ നടത്തുന്ന സന്ധിയില്ലാത്ത സമരത്തിന്‌ ആശിര്‍വാദം നല്‍കണമെന്നും ഗാന്ധിജിയോട് അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ ത്യാഗം,ദേശ സ്നേഹം,അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് ചിന്താധാരാ തുടങ്ങിയവ വിസ്മരിക്കപെടുന്ന ഈ കാലത്ത് നമ്മള്‍ നമ്മളോട് തന്നെ ചോദിയ്ക്കേണ്ട ഒരു ചോദ്യമുണ്ട് നമ്മള്‍ യഥാര്‍ഥത്തില്‍ ബൌദ്ധികമായി സ്വതന്ത്രരായോ ആയെങ്കില്‍ തന്നെ ആ സ്വാതന്ത്ര്യത്തില്‍ നിന്നും നമ്മള്‍ കൈവരിച്ച നേട്ടങ്ങള്‍ എന്തൊക്കെയാണ് ?

1945 ഓഗസ്റ്റ്‌ 18 - നു ടോക്യോക്ക് പോകുന്ന വിമാനത്തില്‍ അദ്ദേഹം ഉണ്ടായിരുന്നുവെന്നും തൈവാനില്‍ വച്ച് വിമാനം അപകടപ്പെടുകയും ഗുരുതരമായ പൊള്ളലുകളോടെ അദ്ദേഹം തൈവാനിലെ ലോക്കല്‍ ആസ്പത്രിയില്‍ തന്നെ അന്ത്യ ശ്വാസം വലിക്കുകയും ചെയ്തു എന്നും അദ്ദേഹത്തിന്റെ അവശേഷിച്ച ഭൌധീക ശരീരം തൈവാനിലെ ഒരു ബുദ്ധ ക്ഷേത്രത്തില്‍ ദഹിപ്പിക്കുകയും ചിതാ ഭസ്മം ടോക്യോവിലെ രെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിക്കുവെന്നും ആണ് വാര്‍ത്തകള്‍ വന്നത്.എങ്കിലും അദ്ദേഹത്തിന്റെ മരണത്തില്‍ ഇന്നും ദുരൂഹത നില നില്‍ക്കുന്നു .അദ്ദേഹം വളരെ കാലങ്ങള്‍ക്ക് ശേഷം സൈബീരിയില്‍ മരണപ്പെട്ടു എന്നും വാദമുണ്ട്.അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ച സത്യാവസ്ഥ പുറത്തു കൊണ്ട് വരാന്‍ പല അന്നെഷണ കമ്മിറ്റികളെയും ഇന്ത്യാ ഗവണ്‍മെന്റ് നിയമിച്ചിരുന്നു.ജസ്റ്റിസ് മുഖര്‍ജി കമ്മീഷന്‍ 1999 മുതല്‍ 2006 വരെ തൈവാന്‍ ഗവണ്‍മെന്റുമായി നടത്തിയ അന്നേഷണത്തില്‍ അങ്ങനെ ഒരു വിമാന അപകടം നടന്നതായി തെളിവുകള്‍ ഒന്നും ഇല്ലെന്നും നേതാജി വിമാന അപകടത്തില്‍ അല്ലാ മരിച്ചതെന്നും തെളിഞ്ഞു.

തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ കഴിയാതെ കടക്കെണിയിലും,ദുരിതങ്ങളിലും ഒടുവില്‍ ആത്മഹത്യലും വരെ എത്തി നില്‍ക്കുന്ന ഓരോ സാധാരണ ഭാരതീയനും നേതാജിയുടെ ആഹ്വാനങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു മുന്നോട്ടു പോകേണ്ടതുണ്ട്.ചില്ലറ കച്ചവട കമ്പോളങ്ങള്‍ വരെ കുത്തക കോര്‍പറേറ്റ്കളുടെ നീരാളി പിടുത്തത്തില്‍ അമര്‍ന്നു കിടക്കുന്ന ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ തങ്ങളുടെ അസ്തിത്വത്തില്‍ ബോധവാന്മാര്‍ ആകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.പാശ്ചാത്യ സംഗീതത്തിന്റെ ലാസ്യത്തില്‍ അരണ്ട വെളിച്ചത്തില്‍ സ്പൂണും ഫോര്‍ക്കും കൊണ്ട് ബടായി പറഞ്ഞു ടേബിള്‍ മേനെഴ്സിന്റെ പൊങ്ങച്ചത്തില്‍ മുന്തിയ ഇനം ഭക്ഷണ വിഭവങ്ങള്‍ തൊള്ളയിലെക്ക് തള്ളി കയറ്റുന്ന ഈ കോര്‍പറേറ്റ് മേലാളന്മാര്‍ക്ക് അവര്‍ കഴിക്കുന്ന ഓരോ ധാന്യത്തിലും,പഴങ്ങളിലും,പച്ചക്കറികളിലും ഈ കര്‍ഷകരുടെ വിയര്‍പ്പിന്റെ ഗന്ധം മനം പിരട്ടല്‍ ഉണ്ടാക്കുന്നില്ല.കര്‍ഷകന്റെ വിയര്‍പ്പു ഉണങ്ങുന്നതിന് മുന്പേ അവന്റെ മടിക്കുത്തിനു പിടിച്ചു തെരുവില്‍ വലിച്ചിഴച്ചു അവന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കുന്ന സാമ്രാജ്യത്വ വാദികള്‍ക്ക് ഓശാന പാടുന്ന സര്‍ക്കാരുകള്‍ ഉള്ളിടത്തോളം കാലം ഈ നാട്ടില്‍ നേതാജിയുടെ ആഹ്വാനങ്ങള്‍ക്ക്‌ പ്രസക്തിയുണ്ടാവില്ല.വിതയ്ക്കപ്പെട്ട വിപ്ലവ വിത്തുകള്‍ ഒരിയ്ക്കല്‍ മുളച്ചു വരും എന്ന പ്രതീക്ഷയോടെ അവര്‍ വളര്‍ന്നു പടര്‍ന്നു പന്തലിയ്ക്കും എന്ന പ്രതീക്ഷയോടെ മാറ്റങ്ങളുടെ പുതിയ സൂര്യനായി നമുക്ക് കാത്തിരിക്കാം."ജയ് ഹിന്ദ്".

Thursday, October 27, 2011

ഞാനും ഒരിയ്ക്കല്‍ പ്രണയിച്ചിരുന്നു !!




ഞാനും ഒരിയ്ക്കല്‍ പ്രണയിച്ചിരുന്നു.
അന്നൊരു കത്ത് എഴുതുവാനും
എഴുതിയത് അവള്‍ക്കു കൊടുക്കുവാനും
കൈകള്‍ വിറയ്ക്കുമായിരുന്നു.
കണ്ണുകള്‍ ചുവക്കുമായരുന്നു.
കെമിസ്ട്രി ലാബില്‍ പിപ്പറ്റിനുള്ളില്‍
പ്രണയാക്ഷരങ്ങള്‍ അന്ത്യ ശ്വാസം വലിച്ചിരുന്നു.
അവളുടെ കയ്യില്‍ നിന്നും ഊര്‍ന്നു വീണ തൂവാലയ്ക്ക്
വാടിയ മാരികൊഴുന്തിന്റെ മണമുണ്ടായിരുന്നു.
അവളുടെ ചിരിയില്‍
അവളുടെ മൊഴിയില്‍
അവളുടെ ചലനങ്ങളില്‍
അനുഭൂതി നല്‍കുന്ന എന്തോ
അവള്‍ ഒളിപ്പിച്ചു വച്ചിരുന്നു
അവള്‍ നടന്ന വഴിയെ നടന്നും
അവള്‍ നനഞ്ഞ മഴ നനഞ്ഞും
അവള്‍ പാടിയ പാട്ട് പാടിയും
അവളെന്നില്‍ സദാ ജീവിച്ചിരുന്നു
പിന്നെന്നോ കലാലയത്തിന്‍ പടിയിറങ്ങുമ്പോള്‍
കണ്ണില്‍ വിരഹം നിറയ്ക്കാതെ
ഒരു വിതുമ്പലിന്‍ സുഹമറിയാതെ
യാത്രാമൊഴി ചൊല്ലാതെയവള്‍ യാത്രയായി-
ഞാനിന്നും നടന്നു തീര്‍ക്കാത്ത ജീവിത വഴികളില്‍ ......