Monday, August 31, 2009

പന്നിപ്പനി


എച്ച് ഒണ്‍ എന്‍ ഒണ്‍ (സ്വയിന്‍ ഫ്ലൂ) മലയാളത്തില്‍ പന്നിപ്പനി.പന്നിയില്‍നിന്നു മനുഷ്യരിലേക്ക്‌ പകരാമെങ്കിലും ജനിതകമാറ്റം സംഭവിച്ച പുതിയതരം വൈറസ്‌ മനുഷ്യനില്‍നിന്നു മനുഷ്യനിലേക്കാണ്‌ ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്‌. ഈ ഇന്ഫ്ലുവെന്സ വൈറസുകള്‍ പല രൂപത്തിലും ഇതിനു മുന്പും കണ്ടു പിടിക്കപ്പെട്ടെന്കിലും ഏപ്രില്‍ മാസം രണ്ടായിരത്തി ഒന്‍പതില്‍ ഈ എച്ച് ഒണ്‍ എന്‍ ഒണ്‍(സ്വയിന്‍ ഫ്ലൂ) ഇന്ഫ്ലുവന്സ വൈറസുകളെ അമേരിക്കയില്‍ ആദ്യമായി മനുഷ്യരില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.പിന്നീടത്‌ മെക്സിക്കോ,കാനഡ തുടങ്ങിയ രാജ്യങ്ങളിലും കണ്ടെത്തുകയായിരുന്നു.ഇപ്പോള്‍ ഇത് മനുഷ്യ ജീവന് വെല്ലു വിളിയായി ലോകം മുഴുവനും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.പന്നികളില്‍ നിന്ന് പകര്‍ന്നു ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അതി വേഗം പടര്‍ന്നു കൊണ്ടിരിക്കുന്ന നിയന്ത്രിക്കാന്‍ പ്രയാസമുള്ള പകര്‍ച്ച വ്യാധിയാണ് ഇത്.നമ്മുടെ ഭാരതത്തിലും അനേകം ജനങ്ങളുടെ ജീവന്‍ അപഹരിച്ചു കൊണ്ട് ഈ വിനാശ കാരിയായ വൈറസ്‌ നാള്‍ക്കു നാള്‍ ശക്തി പ്രാപിച്ചു വരികയാണ്.സമ്പന്നരും,ദരിദ്രരും,കര്‍ഷകരും,ഡോക്ടര്‍മാരും,കുട്ടികളും എല്ലാം ഈ അസുഖത്തിന് ഇരയാകുന്ന ദയനീയ കാഴ്ചയാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്..

ഈ രോഗം പിടി പെട്ട രോഗികള്‍ താമസിക്കുന്നതിനു ചുറ്റുമുള്ളവര്‍ക്കും ഈ രോഗം പെട്ടെന്ന് പിടി പെടാം.തുമ്മല്‍ വഴിയും,ചുമ വഴിയും പെട്ടെന്ന് ഈ വൈറസുകള്‍ അന്തരീക്ഷത്തില്‍ പരക്കുന്നു.ആറടിക്കുള്ളില്‍ അടുത്തുനില്‍ക്കുന്ന മനുഷ്യര്‍ക്ക്‌ പകരുകയും ചെയ്യും.ഏകദേശം രണ്ടു മണിക്കൂര്‍ സമയത്തേക്ക്‌ ഈ വൈറസുകള്‍ക്ക്‌ രോഗം പടര്‍ത്താനുള്ള കഴിവുണ്ട്‌. അത് വഴി മറ്റുള്ളവരും പെട്ടെന്ന് ഈ രോഗത്തിന് അടിമപ്പെടുന്നു.കഠിനമായ പനി,വിറയല്‍,ശരീര വേദന,മൂക്കൊലിപ്പ്,മൂക്കില്‍ കഫം അടിഞ്ഞു കട്ട പിടിച്ചു ഇരിക്കുക,തൊണ്ട വേദന,തുമ്മല്‍,ചര്‍ദ്ദി,വയറിളക്കം തുടങ്ങിയവയാണ് രോഗം മൂര്ച്ചിക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥകള്‍.

ഈ സന്ദര്‍ഭങ്ങളില്‍ ആവുന്നതും രോഗികള്‍ പുറത്തു ഇറങ്ങാതെ ഇരിക്കുക.ജനങ്ങള്‍ കൂടുതല്‍ കൂടുന്ന പൊതു സ്ഥലങ്ങളില്‍,സ്കൂളുകളില്‍,സിനിമാ തിയെറ്ററുകളില്‍,കല്യാണ ഹാളുകളില്‍ പോകുന്നത് ഒഴിവാക്കുക.എപ്പോഴും റെസ്പിറേറ്ററി മാസ്ക് ഉപയോഗിക്കുക.ആശുപത്രിയില്‍ പോകാന്‍ മാത്രം പുറത്തിറങ്ങുക.തുമ്മുമ്പോള്‍ അല്ലങ്കില്‍ ചുമയ്ക്കുമ്പോള്‍ മൂക്കും,വായും ടിഷ്യു പേപര്‍ കൊണ്ടോ അല്ലങ്കില്‍ തൂവാല കൊണ്ടോ മറയ്ക്കുക.ടിഷ്യു പേപ്പര്‍ ആണെങ്കില്‍ അവിടെയും ഇവിടെയും വലിചെറിയാതെ അത് സുരക്ഷിതമായി ഒരിടത്ത് കുഴിച്ചിടുക.തൂവാല തിളച്ച വെള്ളത്തില്‍ മുക്കി ഡെറ്റോള്‍ ഉപയോഗിച്ച് കഴുകുക.കൈകള്‍ സ്പിരിറ്റ്‌ കൊണ്ടോ നല്ല ഡെറ്റോള്‍ കലര്‍ന്ന സോപ് കൊണ്ടോ നല്ലവണം കഴുകുക ..

വളരെ വേഗത്തില്‍ ശ്വസിക്കുക,ശ്വസനത്തിനു തടസം, ചര്‍മ്മം നീലയോ ചാര നിറത്തിലോ ആയി തീരുക,വെള്ളം കുടിക്കാതിരിക്കുക(ദാഹമില്ലായ്മ),നിര്‍ത്താതെയുള്ള ചര്‍ദ്ദി,കടുത്ത പനി,ക്ഷീണം,നിര്‍ത്താതെയുള്ള ചുമ കിടന്നിടത്ത് തന്നെ കിടക്കുക,ആരോടും സംസാരിക്കാതെ ഇരിക്കുക എന്നിവയാണ് കുട്ടികളിലെ രോഗ ലക്ഷണങ്ങള്‍.

ശ്വാസ തടസം,ശ്വസിക്കാനുള്ള ബുദ്ധിമുട്ട്,നെഞ്ചു വേദന,വയറിലും നെഞ്ചിലും സമ്മര്‍ദ്ദം അനുഭവപ്പെടുക,പെട്ടെന്നുള്ള തല കറക്കം,കണ്ഫ്യൂഷന്‍,നിര്‍ത്താതെയുള്ള ചര്‍ദ്ദി മുതലായവയാണ് മുതിര്‍ന്നവരില്‍ കാണുന്ന രോഗ ലക്ഷണങ്ങള്‍.

ഈ രോഗത്തിന് വാക്സിന്‍ ഇല്ലാ എന്നുള്ളതാണ് ഏറ്റവും അപകടകരമായ അവസ്ഥ.എന്നാലും നമ്മുടെ ചില ദൈനം ദിന ശുചിത്വ പരിശീലനം കൊണ്ട് ഈ രോഗം ഏറെക്കുറെ തടയാവുന്നതാണ്.എവിടെ പുറത്തു പോയിട്ട് വന്നാലും, സ്പിരിറ്റ് അല്ലങ്കില്‍ ഡെറ്റോള്‍ കലര്‍ന്ന സോപ് കൊണ്ട് കൈ നല്ലവണ്ണം കഴുകണം.കൈ കഴുകാതെ മൂക്കിലോ വായിലോ കണ്ണിലോ കൈ കൊണ്ട് തൊടാതിരിക്കുക.പ്രത്യേകിച്ച് ചുമ വരുമ്പോഴും,തുമ്മുമ്പോഴും കൈകള്‍ കൊണ്ട് പൊത്തുന്നത് കൊണ്ട് കൈകള്‍ കഴുകേണ്ടത് അത്യാവശ്യമാണ്.ഈ രോഗം ബാധിച്ച ആള്‍ക്കാരുമായി കൂടുതല്‍ അടുത്തിട പാഴാകാതെ രോഗികളില്‍ നിന്നും അകന്നു നില്‍ക്കുക.രോഗികള്‍ക്ക്‌ സമ്പൂര്‍ണ ആയിസോലെഷന്‍ ഉറപ്പു വരുത്തണം.

അഥവാ ഈ രോഗം നമ്മളില്‍ ആര്‍ക്കെങ്കിലും ബാധിച്ചാല്‍ ഒരിക്കലും ജോലി സ്ഥലത്തോ,പൊതു വേദികളിലോ,സ്കൂളുകളിലോ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

രോഗ ബാധിതരായവര്‍ക്ക് ആരംഭ സമയത്ത് തന്നെ മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ കഴിയുമെന്നതാണ് ഇതിനെ അപകടകരമായ അവസ്ഥ.രോഗ ബാധിതരായി ഏഴു ദിവസം കഴിഞ്ഞാണ് രോഗം മൂര്ചിക്കുക.

ഈ രോഗത്തിന് ഒസേല്ടാമിവിര്‍ (ടാമിഫ്ലു) അല്ലങ്കില്‍ സാനമിവിര്‍ (രേലെന്സ) എന്നീ മരുന്നുകളാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതു.ഈ മരുന്നുകള്‍ ശരീരത്തിനകത്തുള്ള ഈ സ്വയിന്‍ വയറസിനെ പെറ്റു പെരുകുന്നതില്‍ നിന്നും തടയുന്നു. പക്ഷെ അത് രോഗ ബാധിതനായതിനു ശേഷം രണ്ടു ദിവസത്തിനകം ഈ മരുന്ന് കഴിച്ചാല്‍ മാത്രമേ പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാകൂ.

ഈ മാരക രോഗത്തില്‍ നിന്നും നമ്മുടെ നാടിനെയും,ഈ ലോകത്തിനെയും രക്ഷിക്കുക എന്നത് എല്ലാവരുടെയും കടമയാണ്.അതിനാല്‍ നമ്മള്‍ ചെറിയ ക്യാമ്പുകള്‍ സംഘടിപ്പിച്ചു ഇത്തരം അവബോധം എല്ലാരിലും ഉണ്ടാക്കിയെടുക്കണം .. രോഗങ്ങള്‍ ചികില്‍സിച്ചു മാറ്റാന്‍ നില്‍ക്കുന്നതിനേക്കാള്‍ ഉത്തമം അത് വരാതെ ചെറുക്കുക എന്നതാണ് .

Wednesday, August 26, 2009

വിരഹം

ഇരുട്ടിലിഴഞ്ഞിറങ്ങിയ
ഏകാന്തതയുടെ കറുത്ത അക്ഷരങ്ങള്‍
വിരഹത്തിന്‍ മഷി വറ്റിയ തൂലികയാല്‍
ശൂന്യതയില്‍ എഴുതപ്പെടുകയായിരുന്നു.

സ്മൃതിയുടെ മാറാലയില്‍ തടവിലായ മൌനം
ആരോടും പറയാതെ പടിയിറങ്ങി.

സ്വപ്‌നങ്ങള്‍ കടം തരില്ലാന്നു-
തല തല്ലി കരഞ്ഞു കാറ്റുമെങ്ങോ യാത്രയായി .

മറക്കുവാനാകില്ലായെന്നു വിതുംബിക്കരയാന്‍
എന്‍ നിഴല്‍ പോലുമിന്നെനിക്ക് അന്യമായി .

നീ നടന്ന വഴികളില്‍ ഞാനേകനായ് നടന്നപ്പോള്‍
നീ നനഞ്ഞ മഴയില്‍ ഞാന്‍ ഭ്രാന്തമായ്‌ നനഞ്ഞപ്പോള്‍

അറിയുന്നു ഞാനീ വിരഹം
മൃതിയെക്കാള്‍ വേദനാ ജനകമെന്നു.

Share

സൂര്യ താപം


എടാ പ്രകാശാ നാളെ ഓണമല്ലേ നമുക്ക് സദ്യ ഒരുക്കണ്ടേ ഡാ !! - മഹി

ഹും .. എങ്ങനെയാടാ? നമ്മുടെ ഈ ഡ്യൂട്ടി ടൈമില്‍ അത് നടക്കോ ? വെളുപ്പിനെ എണീറ്റ്‌ സൈറ്റില്‍ പോകേണ്ടവരല്ലേ നമ്മള്‍ ? പിന്നെ തിരിച്ചു വരുന്നത് രാത്രിയിലാണല്ലോ - പ്രകാശന്‍

എടാ മഹീ അപ്പൊ നമുക്ക് ഒരു കാര്യം ചെയ്യാം.ലുലു ഹൈപ്പര്‍ മാര്‍കെറ്റില്‍ പോയി സദ്യക്കുള്ള പച്ചക്കറി എല്ലാം വാങ്ങി ഇന്ന് രാത്രി തന്നെ എല്ലാം ഉണ്ടാക്കി വക്കാം.നാളെ രാത്രി ഡൂട്ടി കഴിഞ്ഞു വന്നു നമുക്ക് സദ്യ കഴിക്കാം.പായസത്തിനുള്ള അടയും,സേമിയയും ഒക്കെ വാങ്ങണം.പിന്നെ വാഴയില വേണമെങ്കില്‍ ഇപ്പോഴേ പോയാലെ പറ്റുള്ളൂ കേട്ടോ.നമ്മള്‍ പോകുന്നതിനു മുമ്പ്‌ തീരാതിരുന്നാല്‍ മതിയായിരുന്നു - പ്രകാശന്‍

അപ്പൊ നീ റെഡി ആകൂ ഞാന്‍ ദേ ഇപ്പൊ വരാം !! - മഹി

നീ എവിടെക്കാട? - പ്രകാശന്‍

എടാ ഞാന്‍ മേല് ഒന്ന് കഴികീട്ടു വരാം.നീ ആ അടുപ്പത്തിരിക്കുന്ന വെള്ളത്തില്‍ കുറച്ചു ചായപ്പൊടി ഇട്ടു എനിക്കും,നിനക്കും രണ്ടു ചായ ഉണ്ടാക്കി വക്ക്.ഒരു മൂളി പാട്ട് പാടി മഹി വെള്ളം കോരി മേലില്‍ ഒഴിക്കാന്‍ തുടങ്ങി..ഹോ വെള്ളത്തിന്‌ എന്തൊരു ചൂട്.അല്ലങ്കിലും ഈ ആഗസ്റ്റ്‌ മാസത്തില്‍ വെള്ളം തിളച്ചു മറിയും. ഇടയ്ക്കിടയ്ക്ക് വരുന്ന ഹുമിടിറ്റിയും.ചൂട് എങ്ങനെ വേണേലും സഹിക്കാം.പക്ഷെ ഈ ഹുമിടിറ്റി എന്ന ഭൂതം മനുഷ്യനെയും കൊണ്ടേ പോകൂ.സൈറ്റില്‍ വര്‍ക്ക്‌ ചെയ്യുമ്പോള്‍ എത്ര വെള്ളം കുടിച്ചു നിന്നാലും ശരീരം വിയര്‍ത്തു കൊണ്ടേയിരിക്കും.അവസാനം ശരീരത്തിലെ ജലാംശം എല്ലാം നഷ്ടപ്പെട്ടു ശരീര താപ നില അധികരിച്ച് ആളുകുഴഞ്ഞു വീഴും.ബ്ലഡ്‌ പ്രഷര്‍ കുറയുകയും ഭയങ്കര ക്ഷീണിതനാവുകയും ചെയ്യുന്നു.രണ്ടു ദിവസത്തിന് മുമ്പ്‌ അങ്ങനെയാണ് സൈറ്റില്‍ ഒരു മലയാളി സുഹൃത്ത്‌ മരിച്ചത്.മണിക്കൂറുകളോളം സൈറ്റില്‍ നിന്ന് പണി ചെയ്ത അയാള്‍ കുഴഞ്ഞു വീഴുകയും ആശുപത്രിയില്‍ കൊണ്ട് പോകുന്ന വഴിയില്‍ മരണപ്പെടുകയും ചെയ്തിരുന്നു.നാട്ടിലെ അയാളുടെ ഭാര്യയും രണ്ടു പെണ്‍കുട്ടികളും അനാഥരായി.കൂടെ ജോലി ചെയ്യുന്ന എല്ലാ ജോലിക്കാരും ചേര്‍ന്ന് കുറച്ചു തുക കളക്റ്റ്‌ ചെയ്തു അയാളുടെ ഭാര്യക്ക് അയച്ചു കൊടുത്തിരുന്നു.ഈ വേനല്‍ക്കാലത്ത് എല്ലാ കമ്പനികളും ആറു മണിക്കൂര്‍ മാത്രമേ ലെബെഷ്സിനെ കൊണ്ട് പണിയെടുപ്പിക്കാവൂ എന്ന നിയമം ഉണ്ട്.ഉച്ചക്ക് പന്ത്രണ്ടു മണിക്ക് മുന്പേ സൈറ്റ് ജോലികള്‍ നിര്‍ത്തണം എന്നാണു നിയമം.മിക്കവാറും കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ഈ നിയമം തെറ്റിക്കുകയാണ് പതിവ്.അവരുടെ പണി പെട്ടെന്ന് തീര്‍ക്കാന്‍ അവര്‍ ലെബെഷ്സിനെ കൊണ്ട് മണിക്കൂറുകളോളം പണിയെടുപ്പിക്കും.മിക്കവാറും കമ്പനികള്‍ ജോലിക്കാര്‍ക്ക് വേണ്ട തണുത്ത കുടി വെള്ളം സൈറ്റില്‍ എത്തിച്ചു കൊടുക്കാറും ഇല്ല.

സൂര്യ താപം ഏറ്റു തളര്‍ന്നു വീഴുന്ന ആള്‍ക്കാരെ നല്ല തണലത്തു കൊണ്ട് പോയി കിടത്തണം.എന്നിട്ട് അവരുടെ ശരീരത്തില്‍ നിറയെ തണുത്ത വെള്ളം ഒഴിച്ച് കൊണ്ടിരിക്കണം.കുറച്ചു ഐസ് കട്ടകള്‍ തുണിയിലോ മറ്റും പൊതിഞ്ഞു അവരുടെ കക്ഷത്തിലും തുടയിടുക്കുകളിലും വച്ച് കൊടുക്കണം.എലെക്ട്രോ ലൈറ്റ്‌ പൌഡര്‍ തണുത്ത വെള്ളത്തില്‍ മിക്സ്‌ ചെയ്തു അവരെ കുടിപ്പിക്കണം.മിക്കവാറും എലെക്ട്രോ ലൈറ്റ്‌ പാനീയങ്ങളില്‍ പൊട്ടാസിയം,സോഡിയം,മഗ്നീഷ്യം,മിനറല്‍സ്,സ്റ്റാര്‍ച്ച്,ഗ്ലുകോസ് തുടങ്ങിയവ ഉണ്ടാകും.ഇത് സൈറ്റില്‍ ലഭ്യമല്ലെങ്കില്‍ ഒരു നാരങ്ങ രണ്ടായി മുറിച്ചു പിഴിഞ്ഞ് വെള്ളത്തില്‍ ഉപ്പിട്ട് കലക്കി കൊടുക്കുന്നതും നല്ലതാണ്.പക്ഷെ ഇതൊന്നും ആ പാവം കുഴഞ്ഞു വീണപ്പോള്‍ ആരും ചെയ്തില്ല.ചെയ്തില്ലാ എന്നല്ല അതിനുള്ള സൗകര്യം ആ സൈറ്റില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.നാരങ്ങ വെള്ളം പോയിട്ട് ഒരു തുള്ളി വെള്ളം പോലും കുടിക്കാതെയാണ് അയാള്‍ മരിച്ചത്.അവിടന്ന് ഒരു കിലോ മീറ്റര്‍ ദൂരത്തു പോയാണ് തണുത്ത വെള്ളം കൊണ്ട് വരേണ്ടത്.ആരോ പോയി വെള്ളം കൊണ്ട് വന്നപ്പോഴേക്കും അയാള്‍ മരിച്ചിരുന്നു.

എടാ മഹി നീ എന്തെടുക്കുവാ ഡാ ബാത്‌ റൂമില്‍ ? പ്രകാശന്‍ ബാത്‌ റൂം കതകില്‍ തട്ടികൊണ്ട്‌ ചോദിച്ചു.

എടാ ദേ വന്നു ! - മഹി

മഹേഷും,പ്രകാശും ഉണ്ടാക്കി വച്ച കട്ടന്‍ ചായയും കുടിച്ചു കൊണ്ട് റെഡി ആയി പുറത്തിറങ്ങി.ടാക്സികള്‍ മത്സരിച്ചാണ് ഓടുന്നത്.നിരത്തില്‍ എവിടെ നോക്കിയാലും മഞ്ഞ ടാക്സികള്‍.നാട്ടിലെ ഓട്ടോ റിക്ഷകളെ ഓര്‍മ്മിപ്പിച്ചു.ഒരു ടാക്സി അവരുടെ മുന്പില്‍ വന്നു നിന്നു.ഒരു പാകിസ്ഥാനിയുടെതാണ് ടാക്സി.

ഭയ്യ ലുലു തക് ജാന ഹൈന്‍ !! .. കിതന ലെന്കെ ? - പ്രകാശന്‍

ആപ് ലോക് ബയിട് ജാവോ !!.അയാള്‍ ഡോര്‍ തുറന്നു കൊണ്ട് പറഞ്ഞു.

എടാ പ്രകാശ എത്രയാന്ന് ചോദിക്കട ആദ്യം !!.അല്ലങ്കില്‍ അവന്‍ അവസാനം പച്ചയുടെ സ്വഭാവം കാണിക്കും!! - മഹി.

വീണ്ടും മടിച്ചു മടിച്ചു പ്രകാശന്‍ പാകിസ്ഥാനിയോടു ചോദിച്ചു.ടീക്‌ ഹൈന്‍ ഭയ്യ !! ബയിട് നെ കി പഹലേ യെ ബോലിയെ കിത്ന ലെന്കെ ആപ് !!?

ടീക്‌ ഹൈന്‍ !! ഏക്‌ ദിനാര്‍ ദേ ദോ - പാക്സ്ഥാനി.

മഹേഷിന്റെയും,പ്രകാശന്റെയും നെറ്റി ചുളിഞ്ഞു.അവര്‍ ഒറ്റ സ്വരത്തില്‍ ഏക്‌ ദിനാര്‍ ? !!!

ഹാം ഏക്‌ ദിനാര്‍.ക്യാ ജ്യാദ ഹൈന്‍ ക്യാ?പച്ച പുച്ഛത്തോടെ ചോദിച്ചു.

നഹിന് ഭയ്യ ആദ ദിനാര്‍ ഹൈന്‍ തോ ജായെന്കെ.അവസാനം പച്ച മനസില്ലാ മനസോടെ സമ്മതിച്ചു.സമ്മതിക്കതിരിക്കാന്‍ പറ്റില്ലല്ലോ.കാരണം അയാള്‍ ആ സവാരി വിട്ടാല്‍ പുറകില്‍ നിര്‍ത്തിയിരിക്കുന്ന ടാക്സികള്‍ ആവേശ പൂര്‍വ്വം ആ സവാരി കൊത്തിയെടുക്കും.

ലുലുവില്‍ എത്തിയ ഉടനെ പച്ച പറഞ്ഞു. ഭയ്യ ജല്‍ദി ഉത്താര്‍ ജാവോ.പോലീസ്‌ വാല കടാ ഹൈന്‍.

മഹേഷും,പ്രകാശനും പെട്ടെന്ന് ഡോര്‍ തുറന്നു ഇറങ്ങി.

ലുലു ഹൈപ്പര്‍ മാര്‍കെറ്റ്‌ അലങ്കാര വിളക്കുകളാല്‍ അലംകൃതമായിരിക്കുന്നു.ഭയങ്കര തിരക്ക്.റമദാന്‍റേയും ,ഓണത്തിന്റെയും കച്ചവടം പൊടി പൊടിക്കുകയാണ്.പുറത്തുള്ള ചൂടില്‍ നിന്നും പെട്ടെന്ന് അകത്തു കയറി സെന്‍ട്രല്‍ ഏസിയില്‍ നിന്നും വരുന്ന കാറ്റ് കൊണ്ടപ്പോള്‍ അവര്‍ക്ക് ആശ്വാസം തോന്നി.ഒപ്പം അവര്‍ക്ക് അഭിമാനവും തോന്നി പദ്മശ്രീ യൂസഫ്‌ എന്ന നമ്മുടെ മലയാളി സഹോദരന്റെ വിയര്‍പ്പിന്റെ ഫലമാണ് ഈ സ്ഥാപനം.മലയാളികളുടെ അന്തസ്സും,അദ്ധ്വാനവും അറബികളുടെ ഇടയിലും,മറ്റു വിദേശികളുടെ ഇടയിലും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മലയാളിയായ ഏതൊരുവനും അഭിമാനാത്താല്‍ രോമാഞ്ചംകൊള്ളുമെന്നതില്‍ സംശയമില്ല.

ഭയങ്കര ജന തിരക്ക്.പല ഓഫറുകളും ഉണ്ട്.കുട്ടികള്‍ അവിടെയും ഇവിടെയും ഓടി കളിക്കുന്നു.അവരെ പിടിക്കാന്‍ ഓടുന്ന മാതാ പിതാക്കള്‍.മിക്കവാറും ആള്‍ക്കാരുടെ ബാഗുകളില്‍ നിന്നും തല പുറത്തിട്ടു നോക്കുന്ന മുരിങ്ങ കോലുകള്‍,വാഴയിലകള്‍,പടവലങ്ങകള്‍.നാട്ടിലെ ഓണ ചന്തയില്‍ നില്‍ക്കുന്ന ഒരു പ്രതീതി.

മഹീ രണ്ടാമത്തെ ഫ്ലോറിലാ പച്ചക്കറികളും,ഓണ സാധനങ്ങളും.നമുക്ക് അങ്ങോട്ട്‌ പോകാം - പ്രകാശന്‍.

മഹിയും,പ്രകാശനും ലിഫ്റ്റില്‍ കയറി.അകത്തു നിന്നും പുറത്തോട്ടു,പുറത്തു നിന്നു അകത്തോട്ടും കാണാന്‍ വിധത്തിലുള്ള ചുറ്റിനും ഗ്ലാസ്‌ ഇട്ട ലിഫ്റ്റ്‌.പ്രകാശന്‍ രണ്ടാമത് ഫ്ലോറിന്റെ ബട്ടന്‍ ഞെക്കി.സെക്കണ്ടുകള്‍ക്കുള്ളില്‍ അവര്‍ രണ്ടാമത്തെ നിലയില്‍ എത്തി.പച്ചക്കറികളും,പായസത്തിനുള്ള സാമഗിരികളും,നാളി കേരവും ,വാഴയിലയും ഒക്കെ വാങ്ങി ബാഗുകളില്‍ നിറച്ചു ക്യാഷ് കൌണ്ടറിലെ ക്യൂവില്‍ നില്‍ക്കുമ്പോള്‍ രണ്ടു പേരുടേയും മുഖം ഓണ നിലാവ് ഉദിച്ച പോലെ തിളങ്ങിയിരുന്നു.ക്യാഷ്‌ പേ ചെയ്തു വേറൊരു ടാക്സി പിടിച്ചു അവര്‍ റൂമിലെത്തി.

ഹോ എന്തൊരു ചൂടാ അല്ലെ പ്രകാശാ - മഹി

എടാ കുറച്ചു വെള്ളമിങ്ങു എടുക്കു കുടിക്കാന്‍.ഹോ ഈ വെള്ളം ഭയങ്കര ചൂട് ആണ്.എന്ത് ചെയ്യും .കഴിഞ്ഞ മാസവും ശമ്പളം കിട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞതാ നിന്നോട് നമുക്ക് ഒരു ചെറിയ ഫ്രിഡ്ജ്‌ വാങ്ങാമെന്നു.അപ്പൊ നീയാ പറഞ്ഞെ ഈ മാസം പറ്റില്ല നാട്ടില്‍ പൈസ അയക്കണമെന്ന്.കുട്ട്യോള്‍ക്ക് സ്കൂള്‍ തുറക്ക എന്ന് - മഹി

എടാ ഈ മാസം കൂടി എങ്ങനേലും തള്ളി നീക്കിയ അടുത്ത മാസം അവസാനം ആകുമ്പോഴേക്കും തണുപ്പ് കാലം തുടങ്ങുമല്ലോ അപ്പൊ ആ പൈസയും നമുക്ക് നാട്ടില്‍ അയക്കാമല്ലോ കുടുംബത്തിലെ പ്രശ്നങ്ങള്‍ തീരുമല്ലോ - പ്രകാശന്‍.

ഹും..നമ്മള്‍ ഇങ്ങനെ ഈ ചൂടത്തും,തണുപ്പത്തും കഷ്ടപ്പെടുന്നത് അവര്‍ അറിയുന്നുണ്ടോ ഡാ ? ഓരോ മാസവും ഓരോ പ്രശ്നങ്ങള്‍.എല്ലാ പൈസയും അയച്ചു തീര്‍ന്നു റൂമിന്റെ വാടകയും കൊടുത്തു തീര്‍ന്നാല്‍ നമ്മുടെ കയ്യില്‍ എന്താ ഉള്ളത് മിച്ചം? പിന്നെ അടുത്ത മാസം വരെയുള്ള പല ചരക്കു സാധനങ്ങള്‍ കാസര്‍ഗോഡ്‌ കാരന്‍ ഇച്ചായുടെ കടയില്‍ നിന്നും കടം വാങ്ങണം.നല്ലൊരു മനുഷ്യനായതോണ്ട് അദ്ദേഹം മുഖം കറുപ്പിക്കാന്ടു തരും - മഹി

ഓക്കേ അപ്പൊ നമുക്ക് ഓണ സദ്യക്കുള്ള വിഭവങ്ങള്‍ ഉണ്ടാക്കാം.പ്രകാശനും,മഹിയും ലുങ്കി ഉടുത്തു തലയില്‍ ഒരു തോര്‍ത്ത്‌ കെട്ടി പച്ചക്കറി കണ്ടിക്കാനും,തേങ്ങ ചിരവാനും,തുടങ്ങി.അങ്ങനെ സാമ്പാറ്,അവിയല്‍,പച്ചടി,കിച്ചടി,തോരന്‍,കാളന്‍,ഓലന്‍ തുടങ്ങി ഓണത്തിന് വേണ്ട എല്ലാ കൂട്ടാനും റെഡി.രണ്ടു കൂട്ടം പ്രദമനും തയ്യാര്‍.ഇതെല്ലാം ഉണ്ടാക്കി തീര്‍ന്നപ്പോള്‍ മണി രണ്ടു !! അര്‍ദ്ധ രാത്രിയെന്നോ അല്ലങ്കില്‍ അടുത്ത ദിവസം പുലര്‍ച്ചയെന്നോ പറയാം.എല്ലാ വിഭവങ്ങളും ചോറും,എല്ലാം അടച്ചു വെച്ച് അവര്‍ ഉറങ്ങാന്‍ കിടന്നു.രണ്ടു മണിക്കൂര്‍ കഴിഞ്ഞു അവര്‍ ചാടിയെനീട്ടു.അതും അലാറം ദയയില്ലാതെ നിര്‍ത്താതെ അടിച്ചപ്പോഴാണ്‌ അവര്‍ ഉണര്‍ന്നത്.വല്ല വിധേനെയും ചാടി പിടിച്ചു അവര്‍ റെഡി ആയി ഡൂട്ടിക്കു പോയി.

എങ്ങനെയെങ്കിലും സമയം ഒന്ന് പോയിക്കിട്ടിയെന്കില്‍ എന്ന് അവര്‍ ആശിച്ചു.രാത്രി റൂമില്‍ പോയിട്ട് വേണം ഓണമുണ്ണാന്‍.നാട്ടില്‍ എല്ലാരും നല്ല ഓണ സദ്യ കഴിഞ്ഞു ഉറങ്ങുന്ന സമയമാണ്.

ഉച്ചക്ക് നാട്ടീന്നു അമ്മയും ഭാര്യയും കുട്ടികളും വിളിച്ചിരുന്നു - മഹി

ഹും !! എന്റെ വീട്ടീന്നും വിളിച്ചിരുന്നു.അവര്‍ക്ക് ഓരോ മിനിട്ടു വിളിക്കാന്‍ പോലും വല്യ വിഷമമാണ്.സംസാരിക്കുന്നതിനെക്കാലും കൂടുതലും ശ്രദ്ധിക്കുന്നത് ബൂത്തിലെ ടൈം മീറ്ററിലാണ്.നമ്മള്‍ അങ്ങനെ അല്ലല്ലോ നാട്ടില്‍ എല്ലാരോടും സംസാരിച്ചു അവര്‍ക്ക് ബോര്‍ ആകുമ്പോഴാണ് നമ്മള്‍ ഫോണ്‍ വയ്ക്കുന്നത്.അപ്പോഴും നമുക്ക് ഉറ്റവരോടും,ഉടയവരോടും സംസാരിച്ചു തൃപ്തി വന്നിട്ടുണ്ടാവില്ല. - പ്രകാശന്‍

ഡ്യൂട്ടി കഴിഞ്ഞു പ്രകാശനും,മഹിയും റൂമിലെത്തി.രണ്ടാളും കുളിച്ചു വൃത്തിയായി.ഓണ കോടി ഉടുത്തു നെറ്റിയില്‍ ചന്ദന കുറി തൊട്ടു അടുക്കളയിലോട്ടു ഓടി.രണ്ടു വാഴയിലയെടുത്തു നല്ലവണ്ണം കഴുകി.നിലത്തു ഇട്ടു കൂട്ടാനും ചോറും വിളമ്പി.കുടിക്കാന്‍ വെള്ളം വെച്ചു.പ്രദമന്‍ രണ്ടു ഗ്ലാസുകളിലായി ഒഴിച്ച് വെച്ചു.രണ്ടു പേരും ഉണ്ണാനിരുന്നു.മഹിയും,പ്രകാശനും ആര്‍ത്തിയോടെ ചോറും,കൂട്ടാനും ഉരുട്ടി വായിലേക്ക് വച്ചതെയുള്ളു അതെ വേഗത്തില്‍ രണ്ടാളുടെയും കൈകള്‍ താഴ്ന്നു.രണ്ടു പേരും നിരാശയോടെ പരസ്പരം നോക്കി.ചോറും കൂട്ടാനും വളിച്ചു പോയിരിക്കുന്നു.തലേന്ന് രാത്രി ഉണ്ടാക്കി വച്ചതാണ്.എല്ലാം ചൂടത്ത് വളിച്ചു പോയിരിക്കുന്നു.രണ്ടു പേരുടേയും കണ്ണില്‍ നിന്നും ധാരയായി കണീര്‍ ഒഴുകി.രണ്ടാളും എണീറ്റ്‌ കൈ കഴുകി.

പ്രാകാശാ ... എടാ ഇപ്പൊ നമ്മള്‍ എന്താ കഴിക്കുക? നല്ല വിശപ്പും ഉണ്ടല്ലോ?ആ പ്രദമന്‍ ഒന്ന് നോക്കിയേടാ - മഹി

ഇല്ലടാ അതും വളിച്ചു പോയെടാ.തേങ്ങ പാല് ഒഴിച്ചല്ലേ പ്രദമന്‍ ഉണ്ടാക്കിയത് !! ആദ്യം അത് വളിച്ചു നൂലായി കാണും!! -പ്രകാശന്‍

എടാ മഹി കുബ്ബൂസ് ഇരിപ്പുണ്ടോ ഡാ ? - പ്രകാശന്‍

ഇല്ല ഡാ ഇന്ന് സദ്യ ഉണ്ണാമെന്നു കരുതി അതും ഇന്നലെ രാത്രി വാങ്ങി വച്ചില്ല.ഇനിയിപ്പോ വാങ്ങാമെന്നു വച്ചാല്‍ ഈ അര്‍ദ്ധ രാത്രിയില്‍ ഒരു ബാക്കാലയും തുറന്നിട്ടുണ്ടാവില്ല - മഹി

രണ്ടു പേരും പരസ്പരം ദയനീയമായി നോക്കി.എന്നിട്ട് ഒരു ദീര്‍ഘ നിശ്വാസത്തോടെ ടാപ്‌ തുറന്നു ഗ്ലാസ്സുകളില്‍ വെള്ളം ഒഴിച്ച് കുടിച്ചു.വിശക്കുന്ന വയറോടെ ഒപ്പം മനസ്സില്‍ വേദനയോടെ ആ കൂട്ട് കാര്‍ നാലു മണിക്ക് അലാറം വച്ച് ലൈറ്റ്‌ കെടുത്തി കിടന്നു.

അടുത്ത റൂമിലെ ടീവിയില്‍ ഏതോ മലയാളം ചാനലില്‍ നിന്നും ആ പാട്ട് കേള്‍ക്കുന്നുണ്ടാരുന്നു .. "മാവേലി നാട് വാണിടും കാലം .. മാനുഷരെല്ലാം ഒന്ന് പോലെ"

Friday, August 7, 2009

മരണം


മരണം
ക്ഷണിക്കാത്ത-
ഒരു അഥിതിയാണ്.
വരുന്ന വഴിയില്‍-
തങ്ങാതെയിങ്ങു വന്നേയ്ക്കും.

ചിലപ്പോഴവന്‍ വരുന്നത്- ‍
ഉറക്കത്തിന്റെ സുഷുപ്തിയിലാരിക്കും,
വണ്ടി ഓടിക്കുമ്പോഴാരിക്കും,
പത്രം വായിക്കുമ്പോഴയിരിക്കും.

കരിമ്പടം പുതച്ചും,
ചുവന്ന പട്ടണിഞ്ഞും,
വെള്ള മേലങ്കിയണിഞ്ഞും
അവന്‍ വന്നു കളയും
ഒരുളുപ്പുമില്ലാതെ..

ഓരോ മരണങ്ങളും..
കുഴി വെട്ടുകാരനും,
വിറകു വെട്ടുകാരനും
നിനച്ചിരിക്കാത്ത സൌഭാഗ്യങ്ങളാണ്.
മണ്ണ് നീങ്ങി കുഴി താഴുമ്പോഴും,
കട്ടയില്‍ വിറകെരിയുന്ബോഴും,
അവന്റെയടുപ്പില്‍ പുകയുയരും.

ഞാനുമവനെ ഉപാധികളില്ലാതെ
പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.

അവന്‍ വരും,വരാതിരിക്കില്ല !!
ഒരു മുന്നറിയിപ്പകളുമില്ലാതെ ..
ഒരുളുപ്പുമില്ലാതെ !!
ക്ഷണിക്കാതെ തന്നെ ..