Friday, February 4, 2011

മനമോ നനഞ്ഞത്‌ മിഴിയോ നനഞ്ഞത്‌ ?

മനമോ നനഞ്ഞത്‌ മിഴിയോ നനഞ്ഞത്‌
മനമായിരിക്കാം വിരഹ വേദനയല്ലയോ.

വിട പറയുവാന്‍ വിദൂരമല്ല ഇരു ഹൃദയങ്ങളും
പരസ്പരം പങ്കു വച്ച പ്രണയാതുര നിമിഷങ്ങളും.

ഓര്‍ക്കുക എല്ലായ്പ്പോഴുമെന്നു ചൊല്ലി പിരിയുമ്പോള്‍
അറിഞ്ഞീല മോഹമേ നിന്‍ ഉള്‍വിളി പിന്‍ വിളിയായി
നേര്‍ത്തലിഞ്ഞു മഴത്തുള്ളികളില്‍ ലയിച്ചതും
മുന്ബോട്ടു വച്ചയെന്‍ പതറുന്ന കാലുകള്‍ നിന്‍-
കണ്ണീര്‍ വീണു കുതിര്‍ന്ന മണല്‍ തരികളില്‍ മുത്തമിട്ടതും.

കൈകള്‍ നെഞ്ചോട്‌ ചേര്‍ത്ത് ഈ ഹൃദയം
നിനക്കാണ് നിനക്കാണ് എന്ന് പലവുരു ചൊല്ലിയപ്പോള്‍
അറിയുന്നു ഞാന്‍ പ്രിയേ പ്രവാസം ഒരു സുഹമുള്ള-
നോവാണെന്നും, ഒറ്റപ്പെടലിന്‍ നിയോഗമാണെന്നും.

കൈക്കൂലി

മകനെ
ഞാന്‍ മരിച്ചാല്‍ എന്നെ കത്തിച്ചു ചാരമാക്കരുത്‌
എനിയ്ക്ക് നാളെ ഉയിര്‍ത്തെഴുന്നേല്‍ക്കണം
ബാക്കി വെച്ച് പോയതെല്ലാം ചെയ്തു തീര്‍ക്കണം
മൂക്കില്‍ പഞ്ഞി വയ്ക്കരുത് മലിനമെങ്കിലുംഎനിക്ക്
നിഷിദ്ദമായ ജീവ വായു ഒരിക്കല്‍ കൂടി ശ്വസിക്കണം

കാലിലെ തള്ള വിരലുകള്‍ കൂട്ടി കെട്ടരുത്
ഒരിക്കല്‍ കൂടി വീണുമെണീറ്റും പിച്ച വച്ച് നടക്കണം
തേങ്ങാ മുറിയില്‍ തിരിയിട്ടു തലയ്ക്കു വിളക്ക് വയ്ക്കരുത്
വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും പൊള്ളുന്ന വിലയാണ്

നാറുന്നയീ ദേഹത്തില്‍ പൂ കൊണ്ട് മൂടരുത്
ആ പൂക്കള്‍ കൊണ്ട് ആള്‍ ദൈവങ്ങള്‍ക്ക് മെത്തയൊരുക്കൂ
നിന്റെ ഭംഗിയുള്ള തലമുടി മുണ്ഡനം ചെയ്യരുത്
ഒരു പക്ഷെ നിന്റെ സഹധര്‍മ്മിണി വിവാഹ മോചനം ചോദിച്ചേക്കാം
പുല കുളി അടിയന്തിരത്തിന് സാമ്പാറും പായസവും വിളംബരുത്
ദുഃഖം പറഞ്ഞു വരുന്നവര്‍ക്ക് കട്ടന്‍ ചായയും പരിപ്പുവടയും കൊടുത്താല്‍ മതി
നാല്‍പത്തൊന്നു ദിവസം വ്രുതമനുഷ്ടിക്കണ്ട
നാല്പത്തൊന്നു നാഴിക വിശന്നിരിക്കാന്‍ നിനക്ക് കഴിയില്ല

കണ്ണ് ഞെരടി നീ കരയണ്ട
ഈറനാവാത്ത നിന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയെക്കാം
ആണ്ടു ബലി നടത്തി ഉപ്പില്ലാത്ത ചോറ് തരരുത്
നല്ല ബിരിയാണിയും കപ്പയും ബീഫുമെല്ലാം വേണം
കുടിയ്ക്കുവാന്‍ ഹണി ബീയുടെ ഒരു പൈന്റ് എങ്കിലും കരുതണം

അമ്മയോട് പൊട്ട് വയ്ക്കാന്‍ പറയണം
കാഞ്ചീപുരം സാരിയുടുക്കാന്‍ പറയണം ( പറഞ്ഞില്ലെങ്കിലും അവളതു ചെയ്യും )
എന്റെ ഫോട്ടോ ചുവരില്‍ തൂക്കി രാമച്ചത്തിന്‍ മാലയിടരുത്
മെഴുകു തിരിയോ വിളക്കോ തെളിക്കരുത്
ശവ കുടീരം പണിതു കാഴ്ച വസ്തുവാക്കരുത്
പത്ര താളുകളില്‍ ചരമ കോളത്തില്‍ എന്നെ കോമാളിയാക്കരുത്

ഇതിനെല്ലാം സമ്മതമാണെങ്കില്‍
നീ പറയുന്ന തീയതിയില്‍ നീ പറയുന്ന നേരത്ത്
ബിനാമിയായി കിടക്കുന്ന എന്റെ സ്വത്തെല്ലാം
സുനാമിയായി നിന്‍ മുന്നിലെത്തും തീര്‍ച്ച.

പുതുവത്സര ചിന്തകള്‍

ഇന്നില്ലെങ്കില്‍ ഇന്നലെയുമില്ല നാളെയുമില്ല ....

ഇന്നലെ നടന്നു കഴിഞ്ഞതും ഇന്ന് നടന്നു കൊണ്ടിരിക്കുന്നതും നാളെ നടക്കുവാനിരിക്കുന്നതും
പൊലിഞ്ഞു വീണു കൊണ്ടിരിക്കുന്ന സമയത്തിന്റെ വിധി നിയോഗങ്ങളായിരിക്കാം ..

സമയം -

അത് ആര്‍ക്കും വേണ്ടി കാക്കാതെ ഒരു പരി ഭാവങ്ങളുമില്ലാതെ ഒരിക്കലെങ്കിലും പുറകോട്ടു നോക്കാതെ,
കരയാതെ, ചിരിയ്ക്കാതെ, കണ്ണീരൊഴുക്കാതെ, ദുഖത്തിന്‍ കനലുകള്‍ നെഞ്ചിലോതുക്കാതെ
അനസ്യൂതം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഇവിടെ നേടുന്നതും, നഷ്ടപ്പെടുത്തുന്നതും
ജനിയ്ക്കുന്നതും, മരിയ്ക്കുന്നതുമെല്ലാം നമ്മള്‍ നിസ്സാരരായ മനുഷ്യര്‍ തന്നെ....

സമയത്തിന് മരണമില്ല ...
അത് ആര്‍ക്കും സ്വന്തമല്ല ...

കഴിഞ്ഞു പോയ സമയവും പറഞ്ഞു പോയ വാക്കും തിരിച്ചെടുക്കാന്‍ കഴിയില്ല ...

ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് വീണു കിട്ടുന്ന ചില നല്ല സമയങ്ങളാണ് മുന്നോട്ടുള്ള ജീവിതത്തിനു പ്രതീക്ഷയും ഉണര്‍വും നല്‍കുന്നത് ....

ചില സമയങ്ങളില്‍ പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ നമുക്ക് ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്നു ..

ഒരിക്കലും ആഗ്രഹിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ ദുരന്തങ്ങള്‍ മനുഷ്യ മനസുകളെ തളര്‍ത്തുന്നു ...
പക്ഷെ അതും സമയത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ മായ്ക്കപെടുന്നു ...

നമുക്ക് കഴിഞ്ഞു പോയ ബാല്യവും,കൌമാരവും,കഴിഞ്ഞു കൊണ്ടിരിക്കുന്ന യൌവനവും എല്ലാം തന്നെ സമയത്തിന്റെ മാസ്മരികതയാല്‍ സംഭവിക്കുന്നത്‌ തന്നെ ....

മരണമില്ലാത്ത സമയത്തോടൊപ്പം മരിയ്ക്കെണ്ടാവരായ നമുക്ക് ഒരു സമവായത്തിലെത്താം...

നമ്മുടെ ഓരോ ഹൃദയതുടിപ്പിലും ഓരോ പുതുവര്‍ഷങ്ങള്‍ പിറക്കട്ടെ ... അത് നന്മയുടെയും സമാധാനത്തിന്റെയുമാകട്ടെ ...

സ്വസ്തി പ്രജാഭ്യം പരിപാലയന്തം ന്യായേന മാര്‍ഗേന ശുഭാമാസ്തു നിത്യം ലോകാ സമസ്താ സുഖിനോ ഭവന്തു ...

നെഞ്ചില്‍ അഞ്ചു മുടി !!

നെഞ്ചില്‍ അഞ്ചു മുടിയുള്ളവന്‍ നല്ലവനാണ് എന്നും ചതിക്കില്ലാ എന്നും നല്ല സ്നേഹമുള്ളവനാണ് എന്നുമൊക്കെയാണ് നമ്മുടെ ഭൂരി ഭാഗം സ്ത്രീ ജനങ്ങളും പറയുന്നത് ...

എന്താണ് ഇതിന്റെ പുറകിലുള്ള സത്യം ? അപ്പൊ നെഞ്ചില്‍ മുടിയില്ലാത്തവന്മാര്‍ വന്ചകന്മാരും കൊലയാളികളും ആണെന്നാണോ ഇവര്‍ ധരിക്കുന്നത് ? വാസ്തവത്തില്‍ അതല്ല പ്രശ്നം !! പ്രശ്നം അത ന്നെ !! ഏതു തന്നെ !! .......... ലത് തന്നെ !!

ഈയിടെ ഒരു ചെറുപ്പക്കാരന്‍ ചാറ്റില്‍ കുടുങ്ങിയ ഒരു കാമുകിയുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അവള്‍ ചോദിക്കുകയുണ്ടായി ....

നിന്റെ നെഞ്ചു വിരിഞ്ഞതാണോ ? നിനക്ക് നല്ല പോക്കമുണ്ടോ ? നെഞ്ചില്‍ രോമമുണ്ടോ എന്നൊക്കെ?

സത്യത്തില്‍ കാമുകി ചോദിച്ച ഈ മൂന്നു സംഭവങ്ങളും ടിയാനു ഇല്ലായിരുന്നു ... അയാള്‍ ബുദ്ധി പൂര്‍വ്വം അവളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ കുറച്ചു നേരം മിണ്ടാതിരുന്നു ...

അവള്‍ ചോദിക്കുന്നുണ്ടായിരുന്നു ... എവിടെ പോയി? ... നീ ഓണ്‍ലൈനില്‍ ഉണ്ടോ? ... എന്താ ചെയ്യുന്നേ ? ഞാന്‍ ചോദിച്ചതിനു എന്തെ മറുപടി പറയാത്തെ ?

ഒരു അഞ്ചു മിനിട്ട് കഴിഞ്ഞു അയാള്‍ വീണ്ടും അവളോട്‌ ചാറ്റാന്‍ തുടങ്ങി ... ക്ഷമിക്കണം കേട്ടോ .. എന്റെ സിസ്ടെം ഹാന്‍ഗ് ആയി എന്നൊക്കെ അയാള്‍ ഒഴിവു കഴിവുകള്‍ അവളോട്‌ പറയുവാന്‍ തുടങ്ങി ...

ഇത് അവന്റെ അടവാണ് എന്ന് അറിഞ്ഞ കാമുകി അയാളോട് അയാളുടെ നെഞ്ചു കാണുന്ന വിധത്തില്‍ ഒരു ഫുള്‍ സൈസ് ഫോടോ അയച്ചു കൊടുക്കാന്‍ പറഞ്ഞു ...

താന്‍ വല്യ വെട്ടിലാണ് വീണിരിക്കുന്നത് എന്ന സങ്കടത്തോടെ അയാള്‍ തല പുകഞ്ഞു ആലോചിക്കുവാന്‍ തുടങ്ങി .. ഇപ്പൊ എന്ത് ചെയ്യും? ... അവള്‍ക്കു എങ്ങനെ തന്റെ ഫോട്ടോ അയച്ചു കൊടുക്കും ? നെഞ്ചില്‍ അന്തി ചന്തക്കു ആളും കൂടും പോലെ എണ്ണി എടുത്താല്‍ നാല് രോമം കാണും !! മൂക്കിനു താഴെയും ചുണ്ടിനു താഴെയും അത് തന്നെ അവസ്ഥ !! നല്ല തഴച്ചു വളര്‍ന്നു നില്‍ക്കുന്ന നെല്ചെടികള്‍ക്കിടയില്‍ പശുവിനെ അഴിച്ചു വിട്ട പോലെ !!

അയാള്‍ കുത്തിയിരുന്ന് ആലോചിച്ചു എന്താ ചെയ്യാ ഇപ്പൊ !! ... അപ്പോഴാണ്‌ അയാള്‍ക്ക്‌ ടീവിയില്‍ വരുന്ന പരസ്യം ഓര്‍മ്മ വന്നത് ... അതെ തലയില്‍ കഷണ്ടിക്ക് വക്കുന്നത് പോലെ നെഞ്ചിലും രോമം ഫിറ്റ് ചെയ്യുക തന്നെ !! ഒരു പക്ഷെ ആ കമ്പനിക്കാര്‍ക്ക് പോലും ഇത്തരം ആശയം വീണു കിട്ടി കാണില്ല ഇത് വരെ !! ഓ എന്റെ ബുദ്ധി അപാരം തന്നെ !! എന്നെ സമ്മതിക്കണം !! അയാള്‍ക്ക്‌ തന്നെ കുറിച്ച് ഭയങ്കര മതിപ്പ് തോന്നി ...

അങ്ങനെ അയാള്‍ നെഞ്ചിലും മീശയിലും താടിയിലുമൊക്കെ ലവനെ ഫിറ്റ് ചെയ്തു .. ലേത് ? ലതു തന്നെ !!

ഇപ്പോള്‍ താന്‍ ഒരു സംഭവം ആണെന്ന് അയാള്‍ ഓര്‍ത്തു.ഉടനെ തന്നെ ഷര്‍ട്ടിന്റെ വെളിയില്‍ കൂടി കവിഞ്ഞു തുളുമ്പി നില്‍ക്കുന്ന രോമമുള്ള തന്റെ ഫുള്‍ സൈസ് ഫോട്ടോ എടുത്തു സ്കാന്‍ ചെയ്തു പൊക്കവും ഏകദേശം ആറടി തോന്നുന്ന വിധത്തില്‍ സിസ്ടത്തിലിട്ടു വലിച്ചു നീട്ടി എഡിറ്റു ചെയ്തു അവള്‍ക്കു അയച്ചു കൊടുത്തു... അവള്‍ ആ ഫോട്ടോ കണ്ടു ഭയങ്കര ഇമ്പ്രഷനായി നമ്ര മുഖിയായി എന്നാണു പിന്നീട് അറിയാന്‍ കഴിഞ്ഞത് ..

ഇത് പോലൊരു യുവതി ഡൈവോഴ്സ് കേസ് ഫൈല്‍ ചെയ്തിരുന്നു .. നെഞ്ചില്‍ മുടിയില്ലാത്ത തന്റെ ഭര്‍ത്താവുമൊത്തു ജീവിക്കുവാന്‍ അവള്‍ക്കു കഴിയില്ലത്രേ !! ...സുന്ദരനും സുമുഖനുമായ ആ ചെറുപ്പക്കാരന്റെ ഒരേ ഒരു കുറവ് നെഞ്ചില്‍ അഞ്ചു മുടിയില്ല എന്നുള്ളതാണ് ..

കേസ് കോടതിയില്‍ പരിഗണനയില്‍ വന്നു .. കോടതി രണ്ടു പേരെയും കൌണ്‍സിലിങ്ങിനു വിട്ടു .. അവര്‍ യുവതിയെ പല തരത്തിലും പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും യുവതി അംബിലും വില്ലിലും അടുക്കില്ല എന്ന മട്ടിലായിരുന്നു ..

വീണ്ടും അവര്‍ കോടതിയില്‍ ഹാജരായി ... വാദി ഭാഗം വക്കീല്‍ ഭര്‍ത്താവിനോട് പല തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചു .. താങ്കളുടെ ഭാര്യയുടെ വാദം ശെരിയാണെന്ന് താങ്കള്‍ക്കു തോന്നുന്നുണ്ടോ ?

ഇല്ല ഒരിക്കലുമില്ല !! ... അവളുടെ രോഗം എനിക്കറിയാം !! .. പക്ഷെ ഞാന്‍ എന്ത് ചെയാനാണ് !! ... ദൈവം എന്നെ നെഞ്ചില്‍ രോമാമില്ലാതെ ജനിപ്പിച്ചു .. അതെന്റെ തെറ്റാണോ ? അയാള്‍ കോടതിയില്‍ തൂക്കിയിട്ടിരിക്കുന്ന ഗാന്ധിജിയുടെ ചിത്രം ചൂണ്ടി കാണിച്ചു കൊണ്ട് ജട്ജിയോടു ചോദിച്ചു ... ഗാന്ധിജിക്ക് നെഞ്ചില്‍ രോമമുണ്ടായിരുന്നോ ? യേശുവിനു നെഞ്ചില്‍ രോമമുണ്ടായിരുന്നോ ? ശ്രീരാമന് നെഞ്ചില്‍ രോമമുണ്ടായിരുന്നോ ? ശ്രീ ബുദ്ധന്റെ നെഞ്ചില്‍ രോമമുണ്ടായിരുന്നോ ? ? എന്തിനു വേറെ ബ്രൂസ്ലീയുടെ നെഞ്ചില്‍ രോമമുണ്ടായിരുന്നോ ? അവരെല്ലാം വഞ്ചകന്മാര്‍ ആയിരുന്നുവോ ? ഇതിനു ഉത്തരം പറയൂ യുവര്‍ ഓണര്‍ !!.. അയാള്‍ ജട്ജിയോടായി ചോദിച്ചു ...

അയാളുടെ ഈ ചോദ്യങ്ങള്‍ കേട്ട് വികാര വിവശനായ ജഡ്ജി എണീറ്റ്‌ നിന്ന് കയ്യടിക്കുവാന്‍ തുടങ്ങി ...
ജഡ്ജിയുടെ ഈ സന്തോഷം കണ്ടു അയാളടക്കം എല്ലാവരും അത്ഭുതപ്പെട്ടു !! ...

നന്നിയുണ്ട് ! .. ഞാന്‍ ഇത്രയും നാള്‍ മനസ്സില്‍ കൊണ്ട് നടന്ന ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരമാണ് താങ്കള്‍ തന്നത് !! ... ജഡ്ജി ആനന്ദ കണ്ണീര്‍ പൊഴിച്ചു !!...

ഞാന്‍ വിവാഹം കഴിച്ച നാള്‍ മുതല്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അപമാനമാണ് നെഞ്ചില്‍ അഞ്ചു മുടി ഇല്ലാ എന്നുള്ളത് !! .. തന്റെ ഭാര്യയില്‍ നിന്നും കേള്‍ക്കുന്ന കുത്ത് വാക്കുകള്‍ കേട്ട് എത്രയോ രാത്രികളില്‍ അസ്വസ്ഥനായി ഉറങ്ങാതെ ഇരിന്നിട്ടുണ്ട് ... ജഡ്ജി തെല്ലു ദുഖത്തോട്‌ കൂടി പറഞ്ഞു ..

അങ്ങനെ കേസിന് ഒരു പരിഹാരവുമാകാതെ കോടതി കയറി ഇറങ്ങി അയാളുടെ തലയിലെ മുടി കൂടി പൊഴിയുവാന്‍ തുടങ്ങി എന്നാണു അറിയാന്‍ കഴിഞ്ഞത് ...

എന്തായാലും ഇത് വായിക്കുന്ന നെഞ്ചില്‍ അഞ്ചു മുടിയില്ലാത്ത കൂട്ടുകാര്‍ ഇത്രയും നാള്‍ മനസ്സില്‍ കൊണ്ട് നടന്നിരുന്ന ആകുലതക്ക് ഒരു അവസാനമാകട്ടെ ഈ കുറിപ്പ് എന്ന് ആശിച്ചു പോവുകയാണ് .. "നത്തിംഗ് ഈസ് ഇമ്പോസിബിള്‍ ഇന്‍ ദിസ്‌ വേള്‍ഡ്" !! ആയതിനാല്‍ ധൈര്യത്തോടു കൂടി മുന്നോട്ടു നീങ്ങുക !!

വിശ്വകര്‍മ്മന്‍

മഴ പെയ്തു കഴിഞ്ഞാല്‍ തോട് കവിഞ്ഞൊഴുകും .തെങ്ങിന്‍ തടി കൊണ്ടുള്ള പാലം വഴിയാണ് വീട്ടില്‍ നിന്നും വരമ്പിലേക്ക്‌ പോകുവാനുള്ളത്.തെങ്ങിന്‍ പാലത്തില്‍ കൂടി സൂക്ഷിച്ചു നടന്നില്ലായെങ്കില്‍ കാലു വഴുതി തോട്ടിലേക്ക് വീഴും.പിന്നെ പറഞ്ഞിട്ട് കാര്യമില്ല ഏതെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കാണ് പോകുന്നതെങ്കില്‍ എല്ലാം അവതാളത്തിലാകും.കൊച്ചുനാളില്‍ മുത്തുരാമന്‍ അണ്ണന്റെ കൈ പിടിച്ചു സ്കൂളിലേക്ക് പോകുമ്പോള്‍ പലവട്ടം അണ്ണനും താനും കാലു വഴുതി തോട്ടിലേക്ക് വീണത്‌ രംഗന്‍ ഓര്‍ത്തു.ചളിയിലും ചേറിലും വീണു അടയാളം കണ്ടു പിടിക്കാന്‍ ആകാതെ തന്നെയും മുത്ത്‌ അണ്ണനെയും കണ്ടു അമ്മ അരിശത്തോടെ ഇങ്ങനെ പറയുമായിരുന്നു ... "സ്കൂളുക്ക് പോക വെണാന്ന ചൊന്നാ പോതുമേ ... ഏന്‍ ഇന്ത കണ്ട്രാവിയെല്ലാം" .. പിന്നെ ഞങ്ങളെ രണ്ടാളെയും കിണറ്റിന്‍ ചോട്ടിലിട്ടു ചവുട്ടി കഴുകലായി ... പിന്നെ മഴക്കാലത്ത് പനി പിടിച്ചു കിടക്കുക ... ബണ്ണും, ചുക്ക് കാപ്പിയും കുടിക്കുവാന്‍ പല വട്ടം തനിക്കു പനി വരണേയെന്നു താന്‍ പ്രാര്‍തിച്ചതായി രംഗന്‍ ഓര്‍ത്തു.

അപ്പ പെരുമാള്‍ ആചാരി ചാലയില്‍ നിന്ന് വരുമ്പോള്‍ കാക്കി സഞ്ചിയില്‍ നിറയെ മുറുക്കും,പലഹാരങ്ങളും കൊണ്ട് വരും...മുത്തു അണ്ണനും,താനും ബോളിക്കും ,ലടുവിനും വേണ്ടി തല്ലു പിടിക്കാറുണ്ട്.അപ്പാക്ക്‌ നല്ല ആഡറുകള്‍ വരുമ്പോഴാണ് ഞങ്ങള്‍ക്ക് ആഘോഷം.താലി,വളകള്‍,മാലകള്‍,കമ്മലുകള്‍ ഒട്യാണങ്ങള്‍ തുടങ്ങി എല്ലാ ആഭരണങ്ങളും അപ്പ വളരെ ഭംഗിയായി കരവിരുതുകളോടെ ചെയ്തു കൊടുക്കുമായിരുന്നു.ചാലയിലെ വന്ബന്‍ സ്വര്‍ണ്ണ കടക്കാര്‍ക്ക് പെരുമാള്‍ ആചാരി പ്രിയങ്കരനായിരുന്നു.പണിയിലെ സത്യ സന്ധതയും,സമയത്തിനു ആഭരണങ്ങള്‍ പണി തീര്‍ത്തു കൊടുക്കുന്നത് കൊണ്ടുമാണ് അപ്പയെ എല്ലാരും ഇഷ്ടപ്പെട്ടിരുന്നത്.മാത്രമല്ല നാട്ടിലെ പെണ്‍ കുഞ്ഞുങ്ങള്‍ക്ക്‌ കാത്തു കുത്തുന്നതിനും,കല്യാണ താലികള്‍ ചെയ്തു കൊടുക്കുന്നതിനും നാട്ടുകാര്‍ അപ്പയെ തന്നെ ആശ്രയിച്ചു പോന്നിരുന്നു.താനും മുത്തു അണ്ണനും രാത്രി ഉറക്കമൊഴിച്ചു അപ്പയെ സഹായിച്ചു പോന്നു.പൊന്നുരുക്കുവാന്‍ ഉലയൂതിയിരുന്നത്‌ താനും,ആഭരണങ്ങളുടെ അവസാന മിനുക്ക്‌ പണികള്‍ ചെയ്തിരുന്നത് മുത്തു രാമന്‍ അണ്ണന്മായിരുന്നു.സ്വര്‍ണ്ണം വീടിന്റെയും നാടിന്റെയും സമ്പത്തും ഐശ്വര്യമാനെന്നും അതിനെ നോവിക്കാതെ ക്ഷമയോടും കരുതലോടും കൂടി മാത്രമേ ഒരു ആചാരി അതിനു രൂപങ്ങള്‍ മെനയാവൂ എന്നും അപ്പാ തങ്ങള്‍ക്കു പറഞ്ഞു തന്നിരുന്നു.

അങ്ങനെ സന്തോഷത്തോടെ ജീവിച്ചു പോന്നിരുന്ന തങ്ങള്‍ക്കിടയില്‍ ഒരു ദുരന്തമായി അപ്പായുടെ വിയോഗം.പെട്ടെന്നൊരു ദിവസം പണി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അപ്പാ കുഴഞ്ഞു വീണത്‌.മാരിയമ്മന്‍ കുടക്കു ദേവിക്ക് ചാര്‍ത്താന്‍ സ്വര്‍ണ്ണ പൊട്ടു ഉണ്ടാക്കുകയായിരുന്നു.ഹൃദയ സ്തംഭനം ആയിരുന്നു.കുഴഞ്ഞു പോയ നാക്ക് കൊണ്ട് എന്തോ അവ്യക്തമായി പറഞ്ഞു കൊണ്ട് മുത്തു അണ്ണന്റെ കയ്യില്‍ അമ്മയുടെയും,തന്റെയും കൈ പിടിച്ചു കൊണ്ട് സ്നേഹ നിധിയായ അപ്പാ എന്നെന്നേക്കുമായി കണ്ണുകളടച്ചു.പിന്നെ അപ്പായുടെ ജോലികള്‍ എല്ലാം തന്നെ മുത്തു അണ്ണന്‍ ഏറ്റെടുത്തു ചെയ്യുവാന്‍ തുടങ്ങി.അണ്ണന്‍ എട്ടാം ക്ലാസ് വരെയേ പോയുള്ളൂ..അണ്ണന്‍ പഠിത്തം നിര്‍ത്തി മുഴുവന്‍ സമയവും കുല തൊഴിലില്‍ വ്യാപ്രതനായി.താനും അണ്ണനെ സഹായിച്ചു കൊണ്ട് കാലങ്ങള്‍ നീക്കി.അണ്ണന് വിവാഹ പ്രായം ആയി എന്ന് ബോധ്യമായപ്പോള്‍ അമ്മ അണ്ണനെ വിവാഹം കഴിക്കുവാന്‍ പ്രേപ്പിച്ചു.അങ്ങനെ പെണ്ണ് കാണാന്‍ പോയി.ആര്യ ശാലയിലെ അമ്മയുടെ ആങ്ങള മണി മാമന്റെ മകള്‍ വള്ളിയമമാള്‍.അണ്ണന്റെ മുറ പെണ്ണ് ആണ്.മഹാ ലക്ഷ്മി തോറ്റു പോകും മധിനിയെ* കണ്ടാല്‍.

അങ്ങനെ മധിനി വലതു കാലു വച്ച് തങ്ങളുടെ ജീവിതത്തില്‍ കയറി വന്നു.അമ്മയെ സ്വന്തം അമ്മയായും തന്നെ സ്വന്തം മകനായും മധിനി സ്നേഹിച്ചു പോന്നു.മുത്തു അണ്ണന്‍ മുന്ബത്തെക്കാളും സന്തോഷവാനായും പ്രസന്ന വദനായും കണ്ടു.അണ്ണന്‍ അപ്പയെ പോലെ ചാലയില്‍ നിന്നും വരുമ്പോള്‍ മുറുക്കും പലഹാരങ്ങളും കൊണ്ട് വന്നിരുന്നു.കൂട്ടത്തില്‍ കുറെ കുപ്പി വളകളും,ചാന്തും,പൊട്ടുകളും,അലുവയും,മുല്ലപ്പൂവും കൊണ്ട് വന്നിരുന്നു.ആദ്യമാദ്യം അതെന്തിനാണ് എന്ന് മനസിലായില്ല.പിന്നെ പിന്നെ പ്രഭാതങ്ങളില്‍ ഉറക്കമെണീട്ട് വരുമ്പോള്‍ മധിനിയുടെ തലയില്‍ അണ്ണന്‍ തലേന്ന് കൊണ്ട് വന്ന മുല്ല പൂക്കള്‍ വാടിയിരിക്കുന്നതു കാണാമായിരുന്നു.ഒരു ദിവസം കോലായില്‍ കുനിഞ്ഞിരുന്നു മധിനി ചര്ധിക്കുന്നുണ്ടായിരുന്നു.പിന്നെ ഓരോ മാസവും മധിനിയുടെ വയറു വീര്‍ത്തു വീര്‍ത്തു വന്നു.അണ്ണന്‍ ചാലയില്‍ നിന്നും വരുമ്പോള്‍ പല തരത്തിലുള്ള പലഹാരങ്ങള്‍ കൊണ്ട് വരാന്‍ തുടങ്ങി.അങ്ങനെ മധിനി പ്രസവിച്ചു.പെണ്‍ കുഞ്ഞു.അവള്‍ക്കു പേരിട്ടു രത്തിനം.

എന്തോ രത്തിനം ജനിച്ചതിനു ശേഷം അണ്ണന്റെ ആ സന്തോഷവും പ്രസരിപ്പുമെല്ലാം അങ്ങ് പോയി.അണ്ണന്‍ എപ്പോഴും ദുഖിചിരിക്കുന്നത് കാണാം.യുവത്വത്തിന്റെ പടി വാതില്‍ക്കല്‍ നില്‍ക്കുന്ന തനിക്കു ഇപ്പോള്‍ കാര്യങ്ങള്‍ ഊഹിചെടുക്കുവാന്‍ വല്യ പ്രയാസമില്ല.മുത്തു അണ്ണന് ഒരു ആണ്‍ കുഞ്ഞിനെ വേണം.തന്റെ വാരിസ് ആയി ഒരു ആണ്‍ തരി.പിന്നെയും അണ്ണന്‍ മുല്ല പൂക്കളും,അലുവയും വാങ്ങി വന്നു.മധിനി പല വട്ടം ചര്‍ദിച്ചു.ഒന്നിന് പുറകെ ഒന്നായി പെണ്‍ കുഞ്ഞുങ്ങള്‍.മൊത്തം ആറു പെണ്‍ കുട്ടികള്‍.അവസാനത്തെ മകള്‍ അഭിരാമി.അണ്ണന്‍ തീരാ ദുഖതിലായി.സമയത്തിന് ആഹാരമില്ല.ജോലിയില്‍ ശ്രദ്ധ ഇല്ല.ഇടയ്ക്കിടയ്ക്ക് അണ്ണന്‍ കുടിച്ചു വരുവാനും തുടങ്ങി.ദിവസവും മധിനിയുമായി വഴക്കിടും.അവര്‍ കുഞ്ഞുങ്ങളെയും കെട്ടി പിടിച്ചു കരഞ്ഞു കൊണ്ടിരിക്കും.അണ്ണന്റെ പീഡനങ്ങള്‍ കണ്ടു നെഞ്ചു പൊട്ടി അങ്ങനെ അമ്മയും യാത്രയായി.ഒരു പരിഭവങ്ങളും പരാതികളും ഇല്ലാത്ത ലോകത്തേക്ക്.അപ്പ പോയ അതെ വഴിയില്‍.

അങ്ങനെ താന്‍ ഈ ലോകത്ത് തീര്‍ത്തും അനാഥമായത് പോലെ തോന്നി ആ നാളുകളില്‍.അണ്ണനെ ഗുണ ദോഷിക്കാന്‍ തനിക്കു ആകുമായിരുന്നില്ല.മണി മാമന്‍ കുറെയൊക്കെ ഉപദേശിച്ചു നോക്കി.ആറ്റുകാല്‍ കൊണ്ട് പോയി ഭജനയിരുത്തി നോക്കി ഒരു രക്ഷയുമില്ല.തല്ലണ്ട അമ്മാവാ ഞാന്‍ നന്നാകില്ല എന്ന അണ്ണന്റെ പോക്ക് നാള്‍ക്കു നാള്‍ വഷളായി. അണ്ണന്‍ മുഴു കുടിയനായി.ഏറ്റെടുക്കുന്ന പണികള്‍ ഒന്നും ചെയ്തു കൊടുക്കാറില്ല.സമയത്തിന് വീട്ടില്‍ വരാതെയായി.ചാല കമ്പോളത്തില്‍ അപ്പാ പെരുമാള്‍ ആചാരി ഉണ്ടാക്കിയെടുത്ത വിശ്വാസവും,വ്യക്തിത്വവും മുത്തുരാമന്‍ അണ്ണന്‍ ചാരായത്തിന്റെ ലഹരിക്കായ് പണയം വച്ചു.

തോട്ടിലൂടെ കുത്തിയൊഴുകുന്ന മഴ വെള്ളത്തിന്‌ മുകളില്‍ യാന്ത്രികമായി ആ തെങ്ങിന്‍ തടിയില്‍ കാലു വക്കുമ്പോള്‍ രംഗന്റെ കാലുകള്‍ വിറക്കുന്നതു പോലെ തോന്നി.തെങ്ങിന്‍ തടി ഇളകിയാടുന്ന പോലെ തോന്നി.അയാളുടെ ശരീരം വിയര്‍ത്തു.തലയില്‍ കൊള്ളിയാന്‍ മിന്നി.എഴുപതിനോട് അടുക്കുന്ന ആ വൃദ്ധന്റെ കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി.ഇത് പോലൊരു മഴയത്താണ് മുത്തു അണ്ണന്‍ !! കള്ള് കുടിച്ചു ബോധ രഹിതനായി വന്ന മുത്തു അണ്ണന്‍ ഈ തെങ്ങിന്‍ തടിയില്‍ കാലു വഴുതി വെള്ളത്തില്‍ വീണത്‌.പിറ്റേന്ന് രാവിലെ കറവക്കാരന്‍ രാജയ്യനാണ് അത് കണ്ടത്. തോട്ടു വെള്ളത്തില്‍ മരിച്ചു പൊന്തി കിടക്കുന്ന മുത്തു രാമന്‍ അണ്ണന്‍. ആറു പെണ്‍ കുട്ടികളെയും,മധിനിയെയും തന്നെയും അനാഥരാക്കി കടന്നു പോയ സ്വാര്‍തനായ മുത്തു രാമന്‍ അണ്ണന്‍.പിന്നെ അനാഥരായ മധിനിക്കും കുട്ടികള്‍ക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വക്കുകയായിരുന്നു.വിവാഹം കഴിച്ചില്ല.താന്‍ വിവാഹം കഴിച്ചാല്‍ മധിനിക്കും കുട്ടികളെയും നോക്കാന്‍ കഴിയില്ല.രാ പകലില്ലാതെ പണിയെടുത്തു ആറു കുട്ടികളെയും പഠിപ്പിച്ചു... വല്ല വിധേനെയും അഞ്ചു പേരെയും കെട്ടിച്ചു വിട്ടു... അവര്‍ നല്ല രീതിയില്‍ ജീവിക്കുന്നു...ഇനിയുള്ളത് അഭിരാമി മാത്രം.അവള്‍ സോഫ്റ്റ്‌വെയര്‍ എന്ജിനീരിംഗ് ഫസ്റ്റ്‌ ക്ലാസ്സില്‍ പാസ്സായി നില്‍ക്കുന്നു.ഇപ്പോള്‍ ടെക്നോ പാര്‍ക്കില്‍ ജോലിയും ശെരിയായിട്ടുണ്ട്.. അടുത്ത മാസം ജോയിന്‍ ചെയ്യണം.

അവള്‍ക്കു ഒരാലോചന വന്നിട്ടുണ്ട് .കണിയാരെ കാണാനുള്ള യാത്രയിലാണ്.കണ്ണും അത്ര കാണുന്നില്ല.മുടിയെല്ലാം നരച്ചു പഞ്ഞി കേട്ട് പോലെയായി.മധിനിക്ക് എണീറ്റ്‌ നടക്കാന്‍ കഴിയില്ല.കാഴ്ചയും മങ്ങിയിട്ടുണ്ട്...മക്കള്‍ക്ക്‌ വേണ്ടി ജീവിതത്തിലെ സ്വന്തം സുഖങ്ങള്‍ ത്യജിച്ച രണ്ടു വ്യക്തികളാണ് മധിനിയും താനും....

ചിത്തപ്പാ !! ... അഭിരാമിയാണ് !! ...

എന്ന മക്കാ ?

ഏന്‍ കുടയേടുക്കാമേ പോകിറായ് ?

അഭിരാമി കുടയുമായി മര തടിയുടെ നടുവില്‍ എത്തി.കുട അവളുടെ കയ്യില്‍ എത്തി പിടിക്കുംബോഴേക്കും അയാള്‍ വെള്ളത്തിലേക്ക്‌ വഴുതി വീണു....ധരിച്ചിരുന്ന തൂ വെള്ള വേഷ്ടിയും ഷര്‍ട്ടും ഒക്കെ ചേറും ചളിയുമായി.വല്ല വിധേനെയും അയാളെ അവള്‍ വലിച്ചു വീണ്ടും പടവുകളിലേക്ക് കയറ്റി ... അവള്‍ തന്റെ ചിത്തപ്പായെ കൊച്ചു കുട്ടിയെ പോലെ കൈ പിടിച്ചു നടത്തി വീടിന്റെ വടക്ക് ഭാഗത്തുള്ള കിണറ്റിന്‍ ചോട്ടില്‍ കൊണ്ട് പോയി.... എന്നാ ആച്ച് അഭീ ? മധിനിയാണ്. ചിത്തപ്പാ തോട്ടിലെ വിളുന്തിട്ടാ !! ...

ഏന്‍ അവനുക്ക് ഇന്ത വമ്പു ? ... മള മുടിന്‍ചതുക്കു പിറകു പോക കൂടാതാ ? മധിനി വേച്ചു വേച്ചു കിണറ്റിന്‍ കരയില്‍ വന്നു വെള്ളം കോരി രംഗന്റെ ദേഹത്ത് ഒഴിക്കാന്‍ തുടങ്ങി .. കൂട്ടത്തില്‍ സ്നേഹത്തിലുള്ള ശകാരങ്ങളും !!... രംഗന്‍ അപ്പോള്‍ തന്റെ അണ്ണന്‍ മുത്തു രാമനെ ഓര്‍ത്തു.അപ്പാ പെരുമാള്‍ അചാരിയെ ഓര്‍ത്തു...അമ്മ സീതംബാളെ ഓര്‍ത്തു .... എല്ലാരും സമന്ന്വയിച്ച ഒരു രൂപമായിരുന്നു അപ്പോള്‍ മധിനിയുടെത്... ആ കണ്ണുകളില്‍ വാത്സല്ല്യത്തിന്റെ നിറ ദീപം തെളിയുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നു.അയാള്‍ ഒരു കൊച്ചു കുട്ടിയായി മാറുകയായിരുന്നു.

മധിനി : ജേഷ്ഠ ഭാര്യ

"വാജി തൈലം"

പണ്ടൊക്കെ ഓടിക്കിതച്ചു എത്തുമായിരുന്നു !
മുന്ബോട്ടും പുറകോട്ടും നോക്കാതെ വാരിപ്പുണരും !
രോമകൂപങ്ങളില്‍ മോഹ ദ്രവമൊഴുക്കും !
ദേഹമാസകലം തീ കോരിയിടും !
ആ തീയാറും മുന്പേ കനല്‍ക്കട്ടയില്‍
വെള്ളമൊഴിച്ച് കടന്നു കളയും !!.....
ഇപ്പോള്‍ അങ്ങേര്‍ക്കു അതിനു പോലും നേരമില്ല !
എപ്പോഴും കമ്പ്യൂട്ടറില്‍ കുത്തി കളിച്ചു കൊണ്ടിരിക്കും !
കിടക്കയില്‍ നീയാരോ ഞാനാരോ താനാരോ തന്നാരോ...
"കള്ളന്‍" .... ഇനി ഞാന്‍ വിടില്ല ! ...
കയ്യില്‍ "വാജി തൈലം" കരുതിയിട്ടുണ്ട് ! ....

ഒപ്പ്

ആശുപത്രി കിടക്കയില്‍ ജനിച്ചു വീണപ്പോള്‍ ലിംഗ നിര്‍ണ്ണയത്തിനായ്‌ ഡോക്ടര്‍ ആണ് ആദ്യമായി ഒപ്പ് ഇട്ടതു.

അച്ഛനും അമ്മയും തന്റെ പൊന്നോമനയെ ഏറ്റു വാങ്ങുമ്പോള്‍ ഇട്ടു ഓരോ ഒപ്പ്...

ആദ്യാക്ഷരം കുറിക്കാന്‍ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ രക്ഷ കര്‍ത്താവിന്റെ കോളത്തില്‍ അച്ഛനിട്ടു വീണ്ടുമൊരു ഒപ്പ്.

പഠിച്ചു പഠിച്ചു ഓരോ ബിരുദങ്ങള്‍ ഏറ്റു വാങ്ങുവാനും ഇട്ടു ഓരോ ഒപ്പുകള്‍.

ജോലിയുടെ തുടക്കത്തിലും ഇട്ടു ഒരൊപ്പ്,പിന്നെ മാസാ മാസം ശമ്പളം വാങ്ങുവാനും ഇട്ടു ഒപ്പുകള്‍.

ജോലി രാജി വച്ച് ബിസിനസ്സിലേക്ക്‌ ഇറങ്ങിയപ്പോള്‍ മണിക്കൂറില്‍ ഒരിക്കല്‍ ഒപ്പുകള്‍ ഇടുവാന്‍ തുടങ്ങി.

പ്രണയം മൂത്ത് സ്നേഹിച്ചവളെ സ്വന്തമാക്കാന്‍ രെജിസ്ടര്‍ ഓഫീസിലും ഇട്ടു ഒരൊപ്പ് ....

സ്നേഹിച്ചു സ്നേഹിച്ചു സ്നേഹം വിരസമായപ്പോള്‍ വീണ്ടുമിട്ടു ഒരൊപ്പ് പിരിയുവാന്‍ എന്നെന്നേക്കുമായി ....

ഈ ഒപ്പുകള്‍ക്കിടയില്‍ ഹൃദയത്തില്‍ പതിച്ച ഒപ്പുമായി അവന്‍ പിറന്നിരുന്നു .... അച്ഛന്റെ മകന്‍ !!

ഈ അവസാനമില്ലാത്ത ഒപ്പുകള്‍ക്കിടയില്‍ അവന്‍ വളര്‍ന്നു വന്നു.

എന്താണ് എന്നറിയില്ല ഇപ്പോള്‍ അവനും ഒപ്പിടാന്‍ പഠിക്കുകയാണ് !!...

ഏതോ ഒരാശുപത്രിയുടെ മൂലയില്‍ അവന്റെ അച്ഛന്റെ അനാഥമായ വിറങ്ങലിച്ച മൃത ശരീരം
ഏറ്റു വാങ്ങുവാന്‍ അവനും ഇടണ്ടേ ഒരു ഒപ്പ് ?

കുരിശ്

നിങ്ങള്‍ നിവര്‍ന്നു നിന്ന് കൈകള്‍ രണ്ടും
സമാന്തരമായി ഉയര്‍ത്തി പിടിച്ചു നോക്കൂ !!

നിങ്ങള്‍ സ്വയം ഒരു കുരിശായി തോന്നുന്നില്ലേ ?

ചിലപ്പോള്‍ ഏതെങ്കിലും നീതിമാന്റെ രക്തം നിങ്ങളുടെ
തലയിലൂടെ ഒഴുകി നാഭിയില്‍ തളം കെട്ടി വീണ്ടും
പാദങ്ങളില്‍ വീണു ചിന്നി ചിതറിയെക്കാം !!

അവന്റെ വിയര്‍പ്പിലുതിരുന്ന ഉപ്പു കണങ്ങള്‍
ഇന്നലെ വിധിക്കാന്‍ കഴിയാതെ പോയ
മാനവ നീതിയുടെ അവശേഷിപ്പുകള്‍ ആയിരിക്കാം !!

അതെ സുഹൃത്തേ, നിങ്ങള്‍ കുരിശും
നിങ്ങള്‍ വഹിക്കുന്നത് ആ നീതിമാനായ ദൈവത്തെയും !!

അവനെ ഒറ്റാന്‍ മുപ്പതു വെള്ളി കാശുകള്‍ കിലുങ്ങുന്നുണ്ട്‌ ...
അതെടുക്കാന്‍ അവനെ തള്ളി താഴെയിടൂ !! ...

എന്നിട്ട് നാളെ നമുക്ക് ആഘോഷിക്കാം
രക്ത സാക്ഷിയായ തമ്പുരാന്റെ
സഹനവും ഉയിര്‍ത്തെഴുന്നെല്പ്പും !!

പ്രേതം

തമ്പുരാന്റെ നീതി പീഠത്തില്‍ അയാള്‍ കൂപ്പു കൈകളോടെ വിനീതനായി നിന്നു ...

ഭൂമിയില്‍ നീ ഒത്തിരി യാതനകള്‍ അനുഭവിച്ചു അല്ലെ ? ദൈവം

അതെ സര്‍വേശ്വരാ !! .. അയാള്‍ വിനീതനായി പറഞ്ഞു ...

നിനക്ക് പട്ടിണിയും പരിവട്ടവും ആയിരുന്നു അല്ലെ ?

ഈ പട്ടിണിയും,യാതനകള്‍ക്കും മുന്പ് നീ ഒരുപാട് ധനവാന്‍ ആയിരുന്നല്ലോ ?

എന്തെ എല്ലാം നഷ്ടപ്പെട്ടു ?

തമ്പുരാനെ അതിനു കാരണം എന്റെ അമിതമായ ലൈന്കീക ആസക്തിയും,ചൂത് കളിയും,മദ്യപാനവും ആയിരുന്നു !!....

എന്റെ ദുര്‍ നടപ്പ് കാരാണം എനിക്ക് എല്ലാം നഷ്ടമായി ...

എന്റെ കുട്ടികളും ഭാര്യയും എന്നോടൊപ്പം തെണ്ടാനിറങ്ങി .....

ജീവിത സത്യങ്ങള്‍ മനസിലാക്കി വന്നപ്പോഴേക്കും അങ്ങ് എന്നെ തിരിച്ചു വിളിച്ചു ! .... ഭാര്യയും കുട്ടികളും അനാഥരായി ! ....

ഹും ! .... ചിത്ര ഗുപ്താ .... ഇവന്റെ കണക്കു പുസ്തകം തുറക്കൂ .... ദൈവം ആജ്ഞാപിച്ചു !!

ചിത്ര ഗുപ്തന്‍ അയാളുടെ കണക്കു പുസ്തകം തുറന്നു ....

ചിത്ര ഗുപ്തന്റെ നെറ്റി ചുളിഞ്ഞു !!!!

എന്തായി ചിത്ര ഗുപ്താ ? .... ദൈവം അക്ഷമനായി ചോദിച്ചു ...

ഭഗവാനെ ഇയാള്‍ ഭൂമിയില്‍ ചെയ്ത നന്മകള്‍ തുലോം കുറവാണ് ! ... തിന്മകള്‍ കൂടുതലും !!!

ഹും ... ദൈവം ഒന്ന് കൂടി ആലോചിച്ചു .... എന്നിട്ട് അയാളോട് പറഞ്ഞു ...

നിനക്ക് സ്വര്‍ഗം നിഷിദ്ധമാണ് !... നരകത്തിലേക്ക് പോകേണ്ടി വരും !.....

അങ്ങയുടെ കല്‍പ്പനകള്‍ ഞങ്ങള്‍ മനുഷ്യര്‍ക്ക്‌ നിഷേധിക്കാന്‍ കഴിയില്ലല്ലോ !! ... എല്ലാം അങ്ങയുടെ ഇഷ്ടം പോലെ ....അയാള്‍ വിനീതനായി മൊഴിഞ്ഞു ....

ചിത്രഗുപ്താ !...

എന്തോ തിരു മനസ്സേ ! .... ചിത്രഗുപ്തന്‍ ഓടിയെത്തി ...

കിങ്കരന്മാരെ വിളിക്കൂ ... ഇവനെ കറുത്ത വസ്ത്രം ധരിപ്പിച്ചു നരകത്തിലേക്ക് കൂട്ടി കൊണ്ട് പോകൂ .... ദൈവം കല്‍പ്പിച്ചു !!

അടിയന്‍ ! .... ഉത്തരവ് !....

ചിത്രഗുപ്തന്‍ കൈ കൊട്ടിയതും കിങ്കരന്മാര്‍ പ്രത്യക്ഷപ്പെട്ടു ...

അവര്‍ ആ മനുഷ്യനെ കറുത്ത വസ്ത്രം ധരിപ്പിച്ചു നരകത്തിലേക്ക് കൂട്ടി കൊണ്ട് പോയി ...

ദൈവവും ചിത്ര ഗുപ്തനും പുറകെ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു ...

സാധാരണ ഭൂമിയില്‍ ദൈവം എല്ലാര്‍ക്കും മുന്പേ നടന്നു വഴി കാണിക്കുമായിരുന്നു ... ഇവിടെ നരക യാത്രയില്‍ അങ്ങ് പുറകെ നടന്നു അയാളെ ഓര്‍ത്തു പരിതപിക്കുന്നുണ്ടായിരുന്നു ....

നരകത്തില്‍ എത്തിയതും അയാള്‍ അത്ഭുതത്തോടെ ചുറ്റും നോക്കി !!..

എല്ലായിടത്തും താന്‍ ഭൂമിയില്‍ കണ്ടിട്ടില്ലാത്ത നികൃഷ്ട ജീവികള്‍ !! ...

രൂക്ഷമായ ഗന്ധം !!....

അവിടെയവിടെയായി അഗ്നി ആളി കത്തുന്നു !! ...

കുറെ ആത്മാക്കള്‍ അതില്‍ വെന്തുരുകുന്നു !....

അവരുടെ രോദനങ്ങള്‍ കേള്‍ക്കാമായിരുന്നു !! ...

അവര്‍ ദൈവത്തെ കണ്ടതും ആര്‍ത്തു വിളിക്കുവാന്‍ തുടങ്ങി .... മഹാ പ്രഭോ ഞങ്ങളെ ഈ നരകാഗ്നിയില്‍ നിന്നും രക്ഷിക്കൂ !!...ഞങ്ങളെ ശിക്ഷിച്ചത് മതിയായില്ലേ ദയാ നിധെ ?

ദൈവം ആ രോദനങ്ങള്‍ ഒന്നും ചെവിക്കൊള്ളാതെ തിരിഞ്ഞു നിന്നു അവരുടെ ദുരിതതെയോര്‍ത്തു പരിതപിച്ചു ....

ഭൂമിയില്‍ നിങ്ങള്‍ ചെയ്ത പാപങ്ങളുടെ ഭലമാണ് നിങ്ങള്‍ അനുഭവിക്കുന്നത് ....ദൈവ നിയമങ്ങള്‍ പാലിക്കപ്പെടണം ... അല്ലായെങ്കില്‍ പ്രപഞ്ച നിയമങ്ങള്‍ വൃഥാവിലാകും !!!

ഇതെല്ലാം കണ്ടു കൊണ്ട് അയാള്‍ ഒരു ചെറു പുഞ്ചിരിയോടെ നിന്നു ...

അത് കണ്ടു ദൈവം അത്ഭുതപ്പെട്ടു !! ...

കുറച്ചു സമയത്തിനുള്ളില്‍ നരകാഗ്നിയില്‍ വെന്തുരുകേണ്ട നീ എന്തിനാണ് ചിരിക്കുന്നത് ? ദൈവം അയാളോട് ചോദിച്ചു ....

ഇല്ല ഭഗവാനെ ഇതിനേക്കാള്‍ വല്യ നരകാഗ്നി ഞാന്‍ ഭൂമിയില്‍ അനുഭവിച്ചതല്ലേ ...അതില്‍ കൂടുതല്‍ എനിക്ക് എന്ത് ശിക്ഷയാണ് വിധിക്കാന്‍ പോകുന്നത് എന്നോര്‍ത്ത് ചിരിച്ചതാ ...

ദൈവം ആകെ ആശയ കുഴപ്പത്തിലായി ... നീയെന്താ പറഞ്ഞു വരുന്നത് ?

അതെ .. അങ്ങ് എന്നെ ഭൂമിയിലേക്ക്‌ തന്നെ തിരിച്ചയക്കൂ !! ...

ഇതില്‍ വല്യ നരകം അതാണ്‌ ....അവിടെ ഞാന്‍ ഇതിലും വല്യ ശിക്ഷ അനുഭവിച്ചവനാണ് ....

ഇനി ഒരു പ്രേതമായി ഞാന്‍ അവിടെ അലഞ്ഞു തിരിഞ്ഞു നടന്നോളാം അതില്‍ പരം ശിക്ഷ അങ്ങക്ക്‌ നരകത്തില്‍ നടത്താന്‍ കഴിയില്ലാ ....

അങ്ങനെയാണോ ? അപ്പൊ നിനക്ക് ഭൂമിയിലേക്ക്‌ തന്നെ പോകണം അല്ലെ ?

അതെ പ്രഭോ അങ്ങെന്നെ ആ വല്യ നരകത്തിലേക്ക് തിരിച്ചു അയച്ചാലും ...

ചിത്രഗുപ്താ ...

അടിയന്‍ !!

ഇയാളെ വെള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ചു ഭൂമിയിലേക്ക്‌ തിരിച്ചയക്കൂ ... അയാള്‍ പറയുന്നതിലും കാര്യമുണ്ട് ... ഈ നരകത്തേക്കാള്‍ വല്യ നരകം ഭൂമി തന്നെ !!

ഞാന്‍ അവനല്ലേയ് !!

ഡേയ് നീയെവിടേ ടെ ? എന്തായി വല്ലതും തടഞ്ഞോ ?

അണ്ണാ ഞാന്‍ ഇപ്പൊ പാളയം ചന്തക്കടുത്താണ്!
.
നീ ഒരു കാര്യം ചെയ്യ് ഏതെങ്കിലും കെ എസ് ആര്‍ ടീ സീ ബസില്‍ കേറി നോക്ക്.വല്ലതും തടയും ...

ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കെടെ ! ഇന്‍വെസ്ടിഗേറ്റീവ് ജേര്‍ണലിസം എന്നും പറഞ്ഞു തേരാ പാരാ ഊശാന്‍ താടിയും മുഴിഞ്ഞ സഞ്ചിയുമായി ബീഡിയും വലിച്ചു നടന്നാല്‍ വാര്‍ത്തകള്‍ കിട്ടൂല !

വാര്‍ത്തകള്‍ ഇല്ലാങ്കില്‍ ഉണ്ടാക്കി എടുക്കണം അതാണ്‌ മിടുക്ക് ...അല്ലായെങ്കില്‍ ഈ മേഖലയില്‍ തുടരാന്‍ ബുദ്ധിമുട്ടാണ് ..

അണ്ണാ എനിക്ക് ഒന്നും മനസിലാകുന്നില്ല !

നിനക്ക് പോകെ പോകെ മനസിലായി കൊള്ളും ! അതവിടെ നില്‍ക്കട്ടെ.

വൈകുന്നേരം അഞ്ചു മണിക്ക് മുന്ബെ എന്തെങ്കിലും തപ്പിയെടു !! അല്ലായെങ്കില്‍ നിന്റെയും എന്റെയും ജോലി ... ഗോവിന്ദ .. ഗോവിന്ദാ ..

ശെരി അണ്ണാ ... ഞാന്‍ ശ്രമിക്കാം ..

ഡേയ് ശ്രമിച്ചാല്‍ പറ്റൂല! ... പെട്ടെന്നാവട്ടെ !!

ഇപ്പൊ എന്ത് ചെയ്യും ? പ്രത്യേകിച്ച് ഒരു വാര്‍ത്തയും ഇല്ലാത്ത നേരത്ത് ..

അഥവാ ഉണ്ടെങ്കില്‍ തന്നെ അതൊക്കെ ആണ്‍ പിള്ളേര് അടിച്ചോണ്ട് പോകും .... ആയിരം ചാനലുകളല്ലയോ ?

രാവിലെ തൊട്ടു വൈകുന്നേരം വരെ വെയിലും കൊണ്ട് നടന്നാല്‍ എന്തെങ്കിലും ചെറിയ വാര്‍ത്തകള്‍ കിട്ടും .. അത് സന്തോഷത്തോടെ റിപ്പോര്‍ട്ട് ചെയ്യുമ്പോഴേക്കും അത് അന്ന് വൈകുന്നേരം തന്നെ ഏതെങ്കിലും ചാനല്‍ ന്യൂസില്‍ വന്നിട്ടുണ്ടാകും !!

വീണ്ടും സെല്‍ ഫോണ്‍ ചിലച്ചു .... ഡേയ് പ്രദീപേ എന്തായി ഡേയ് ? വല്ലതും കിട്ടിയോ ?

ഇല്ല അണ്ണാ ! .... നിങ്ങള് ഒന്ന് അടങ്ങിന്‍ ! ... ഞാന്‍ നോക്കട്ടെ ! ... ഡേയ് പെട്ടെന്ന്! ... സമയം പോണു! ....

ഹോ ഇങ്ങേരെ കൊണ്ട് തോറ്റു ... ഞാന്‍ എവിടെ പോകും ഇപ്പൊ ന്യൂസിനു !! പ്രദീപ്‌ പിറു പിറുത്തു ....

പെട്ടെന്നാണ് പട്ടം,ശ്രീകാര്യം കെ എസ ആര്‍ ടീ സീ ബസ് വന്നു നിന്നത് ....

പ്രദീപ്‌ ബസിലേക്ക് ചാടി കയറി ...

ഹോ എന്തൊരു തിരക്ക് ! ....ഹും ഇതൊക്കെ അനുഭവിച്ചല്ലേ പറ്റൂ ക്രിയാത്മകമായ പത്ര പ്രവര്‍ത്തനത്തിന് ! ...

ടിക്കെറ്റ്,ടിക്കെറ്റ് ... കണ്ടക്ടര്‍ പ്രദീപ്നിനു നേരെ കൈ നീട്ടി ....

ചാനല്‍! ...ചാനല്‍! ... എന്തരു ചാനല് ? കണ്ടക്ടര്‍ കണ്ണുരുട്ടി കാണിച്ചു ....

ഹും ! .... പോലീസുകാര്‍ക്ക് ഒക്കെ ഫ്രീയാണ് ... ചാനലു കാരെ കണ്ടാലേ ലവന്മാര്‍ക്കു അത്ത ചതുര്‍ഥി പോലെയാണ് ... പ്രദീപ്‌ പോക്കറ്റില്‍ നിന്നും കാശ് എടുത്തു കണ്ടക്ടര്‍ക്ക് നേരെ നീട്ടി .. ഒരു പട്ടം ...

വീണ്ടും ഫോണ്‍ ചിലച്ചു ... ഹലോ ....മറു വശത്ത് നിന്നും ഹലോ ... ഡേയ് പ്രദീപേ എന്തായി ?

അണ്ണാ ഒന്ന് ഷെമി അണ്ണാ ! ..

അണ്ണാ ... ഹോള്‍ഡ്‌ ഓണ്‍ ! ഫോണ്‍ വയ്ക്കല്ലേ !!

ഡേയ് എന്തോന്ന് ? നീ വല്ലതും കണ്ടു പേടിച്ചാ ?

ഇല്ല അണ്ണാ ... ഒരു സംഭവം ഉടനെ ന്യൂസ് ആകും ! ... എന്തുവാടേ ?

അണ്ണാ എന്റെ മുന്പില്‍ ഒരാള്‍ നില്‍പ്പുണ്ട് ! ... അയാളുടെ കയ്യില്‍ ഒരു ബാഗില്‍ നിറയെ വയറുകള്‍ ! ...

പ്രദീപ്‌ വീണ്ടും അയാളുടെ ബാഗില്‍ ഒളിഞ്ഞു നോക്കി ...

അണ്ണാ കോളടിച്ചു അണ്ണാ !! ... കൂട്ടത്തില്‍ എന്തോ കുറച്ചു ടിന്നുകളും ഇരിപ്പുണ്ട് !! ....

അണ്ണാ ലതു തന്നെ! ... ഇയാള്‍ തീവ്ര വാദിയായിരിക്കും! ...

ബോംബ്‌ ഉണ്ടാക്കാനുള്ള സാമാഗ്രികളായിരിക്കും അതുനുള്ളില്‍! .... പ്രദീപ്‌ ശബ്ദം താഴ്ത്തി പറഞ്ഞു ....

ഡേയ് ... നീ അയാളെ തന്നെ കവര്‍ ചെയ്തു നില്ല് !! ... ഞങ്ങള്‍ പീ എംജി ജങ്ക്ഷനില്‍ ഉണ്ടായിരിക്കും കൂട്ടത്തില്‍ പോലീസ് സംഘവും കാണും !! നമുക്ക് ഇത് ഇന്ന് വല്ല്യ ന്യൂസ് ആക്കണം ...

ബസ് പീ എംജി ജങ്ക്ഷനില്‍ എത്തിയപ്പോള്‍ പോലീസ് സംഘവും ചാനല്‍ ടീമും കൂടി വളഞ്ഞു ...

പ്രദീപ്‌ ഒരു ജേതാവിനെ പോലെ ബസില്‍ നിന്നും ചാടിയിറങ്ങി ...

പോലീസ് ഓരോരുത്തരെയായി ഇറക്കി പരിശോധിക്കുവാന്‍ തുടങ്ങി ....

ബാഗില്‍ വയറുകളും,ടിന്നുകളുമായി അയാളും ഇറങ്ങി ...

പോലീസ് അയാളെ വട്ടം പിടിച്ചു .ചാനലുകാരും കടന്നലുകളെ പോലെ അയാള്‍ക്ക്‌ ചുറ്റും കൂടി ...

അയാളുടെ ബാഗിലെ വയറുകളും,ടിന്നുകളും പുറത്തെടുത്തു പോലീസ് യേമാന്‍ അയാളോട് ചോദിച്ചു ... എന്തുവാടെ ഇത് ?

അത് യേമാനേ ഞാന്‍ ഒരു കൊച്ചു കൂര പണിയുകയാണ് !! ... അതില്‍ വയറിംഗ് ചെയ്യാനുള്ള എലെക്ട്രിക്ക് വയറുകളും,അടിക്കാനുള്ള പെയിന്റുകളുമാണ് !! ....

കള്ളം പറയുന്നോടാ പോലീസ് യേമാന്‍ ആ അയാളെ കുനിച്ചു നിര്‍ത്തി കൂമ്ബിനിടിക്കാന്‍ തുടങ്ങി .... നീ തീവ്ര വാദിയല്ലെടെയ് ...

യേമാനേ ഞാന്‍ തീവ്ര വാദിയല്ല !! ... രമണീടെ മാപ്പള ചെല്ലപ്പനാണ് !! ...എന്റെ വീട് പട്ടത്താണ് ... അയാള്‍ വിറച്ചു കൊണ്ട് പറഞ്ഞു ...

ലവനെ എടുത്തു വണ്ടിയില്‍ ഇടടെയ് ! .... ഏമാന്‍ ആക്രോശിച്ചു ! ....

ചാനലുകാരുടെ ക്യാമറകള്‍ ഈ നാടകങ്ങള്‍ ഒപ്പിയെടുത്തു ലൈവ് ന്യൂസായി പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു ...

പ്രദീപ്‌ മുന്തിയ ഇനം ഹൈ ടെക്ക് മൈക്ക് കൈലെടുത്തു ... ക്യാമറയുടെ മുന്പില്‍ ഞെളിഞ്ഞു നിന്നു സംസാരിച്ചു തുടങ്ങി .......

ഇന്ന് പട്ടത്തെക്ക് പൊയ്ക്കൊണ്ടിരിക്കുന്ന കെ എസ്‌ ആര്‍ ടീസി ബസില്‍ ഒരാളുടെ ബാഗില്‍ നിന്നും ബോംബ്‌ നിര്‍മമിക്കുവാനുള്ള സാമഗ്രികള്‍ കണ്ടെത്തി ....ഇയാള്‍ക്ക് ഏതോ അന്താരാഷ്ട്ര തീവ്ര വാദ സംഘടനകളുമായി ബന്ധമുണ്ടെന്നു പോലീസ് സംശയിക്കുന്നു ... തിരുവനന്തപുരത്ത് നിന്നും ക്യാമറാമാനോടൊപ്പം ... പ്രദീപ്‌ നരവംശം !! ...

"വൈകിട്ട് എന്താ പരിപാടി "?

ആദ്യത്തെ തൊണ്ണൂറില്‍ ചെവിക്കൊരു തരു തരിപ്പ്
രണ്ടാമത്തെ തൊണ്ണൂറില്‍ നെഞ്ചിലൊരു കര കരപ്പു
മൂന്നാമത്തെ തൊണ്ണൂറില്‍ വയറ്റിലൊരു പെരു പെരുപ്പു
നാലാമത്തെ തൊണ്ണൂറില്‍ നാല് കാലില്‍ സഞ്ചാരം

അഞ്ചാമത്തെ തൊണ്ണൂറില്‍-
പാതകള്‍ ഉപരോധം,വണ്ടികള്‍ക്ക് അട വെയ്പ്പ്
ഭരണിപ്പാട്ട്,കളമെഴുത്ത്,പാമ്പാട്ടം ,തെയ്യം
വാളു വെയ്പ്പ്,കുളം തോണ്ടല്‍,പൂ മൂടല്‍

ചാരായം വാറ്റിയവനും,നികുതി പിരിച്ചവനും
ഒന്നേ പറയാനുള്ളൂ ...
"നിങ്ങള്‍ കുടിയന്മാര്‍ ഇല്ലങ്കില്‍ ഞങ്ങള്‍ക്ക് എന്താഘോഷം ?
"വൈകിട്ട് എന്താ പരിപാടി "?

കോടതി വിധി ! ജന വിധി !

പൊതു റോഡുകളിലും,പാതയോരങ്ങളിലും സമ്മേളനങ്ങളും,പ്രകടനങ്ങളും നടത്തി ജന ജീവിതം ദുസഹമാക്കി കൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് മൂക്ക് കയറിടാന്‍ ബഹുമാനപ്പെട്ട കോടതി വിധിക്ക് കഴിയുമെന്ന പ്രത്യാശയിലാണ് കേരളത്തിലെ ഒട്ടു മുക്കാല്‍ ജനങ്ങളും.ബഹുമാനപ്പെട്ട കോടതിയുടെ ഈ വിധിയില്‍ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജനങ്ങള്‍ സന്തുഷ്ടരും,സംത്രുപ്തരുമാണെന്നുമാണ്‌ മലയാള മനോരമ നടത്തിയ ഓണ്‍
ലൈന്‍ സര്‍വ്വേ തെളിയിക്കുന്നത്.വേറൊരു സംസ്ഥാനത്തിലും ഇത്തരം പൊതു നിരത്തുകളില്‍ നടക്കുന്ന പൊതു യോഗങ്ങളും,ഉപരോധ സമരങ്ങളും അധികം നമുക്ക് കാണാന്‍ കഴിയില്ല.കേരളം പുരോഗതിയുടെ കൊടുമുടിയിലേക്ക് കുതിക്കുമ്പോഴും പുതിയ റോഡുകള്‍ ഉണ്ടാവാത്തതും ഒപ്പം ഉള്ള റോഡുകള്‍ വീതിയില്ലാതെ ഞെരുങ്ങുന്നതും പൊതു നിരത്തുകള്‍ സമര നിരത്തുകള്‍ ആക്കുന്നവര്‍ അറിയുന്നില്ല.

സന്തോഷത്തില്‍ ആര്‍മാദിക്കാനും,രോഷാകുലരായി പ്രതിക്ഷേധിക്കാനും പൊതു നിരത്തുകള്‍ തറവാട്ടു സ്വത്തു പോലെ ഉപയോഗിക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ക്ക് ഈ വിധി വല്യ ഒരു തിരിച്ചടി തന്നെയാകും.പ്രകടനങ്ങളും,പൊതു യോഗങ്ങളും,പ്രതിക്ഷേധങ്ങളും ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണെന്ന വസ്തുത നില നില്‍ക്കുമ്പോള്‍ തന്നെ അവരുടെ അവകാശങ്ങള്‍ മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ ഉള്ളതായി തീരരുത്. ഈ പ്രകടങ്ങളും,പൊതു യോഗങ്ങളും,ജന ജീവിതം സ്തംഭിപ്പിക്കുകയും, ഗതാഗത തടസം മൂലം ജനങ്ങള്‍ ദുരിതത്തില്‍ ആയി തീരുന്നതും കേരളീയര്‍ക്ക് നിത്യ സംഭവങ്ങള്‍ ആണല്ലോ ! അത്യാസന്ന നിലയില്‍ വലയുന്ന രോഗികള്‍,ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍,വിമാന,ട്രെയിന്‍ യാത്രക്കും മറ്റും പുറപ്പെടുന്നവര്‍,അന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവര്‍ തുടങ്ങിയവരുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കാന്‍ ഈ പൊതു യോഗങ്ങള്‍ക്കും,പ്രകടനങ്ങള്‍ക്കും കഴിയുമെന്നുള്ളതാണ്‌ അപകടകരമായ
അവസ്ഥ.ചിലപ്പോള്‍ ഈ സമ്മേളങ്ങളും,പ്രകടനങ്ങളും അക്ക്രമാസക്തമായി തീരാറുണ്ട്.ജനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് മറ്റുള്ളവരുടെ അവകാശങ്ങളില്‍ ബോധവാന്‍മാരാകാത്ത ഇത്തരക്കാര്‍ക്ക് എതിരെ കോടതി കര്‍ശന നടപടികളില്‍ എത്തിചേര്‍ന്നിരിക്കുന്നത്.

ഈ സമരങ്ങളും,പൊതു യോഗങ്ങളും കൊണ്ട് വീര്‍പ്പു മുട്ടുന്നത് കേരളത്തിലെ മറ്റേതു നഗരത്തേക്കാള്‍ തിരുവനന്തപുരം നഗരമാണെ ന്നുള്ളത് ഏല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ !! അനന്തപുരിയുടെ ഈ ദുര്യോഗം ആറു വര്‍ഷത്തിനു മുന്‍പ് ബീ ബീ സീയുടെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത് പുറം ലോകത്ത് എത്തിച്ചിരുന്നു.ഇന്ത്യയിലെ ഏതൊരു നഗരത്തെക്കാളും ഈ സമരക്കാരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നത് തിരുവനന്തപുരം നഗരം തന്നെയാനെന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യം തന്നെയാണ്.ഇത്തരം പ്രകടനങ്ങളാലും,പൊതു യോഗങ്ങളാലും ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പൊതു ജനങ്ങള്‍ക്ക്‌ കോടതി വിധി ഒരു ആശ്വാസം തന്നെയാണ്.

കാല്‍ നടക്കാര്‍ക്കും,വാഹനങ്ങള്‍ക്കും തടസമുണ്ടാക്കുന്ന രീതിയില്‍ പ്രകടനക്കാര്‍ റോഡ്‌ നിരന്നു നടക്കരുതെന്നു 1997- ല്‍ തന്നെ കോടതി നിര്‍ദേശിച്ചിരുന്നതാണ്.യോഗമോ,ജാഥയോ,പ്രകടനങ്ങളോ നടത്തുന്നവര്‍ പങ്കെടുക്കുന്നവരുടെ ഏകദേശ കണക്കും,പൊതു യോഗം നടക്കുന്ന മൈതാനത്തിന്റെ വിവരവും അറിയിക്കുവാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സുഗമമായ ഗതാഗത സംവിധാനം ഉറപ്പു വരുത്തുന്നതോടൊപ്പം ശബ്ദ മലിനീകരണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുവാനുമാണ് കോടതിയുടെ ജനഹിതമായ ഈ വിധി.അവധി ദിവസങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്കൂളുകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മൈതാനങ്ങള്‍,വഴിയോരം വിട്ടുള്ള തുറസ്സായ സ്ഥലങ്ങള്‍,സ്ടെഡിയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യോഗാനുമതി നല്‍കാവുന്നതാണെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.അനുമതിയില്ലാതെ സമ്മേളങ്ങളും,യോഗങ്ങളും,പ്രകടനങ്ങളും നടത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കുവാനും,വേദികളും,അനുബന്ധ സജ്ജീകരണങ്ങളും പൊളിച്ചു നീക്കാനും പോലീസിനു കര്‍ശനമായ നിര്‍ദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്.വളരെ വൈകിയാണെങ്കിലും കോടതി നടത്തിയ ഈ വിധി പ്രഹ്യാപനം സംശുദ്ദമായ ഒരു ജനാധിപത്യ പ്രക്രിയ വാര്‍ത്തെടുക്കും എന്നുള്ളതില്‍ സംശയമില്ല ...

മുലപ്പാല്‍ വില്‍പ്പനക്ക് !!

ലോകത്തുള്ള ഒട്ടു മുക്കാല് വസ്തുക്കളും കച്ചവട ചരക്കായി മാറി കൊണ്ടിരിക്കുന്ന ഈയവസരത്തില്‍ മുലപ്പാലും കച്ചവട ചരക്കായി മാറിയിരിക്കുകയാണ്.ലണ്ടന്‍ നഗരത്തിലെ ടോണി എബ്ടന്‍ എന്ന ഇരുപത്തിയാറു കാരിയായ യുവതിയാണ് മുലപ്പാല്‍ വില്‍പ്പനക്ക് എന്ന പരസ്യവുമായ് ഇന്റര്‍നെറ്റ്‌ വഴി മുന്നോട്ടു വന്നിരിക്കുന്നത്.ഇവര്‍ക്ക് ഏകദേശം പത്തോളം സ്ഥിര കസ്ടമര്‍ ഉണ്ടെന്നാണ് ഇവരുടെ വാദം.

ഈ വര്‍ഷമാദ്യം ടോണി ഒരു ആണ്‍ കുഞ്ഞിനു ജന്മം നല്‍കിയിരുന്നു.കുഞ്ഞിനു നിറയെ മുലപ്പാല്‍ ഊട്ടിയെങ്കിലും പിന്നെയും കുറെ പാല്‍ മിച്ചം വന്നു.അപ്പോള്‍ ടോണിയുടെ ഒരു പെണ്‍ സുഹൃത്ത്‌ തമാശക്ക് ചോദിച്ചു.ബാക്കി വരുന്ന ഈ മുലപ്പാല്‍ തനിക്കു വിറ്റു കൂടെ എന്ന്.കൂട്ടുകാരി തമാശക്ക് പറഞ്ഞതാണെങ്കിലും ടോണി അത് വളരെ ഗൌരവമായി എടുത്തു ഇന്റര്‍നെറ്റ്‌ മൂലം പരസ്യം നല്‍കി.

അത്ഭുതമെന്നു പറയട്ടെ ടോണിയെ ഒരുപാട് ഉപഭോക്താക്കള്‍ കോണ്ടാക്റ്റ് ചെയ്യുവാന്‍ തുടങ്ങി.ഇതില്‍ കൂടുതലും പുരുഷന്മാര്‍ ആണെന്നുള്ളതാണ് ഏറ്റവും രസകരമായ വിഷയം.യുവാക്കള്‍ തൊട്ടു വൃദ്ധന്മാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.മുലപ്പാലിന്റെ ഗുണം തന്നെയാണ് ഇതിനു കാരണം.മുറിവുണക്കാനും,പ്രമേഖവും,കാന്‍സര്‍ മുതലായ രോഗങ്ങള്‍ ചെറുക്കുവാനുമുള്ള ദിവ്യ ഔഷധമാണ് മുലപ്പാല്‍ എന്നുള്ള അറിവായിരിക്കാം ഇത്തരക്കാര്‍ക്ക് മുലപ്പാലിനോടുള്ള താല്‍പ്പര്യത്തിനു കാരണം.മുലപ്പാല്‍ നല്ലൊരു ആന്റിബയോട്ടിക് ആണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

"അമ്മയുടെ മുലപ്പാല്‍ കുടിച്ചവന്‍ ആണെങ്കില്‍ വാടാ ഒരു കൈ നോക്കാം" എന്ന വീര വാദങ്ങള്‍ ആണുങ്ങളുടെ ഇടയില്‍ നമ്മള്‍ കേള്‍ക്കുന്നത് ആണല്ലോ....എന്തായാലും മിച്ചം വരുന്ന ഈ മുലപ്പാല് പാക്കറ്റുകളില്‍ ആക്കി മാര്‍ക്കെറ്റില്‍ എത്തിച്ചാല്‍ സ്ത്രീകള്‍ക്ക് ഒരു വരുമാനവുമാകും,ആണുങ്ങള്‍ വീരന്മാരും യോദ്ധാക്കളും ആയി തീരും .....നട്ടെല്ല് വളയാതെ ആണുങ്ങള്‍ നിവര്‍ന്നു നില്‍ക്കും .... സ്വന്തം അമ്മയില്‍ നിന്നും മുലപ്പാല്‍ വേണ്ട വിധം കിട്ടാത്തവര്‍ക്കും ഈ സംരഭം ഒരനുഗ്രഹം തന്നെയായിരിക്കും .....എന്തായാലും ഭാവിയില്‍ മുലപ്പാല്‍ ക്ഷീരോല്‍പ്പാദന സംഘങ്ങള്‍ തുടങ്ങാനും സര്‍ക്കാരില്‍ നിന്നും ലോണ്‍ കിട്ടാനും സാധ്യതയുണ്ട് ...... അമ്മിഞ്ഞ പാലിന്റെ മാധുര്യം എന്നൊക്കെ വാ തോരാതെ എഴുതുന്ന കവികള്‍ക്കും ചിന്തകര്‍ക്കും ഒക്കെ ഇനി പാക്കറ്റ് മുലപ്പാല്‍ കുടിച്ചു കൊണ്ട് ഇനി ഇതൊക്കെ എഴുതുവാന്‍ കഴിയും .... "വിനാശകാലേ വിപരീത ബുദ്ധി" ....

കദ്ദാമ

ദാരിദ്ര്യവും പട്ടിണിയും മൂലം പൊറുതി മുട്ടി വേറൊരു തൊഴിലും വശമില്ലാത്ത,വിദ്യാഭ്യാസമില്ലാത്ത സ്ത്രീകള്‍ ചെയ്യുന്ന തൊഴിലാണ് വീട്ടു ജോലി.നിര്‍ധന കുടുംബത്തില്‍ ജനിക്കുന്ന ഇവര്‍ കുഞ്ഞുങ്ങളെ വളര്‍ത്താനും,കുടുംബത്തെ പോറ്റാനുമുള്ള തത്രപ്പാടില്‍ ഏതെങ്കിലും ഏജന്റുമാര്‍ വച്ച് നീട്ടുന്ന വിസയില്‍ ആകൃഷ്ടരാകുന്നു. കിടപ്പാടം വരെ പണയം വച്ചും,കടം വാങ്ങിയും,ലോണ്‍ എടുത്തും പണം സംഘടിപ്പിച്ചു ഗള്‍ഫില്‍ ജോലിക്ക് വന്നാല്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അറുതി വരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഈ സാഹസത്തിനു മുതിരുന്നത്.

പക്ഷെ ഈ പാവങ്ങള്‍ അറിയുന്നില്ല ഏജന്റുമാര്‍ പണം വാങ്ങി തങ്ങളെ ഗള്‍ഫിലുള്ള മറ്റുള്ള ഏജന്റുമാര്‍ക്ക് വില്‍ക്കുകയാനെന്നു.ഗള്‍ഫില്‍ വന്നിറങ്ങുന്നത് മുതല്‍ അവരുടെ ദുരിതങ്ങള്‍ അവസാനിക്കുകയല്ല മറിച്ചു ആരംഭിക്കുകയാണ്.ഗള്‍ഫിലുള്ള ഏജന്റുമാര്‍ അവരെ അറവു മാടുകളെ പോലെ ഏജന്‍സി ഓഫീസുകളില്‍ കൊണ്ടിരുത്തുന്നു.അറബികള്‍ വന്നു തിരിച്ചും മറിച്ചും നോക്കി നല്ല ഉരുക്കളെ തിരഞ്ഞെടുത്തു കച്ചവടമുറപ്പിക്കുന്നു(എല്ലാരുമല്ല).അറബികളിലും മനുഷ്യത്വത്തോടെ വീട്ടു ജോലിക്കാരോട് സമീപിക്കുന്നവരുണ്ട്.വീട്ടു ജോലിക്കാരെ സ്വന്തം സഹോദരങ്ങളെ പോലെ അല്ലങ്കില്‍ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നവരുണ്ട്.അറബികളില്‍ ഏകദേശം അഞ്ചു ശതമാനമോ അതില്‍ താഴെയോ മാത്രമേ ദയയും കാരുണ്യവും വീട്ടു ജോലിക്കാരോട് കാണിക്കുന്നവരുള്ളൂ.മറ്റുള്ളവര്‍ തങ്ങള്‍ വിലക്ക് വാങ്ങിയ അടിമകള്‍ ആയിട്ടാണ് വീട്ടു ജോലിക്കാരെ കാണുന്നത്.
അറബികളുടെ വീട്ടില്‍ ജോലി നോക്കുന്ന സ്ത്രീകള്‍ക്ക് "കദ്ദാമ" എന്നാണു പേര്.മലയാളത്തില്‍ വീട്ടു ജോലിക്കാരി എന്നാണു ഇതിനര്‍ഥം.വെളുപ്പിനെ നാല് മണിക്ക് ഇവര്‍ എഴുന്നേല്‍ക്കണം.വീട്ടിലെ എല്ലാ അംഗങ്ങളുടെയും കാറുകള്‍ കഴുകണം.ഇതു തണുപ്പത്തും,ചൂടത്തും അവര്‍ ചെയ്തെ പറ്റൂ.പിന്നെ എല്ലാ കാര്‍പെറ്റുകളും പൊടി തട്ടി ഷാമ്പൂ ഉപയോഗിച്ച് കഴുകണം.പിന്നെ തുണി കഴുകല്‍,അടുക്കളയില്‍ പാചകം,തുണികള്‍ക്ക് ഇസ്ത്തിരിയിടല്‍,യജമാനനും,യജമാനത്തിക്കും,കുട്ടികള്‍ക്കും(മിക്കവാറും പത്തു പതിനഞ്ചു മക്കളുണ്ടാകും)ആഹാരം വിളമ്പണം.കുട്ടികള്‍ക്ക് ചന്തി കഴുകി കൊടുക്കണം.കുളിപ്പിക്കേണ്ടി വരില്ല.കാരണം അവര്‍ ആഴ്ചയിലും,മാസത്തിലും ഒരിക്കലെ കുളിക്കുകയുള്ളൂ.
ഇത്രയും പണികള്‍ ചെയ്തു കഴിഞ്ഞു ഒന്ന് തല ചായ്ക്കുമ്പോള്‍ രാത്രി പന്ത്രണ്ടു മണിയാകും.ഈ പണികള്‍ക്കിടയില്‍ യജമാനനും,യജമാനത്തിയും പല കുറ്റങ്ങളും കണ്ടു പിടിക്കും.ഇസ്തിരി ഇട്ടതു ശെരിയാകതത്തിനു,പാത്രങ്ങള്‍ കയ്യില്‍ നിന്ന് വീണു പൊട്ടിയതിന് ശകാരവും,മാനസികവും,ശാരീരികവുമായ പീഡനങ്ങളും.വീട്ടു ജോലിക്കാരെ വളരെ മൃഗീയമായി ഉപദ്രവിക്കുന്ന അറബികള്‍ ഉണ്ട്.ലൈന്കീക പീഡനങ്ങള്‍ വളരെയധികം ഇവര്‍ അനുഭവിക്കുന്നുണ്ട്.പത്തു വയസു കാരന്‍ മുതല്‍ നൂറു വയസു കാരന്‍ വരെ കദ്ദാമകളെ ലൈന്കീകമായി പീഡിപ്പിച്ച അറബി വീടുകളുണ്ട്.തുടയിലും,ദേഹത്തും കമ്പി ചൂടാക്കി വക്കുക,ആഹാരം കൊടുക്കാതെ പട്ടിണിക്കിടുക,ശരീരത്തില്‍ തിളച്ച എണ്ണ കൊരിയോഴിക്കുക തുടങ്ങിയ ദ്രോഹങ്ങള്‍ ഈ പാവങ്ങളോട് അറബികള്‍ കാട്ടാറുണ്ട്‌.നാട്ടിലുള്ള തങ്ങളുടെ കുഞ്ഞുങ്ങളുടെ ഒട്ടിയ വയര്‍ ഓര്‍ക്കുമ്പോള്‍ അവര്‍ എല്ലാം സഹിക്കുകയും മറക്കുകയും ചെയ്യുന്നു.ഇതെല്ലാം കഴിഞ്ഞു ഇവര്‍ക്ക് കിട്ടുന്നത് നാലപ്പതു ദിനാര്‍... ഏകദേശം ആറായിരം രൂപ.അതും രണ്ടും മൂന്നു മാസം കഴിഞ്ഞാണ് ഇവര്‍ക്ക് കിട്ടുന്നത്..കുട്ടികളെ പഠിപ്പിക്കാനും,അവരുടെ ഭക്ഷണത്തിനും,പലിശ പൈസ അയക്കുന്നതിനും ഒട്ടും ഈ പണം തികയാറില്ല.
പീഡനങ്ങള്‍ സഹിക്ക വയ്യാതെ പ്രതികരിച്ചു പോയാല്‍ കദ്ദാമകളെ മര്‍ദ്ദിച്ചു അവശരാക്കി ഏജന്‍സിയില്‍ തിരിച്ചു കൊണ്ട് വിടുന്നു.ഏജന്റുമാരുടെ മര്‍ദ്ദന മുറകള്‍ വേറെയും...ഏജന്റുമാരുടെയും,അറബികളുടെയും മര്‍ദ്ദന മുറകള്‍ സഹിക്ക വയ്യാതെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ചാടി മരിച്ച കദ്ദാമകളും ഉണ്ട്.ഭ്രാന്തായി തീര്‍ന്നവര്‍ ഏറെയുണ്ട് ...പീഡനങ്ങള്‍ സഹിക്ക വയ്യാതെ ചില കദ്ദാമകള്‍ ഓടി എംബസിയില്‍ പോകാറുണ്ട്.അവിടെ ചെന്നാലോ അറബികള്‍ക്കെതിരെ നടപടികള്‍ എടുക്കാതെ അവരെ അറബികളുടെ വീട്ടിലേക്കു തന്നെ തിരിച്ചു അയക്കുകയാണ് പതിവ്...പിന്നെ വീട് വിട്ടു ഓടി പോയതിനു വേറെ ശിക്ഷയും.
വീട് വിട്ടു ഓടിപ്പോകുന്ന സ്ത്രീകളെ സംരക്ഷിക്കുന്നു എന്ന വ്യാജേന വേശ്യാ വൃത്തിക്കു പ്രേരിപ്പിക്കുന്ന സംഘങ്ങളും ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപകമാണ്. മനുഷ്യത്വ രഹിതമായ ഈ പ്രവര്‍ത്തനങ്ങള്‍ കണ്ടും കണ്ടില്ലാന്നു നടിക്കുന്ന ഒരു സമൂഹമാണ് ഗള്‍ഫിലെ നമ്മുടെ ഇന്ത്യന്‍ സമൂഹം.ഇതിനെതിരെയെല്ലാം ശബ്ദമുയര്‍ത്തുന്ന ചില സംഘടനകള്‍ ഉണ്ട്.എന്നാല്‍ അവര്‍ക്ക് വേണ്ട സഹകരണങ്ങളും,സഹായങ്ങളും സര്‍ക്കാരില്‍ നിന്നോ നാട്ടുകാരില്‍ നിന്നോ കിട്ടുന്നില്ല എന്നതാണ് വാസ്തവം.ഈ പാവങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്ന അറബികളുമുണ്ട്.പക്ഷെ ഒരു പരിധിവരെ മാത്രമേ ഇവര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയൂ.കാരണം കദ്ദാമ വീട്ടു ജോലിക്കാരിയാണ്.അവള്‍ അറബിയുടെ വീടിന്റെ സ്വകാര്യതയുടെ ഭാഗമാണ്.അറബികള്‍ പൊതുവേ തങ്ങളുടെ സ്വകാര്യതകള്‍ മറ്റുള്ളവരുമായി പങ്കു വക്കാന്‍ ആഗ്രഹിക്കാത്തവരുമാണ്.
കദ്ദാമകളെ പീഡിപ്പിക്കുന്നതില്‍ മലയാളികള്‍ ഒട്ടും പിന്നിലല്ലായെന്നു തെളിയിക്കുന്ന സംഭവമാണ് കുവൈറ്റിലെ ഫാഹാഹീലില്‍ നടന്നത്. അവിടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നേര്‍ഴ്സും,ഭര്‍ത്താവും അവരുടെ വീട്ടു ജോലിക്കാരിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച വാര്‍ത്ത ചിത്രങ്ങള്‍ സഹിതം ഇന്റര്‍നെറ്റ്‌ വഴി ലോകം മുഴുവനും അറിഞ്ഞിരുന്നു.മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ഒരു വാര്‍ത്തയായിരുന്നു അത്.വീട്ടു ജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ച ഈ നേര്‍ഴ്സിന്റെ കയ്യില്‍ രോഗികള്‍ എത്ര സുരക്ഷിതരായിരിക്കും?ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇത് എന്നും നമ്മുടെ മനസ്സില്‍ അവശേഷിക്കും.ഈ വാര്‍ത്തകള്‍ പുറത്തു വന്നതിനു ശേഷം മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ നിമിത്തം ഈ നേര്‍ഴ്സിനു തന്നാല്‍ പീഡിപ്പിക്കപ്പെട്ട വീട്ടു ജോലിക്കാരിക്ക് നഷ്ട പരിഹാരം നല്‍കി നാട്ടില്‍ അയക്കേണ്ടി വന്നു.
ഒരു ചാണ്‍ വാറിനു വേണ്ടി ജീവിതത്തില്‍ പൊരുതി എല്ലാ പീഡനങ്ങളും ഏറ്റു വാങ്ങി തങ്ങളുടെ ജീവിതം ഹോമിക്കുന്ന ഈ സഹോദരികളുടെ ജീവിതത്തിലേക്ക് നമ്മള്‍ എത്തി നോക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.കൂട്ടം എന്ന ഈ തറവാട്ടിലെ മക്കള്‍ ഒരുപാട് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഈയവസരത്തില്‍ നമ്മള്‍ വീണ്ടും ഒരുമിച്ചിരുന്നു ഈ സഹോദരിമാരുടെ ക്ഷേമത്തിനായ് പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ ആത്മാര്‍ഥമായും ആഗ്രഹിക്കുന്നു.നമുക്ക് ചുറ്റുമുള്ള വീട്ടു ജോലിക്ക് വന്നു യാതനകള്‍ അനുഭവിക്കുന്ന സഹോദരിമാരുടെ പ്രശ്നങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുകയും അവര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്നതിനും നമ്മുടെ കൂട്ടം കൂട്ടുകാര്‍ ഒന്നിക്കണം.നമ്മുടെ കൂട്ടം ജീവ കാരുണ്യത്തിന്റെ വട വൃക്ഷമായി വളരട്ടെ.സ്നേഹവും സാഹോദര്യവും നമ്മുടെ ജീവിതത്തിന്റെ മുഖ മുദ്രയാകട്ടെ!!.

ചിരി ദിനം

ചിരിക്കുവാനും ഒരു ദിനം .... പലതും വെട്ടിപ്പിടിക്കാനും എല്ലാം സ്വന്തമാക്കാനും മനുഷ്യര്‍ നെട്ടോട്ടം ഓടുമ്പോള്‍ മറക്കാറുള്ള ഒരു വസ്തുതയാണ് ചിരി ... എല്ലാ സമ്മര്‍ദ്ദങ്ങളുടെയും,മത്സരങ്ങളുടെയും വീര്‍പ്പു മുട്ടലില്‍ ജീവിക്കുന്ന മനുഷ്യന് ചിരിക്കാന്‍ എവിടെ നേരം?മരവിപ്പ് ബാധിച്ച അവന്റെ മനസിനും,ശരീരത്തിനും ഉണര്‍വേകാന്‍ ചിരി സഹായകമാകുന്നുവെന്നു എത്രപേര്‍ക്ക് അറിയാം?.ഓഫീസിലും,വീട്ടിലും പൊതു സഭകളിലും മുഖം വീര്‍പ്പിച്ചിരിക്കുന്ന മനുഷ്യരോട് മറ്റുള്ളവര്‍ അടുക്കുവാന്‍ തന്നെ മടിക്കുന്നു ... അതെ സമയം എപ്പോഴും ചിരിച്ചും കളിച്ചും ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ സുഹൃത്തുക്കള്‍ കൂടുതലാണ് ചിരിക്കാത്തവരെ അപേക്ഷിച്ച് ...ചിരിക്കുന്നവര്‍ എല്ലായിടത്തും ശ്രദ്ധിക്കപ്പെടുകയും എല്ലാരാലും ഇഷ്ടപ്പെടുന്നവരുമായി തീരാറുണ്ട്.
എപ്പോഴും ഉള്ളു തുറന്നു ചിരിച്ചു സന്തോഷവാന്‍മാരായി ഇരിക്കുന്നവര്‍ക്ക് യൌവ്വനവും,സൌന്ദര്യവും,ആരോഗ്യവും ഉണ്ടായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചിരിക്കുന്നത് മൂലം മുഖത്തിന്‌ നല്ല വ്യായാമം കിട്ടുന്നു.മുഖത്തെ മാംസ പേശികള്‍ നല്ലവണ്ണം പ്രവര്‍ത്തിക്കുകയും ഒപ്പം മുഖത്തിന്‌ നല്ല കാന്തിയും ഓജസും ലഭിക്കുന്നു.മാത്രമല്ല ചിരിച്ചു കൊണ്ട് സംസാരിക്കുന്നവരോട് സംസാരിക്കുവാന്‍ മറ്റുള്ളവര്‍ക്ക് താല്‍പര്യവും, ആത്മ വിശ്വാസവും ഉണ്ടാകാറുണ്ട്.ഉദാഖരണത്തിന് ചാടി കടിക്കാന്‍ നില്‍ക്കുന്ന ഒരു വ്യക്തിയോട് നമ്മള്‍ പറയാന്‍ വന്ന കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ കഴിയാറില്ല.അത് പകുതിയിലെ നിന്ന് പോവുകയാണ് പതിവ്.ചിരി സ്വന്തം ആരോഗ്യത്തിനും മറ്റുള്ളവരുടെ ആരോഗ്യത്തിനും ഉതകുന്ന ദിവ്യ ഔഷധമാണ് എന്ന് നമുക്ക് ഇതില്‍ നിന്നും മനസിലാക്കാം.
ചിരിക്കാതെ സെര്‍വ് ചെയ്യുന്ന ഒരു വെയിറ്ററെ അല്ലങ്കില്‍ ഒരു എയര്‍ ഹോസ്റ്റസിനെ നമ്മള്‍ ഇഷ്ടപ്പെടാറില്ല.ചിരിക്കാതെ മുഖം വീര്‍പ്പിച്ചു നമുക്ക് മരുന്ന് നല്‍കുന്ന ഒരു നേര്‍ഴ്സിനെയോ നമുക്ക് സങ്കല്‍പ്പിക്കാനേ കഴിയില്ല.ഒരു ഡോക്ടറുടെയോ അല്ലെങ്കില്‍ ഒരു നേര്‍ഴ്സിന്റെയോ ചിരിച്ചു കൊണ്ടുള്ള സമീപനം നമ്മുടെ പകുതി അസുഹത്തെയും മാറ്റുവാനും നമുക്ക് അവരോടുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്നു.ദിവസം മുഴുവനും അധ്വാനിച്ചു വീട്ടില്‍ എത്തുമ്പോള്‍ ഒരു പുഞ്ചിരിയുമായി തന്നെ വരവേല്‍ക്കുന്ന ഭാര്യയെ ഇഷ്ടപ്പെടാതിരിക്കാന്‍ ഈ ലോകത്ത് ഏതു ഭര്‍ത്താവിനാണ് കഴിയുക? ഭാര്യയുടെ കൊച്ചു കൊച്ചു തമാശകള്‍ പോലും കേട്ടു കുലുങ്ങി ചിരിക്കുന്ന ഏതു ഭര്‍ത്താവിനെയാണ് ഭാര്യമാര്‍ ഇഷ്ടപ്പെടാതിരിക്കുക ? കുഞ്ഞുങ്ങളുടെ പാല്‍ പുഞ്ചിരി ഇഷ്ടപ്പെടാത്ത ഏതു മാതാ പിതാക്കളാണ് ഈ ലോകത്തിലുള്ളത് ?

പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങകുകയില്ല എന്ന മട്ടില്‍ മസിലു പിടിച്ചു ഇരിക്കുന്ന ചില വ്യക്തികളെ നമുക്കു ചുറ്റും കാണാം.തമാശകള്‍ കേട്ടു മറ്റുള്ളവര്‍ പൊട്ടി ചിരിക്കുമ്പോള്‍ ഇക്കൂട്ടര്‍ നിര്‍ജീവമായി ഇരിക്കുന്നത് നമുക്ക് പലപ്പോഴും കാണാന്‍ കഴിയും.ഒരു പക്ഷെ വായ തുറന്നു ചിരിച്ചാല്‍ അവരുടെ ഇമേജ് നഷ്ടപ്പെടുമെന്നു ഇക്കൂട്ടര്‍ കരുതുന്നുണ്ടാവാം .ഇത്തരക്കാര്‍ക്ക് വേണ്ടി ഇപ്പോള്‍ മുക്കിലും മൂലയിലും ചിരി ക്ലബ്ബുകള്‍ തുടങ്ങിയിട്ടുണ്ട്.ഇവിടെ എങ്ങനെ ചിരിക്കാംഎന്നു പഠിപ്പിക്കുന്നു.ഇക്കൂട്ടര്‍ നിര നിരയായി നിന്ന് ഹ ഹ ഹ ഹോ ഹോ ഹോ എന്ന് അട്ടഹസിക്കുന്നു.ഇതിനായി ഒരു പരിശീലകനും.എന്തൊരു വിരോധാഭാസം !! കാശ് മുടക്കി ചിരിക്കാന്‍ പഠിക്കുന്ന ഇത്തരക്കാരോട് എനിക്ക് സഹതാപം തോന്നിയിട്ടുണ്ട്.പഴമക്കാര്‍ പണ്ട് പറഞ്ഞത് പോലെ മനസ് അറിഞ്ഞു ചിരിക്കാന്‍ നല്ലൊരു മനസ് വേണം.തമാശകളുടെ അര്‍ഥം മനസിലാക്കി ഉള്ളു തുറന്നു ചിരിക്കാന്‍ ഒരു നല്ല ഹൃദയം വേണം.മറ്റുള്ളവരെ സ്നേഹിക്കാനും സഹോദര്യത്തോടെ ജീവിക്കാനും പഠിക്കണം.ആയിരം ചാര്‍ളി ചാപ്ലിന്മാരും,ജഗതി ശ്രീകുമാറുമാറും ഈ ലോകത്ത് ജനിച്ചാലും ഇതൊന്നുമില്ലാത്തവര്‍ക്ക് ഒരു വ്യത്യാസവും ഉണ്ടാവുകയില്ല.ആയതിനാല്‍ പരസ്പരം തമാശകള്‍ പറഞ്ഞും ഉള്ളു തുറന്നു ചിരിച്ചും നമുക്കു ഈ ക്ഷണികമായ ജീവിതത്തെ മനോഹരമാക്കാം.... ചിരിച്ചു കൊണ്ടെയിരിക്കാം ...... ലോകാ സമസ്താ സുഖിനോ ഭവന്തു ....

അന്യന്‍

എനിക്കന്ന്യമായയീ രാത്രി മുഴുവനും നിനക്കുള്ളതാണ്...
എല്ലാം നീയെടുത്തു കൊള്‍ക ...
എന്റെ നിഴല്‍ മാത്രം ബാക്കി വക്കുക ...
ഒരാലിംഗനത്തില്‍ ഒരു പക്ഷെ നീയെല്ലാം മറന്നേക്കാം...
ചത്തു മലച്ച സ്വപ്നങ്ങളെ നീ വാരിയുടുത്തെക്കാം ..
നെഞ്ചോട്‌ നെഞ്ചു ചേര്‍ത്ത്
കവിളോട് കവിള്‍ ചേര്‍ത്ത് നീ വിതുംബിയേക്കാം....
വിരലുകളില്‍ വിരല്‍ കോര്‍ത്ത്‌
അധരങ്ങളില്‍ ചുടു നിണമൊഴുക്കി നീ കുംബസരിചെക്കാം ....
എങ്കിലും ....ഒന്ന് പറയുക സഖേ .....
എന്നെ തനിച്ചാക്കി എന്‍ നിഴലുകളെ തലോടാതെ-
എന്നെ പാതി വഴിയില്‍ ഉപേക്ഷിച്ചതെന്തിനു ?

ഹൃദയമേ !!

ഹൃദയമേ ..... എന്റെയീ മോഹച്ചൂടില്‍-
ഉരുകിയൊലിച്ചു നീയെന്‍ ജീവനാഡികളില്‍
പുതു ജീവനായ് ഉയിര്‍ത്തെഴുന്നേല്‍ക്കുക.
എന്‍ ശ്വാസത്തിലുതിരുന്ന പ്രണയ മര്‍മ്മരത്തിനായ്
നിശബ്ദ നിമിഷങ്ങളിലിഴചേര്‍ന്ന് കാതോര്‍ത്തിരിക്കുക.

പ്രിയനേ ... ഞാനെന്ന ചില്ല് പാത്രത്തെ-
ഉടയാതെ നിന്‍ കരവലയങ്ങളില്‍ സൂക്ഷിക്കുക.
എന്‍ മുടിയിഴകളില്‍ ഒരു കുളിര്‍ തെന്നലായ് നീ തലോടുക.
എനിയ്ക്കു ചേക്കേറാനായ്‌ നിന്‍ നെഞ്ചില്‍ ഒരു കൂടൊരുക്കുക.
പ്രണയ വൃക്ഷങ്ങള്‍ വളര്‍ന്നു മാനം മുട്ടുന്നതും
ഇണ ചേരലിന്‍ വേരുകളോടി ഭൂമിയെ കീഴടക്കുന്നതും
ഈ സമന്വയത്തിന്‍ കരവിരുതുകളാലല്ലോ ....