Thursday, October 27, 2011

ഞാനും ഒരിയ്ക്കല്‍ പ്രണയിച്ചിരുന്നു !!




ഞാനും ഒരിയ്ക്കല്‍ പ്രണയിച്ചിരുന്നു.
അന്നൊരു കത്ത് എഴുതുവാനും
എഴുതിയത് അവള്‍ക്കു കൊടുക്കുവാനും
കൈകള്‍ വിറയ്ക്കുമായിരുന്നു.
കണ്ണുകള്‍ ചുവക്കുമായരുന്നു.
കെമിസ്ട്രി ലാബില്‍ പിപ്പറ്റിനുള്ളില്‍
പ്രണയാക്ഷരങ്ങള്‍ അന്ത്യ ശ്വാസം വലിച്ചിരുന്നു.
അവളുടെ കയ്യില്‍ നിന്നും ഊര്‍ന്നു വീണ തൂവാലയ്ക്ക്
വാടിയ മാരികൊഴുന്തിന്റെ മണമുണ്ടായിരുന്നു.
അവളുടെ ചിരിയില്‍
അവളുടെ മൊഴിയില്‍
അവളുടെ ചലനങ്ങളില്‍
അനുഭൂതി നല്‍കുന്ന എന്തോ
അവള്‍ ഒളിപ്പിച്ചു വച്ചിരുന്നു
അവള്‍ നടന്ന വഴിയെ നടന്നും
അവള്‍ നനഞ്ഞ മഴ നനഞ്ഞും
അവള്‍ പാടിയ പാട്ട് പാടിയും
അവളെന്നില്‍ സദാ ജീവിച്ചിരുന്നു
പിന്നെന്നോ കലാലയത്തിന്‍ പടിയിറങ്ങുമ്പോള്‍
കണ്ണില്‍ വിരഹം നിറയ്ക്കാതെ
ഒരു വിതുമ്പലിന്‍ സുഹമറിയാതെ
യാത്രാമൊഴി ചൊല്ലാതെയവള്‍ യാത്രയായി-
ഞാനിന്നും നടന്നു തീര്‍ക്കാത്ത ജീവിത വഴികളില്‍ ......

Friday, February 4, 2011

മനമോ നനഞ്ഞത്‌ മിഴിയോ നനഞ്ഞത്‌ ?

മനമോ നനഞ്ഞത്‌ മിഴിയോ നനഞ്ഞത്‌
മനമായിരിക്കാം വിരഹ വേദനയല്ലയോ.

വിട പറയുവാന്‍ വിദൂരമല്ല ഇരു ഹൃദയങ്ങളും
പരസ്പരം പങ്കു വച്ച പ്രണയാതുര നിമിഷങ്ങളും.

ഓര്‍ക്കുക എല്ലായ്പ്പോഴുമെന്നു ചൊല്ലി പിരിയുമ്പോള്‍
അറിഞ്ഞീല മോഹമേ നിന്‍ ഉള്‍വിളി പിന്‍ വിളിയായി
നേര്‍ത്തലിഞ്ഞു മഴത്തുള്ളികളില്‍ ലയിച്ചതും
മുന്ബോട്ടു വച്ചയെന്‍ പതറുന്ന കാലുകള്‍ നിന്‍-
കണ്ണീര്‍ വീണു കുതിര്‍ന്ന മണല്‍ തരികളില്‍ മുത്തമിട്ടതും.

കൈകള്‍ നെഞ്ചോട്‌ ചേര്‍ത്ത് ഈ ഹൃദയം
നിനക്കാണ് നിനക്കാണ് എന്ന് പലവുരു ചൊല്ലിയപ്പോള്‍
അറിയുന്നു ഞാന്‍ പ്രിയേ പ്രവാസം ഒരു സുഹമുള്ള-
നോവാണെന്നും, ഒറ്റപ്പെടലിന്‍ നിയോഗമാണെന്നും.

കൈക്കൂലി

മകനെ
ഞാന്‍ മരിച്ചാല്‍ എന്നെ കത്തിച്ചു ചാരമാക്കരുത്‌
എനിയ്ക്ക് നാളെ ഉയിര്‍ത്തെഴുന്നേല്‍ക്കണം
ബാക്കി വെച്ച് പോയതെല്ലാം ചെയ്തു തീര്‍ക്കണം
മൂക്കില്‍ പഞ്ഞി വയ്ക്കരുത് മലിനമെങ്കിലുംഎനിക്ക്
നിഷിദ്ദമായ ജീവ വായു ഒരിക്കല്‍ കൂടി ശ്വസിക്കണം

കാലിലെ തള്ള വിരലുകള്‍ കൂട്ടി കെട്ടരുത്
ഒരിക്കല്‍ കൂടി വീണുമെണീറ്റും പിച്ച വച്ച് നടക്കണം
തേങ്ങാ മുറിയില്‍ തിരിയിട്ടു തലയ്ക്കു വിളക്ക് വയ്ക്കരുത്
വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും പൊള്ളുന്ന വിലയാണ്

നാറുന്നയീ ദേഹത്തില്‍ പൂ കൊണ്ട് മൂടരുത്
ആ പൂക്കള്‍ കൊണ്ട് ആള്‍ ദൈവങ്ങള്‍ക്ക് മെത്തയൊരുക്കൂ
നിന്റെ ഭംഗിയുള്ള തലമുടി മുണ്ഡനം ചെയ്യരുത്
ഒരു പക്ഷെ നിന്റെ സഹധര്‍മ്മിണി വിവാഹ മോചനം ചോദിച്ചേക്കാം
പുല കുളി അടിയന്തിരത്തിന് സാമ്പാറും പായസവും വിളംബരുത്
ദുഃഖം പറഞ്ഞു വരുന്നവര്‍ക്ക് കട്ടന്‍ ചായയും പരിപ്പുവടയും കൊടുത്താല്‍ മതി
നാല്‍പത്തൊന്നു ദിവസം വ്രുതമനുഷ്ടിക്കണ്ട
നാല്പത്തൊന്നു നാഴിക വിശന്നിരിക്കാന്‍ നിനക്ക് കഴിയില്ല

കണ്ണ് ഞെരടി നീ കരയണ്ട
ഈറനാവാത്ത നിന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയെക്കാം
ആണ്ടു ബലി നടത്തി ഉപ്പില്ലാത്ത ചോറ് തരരുത്
നല്ല ബിരിയാണിയും കപ്പയും ബീഫുമെല്ലാം വേണം
കുടിയ്ക്കുവാന്‍ ഹണി ബീയുടെ ഒരു പൈന്റ് എങ്കിലും കരുതണം

അമ്മയോട് പൊട്ട് വയ്ക്കാന്‍ പറയണം
കാഞ്ചീപുരം സാരിയുടുക്കാന്‍ പറയണം ( പറഞ്ഞില്ലെങ്കിലും അവളതു ചെയ്യും )
എന്റെ ഫോട്ടോ ചുവരില്‍ തൂക്കി രാമച്ചത്തിന്‍ മാലയിടരുത്
മെഴുകു തിരിയോ വിളക്കോ തെളിക്കരുത്
ശവ കുടീരം പണിതു കാഴ്ച വസ്തുവാക്കരുത്
പത്ര താളുകളില്‍ ചരമ കോളത്തില്‍ എന്നെ കോമാളിയാക്കരുത്

ഇതിനെല്ലാം സമ്മതമാണെങ്കില്‍
നീ പറയുന്ന തീയതിയില്‍ നീ പറയുന്ന നേരത്ത്
ബിനാമിയായി കിടക്കുന്ന എന്റെ സ്വത്തെല്ലാം
സുനാമിയായി നിന്‍ മുന്നിലെത്തും തീര്‍ച്ച.

പുതുവത്സര ചിന്തകള്‍

ഇന്നില്ലെങ്കില്‍ ഇന്നലെയുമില്ല നാളെയുമില്ല ....

ഇന്നലെ നടന്നു കഴിഞ്ഞതും ഇന്ന് നടന്നു കൊണ്ടിരിക്കുന്നതും നാളെ നടക്കുവാനിരിക്കുന്നതും
പൊലിഞ്ഞു വീണു കൊണ്ടിരിക്കുന്ന സമയത്തിന്റെ വിധി നിയോഗങ്ങളായിരിക്കാം ..

സമയം -

അത് ആര്‍ക്കും വേണ്ടി കാക്കാതെ ഒരു പരി ഭാവങ്ങളുമില്ലാതെ ഒരിക്കലെങ്കിലും പുറകോട്ടു നോക്കാതെ,
കരയാതെ, ചിരിയ്ക്കാതെ, കണ്ണീരൊഴുക്കാതെ, ദുഖത്തിന്‍ കനലുകള്‍ നെഞ്ചിലോതുക്കാതെ
അനസ്യൂതം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഇവിടെ നേടുന്നതും, നഷ്ടപ്പെടുത്തുന്നതും
ജനിയ്ക്കുന്നതും, മരിയ്ക്കുന്നതുമെല്ലാം നമ്മള്‍ നിസ്സാരരായ മനുഷ്യര്‍ തന്നെ....

സമയത്തിന് മരണമില്ല ...
അത് ആര്‍ക്കും സ്വന്തമല്ല ...

കഴിഞ്ഞു പോയ സമയവും പറഞ്ഞു പോയ വാക്കും തിരിച്ചെടുക്കാന്‍ കഴിയില്ല ...

ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് വീണു കിട്ടുന്ന ചില നല്ല സമയങ്ങളാണ് മുന്നോട്ടുള്ള ജീവിതത്തിനു പ്രതീക്ഷയും ഉണര്‍വും നല്‍കുന്നത് ....

ചില സമയങ്ങളില്‍ പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ നമുക്ക് ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്നു ..

ഒരിക്കലും ആഗ്രഹിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ ദുരന്തങ്ങള്‍ മനുഷ്യ മനസുകളെ തളര്‍ത്തുന്നു ...
പക്ഷെ അതും സമയത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ മായ്ക്കപെടുന്നു ...

നമുക്ക് കഴിഞ്ഞു പോയ ബാല്യവും,കൌമാരവും,കഴിഞ്ഞു കൊണ്ടിരിക്കുന്ന യൌവനവും എല്ലാം തന്നെ സമയത്തിന്റെ മാസ്മരികതയാല്‍ സംഭവിക്കുന്നത്‌ തന്നെ ....

മരണമില്ലാത്ത സമയത്തോടൊപ്പം മരിയ്ക്കെണ്ടാവരായ നമുക്ക് ഒരു സമവായത്തിലെത്താം...

നമ്മുടെ ഓരോ ഹൃദയതുടിപ്പിലും ഓരോ പുതുവര്‍ഷങ്ങള്‍ പിറക്കട്ടെ ... അത് നന്മയുടെയും സമാധാനത്തിന്റെയുമാകട്ടെ ...

സ്വസ്തി പ്രജാഭ്യം പരിപാലയന്തം ന്യായേന മാര്‍ഗേന ശുഭാമാസ്തു നിത്യം ലോകാ സമസ്താ സുഖിനോ ഭവന്തു ...

നെഞ്ചില്‍ അഞ്ചു മുടി !!

നെഞ്ചില്‍ അഞ്ചു മുടിയുള്ളവന്‍ നല്ലവനാണ് എന്നും ചതിക്കില്ലാ എന്നും നല്ല സ്നേഹമുള്ളവനാണ് എന്നുമൊക്കെയാണ് നമ്മുടെ ഭൂരി ഭാഗം സ്ത്രീ ജനങ്ങളും പറയുന്നത് ...

എന്താണ് ഇതിന്റെ പുറകിലുള്ള സത്യം ? അപ്പൊ നെഞ്ചില്‍ മുടിയില്ലാത്തവന്മാര്‍ വന്ചകന്മാരും കൊലയാളികളും ആണെന്നാണോ ഇവര്‍ ധരിക്കുന്നത് ? വാസ്തവത്തില്‍ അതല്ല പ്രശ്നം !! പ്രശ്നം അത ന്നെ !! ഏതു തന്നെ !! .......... ലത് തന്നെ !!

ഈയിടെ ഒരു ചെറുപ്പക്കാരന്‍ ചാറ്റില്‍ കുടുങ്ങിയ ഒരു കാമുകിയുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അവള്‍ ചോദിക്കുകയുണ്ടായി ....

നിന്റെ നെഞ്ചു വിരിഞ്ഞതാണോ ? നിനക്ക് നല്ല പോക്കമുണ്ടോ ? നെഞ്ചില്‍ രോമമുണ്ടോ എന്നൊക്കെ?

സത്യത്തില്‍ കാമുകി ചോദിച്ച ഈ മൂന്നു സംഭവങ്ങളും ടിയാനു ഇല്ലായിരുന്നു ... അയാള്‍ ബുദ്ധി പൂര്‍വ്വം അവളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ കുറച്ചു നേരം മിണ്ടാതിരുന്നു ...

അവള്‍ ചോദിക്കുന്നുണ്ടായിരുന്നു ... എവിടെ പോയി? ... നീ ഓണ്‍ലൈനില്‍ ഉണ്ടോ? ... എന്താ ചെയ്യുന്നേ ? ഞാന്‍ ചോദിച്ചതിനു എന്തെ മറുപടി പറയാത്തെ ?

ഒരു അഞ്ചു മിനിട്ട് കഴിഞ്ഞു അയാള്‍ വീണ്ടും അവളോട്‌ ചാറ്റാന്‍ തുടങ്ങി ... ക്ഷമിക്കണം കേട്ടോ .. എന്റെ സിസ്ടെം ഹാന്‍ഗ് ആയി എന്നൊക്കെ അയാള്‍ ഒഴിവു കഴിവുകള്‍ അവളോട്‌ പറയുവാന്‍ തുടങ്ങി ...

ഇത് അവന്റെ അടവാണ് എന്ന് അറിഞ്ഞ കാമുകി അയാളോട് അയാളുടെ നെഞ്ചു കാണുന്ന വിധത്തില്‍ ഒരു ഫുള്‍ സൈസ് ഫോടോ അയച്ചു കൊടുക്കാന്‍ പറഞ്ഞു ...

താന്‍ വല്യ വെട്ടിലാണ് വീണിരിക്കുന്നത് എന്ന സങ്കടത്തോടെ അയാള്‍ തല പുകഞ്ഞു ആലോചിക്കുവാന്‍ തുടങ്ങി .. ഇപ്പൊ എന്ത് ചെയ്യും? ... അവള്‍ക്കു എങ്ങനെ തന്റെ ഫോട്ടോ അയച്ചു കൊടുക്കും ? നെഞ്ചില്‍ അന്തി ചന്തക്കു ആളും കൂടും പോലെ എണ്ണി എടുത്താല്‍ നാല് രോമം കാണും !! മൂക്കിനു താഴെയും ചുണ്ടിനു താഴെയും അത് തന്നെ അവസ്ഥ !! നല്ല തഴച്ചു വളര്‍ന്നു നില്‍ക്കുന്ന നെല്ചെടികള്‍ക്കിടയില്‍ പശുവിനെ അഴിച്ചു വിട്ട പോലെ !!

അയാള്‍ കുത്തിയിരുന്ന് ആലോചിച്ചു എന്താ ചെയ്യാ ഇപ്പൊ !! ... അപ്പോഴാണ്‌ അയാള്‍ക്ക്‌ ടീവിയില്‍ വരുന്ന പരസ്യം ഓര്‍മ്മ വന്നത് ... അതെ തലയില്‍ കഷണ്ടിക്ക് വക്കുന്നത് പോലെ നെഞ്ചിലും രോമം ഫിറ്റ് ചെയ്യുക തന്നെ !! ഒരു പക്ഷെ ആ കമ്പനിക്കാര്‍ക്ക് പോലും ഇത്തരം ആശയം വീണു കിട്ടി കാണില്ല ഇത് വരെ !! ഓ എന്റെ ബുദ്ധി അപാരം തന്നെ !! എന്നെ സമ്മതിക്കണം !! അയാള്‍ക്ക്‌ തന്നെ കുറിച്ച് ഭയങ്കര മതിപ്പ് തോന്നി ...

അങ്ങനെ അയാള്‍ നെഞ്ചിലും മീശയിലും താടിയിലുമൊക്കെ ലവനെ ഫിറ്റ് ചെയ്തു .. ലേത് ? ലതു തന്നെ !!

ഇപ്പോള്‍ താന്‍ ഒരു സംഭവം ആണെന്ന് അയാള്‍ ഓര്‍ത്തു.ഉടനെ തന്നെ ഷര്‍ട്ടിന്റെ വെളിയില്‍ കൂടി കവിഞ്ഞു തുളുമ്പി നില്‍ക്കുന്ന രോമമുള്ള തന്റെ ഫുള്‍ സൈസ് ഫോട്ടോ എടുത്തു സ്കാന്‍ ചെയ്തു പൊക്കവും ഏകദേശം ആറടി തോന്നുന്ന വിധത്തില്‍ സിസ്ടത്തിലിട്ടു വലിച്ചു നീട്ടി എഡിറ്റു ചെയ്തു അവള്‍ക്കു അയച്ചു കൊടുത്തു... അവള്‍ ആ ഫോട്ടോ കണ്ടു ഭയങ്കര ഇമ്പ്രഷനായി നമ്ര മുഖിയായി എന്നാണു പിന്നീട് അറിയാന്‍ കഴിഞ്ഞത് ..

ഇത് പോലൊരു യുവതി ഡൈവോഴ്സ് കേസ് ഫൈല്‍ ചെയ്തിരുന്നു .. നെഞ്ചില്‍ മുടിയില്ലാത്ത തന്റെ ഭര്‍ത്താവുമൊത്തു ജീവിക്കുവാന്‍ അവള്‍ക്കു കഴിയില്ലത്രേ !! ...സുന്ദരനും സുമുഖനുമായ ആ ചെറുപ്പക്കാരന്റെ ഒരേ ഒരു കുറവ് നെഞ്ചില്‍ അഞ്ചു മുടിയില്ല എന്നുള്ളതാണ് ..

കേസ് കോടതിയില്‍ പരിഗണനയില്‍ വന്നു .. കോടതി രണ്ടു പേരെയും കൌണ്‍സിലിങ്ങിനു വിട്ടു .. അവര്‍ യുവതിയെ പല തരത്തിലും പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും യുവതി അംബിലും വില്ലിലും അടുക്കില്ല എന്ന മട്ടിലായിരുന്നു ..

വീണ്ടും അവര്‍ കോടതിയില്‍ ഹാജരായി ... വാദി ഭാഗം വക്കീല്‍ ഭര്‍ത്താവിനോട് പല തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചു .. താങ്കളുടെ ഭാര്യയുടെ വാദം ശെരിയാണെന്ന് താങ്കള്‍ക്കു തോന്നുന്നുണ്ടോ ?

ഇല്ല ഒരിക്കലുമില്ല !! ... അവളുടെ രോഗം എനിക്കറിയാം !! .. പക്ഷെ ഞാന്‍ എന്ത് ചെയാനാണ് !! ... ദൈവം എന്നെ നെഞ്ചില്‍ രോമാമില്ലാതെ ജനിപ്പിച്ചു .. അതെന്റെ തെറ്റാണോ ? അയാള്‍ കോടതിയില്‍ തൂക്കിയിട്ടിരിക്കുന്ന ഗാന്ധിജിയുടെ ചിത്രം ചൂണ്ടി കാണിച്ചു കൊണ്ട് ജട്ജിയോടു ചോദിച്ചു ... ഗാന്ധിജിക്ക് നെഞ്ചില്‍ രോമമുണ്ടായിരുന്നോ ? യേശുവിനു നെഞ്ചില്‍ രോമമുണ്ടായിരുന്നോ ? ശ്രീരാമന് നെഞ്ചില്‍ രോമമുണ്ടായിരുന്നോ ? ശ്രീ ബുദ്ധന്റെ നെഞ്ചില്‍ രോമമുണ്ടായിരുന്നോ ? ? എന്തിനു വേറെ ബ്രൂസ്ലീയുടെ നെഞ്ചില്‍ രോമമുണ്ടായിരുന്നോ ? അവരെല്ലാം വഞ്ചകന്മാര്‍ ആയിരുന്നുവോ ? ഇതിനു ഉത്തരം പറയൂ യുവര്‍ ഓണര്‍ !!.. അയാള്‍ ജട്ജിയോടായി ചോദിച്ചു ...

അയാളുടെ ഈ ചോദ്യങ്ങള്‍ കേട്ട് വികാര വിവശനായ ജഡ്ജി എണീറ്റ്‌ നിന്ന് കയ്യടിക്കുവാന്‍ തുടങ്ങി ...
ജഡ്ജിയുടെ ഈ സന്തോഷം കണ്ടു അയാളടക്കം എല്ലാവരും അത്ഭുതപ്പെട്ടു !! ...

നന്നിയുണ്ട് ! .. ഞാന്‍ ഇത്രയും നാള്‍ മനസ്സില്‍ കൊണ്ട് നടന്ന ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരമാണ് താങ്കള്‍ തന്നത് !! ... ജഡ്ജി ആനന്ദ കണ്ണീര്‍ പൊഴിച്ചു !!...

ഞാന്‍ വിവാഹം കഴിച്ച നാള്‍ മുതല്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അപമാനമാണ് നെഞ്ചില്‍ അഞ്ചു മുടി ഇല്ലാ എന്നുള്ളത് !! .. തന്റെ ഭാര്യയില്‍ നിന്നും കേള്‍ക്കുന്ന കുത്ത് വാക്കുകള്‍ കേട്ട് എത്രയോ രാത്രികളില്‍ അസ്വസ്ഥനായി ഉറങ്ങാതെ ഇരിന്നിട്ടുണ്ട് ... ജഡ്ജി തെല്ലു ദുഖത്തോട്‌ കൂടി പറഞ്ഞു ..

അങ്ങനെ കേസിന് ഒരു പരിഹാരവുമാകാതെ കോടതി കയറി ഇറങ്ങി അയാളുടെ തലയിലെ മുടി കൂടി പൊഴിയുവാന്‍ തുടങ്ങി എന്നാണു അറിയാന്‍ കഴിഞ്ഞത് ...

എന്തായാലും ഇത് വായിക്കുന്ന നെഞ്ചില്‍ അഞ്ചു മുടിയില്ലാത്ത കൂട്ടുകാര്‍ ഇത്രയും നാള്‍ മനസ്സില്‍ കൊണ്ട് നടന്നിരുന്ന ആകുലതക്ക് ഒരു അവസാനമാകട്ടെ ഈ കുറിപ്പ് എന്ന് ആശിച്ചു പോവുകയാണ് .. "നത്തിംഗ് ഈസ് ഇമ്പോസിബിള്‍ ഇന്‍ ദിസ്‌ വേള്‍ഡ്" !! ആയതിനാല്‍ ധൈര്യത്തോടു കൂടി മുന്നോട്ടു നീങ്ങുക !!

വിശ്വകര്‍മ്മന്‍

മഴ പെയ്തു കഴിഞ്ഞാല്‍ തോട് കവിഞ്ഞൊഴുകും .തെങ്ങിന്‍ തടി കൊണ്ടുള്ള പാലം വഴിയാണ് വീട്ടില്‍ നിന്നും വരമ്പിലേക്ക്‌ പോകുവാനുള്ളത്.തെങ്ങിന്‍ പാലത്തില്‍ കൂടി സൂക്ഷിച്ചു നടന്നില്ലായെങ്കില്‍ കാലു വഴുതി തോട്ടിലേക്ക് വീഴും.പിന്നെ പറഞ്ഞിട്ട് കാര്യമില്ല ഏതെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കാണ് പോകുന്നതെങ്കില്‍ എല്ലാം അവതാളത്തിലാകും.കൊച്ചുനാളില്‍ മുത്തുരാമന്‍ അണ്ണന്റെ കൈ പിടിച്ചു സ്കൂളിലേക്ക് പോകുമ്പോള്‍ പലവട്ടം അണ്ണനും താനും കാലു വഴുതി തോട്ടിലേക്ക് വീണത്‌ രംഗന്‍ ഓര്‍ത്തു.ചളിയിലും ചേറിലും വീണു അടയാളം കണ്ടു പിടിക്കാന്‍ ആകാതെ തന്നെയും മുത്ത്‌ അണ്ണനെയും കണ്ടു അമ്മ അരിശത്തോടെ ഇങ്ങനെ പറയുമായിരുന്നു ... "സ്കൂളുക്ക് പോക വെണാന്ന ചൊന്നാ പോതുമേ ... ഏന്‍ ഇന്ത കണ്ട്രാവിയെല്ലാം" .. പിന്നെ ഞങ്ങളെ രണ്ടാളെയും കിണറ്റിന്‍ ചോട്ടിലിട്ടു ചവുട്ടി കഴുകലായി ... പിന്നെ മഴക്കാലത്ത് പനി പിടിച്ചു കിടക്കുക ... ബണ്ണും, ചുക്ക് കാപ്പിയും കുടിക്കുവാന്‍ പല വട്ടം തനിക്കു പനി വരണേയെന്നു താന്‍ പ്രാര്‍തിച്ചതായി രംഗന്‍ ഓര്‍ത്തു.

അപ്പ പെരുമാള്‍ ആചാരി ചാലയില്‍ നിന്ന് വരുമ്പോള്‍ കാക്കി സഞ്ചിയില്‍ നിറയെ മുറുക്കും,പലഹാരങ്ങളും കൊണ്ട് വരും...മുത്തു അണ്ണനും,താനും ബോളിക്കും ,ലടുവിനും വേണ്ടി തല്ലു പിടിക്കാറുണ്ട്.അപ്പാക്ക്‌ നല്ല ആഡറുകള്‍ വരുമ്പോഴാണ് ഞങ്ങള്‍ക്ക് ആഘോഷം.താലി,വളകള്‍,മാലകള്‍,കമ്മലുകള്‍ ഒട്യാണങ്ങള്‍ തുടങ്ങി എല്ലാ ആഭരണങ്ങളും അപ്പ വളരെ ഭംഗിയായി കരവിരുതുകളോടെ ചെയ്തു കൊടുക്കുമായിരുന്നു.ചാലയിലെ വന്ബന്‍ സ്വര്‍ണ്ണ കടക്കാര്‍ക്ക് പെരുമാള്‍ ആചാരി പ്രിയങ്കരനായിരുന്നു.പണിയിലെ സത്യ സന്ധതയും,സമയത്തിനു ആഭരണങ്ങള്‍ പണി തീര്‍ത്തു കൊടുക്കുന്നത് കൊണ്ടുമാണ് അപ്പയെ എല്ലാരും ഇഷ്ടപ്പെട്ടിരുന്നത്.മാത്രമല്ല നാട്ടിലെ പെണ്‍ കുഞ്ഞുങ്ങള്‍ക്ക്‌ കാത്തു കുത്തുന്നതിനും,കല്യാണ താലികള്‍ ചെയ്തു കൊടുക്കുന്നതിനും നാട്ടുകാര്‍ അപ്പയെ തന്നെ ആശ്രയിച്ചു പോന്നിരുന്നു.താനും മുത്തു അണ്ണനും രാത്രി ഉറക്കമൊഴിച്ചു അപ്പയെ സഹായിച്ചു പോന്നു.പൊന്നുരുക്കുവാന്‍ ഉലയൂതിയിരുന്നത്‌ താനും,ആഭരണങ്ങളുടെ അവസാന മിനുക്ക്‌ പണികള്‍ ചെയ്തിരുന്നത് മുത്തു രാമന്‍ അണ്ണന്മായിരുന്നു.സ്വര്‍ണ്ണം വീടിന്റെയും നാടിന്റെയും സമ്പത്തും ഐശ്വര്യമാനെന്നും അതിനെ നോവിക്കാതെ ക്ഷമയോടും കരുതലോടും കൂടി മാത്രമേ ഒരു ആചാരി അതിനു രൂപങ്ങള്‍ മെനയാവൂ എന്നും അപ്പാ തങ്ങള്‍ക്കു പറഞ്ഞു തന്നിരുന്നു.

അങ്ങനെ സന്തോഷത്തോടെ ജീവിച്ചു പോന്നിരുന്ന തങ്ങള്‍ക്കിടയില്‍ ഒരു ദുരന്തമായി അപ്പായുടെ വിയോഗം.പെട്ടെന്നൊരു ദിവസം പണി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അപ്പാ കുഴഞ്ഞു വീണത്‌.മാരിയമ്മന്‍ കുടക്കു ദേവിക്ക് ചാര്‍ത്താന്‍ സ്വര്‍ണ്ണ പൊട്ടു ഉണ്ടാക്കുകയായിരുന്നു.ഹൃദയ സ്തംഭനം ആയിരുന്നു.കുഴഞ്ഞു പോയ നാക്ക് കൊണ്ട് എന്തോ അവ്യക്തമായി പറഞ്ഞു കൊണ്ട് മുത്തു അണ്ണന്റെ കയ്യില്‍ അമ്മയുടെയും,തന്റെയും കൈ പിടിച്ചു കൊണ്ട് സ്നേഹ നിധിയായ അപ്പാ എന്നെന്നേക്കുമായി കണ്ണുകളടച്ചു.പിന്നെ അപ്പായുടെ ജോലികള്‍ എല്ലാം തന്നെ മുത്തു അണ്ണന്‍ ഏറ്റെടുത്തു ചെയ്യുവാന്‍ തുടങ്ങി.അണ്ണന്‍ എട്ടാം ക്ലാസ് വരെയേ പോയുള്ളൂ..അണ്ണന്‍ പഠിത്തം നിര്‍ത്തി മുഴുവന്‍ സമയവും കുല തൊഴിലില്‍ വ്യാപ്രതനായി.താനും അണ്ണനെ സഹായിച്ചു കൊണ്ട് കാലങ്ങള്‍ നീക്കി.അണ്ണന് വിവാഹ പ്രായം ആയി എന്ന് ബോധ്യമായപ്പോള്‍ അമ്മ അണ്ണനെ വിവാഹം കഴിക്കുവാന്‍ പ്രേപ്പിച്ചു.അങ്ങനെ പെണ്ണ് കാണാന്‍ പോയി.ആര്യ ശാലയിലെ അമ്മയുടെ ആങ്ങള മണി മാമന്റെ മകള്‍ വള്ളിയമമാള്‍.അണ്ണന്റെ മുറ പെണ്ണ് ആണ്.മഹാ ലക്ഷ്മി തോറ്റു പോകും മധിനിയെ* കണ്ടാല്‍.

അങ്ങനെ മധിനി വലതു കാലു വച്ച് തങ്ങളുടെ ജീവിതത്തില്‍ കയറി വന്നു.അമ്മയെ സ്വന്തം അമ്മയായും തന്നെ സ്വന്തം മകനായും മധിനി സ്നേഹിച്ചു പോന്നു.മുത്തു അണ്ണന്‍ മുന്ബത്തെക്കാളും സന്തോഷവാനായും പ്രസന്ന വദനായും കണ്ടു.അണ്ണന്‍ അപ്പയെ പോലെ ചാലയില്‍ നിന്നും വരുമ്പോള്‍ മുറുക്കും പലഹാരങ്ങളും കൊണ്ട് വന്നിരുന്നു.കൂട്ടത്തില്‍ കുറെ കുപ്പി വളകളും,ചാന്തും,പൊട്ടുകളും,അലുവയും,മുല്ലപ്പൂവും കൊണ്ട് വന്നിരുന്നു.ആദ്യമാദ്യം അതെന്തിനാണ് എന്ന് മനസിലായില്ല.പിന്നെ പിന്നെ പ്രഭാതങ്ങളില്‍ ഉറക്കമെണീട്ട് വരുമ്പോള്‍ മധിനിയുടെ തലയില്‍ അണ്ണന്‍ തലേന്ന് കൊണ്ട് വന്ന മുല്ല പൂക്കള്‍ വാടിയിരിക്കുന്നതു കാണാമായിരുന്നു.ഒരു ദിവസം കോലായില്‍ കുനിഞ്ഞിരുന്നു മധിനി ചര്ധിക്കുന്നുണ്ടായിരുന്നു.പിന്നെ ഓരോ മാസവും മധിനിയുടെ വയറു വീര്‍ത്തു വീര്‍ത്തു വന്നു.അണ്ണന്‍ ചാലയില്‍ നിന്നും വരുമ്പോള്‍ പല തരത്തിലുള്ള പലഹാരങ്ങള്‍ കൊണ്ട് വരാന്‍ തുടങ്ങി.അങ്ങനെ മധിനി പ്രസവിച്ചു.പെണ്‍ കുഞ്ഞു.അവള്‍ക്കു പേരിട്ടു രത്തിനം.

എന്തോ രത്തിനം ജനിച്ചതിനു ശേഷം അണ്ണന്റെ ആ സന്തോഷവും പ്രസരിപ്പുമെല്ലാം അങ്ങ് പോയി.അണ്ണന്‍ എപ്പോഴും ദുഖിചിരിക്കുന്നത് കാണാം.യുവത്വത്തിന്റെ പടി വാതില്‍ക്കല്‍ നില്‍ക്കുന്ന തനിക്കു ഇപ്പോള്‍ കാര്യങ്ങള്‍ ഊഹിചെടുക്കുവാന്‍ വല്യ പ്രയാസമില്ല.മുത്തു അണ്ണന് ഒരു ആണ്‍ കുഞ്ഞിനെ വേണം.തന്റെ വാരിസ് ആയി ഒരു ആണ്‍ തരി.പിന്നെയും അണ്ണന്‍ മുല്ല പൂക്കളും,അലുവയും വാങ്ങി വന്നു.മധിനി പല വട്ടം ചര്‍ദിച്ചു.ഒന്നിന് പുറകെ ഒന്നായി പെണ്‍ കുഞ്ഞുങ്ങള്‍.മൊത്തം ആറു പെണ്‍ കുട്ടികള്‍.അവസാനത്തെ മകള്‍ അഭിരാമി.അണ്ണന്‍ തീരാ ദുഖതിലായി.സമയത്തിന് ആഹാരമില്ല.ജോലിയില്‍ ശ്രദ്ധ ഇല്ല.ഇടയ്ക്കിടയ്ക്ക് അണ്ണന്‍ കുടിച്ചു വരുവാനും തുടങ്ങി.ദിവസവും മധിനിയുമായി വഴക്കിടും.അവര്‍ കുഞ്ഞുങ്ങളെയും കെട്ടി പിടിച്ചു കരഞ്ഞു കൊണ്ടിരിക്കും.അണ്ണന്റെ പീഡനങ്ങള്‍ കണ്ടു നെഞ്ചു പൊട്ടി അങ്ങനെ അമ്മയും യാത്രയായി.ഒരു പരിഭവങ്ങളും പരാതികളും ഇല്ലാത്ത ലോകത്തേക്ക്.അപ്പ പോയ അതെ വഴിയില്‍.

അങ്ങനെ താന്‍ ഈ ലോകത്ത് തീര്‍ത്തും അനാഥമായത് പോലെ തോന്നി ആ നാളുകളില്‍.അണ്ണനെ ഗുണ ദോഷിക്കാന്‍ തനിക്കു ആകുമായിരുന്നില്ല.മണി മാമന്‍ കുറെയൊക്കെ ഉപദേശിച്ചു നോക്കി.ആറ്റുകാല്‍ കൊണ്ട് പോയി ഭജനയിരുത്തി നോക്കി ഒരു രക്ഷയുമില്ല.തല്ലണ്ട അമ്മാവാ ഞാന്‍ നന്നാകില്ല എന്ന അണ്ണന്റെ പോക്ക് നാള്‍ക്കു നാള്‍ വഷളായി. അണ്ണന്‍ മുഴു കുടിയനായി.ഏറ്റെടുക്കുന്ന പണികള്‍ ഒന്നും ചെയ്തു കൊടുക്കാറില്ല.സമയത്തിന് വീട്ടില്‍ വരാതെയായി.ചാല കമ്പോളത്തില്‍ അപ്പാ പെരുമാള്‍ ആചാരി ഉണ്ടാക്കിയെടുത്ത വിശ്വാസവും,വ്യക്തിത്വവും മുത്തുരാമന്‍ അണ്ണന്‍ ചാരായത്തിന്റെ ലഹരിക്കായ് പണയം വച്ചു.

തോട്ടിലൂടെ കുത്തിയൊഴുകുന്ന മഴ വെള്ളത്തിന്‌ മുകളില്‍ യാന്ത്രികമായി ആ തെങ്ങിന്‍ തടിയില്‍ കാലു വക്കുമ്പോള്‍ രംഗന്റെ കാലുകള്‍ വിറക്കുന്നതു പോലെ തോന്നി.തെങ്ങിന്‍ തടി ഇളകിയാടുന്ന പോലെ തോന്നി.അയാളുടെ ശരീരം വിയര്‍ത്തു.തലയില്‍ കൊള്ളിയാന്‍ മിന്നി.എഴുപതിനോട് അടുക്കുന്ന ആ വൃദ്ധന്റെ കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി.ഇത് പോലൊരു മഴയത്താണ് മുത്തു അണ്ണന്‍ !! കള്ള് കുടിച്ചു ബോധ രഹിതനായി വന്ന മുത്തു അണ്ണന്‍ ഈ തെങ്ങിന്‍ തടിയില്‍ കാലു വഴുതി വെള്ളത്തില്‍ വീണത്‌.പിറ്റേന്ന് രാവിലെ കറവക്കാരന്‍ രാജയ്യനാണ് അത് കണ്ടത്. തോട്ടു വെള്ളത്തില്‍ മരിച്ചു പൊന്തി കിടക്കുന്ന മുത്തു രാമന്‍ അണ്ണന്‍. ആറു പെണ്‍ കുട്ടികളെയും,മധിനിയെയും തന്നെയും അനാഥരാക്കി കടന്നു പോയ സ്വാര്‍തനായ മുത്തു രാമന്‍ അണ്ണന്‍.പിന്നെ അനാഥരായ മധിനിക്കും കുട്ടികള്‍ക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വക്കുകയായിരുന്നു.വിവാഹം കഴിച്ചില്ല.താന്‍ വിവാഹം കഴിച്ചാല്‍ മധിനിക്കും കുട്ടികളെയും നോക്കാന്‍ കഴിയില്ല.രാ പകലില്ലാതെ പണിയെടുത്തു ആറു കുട്ടികളെയും പഠിപ്പിച്ചു... വല്ല വിധേനെയും അഞ്ചു പേരെയും കെട്ടിച്ചു വിട്ടു... അവര്‍ നല്ല രീതിയില്‍ ജീവിക്കുന്നു...ഇനിയുള്ളത് അഭിരാമി മാത്രം.അവള്‍ സോഫ്റ്റ്‌വെയര്‍ എന്ജിനീരിംഗ് ഫസ്റ്റ്‌ ക്ലാസ്സില്‍ പാസ്സായി നില്‍ക്കുന്നു.ഇപ്പോള്‍ ടെക്നോ പാര്‍ക്കില്‍ ജോലിയും ശെരിയായിട്ടുണ്ട്.. അടുത്ത മാസം ജോയിന്‍ ചെയ്യണം.

അവള്‍ക്കു ഒരാലോചന വന്നിട്ടുണ്ട് .കണിയാരെ കാണാനുള്ള യാത്രയിലാണ്.കണ്ണും അത്ര കാണുന്നില്ല.മുടിയെല്ലാം നരച്ചു പഞ്ഞി കേട്ട് പോലെയായി.മധിനിക്ക് എണീറ്റ്‌ നടക്കാന്‍ കഴിയില്ല.കാഴ്ചയും മങ്ങിയിട്ടുണ്ട്...മക്കള്‍ക്ക്‌ വേണ്ടി ജീവിതത്തിലെ സ്വന്തം സുഖങ്ങള്‍ ത്യജിച്ച രണ്ടു വ്യക്തികളാണ് മധിനിയും താനും....

ചിത്തപ്പാ !! ... അഭിരാമിയാണ് !! ...

എന്ന മക്കാ ?

ഏന്‍ കുടയേടുക്കാമേ പോകിറായ് ?

അഭിരാമി കുടയുമായി മര തടിയുടെ നടുവില്‍ എത്തി.കുട അവളുടെ കയ്യില്‍ എത്തി പിടിക്കുംബോഴേക്കും അയാള്‍ വെള്ളത്തിലേക്ക്‌ വഴുതി വീണു....ധരിച്ചിരുന്ന തൂ വെള്ള വേഷ്ടിയും ഷര്‍ട്ടും ഒക്കെ ചേറും ചളിയുമായി.വല്ല വിധേനെയും അയാളെ അവള്‍ വലിച്ചു വീണ്ടും പടവുകളിലേക്ക് കയറ്റി ... അവള്‍ തന്റെ ചിത്തപ്പായെ കൊച്ചു കുട്ടിയെ പോലെ കൈ പിടിച്ചു നടത്തി വീടിന്റെ വടക്ക് ഭാഗത്തുള്ള കിണറ്റിന്‍ ചോട്ടില്‍ കൊണ്ട് പോയി.... എന്നാ ആച്ച് അഭീ ? മധിനിയാണ്. ചിത്തപ്പാ തോട്ടിലെ വിളുന്തിട്ടാ !! ...

ഏന്‍ അവനുക്ക് ഇന്ത വമ്പു ? ... മള മുടിന്‍ചതുക്കു പിറകു പോക കൂടാതാ ? മധിനി വേച്ചു വേച്ചു കിണറ്റിന്‍ കരയില്‍ വന്നു വെള്ളം കോരി രംഗന്റെ ദേഹത്ത് ഒഴിക്കാന്‍ തുടങ്ങി .. കൂട്ടത്തില്‍ സ്നേഹത്തിലുള്ള ശകാരങ്ങളും !!... രംഗന്‍ അപ്പോള്‍ തന്റെ അണ്ണന്‍ മുത്തു രാമനെ ഓര്‍ത്തു.അപ്പാ പെരുമാള്‍ അചാരിയെ ഓര്‍ത്തു...അമ്മ സീതംബാളെ ഓര്‍ത്തു .... എല്ലാരും സമന്ന്വയിച്ച ഒരു രൂപമായിരുന്നു അപ്പോള്‍ മധിനിയുടെത്... ആ കണ്ണുകളില്‍ വാത്സല്ല്യത്തിന്റെ നിറ ദീപം തെളിയുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നു.അയാള്‍ ഒരു കൊച്ചു കുട്ടിയായി മാറുകയായിരുന്നു.

മധിനി : ജേഷ്ഠ ഭാര്യ

"വാജി തൈലം"

പണ്ടൊക്കെ ഓടിക്കിതച്ചു എത്തുമായിരുന്നു !
മുന്ബോട്ടും പുറകോട്ടും നോക്കാതെ വാരിപ്പുണരും !
രോമകൂപങ്ങളില്‍ മോഹ ദ്രവമൊഴുക്കും !
ദേഹമാസകലം തീ കോരിയിടും !
ആ തീയാറും മുന്പേ കനല്‍ക്കട്ടയില്‍
വെള്ളമൊഴിച്ച് കടന്നു കളയും !!.....
ഇപ്പോള്‍ അങ്ങേര്‍ക്കു അതിനു പോലും നേരമില്ല !
എപ്പോഴും കമ്പ്യൂട്ടറില്‍ കുത്തി കളിച്ചു കൊണ്ടിരിക്കും !
കിടക്കയില്‍ നീയാരോ ഞാനാരോ താനാരോ തന്നാരോ...
"കള്ളന്‍" .... ഇനി ഞാന്‍ വിടില്ല ! ...
കയ്യില്‍ "വാജി തൈലം" കരുതിയിട്ടുണ്ട് ! ....