Thursday, October 22, 2009

മാലിന്യ മുക്ത കേരളം


ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എത്തുമ്പോള്‍ വിദേശികളുടെ മനസ്സില്‍ എന്തായിരിക്കും? ദൈവത്തിന്റെ നാട് എന്ന് പറയുമ്പോള്‍ സ്വര്‍ഗ്ഗ തുല്യമായ ശുദ്ധമായ നാട് എന്നതായിരിക്കണമല്ലോ.മാലിന്യങ്ങള്‍ ഇല്ലാത്ത വൃത്തിയുള്ള നിരത്തുകള്‍,നല്ല തെളി നീരുള്ള പുഴകള്‍,വൃത്തിയുള്ള കടല്‍ തീരങ്ങള്‍,പ്ലാസ്ടിക്കും,ചപ്പു ചവറുകളും ഇല്ലാത്ത പുല്‍ത്തകിടികള്‍.ഇതൊക്കെയായിരിക്കും കേരളത്തില്‍ വന്നിറങ്ങുന്നതിനു മുമ്പ്‌ അവരുടെ മനസിലുണ്ടാവുക.എന്നാല്‍ അവര്‍ കേരളത്തില്‍ വന്നിറങ്ങിയാലോ കേരളത്തെ കുറിച്ച് അവര്‍ ധരിച്ചതെല്ലാം വൃഥാവിലാകും.ചപ്പു ചവറുകള്‍ കൂടി കിടക്കുന്ന നിരത്തുകള്‍,ആഹാര മാലിന്യങ്ങളും,പ്ലാസ്ടിക് ബാഗുകളും,കപ്പുകളും വലിച്ചെറിയപ്പെട്ട നിലയില്‍ കിടക്കുന്ന റെയില്‍ വേ സ്റ്റെഷനുകളും,ബസ്‌ സ്റ്റാന്റുകളും .ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം കെട്ടി കിടക്കുന്ന ഓടകളും,വെറ്റില മുറുക്കി തുപ്പി വൃത്തി കേടാക്കിയ പുല്‍ത്തകിടികളും.ഇതെല്ലാം കണ്ടു മൂക്കും പൊത്തി നടക്കുന്ന വിദേശികള്‍ക്ക് കേരളത്തെ കുറിച്ച് അന്നുവരെ അവരുടെ മനസ്സില്‍ ഉണ്ടായിരുന്ന കാഴ്ചപ്പാട് മാറ്റേണ്ടി വരും.

ദൈവത്തിന്റെ സ്വന്തം നാടല്ല ചെകുത്താന്റെ സ്വന്തം നാടാണ് എന്ന് അവരില്‍ ആരെങ്കിലും ഒരു മലയാളിയുടെ മുഖത്ത് നോക്കി പറഞ്ഞാല്‍ നിശബ്ദരായി കേട്ട് കൊണ്ട് നില്‍ക്കാനേ അവനു കഴിയൂ.കേരളത്തെ മലിനമാക്കിയത് ആരാണ് ? ഈ നാട് ഭരിക്കുന്ന സര്‍ക്കാരോ അതോ ജനങ്ങളോ ? തൊടുന്നതിനും പിടിക്കുന്നതിനും സര്‍ക്കാരിനെ കുറ്റം പറഞ്ഞു ഒഴിയുന്ന ജനങ്ങള്‍.!പരസ്പരം തമ്മിലടിച്ചും,ചെളി വാരി എറിഞ്ഞും,കുതു കാല്‍ വെട്ടിയും ഭരണ പക്ഷവും,പ്രതി പക്ഷവും !. നമുക്ക് നമ്മുടെ നാടിനോടും സമൂഹത്തോടും എന്തെങ്കിലും പ്രതിബദ്ധതയുണ്ടോ ?വെള്ളം കുടിച്ചു പ്ലാസ്റിക് ബോട്ടില്‍ കായലിലും കടലിലും വലിച്ചെറിയുന്നതും,ആഹാര മാലിന്യങ്ങള്‍ റോഡില്‍ കൊണ്ടിടുന്നതും,തുണി കഴുകിയും,മീന്‍ കഴുകിയും മലിന ജലം റോഡിലേക്ക്‌ ഒഴുക്കി വൃത്തി കേടാക്കുന്നതും,ബസ്‌ സ്റ്റാന്റിലും,റെയില്‍ വേ സ്റ്റെഷനിലും വെറ്റില മുറുക്കി തുപ്പുന്നതും,ഫാക്ടറികളില്‍ നിന്നും രാസ മാലിന്യങ്ങള്‍ പുഴയിലേക്കും,തോട്ടിലേക്കും ഒഴുക്കി വിടുന്നതും സംസ്കാര സമ്പന്നര്‍ എന്ന് സ്വയം ഊറ്റം കൊള്ളുന്ന നമ്മള്‍ മലയാളികള്‍ തന്നെയല്ലേ ?.ഒരു തരത്തില്‍ അല്ലങ്കില്‍ മറ്റൊരു തരത്തില്‍ നമ്മളെല്ലാവരുമാണ് ദൈവത്തിന്റെ സ്വന്തം നാടിനെ മലിനമാക്കിയതിനു ഉത്തരവാദികള്‍.

സര്‍ക്കാരിന്റെ വ്യക്തമായ പ്ലാനിംഗ് ഇല്ലായ്മ നമ്മുടെ പട്ടണങ്ങളെ മലിനമാക്കി കൊണ്ടിരിക്കുകയാണ്.മാലിന്യ നിര്‍മാര്‍ജനം,സംസ്കരണം എന്നിവയില്‍ സര്‍ക്കാര്‍ ശാശ്വതമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നില്ല.അതിനു ഉദാഹരണമാണ് തിരുവനന്തപുരത്തെ പാളയം മാര്‍ക്കെറ്റും,ചാല മാര്‍ക്കെറ്റും.ഇവിടെ അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കുവാന്‍ പ്രാപ്തമായ സ്ഥല സൗകര്യം തിരുവനന്തപുരം നഗരത്തില്‍ ഇല്ല.സിറ്റിയില്‍ നിന്നും കുറച്ചു ദൂരെയുള്ള വിളപ്പില്‍ ശാല എന്ന സ്ഥലത്താണ് ഈ മാലിന്യങ്ങള്‍ എല്ലാം കൊണ്ട് തള്ളുന്നത്‌.ദിവസേന അടിഞ്ഞു കൂടുന്ന ഈ മാലിന്യങ്ങള്‍ പരിസര വാസികളെ വളരെ ബുദ്ധി മുട്ടില്‍ ആക്കിയിരിക്കുകയാണ്.ദിവസവും ഒരു പാട് മാലിന്യങ്ങള്‍ ഇവിടെ കത്തിച്ചു കളയാറുണ്ട്.ഈ പുക ശ്വസിച്ചു സമീപ വാസികള്‍ക്ക് ആസ്ത്മ തുടങ്ങിയ ശ്വാസ കോശ രോഗങ്ങളും,ചീഞ്ഞഴുകിയ മാലിന്യങ്ങളില്‍ നിന്നും പല തരത്തിലുള്ള സാംക്രമിക രോഗങ്ങളും പിടി പെടുന്നുണ്ട്. എറണാകുളം,കോട്ടയം,കോഴിക്കോട്,തൃശ്ശൂര് തുടങ്ങി കേരളത്തിലെ മിക്കവാറും നഗരങ്ങളിലെയും അവസ്ഥ ഇത് തന്നെയാണ്.ഈ മാലിന്യങ്ങള്‍ ഒരു സ്ഥലത്ത് തന്നെ കൊണ്ട് നിക്ഷേപിക്കാതെ പലയിടങ്ങളിലായി നിക്ഷേപിക്കാമെന്നു വച്ചാല്‍ പര്യാപ്തമായ സ്ഥലം കിട്ടാനില്ലയെന്നതാണ് ഏറ്റവും ശോചനീയമായ അവസ്ഥ.സ്ഥലമെങ്ങനെയുണ്ടാകും?കാണുന്ന സ്ഥലങ്ങളെല്ലാം വാങ്ങി കൂട്ടി റിയല്‍ എസ്റ്റേറ്റ്‌ മാഫിയ അവരുടെ കൊണ്ക്രീറ്റ്‌ സൌന്ധങ്ങള്‍ കെട്ടി പൊക്കി കോടികള്‍ കൊയ്യുന്നു.പുഴകളുടെ ഉദരം പിളര്‍ന്നു മണല്‍ മാഫിയ മണല്‍ ഊറ്റുന്നു.ഈ വ്യാപകമായ മണലൂറ്റല്‍ പ്രക്രിയ പുഴകളില്‍ അവിടവിടെ വല്യ ഗര്‍ത്തങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു.ഇത് മൂലം വെള്ളത്തിന്‌ ഒഴുക്ക് കുറയുകയും ഈ വെള്ളം കെട്ടി കിടന്നു മലിനമാകുകയും അതില്‍ കൊതുകുകള്‍ മുട്ടയിട്ടു പെരുകുകയും ചെയ്യുന്നു.ഈ കൊതുകുകള്‍ ചിക്കന്‍ ഗുനിയ,ഡെന്ക്യു പനി തുടങ്ങിയ മാരക രോഗങ്ങള്‍ പരത്തുന്നു.ടെണ്‍ കണക്കിന് ദിവസവും അടിഞ്ഞു കൂടുന്ന ഈ മാലിന്യങ്ങള്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നു വച്ചാല്‍ കൃഷിയെവിടെ ? എല്ലാ പാടങ്ങളും നികത്തി ഇതേ റിയല്‍ എസ്റ്റേറ്റ്‌ മാഫിയ അംബര ചുംബികളായ കെട്ടിടങ്ങള്‍ കെട്ടി പൊക്കുകയല്ലെ ?

പരിസ്ഥിതി പ്രശ്നങ്ങളില്‍ നമ്മുടെ ജനങ്ങള്‍ ഒട്ടും ബോധവാന്മാരല്ല എന്നതാണ് ഏറ്റവും പരിതാപ കരവും അപകടകരവുമായ അവസ്ഥ.സര്‍ക്കാരും ജനങ്ങളെ ബോധവാന്മാര്‍ ആക്കുന്നതില്‍ അധികം ശ്രദ്ധ ചെലുത്തുന്നില്ല.സിംഗപ്പൂരിലും മറ്റു രാജ്യങ്ങളിലും ചെയ്യുന്ന പോലെ നിരത്തുകളില്‍ ചപ്പു ചവറുകള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടികള്‍ എടുക്കണം .അവരില്‍ നിന്നും പിഴ ഈടാക്കണം.ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കേരളം നൂറു ശതമാനം മാലിന്യ മുക്തമാവുമെന്നല്ല എങ്കിലും ഏറെക്കുറെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയും.കടലിലും കായലിലും പുഴയിലേക്കും പ്ലാസ്ടിക്കുകളും മറ്റു മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകണം.അവരെ ബോധവാന്മാര്‍ ആക്കണം.എല്ലാ നഗര മദ്ധ്യത്തിലും മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ തുടങ്ങണം.പിന്നെ ഏറെക്കുറെ മാലിന്യങ്ങള്‍ ബയോ ഗ്യാസ്‌ ഉത്പാദനത്തിനും കുറെയൊക്കെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.

മാലിന്യ പ്രശ്നങ്ങള്‍ തൃശ്ശൂര് നഗരത്തില്‍ ഉയര്‍ത്തുന്ന വെല്ലു വിളികള്‍ കുറച്ചൊന്നുമല്ല.തൃശ്ശൂര് നഗരത്തില്‍ നിന്നും ഏകദേശം 3 കിലോമീറ്റര്‍ ദൂരെയാണ് ലാലൂര്‍.ലാലൂരില്‍ ഏകദേശം 4.35 ഹെക്ടര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് തൃശ്ശൂര് നഗരത്തിലെ മാലിന്യങ്ങള്‍ മുഴുവനും കൊണ്ട് നിക്ഷേപിക്കുന്നത്.ദിവസേന 160 ടെണ്‍ മാലിന്യങ്ങള്‍ ആണ് കോര്‍പറേഷന്‍ വണ്ടികള്‍ അവിടെ കൊണ്ട് തള്ളുന്നത്‌.കൂടാതെ 25 ടെണ്‍ മാലിന്യങ്ങള്‍ കുടുംബ ശ്രീക്കാരും കൊണ്ട് നിക്ഷേപിക്കുന്നുണ്ട്.ഈ സ്ഥലത്തിന് ചുറ്റും നാല്പതു കുടുംബങ്ങള്‍ താമസിച്ചു വരികയാണ്.കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നു പേര്‍ ഈയിടെ ഇവിടെ മരിക്കുകയുണ്ടായി.ഹൈഡ്രജന്‍ സള്‍ൈഫഡ് ( H2s )പോലുള്ള വിഷ വാതകം ശ്വസിച്ചതാണ് മരണ കാരണം എന്നറിയുന്നത്.ഇവിടെ വര്‍ഷങ്ങളായി അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ചീഞ്ഞു രൂപ പെട്ടതാണ് ഈ വിഷ വാതകം.ചീഞ്ഞ മുട്ടയുടെ ഗന്ധമാണ് ഈ വാതകത്തിന്.ഇത്നിന്റെ അളവ് 150 PPM ( പാര്‍ട്സ്‌ പെര്‍ മില്യണ്‍ ) ആയാല്‍ ഈ വാതകം ശ്വസിക്കുന്നവരുടെ ജീവന് ആപത്താണ്.പൊതുവേ ഒക്സിജനെക്കാള്‍ ഭാരം കൂടുതലാണ് ഈ വാതകത്തിന്.ഈ വാതകം ശ്വസിക്കുന്നത് മൂലം നമ്മുടെ നാഡീ വ്യൂഹങ്ങള്‍ തകരാറിലാകുകയും,കാഴ്ച നഷ്ടപ്പെടുകയും,മരണം വരെ സംഭവിക്കുകയും ചെയ്യുന്നു.

മഴയത്ത് ഈ മാലിന്യങ്ങളില്‍ നിന്നും ഒഴുകി വരുന്ന വെള്ളവും കിണറുകളിലും,നിരത്തുകളിലും ഒഴുകി എത്തുന്നതിനാല്‍ ചിക്കന്‍ ഗുനിയ,ഡെന്ക്യു പനി,മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പെട്ടെന്ന് ജനങ്ങളിലേക്ക് പടരുകയും ചെയ്യുന്നു.ഈ ദുരവസ്ഥ സഹിക്കാന്‍ കഴിയാതെ അവിടത്തെ ജനങ്ങള്‍ സംഘടിതരായി ലാലൂര്‍ മലിനീകരണ വിരുദ്ധ സമിതി എന്ന സംഘടന ഉണ്ടാക്കി പല സമരങ്ങളും,പ്രക്ഷോഭങ്ങളും നടത്തിയെങ്കിലും നാളിതുവരെ അധികാരികളുടെ കണ്ണ് തുറപ്പിച്ചിട്ടില്ല.പല പ്രാവശ്യം മുന്‍സിപ്പല്‍,കോര്‍പറേഷന്‍ ഓഫീസുകളില്‍ ധര്‍ണ്ണ നടത്തി,സത്യാഗ്രഹം ഇരുന്നു.യാതൊരു പ്രയോജനവും ഉണ്ടായില്ല.അഞ്ചു കോടി രൂപ ഏഷ്യന്‍ ബാങ്ക് സ്പോസര്‍ ചെയ്തു അവിടെ വേസ്റ്റ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് തുടങ്ങിയപ്പോള്‍ അതിനെതിരെ നാട്ടുകാരും,പര്സ്ഥിതി പ്രവര്‍ത്തകരും മുന്ബോട്ടു വന്നിരുന്നു.ഈ അവസ്ഥയില്‍ ഗതി കെട്ട നാട്ടുകാര്‍ ഇപ്പോള്‍ മാലിന്യം നിക്ഷേപിക്കാന്‍ സിറ്റിയില്‍ നിന്നും വരുന്ന വണ്ടികളെ തടയുകയാണ്.

ഇതെല്ലാം കണ്ടും സര്‍ക്കാര്‍ കണ്ടില്ലാന്നു നടിക്കുകയാണോ?മാലിന്യ മുക്ത കേരളം എന്ന് നാഴികക്ക് നാല്പതു വട്ടം പ്രസംഗിക്കുന്ന സര്‍ക്കാര്‍ എന്തെ ഇതിനു ശാശ്വതമായ പരിഹാരം കാണുന്നില്ല ?ഒരു കിണര്‍ കുഴിച്ചിട്ടു അത് മൂടാന്‍ അടുത്ത കിണര്‍ കുഴിക്കുന്ന പോലയല്ലേ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് ? സര്‍ക്കാരിന് ഈ മാലിന്യങ്ങള്‍ ശാസ്ത്രീമായി സംസ്ക്കരിക്കാനുള്ള സംവിധാനം ഉണ്ടാക്കി കൂടെ? കാര്‍ഷിക ആവശ്യങ്ങള്‍ക്കും,ബയോ ഗ്യാസ്‌ ഉത്പാദനത്തിനും ഈ മാലിന്യങ്ങള്‍ ഉപയോഗിക്കാമല്ലോ ? മാലിന്യ മുക്ത കേരളം എന്നത് വെറും ഏട്ടിലെ പശുവായി ഒതുങ്ങി നില്‍ക്കാതിരിക്കാന്‍ പ്രബുദ്ധരായ നമ്മുടെ മലയാളി സമൂഹവും സര്‍ക്കാരും ഉണര്‍ന്നെ പറ്റൂ.സ്വദേശികളോ വിദേശികളോ മൂക്ക് പൊത്താതെ കേരളത്തിലെ നിരത്തുകളില്‍ കൂടി നടക്കുവാനുള്ള അവസ്ഥ ഉണ്ടാകാന്‍ നമുക്ക് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാം." ആരോഗ്യമുള്ളതും സംസ്കാര സമ്പന്നരുമായ ഒരു ജനതയെ വാര്‍ത്തെടുക്കുവാന്‍ നമുക്ക് കൈ കോര്‍ത്ത്‌ നീങ്ങാം." രാജ്യം നമുക്ക് എന്ത് ചെയ്തു എന്നതല്ല .. നമ്മള്‍ രാജ്യത്തിന് വേണ്ടി എന്ത് ചെയ്തു എന്നുള്ളതാണ് പ്രധാനം ".

Monday, October 19, 2009

വീട്


വീട്,
പടുത്തുയര്‍ത്തിയ ചുമരുകള്‍ക്കുള്ളില്‍
നൂറു വികാരമായും,ആയിരം വാക്കായും
നിറയുന്ന അഭയ സ്ഥാനം.
ഓരോ പ്രഭാതത്തിലും പുറപ്പെട്ടു
ഓരോ കാല്‍ വെയ്പ്പ് അകലുമ്പോഴും
പിന്‍ വിളിയാല്‍ പുറകോട്ടു-
വലിക്കുന്ന ജീവിത കൊളുത്ത്.
ചില വേളകളില്‍ സാന്ത്വനത്തിന്‍
തണുപ്പ് ചേര്‍ത്ത് പിടിക്കുന്നയിടം.
ജീവിതത്തിന്റെ താപമത്രയും-
ശിരസിലേറ്റി നില്‍ക്കുന്ന മേല്‍ക്കൂര.



കടപ്പാട് : എന്റെ പ്രിയ യുവ സാഹിത്യകാരന്‍ സാമിര്‍ സലാമിന്റെ വീട് എന്ന ആശയത്തോട്.

Share