Friday, February 24, 2012

മിഥിലാ

മിഥിലാ,
വെറുക്കപ്പെട്ടവന്റെ പകലിരവുകളില്‍
പണയം വെച്ച ഹൃദയത്തിനു വില പേശാതെ
നീയുപേക്ഷിച്ച നിനക്കന്യമായ ഇന്നലെകള്‍ക്ക്
ഓര്‍മകളുടെ സ്മാരകം പണിയാന്‍
എന്റെ കൈകള്‍ക്ക് ശക്തിയില്ല !!
നിനക്കുള്ളതെല്ലാം നീ സൂക്ഷിച്ചു വയ്ക്കുക!!
എനിക്കര്‍ഹമല്ലാത്ത നിന്റെ പ്രണയത്തില്‍
ഞാന്‍ പങ്കു ചോദിക്കുന്നില്ല
എങ്കിലും നീ ജനിച്ച ചരിത്രഭൂമികയില്‍
നീ ചവുട്ടിമെതിച്ച ഒരു മണല്‍ തരിയെങ്കിലുമാകട്ടെ ഞാന്‍ !!

ഇറ്റാലിയന്‍ നാവികരുടെ മൃഗയാ വിനോദം !!

അന്നന്നത്തെ അന്നത്തിനായ് കടലിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് എന്നും ദുരിതം തന്നെ !! ഒന്നുകില്‍ പ്രതികൂല കാലാവസ്ഥ അല്ലായെങ്കില്‍ കോസ്റ്റ് ഗാര്‍ഡുകളുടെ ആക്രമണം,അതുമല്ലെങ്കില്‍ വിദേശ കപ്പലുകളുടെ ആക്രമണം !! കാറ്റിലും കോളിലും പെട്ട് ബോട്ടുകള്‍ അയല്‍ രാജ്യങ്ങളുടെ അതിര്‍ത്തി കടന്നു പോയാല്‍ ആ രാജ്യങ്ങളുടെ ശിക്ഷ വേറെയും !! നമ്മുടെ രാജ്യത്തിന്റെ പരിധിയില്‍ വരുന്ന കടലില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലിലെ ജീവനക്കാര്‍ വെടി വെച്ച് കൊല്ലുക !! ഈ പാവങ്ങളെ അവര്‍ കടല്‍ കൊള്ളക്കാര്‍ ആയി ചിത്രീകരിക്കുക !! അവരുടെ കയ്യില്‍ ആയുധം ഉണ്ടെന്നു ആരോപിക്കുക !! ഇത്തരം നാടകീയ സംഭവങ്ങള്‍ക്ക് ഒടുവില്‍ ഇന്ത്യന്‍ അന്നെഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാതെ തട്ടിന് മുട്ടിനു ന്യായം പറഞ്ഞു ഒഴിഞ്ഞു മാറുക !! ഇതിന്റെ പിന്നില്‍ എന്താണ് സത്യാവസ്ഥ ? നമ്മുടെ നാട്ടില്‍ അന്യ രാജ്യത്തെ കപ്പലുകളും,വിമാനങ്ങളും കയറി വന്നു നിരപരാധികളായ ജനങ്ങളെ വെടി വെച്ച് വീഴ്ത്തിയിട്ട് അവരെ കള്ളന്മാരും കൊള്ളക്കാരും എന്ന് മുദ്ര കുത്തുന്നതിന്റെ പിന്നിലെ ചേതോ വികാരം എന്താണ് ? ഇന്ത്യക്കാരനെ ആര്‍ക്കും എടുത്തിട്ട് എപ്പോ വേണമെങ്കിലും അമ്മാനമാടാം എന്നാണോ ഇക്കൂട്ടര്‍ കരുതുന്നത് ? പാകിസ്ഥാനിലെ തീവ്ര വാദികള്‍ ബോംബയില്‍ മാസങ്ങളോളം താമസിച്ചു നല്ല സമര്‍ഥരായ പോലീസ് ഉദ്യോഗസ്ഥരെയും,നിരപരാധികളായ ജനങ്ങളെയും വെടി വെച്ച് കൊന്നപ്പോള്‍ നിഷ്ക്രിയരായി നോക്കി നിന്നവരാണ് നമ്മുടെ ഭരണ കൂടങ്ങള്‍ !! അതില്‍ പിടിക്കപ്പെട്ട കസബിനു ബിരിയാണിയും,സുലൈമാനിയും കൊടുത്തു ജയിലില്‍ സുഹവാസം പ്രദാനം ചെയ്ത നമ്മുടെ നിയമ വ്യവസ്ഥയോട് സഹതാപം തോന്നിയില്ലെങ്കില്‍ എന്തത്ഭുതം ? ലങ്കന്‍ നാവികപ്പട നമ്മുടെ മത്സ്യ തൊഴിലാളികളെ വെടി വെച്ചിട്ടപ്പോഴും നിഷ്ക്രിയരായി നോക്കി നിന്നവരാണ് നമ്മുടെ സൈനിക സംവിധാനവും ,ഭരണ കൂടവും !! അത് വേണേല്‍ അവരുടെ അതിര്‍ത്തി കടന്നു പോയതിനു ആണെന്ന് പറയാം. സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത്‌ മറന്ന നമ്മുടെ യെമാന്മാര്‍ കുറ്റ കൃത്യം ചെയ്ത ഇറ്റാലിയരെ എയര്‍ കണ്ടീഷന്‍ റൂമില്‍ വച്ചാണ് ചോദ്യം ചെയ്തത്.അവരെ വേദനിപ്പിക്കാതെയുള്ള സൊ കോള്‍ഡ് ചോദ്യങ്ങള്‍ !! ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ !! നമ്മുടെ കപ്പലുകള്‍ യൂറോപ്പിലോ,അമേരിക്കയിലോ ഒരു കാക്കയെ നാളെ വെടി വെച്ച് നോക്കട്ടെ അപ്പൊ കാണാം അവന്മാരുടെ വീറു !! ഇന്ത്യയിലെ പട്ടിണി പാവങ്ങളെല്ലാം സായിപ്പിന് കൊള്ളക്കാര്‍ ആയിട്ടാണോ തോന്നുന്നത് ? അല്ലായെങ്കില്‍ വെള്ളമടിച്ചു പൂസായ സായിപ്പിന് നേരം പോക്കിന് നടത്തിയ ഒരു മൃഗയാ വിനോദം ആണോ ഈ കൊലപാതകം ? എന്തായാലും സായിപ്പിന് അറിയാം ഈ ഇന്ത്യക്കാര്‍ അവരുടെ ഒരു രോമത്തില്‍ പോലും തൊടാന്‍ കെല്‍പ്പില്ലാത്തവര്‍ ആണെന്ന് !! ഈ കൊലപാതകം ഇറാനിലെ കടലില്‍ വച്ചാണ് നടത്തിയതെങ്കില്‍ കാണാമായിരുന്നു ഇവന്മാര്‍ ഒരുത്തന്‍ പോലും അവശേഷിക്കുമായിരുന്നില്ല !! ഇനി നമുക്ക് നോക്കാം !! ഒരു അന്നെഷണ കമ്മീഷന്‍ !! ഇറ്റാലിയന്‍ പ്രതിനിധികളുടെ ഖേദ പ്രകടനം !! വട്ട മേശ സമ്മേളനം !! കുറച്ചു നാള്‍ കഴിഞ്ഞാല്‍ ആട് കിടന്നിടത്ത് പൂട പോലും കാണിക്കാതെ ഈ ഫയല്‍ അങ്ങ് ക്ലോസ് ചെയ്യും.ഈ പുകിലെല്ലാം അങ്ങ് ജനങ്ങളും മറക്കും !! കൊല്ലപ്പെട്ട പാവങ്ങളുടെ കുടുംബത്തിനു മാത്രം നഷ്ടം !! ഈ രാജ്യത്തിന്റെ സാധാരണ പൌരന്റെ സ്വാതന്ത്ര്യത്തിനും,സുരക്ഷിതത്തിനും ഉറപ്പു നല്‍കാന്‍ കഴിയാത്തവന്മാരുടെ ആസനത്തില്‍ വീണ്ടും ആലു മുളക്കും !! അതിന്റെ തണല്‍ പറ്റാന്‍ കുറെ ഉളുപ്പില്ലാത്ത ദല്ലാളന്മാരും മാളത്തില്‍ നിന്നും പുറത്തു വരും !!

വിവാദങ്ങളുടെ കാമുകന്‍ യാത്രയായി !!

കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും,വിഷയങ്ങളും എഴുതി ജന മധ്യത്തിലേക്ക് വലിച്ചെറിഞ്ഞു ഒളിച്ചിരുന്ന് കളി കണ്ടു രസിക്കുന്ന ഒരു എഴുത്തുകാരന്‍ ആയിരുന്നില്ല അഴീക്കോട് മാഷ്‌... .എഴുതുകയും ഒപ്പം അതിലെ ചിന്തകള്‍ പൊതു വേദികളില്‍ ജനങ്ങളുമായി പങ്കു വെക്കാനും,ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ചുരുക്കം ചില ചിന്തകമാരില്‍ ഒരാളായിരുന്നു അദ്ദേഹം.സമൂഹത്തില്‍ നടക്കുന്ന നന്മകളെ പുകഴ്ത്താനും,തിന്മകളെ വിമര്‍ശിക്കുവാനും അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല.അദ്ദേഹത്തിന്റെ ബോധ മണ്ഡലങ്ങളില്‍ നിന്നും ഉദിച്ചുയര്‍ന്ന രാക്ഷ്ട്രീയ നിരീക്ഷണങ്ങള്‍ രാക്ഷ്ട്ര നന്മക്കു ഉതകുന്നതായിരുന്നു.പ്രത്യശാസ്ത്രങ്ങള്‍ക്ക് അപചയം സംഭവിപ്പിക്കുന്ന അധികാരത്തിന്റെ രാക്ഷ്ട്രീയം അദ്ദേഹത്തിന് ഒരുപാട് വെറുപ്പുളവാക്കിയിരുന്നു.ആ വെറുപ്പിന്റെ ധ്വനി നല്ലൊരു വാഗ്മിയും,പ്രഭാഷകന്‍ കൂടിയായ അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ മുഴച്ചു നിന്നിരുന്നു.

വേദങ്ങളിലും,ഉപനിഷത്തുക്കളിലും മുങ്ങാന്‍ കുഴിയിട്ട് അതില്‍ ഭാരതീയ ദര്‍ശനത്തിന്റെ അടിവേരുകള്‍ കണ്ടെത്തിയ അദ്ദേഹം തത്വമസി എന്ന ഗ്രന്ഥത്തിന് ജന്മം നല്‍കി.വാല്മീകി മര്യാദ പുരുഷോത്തമന്‍ എന്ന് വിശേഷിപ്പിച്ച രാമന്റെ നെറികേടിനു ബലിയാടായ സീതയുടെ നിസ്സഹായതയെ പുരുഷ മേധാവിത്വത്തിന്റെ മാനസിക വൈകല്യമായി വാദിക്കുവാന്‍ അദ്ദേഹം ഭയപ്പെട്ടിരുന്നില്ല.ചായം പൂശിയ ചര്‍മ്മ കാന്തിയും,പണത്തിന്റെയും പ്രശസ്തിയുടെയും പകിട്ടുമാണ് സൌന്ദര്യം എന്ന് ചിന്തിക്കുന്നത് ബാലിശമാണെന്നും അറിവും, ജ്ഞാനവും,വിവേകവും,നന്മയുള്ള,നല്ലതുമാത്രം ചിന്തിക്കുന്ന,പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് യഥാര്‍ഥ സൌന്ദര്യമെന്നു അദ്ദേഹം പ്രസ്താവന നടത്തിയപ്പോള്‍ അതിന്റെ പൊരുള്‍ മനസിലാക്കാതെ വിരൂപിയായ ഒരുത്തന്റെ വികൃതമായ ചിന്തയില്‍ നിന്നും ഉത്ഭവിച്ച വെറും ജഡില ജല്പനമായി അദ്ദേഹത്തിന്റെ പ്രസ്താവനയെ സിനിമാ ലോകത്തെ സിംബളന്മാര്‍ പുച്ചിച്ചു തള്ളിയിരുന്നു.

സിനിമാ നടന്‍ മോഹന്‍ലാല്‍ കുടിയന്മാരുടെ രാജാവ്,മദ്യത്തിന്റെ പ്രചാരകന്‍( (എന്ന് അദ്ദേഹം വിമര്‍ശിച്ചപ്പോള്‍ അഴിക്കോട് ബുദ്ദി ഭ്രംശം സംഭവിചയാള്‍ എന്ന് മോഹന്‍ലാലും തിരിച്ചു അദ്ദേഹത്തിനെതിരെ പത്ര പ്രസ്താവന നടത്തി.ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താര സംഘടനയായ അമ്മ അദ്ദേഹത്തിനെതിരെ മാന നഷ്ട കേസ് ഫയല്‍ ചെയ്തു .ഇതില്‍ ക്ഷുഭിതനായ അഴിക്കോട്‌ മോഹന്‍ലാലിനു എതിരെയും കേസ് കൊടുത്തു.എന്നാല്‍ ബോണ്‍ ക്യാന്‍സര്‍ പിടിപെട്ടു അഴിക്കോട്‌ ആശുപത്രി കിടക്കയില്‍ കിടന്നപ്പോള്‍ പരസ്പരം പറഞ്ഞു തീര്‍ത്തു കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. വിവാദങ്ങള്‍ ഇത് കൊണ്ടും തീര്‍ന്നില്ല.സിനിമാ നടന്‍ തിലകനെ അമ്മ പുറത്താക്കിയ സന്ദര്‍ഭത്തില്‍ അദ്ദേഹം അമ്മയെ നിശിതമായി വിമര്‍ശിച്ചു.അമ്മ അധോലോകമായാണ് പ്രവര്‍ത്തിക്കുന്നതെന്നും,അമ്മ മക്കളുടെ ചോര കുടിക്കുന്ന പിശാചാണ് എന്നും അദ്ദേഹം നടത്തിയ പരാമര്‍ശം അമ്മയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.

കേന്ദ്ര മന്ത്രി വയലാര്‍ രവിയുടെ മകന്‍ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം നടത്തിയപ്പോള്‍ പുണ്യാഹം നടത്തിയ ഗുരുവായൂര്‍ ദേവസ്വത്തിന്റെ നടപടിക്കെതിരെ അദ്ദേഹം മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് പ്രതികരിച്ചിരുന്നു.ഓബീസിക്കാരനായ യദു കുലത്തില്‍ ജനിച്ച യാദവനായ കൃഷ്ണ ഭാഗവാന് എന്ത് അയിത്തമാണു തന്റെ ഭക്തന്മാരോട് ഉള്ളതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു ചോദിച്ചു.അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടിയ ദേവസ്വം ബോര്‍ടുകാര്‍ അഹിന്ദുക്കള്‍ക്ക്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനമില്ല എന്നും അത് ക്ഷേത്രാചാരാത്തിനു എതിര് ആണ്എന്നുമൊക്കെ പറഞ്ഞു വല്ല വിധേനെയും തടി തപ്പി എന്ന് തന്നെ പറയാം. ഒരു മരുന്നിനു പല വില ഈടാക്കുകയും,വ്യാജ മരുന്നുകള്‍ നിര്‍മ്മിച്ച്‌ ജനങ്ങളെ കൊന്നു കൊണ്ടിരുന്ന മരുന്ന് കമ്പനികള്‍ക്കെതിരെ അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊലയാളികളുടെ സംഘടനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.മാതാ അമ്രിതാനന്ദമയിയുടെ പ്രസ്ഥാനത്തിന്റെ കച്ചവട സാധ്യതകള്‍ ലാക്കാക്കി അവരോടൊപ്പം കൂട്ടുകൂടിയ പുത്തന്‍ പണക്കാരെയും അദ്ദേഹം വെറുതെ വിട്ടില്ല.വെറുതെ കെട്ടി പിടിച്ചു ഈ ലോകം നന്നാക്കാന്‍ പറ്റില്ലായെന്നും ഒരു ജോലിയും കൂലിയുമില്ലാതെ അലഞ്ഞു നടക്കുന്ന കുടവയറന്‍മാരെയല്ല മറിച്ച്‌ കുഷ്ടരോഗികളെയാണ് അവര്‍ ആലിംഗനം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.


കുഞ്ഞു കുട്ടി പരാധീനങ്ങള്‍ ഇല്ലാതെ എഴുതിയും,വായിച്ചും,വാദിച്ചും ഏകനായ് ജീവിച്ചിരുന്ന അദ്ദേഹത്തിനും ഒരു പ്രണയം ഉണ്ടായിരുന്നു.റിട്ടയിട് കോളേജ് പ്രിന്‍സിപ്പല്‍ ആയ വിലാസിനി ടീച്ചറുമായുള്ള ആ ബന്ധം വിവാഹ ആലോചനയില്‍ വരെ എത്തിയതായിരുന്നു.ഏതോ കാരണത്താല്‍ ആ വിവാഹം നടക്കാതെ പോയി.തന്റെ ആത്മ കഥയില്‍ അഴിക്കോട്‌ മാഷ്‌ ടീച്ചറെ ഒരു മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചു എന്നും പറഞ്ഞു ടീച്ചറും അദ്ദേഹത്തിന് എതിരെ അപകീര്‍ത്തിക്ക് കേസ്ഫയല്‍ ചെയ്തിരുന്നു.എന്തൊക്കെ തന്നെയായാലും നല്ലൊരു,വാഗ്മിയും,രാക്ഷ്ട്രീയ നിരീഷകനെയും,ചിന്തകനെയും,വിമര്‍ശകനെയും ആണ് നമുക്ക് നഷ്ടപ്പെട്ടത്,അഴിക്കോട് മാഷിന്റെ ദേഹ വിയോഗത്തില്‍ ഈ കാലഘട്ടത്തിലെ മലയാള ഭാഷാ കുലപതിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്.വിവാദങ്ങളില്‍ മുഴുകിയിരുന്ന അദ്ദേഹത്തിന്റെ മരണ ശേഷവും അദ്ദേഹത്തിന്റെ ഭൌതീക ശരീരം എവിടെ ദഹിപ്പിക്കണം എന്ന തര്‍ക്കവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഇടയില്‍ നില നിന്നിരുന്നു.അദ്ദേഹത്തിന്റെ മൃത ശരീരം ദഹിപ്പിക്കുന്നത് ത്രിശൂരിലോ കണ്ണൂരിലോ എന്ന തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ടു മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മധ്യസ്ഥതയില്‍ ഒടുവില്‍ അദ്ദേഹത്തിന്റെ ഭൌതീക ശരീരം അദ്ദേഹത്തിന്റെ ജന്മനാടായ കണ്ണൂരിലെ അഴിക്കൊടില്‍ ദഹിപ്പിക്കാന്‍ തീരുമാനമായി.മലയാളത്തിന്റെ സിംഹ ഗര്‍ജനമായിരുന്ന അഴിക്കോട് മാഷിനു യാത്രാ മൊഴി നല്‍കാം ഒപ്പം ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.

അവണൂരിലെ അനധികൃത മാനസിക കേന്ദ്രം !!

മനസാക്ഷിയില്ലാത്ത മനുഷ്യത്വം നശിച്ച സ്വാര്‍ഥരായ ഒരു മനുഷ്യ സമൂഹം!!.കന്നുകാലികള്‍ക്ക് വരെ നല്ല ഭക്ഷണവും വൃത്തിയുള്ള കിടപ്പാടവും ഉള്ള ഈ ലോകത്ത് മനുഷ്യ ജീവന് മാത്രം എന്തെ ഒരു വിലയുമില്ലാതെ പോകുന്നു ?മൃത ശരീരം പോലും വില്പന ചരക്കായി തീരുന്ന ഈ കരുണ വറ്റിയ ലോകത്ത് നമ്മളും മനുഷ്യരാണെന്ന് പറയാന്‍ അറപ്പു തോന്നുന്നുവെങ്കില്‍ അതില്‍ യാതൊരു അത്ഭുതവുമില്ല.മൃഗത്തേക്കാള്‍ കേവലമായി മനുഷ്യര്‍ തന്റെ സഹജീവികളോട് പെരുമാറുന്ന ഭീകരമായ കാഴ്ചകള്‍ കണ്ടു നമ്മുടെ കണ്ണുകള്‍ ഈറനായില്ലെങ്കില്‍ ഒന്നോര്‍ക്കുക!! നമുക്ക് മാനസികമായി എന്തോ പ്രശ്നം ഉണ്ട് !!.നമ്മള്‍ എന്ത് കണ്ടാലും പ്രതികരിക്കാത്തവരും സുബോധമില്ലാത്തവരും ആയിരിക്കുന്നു.സാഡിസത്തിന്റെ ഊരാക്കുടുക്കില്‍ നമ്മളും അകപ്പെട്ടിരിക്കുന്നു !! കോര്‍ട്ട് ഓര്‍ഡര്‍ പ്രകാരം കേരള ഹെല്‍ത്ത് അതോറിറ്റി കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തൃശൂര്‍ ജില്ലയിലെ ആവണൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അനതികൃത മാനസിക കേന്ദ്രത്തില്‍ റെയ്ഡ് നടത്തി 41 മാനസിക രോഗികളെ രക്ഷപ്പെടുത്തിയിരുന്നു 35 മുതിര്‍ന്ന പുരുഷന്മാരെയും 6 ആണ്‍കുട്ടികളെയും കാലില്‍ ചങ്ങല കൊണ്ട് കെട്ടിയിട്ട നിലയില്‍ കാണപ്പെട്ടു. മാസങ്ങളോളം കുളിക്കാതെയും,കീറി പറിഞ്ഞ തുണിയുമുടുത്തും കിടന്നിടത്ത് തന്നെ മലമൂത്ര വിസര്‍ജനവും നടത്തി നരകയാതന അനുഭവിക്കുന്ന അവസ്ഥയിലാണ് ഈ മനോനില നക്ഷ്ടപ്പെട്ട നിരാലംബരായ മനുഷ്യരെ കണ്ടെത്താന്‍ കഴിഞ്ഞത്.അവര്‍ക്ക് കൊടുത്തിരുന്ന ഭക്ഷണം പോലും മൂന്നു നാല് നാള്‍ പഴക്കമുള്ളവയാണെന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞു.പിന്നീട് നടത്തിയ തുടര്‍ അന്നെഷണങ്ങളില്‍ ഇവര്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്കു വിധേയരായെന്നും പലരുടെയും വൃക്കകള്‍ ഓപറേറ്റ് ചെയ്തു നീക്കം ചെയ്തതായും കണ്ടെത്തി.ഇവരില്‍ മരിച്ചു പോയ ഒരാളുടെ മൃത ശരീരം മെഡിക്കല്‍ കോളെജിനു വിറ്റു കാശാക്കിയതായും കണ്ടെത്തി.
തളിക്കുളം ജോഷി എന്ന അമ്പത് വയസുകാരനും 45 വയസ്സുള്ള അയാളുടെ ഭാര്യ അല്‍ഫോന്‍സയുമാണു ഈ കശാപ്പു ശാല നടത്തി വന്നിരുന്നത് !!.ചാരിറ്റി പ്രവര്‍ത്തനം എന്ന വ്യാജേന സ്വദേശത്തു നിന്നും വിദേശത്ത് നിന്നുമുള്ള സന്മനസുള്ള ആളുകളെ കബളിപ്പിച്ചു ഇവര്‍ ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്നതായി അന്നെഷണത്തില്‍ തെളിഞ്ഞു.ഈ കേന്ദ്രത്തില്‍ ഒരു ഡോക്ടറോ മറ്റുള്ള മെഡിക്കല്‍ ചികിത്സാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല.മാസങ്ങളോളം ചങ്ങലയില്‍ കെട്ടിയിട്ടിരുന്ന ഈ പാവങ്ങളുടെ ദേഹത്ത് വൃണങ്ങള്‍ പൊട്ടി പഴുപ്പ് ഒലിക്കുന്നുണ്ടായിരുന്നു.മനം മടുപ്പിക്കുന്ന ദുര്‍ഗന്ധമായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് ദ്രിസാക്ഷികള്‍ പറഞ്ഞു.രാത്രി കാലങ്ങളില്‍ ജോഷിയും ഭാര്യയും ഈ പാവങ്ങളെ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചു മര്‍ദ്ദിക്കുമായിരുന്നുവെന്നു അയല്‍ക്കാരായ നാട്ടുകാര്‍ പറയുന്നു.
ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ മാലാഖ ചമഞ്ഞു മനുഷ്യ ശരീരം വരെ വിറ്റു തിന്നുന്ന ഈ നരഭോജികളെ മനുഷ്യന്‍ എന്നോ മൃഗമെന്നോ വിളിക്കാന്‍ കഴിയില്ല.ദൈവത്തിന്റെ വക്താക്കളായി സ്വയം അവരോധിച്ചു ചെകുത്താന്റെ പിണിയാളുകള്‍ ആയി വിലസുന്ന സമൂഹത്തിലെ ഇത്തരം ക്യാന്‍സറുകളെ ഉന്മൂല നാശനം ചെയ്യാന്‍ നന്മ വറ്റാത്ത മനസിന്റെ ഉടമകളായ മനുഷ്യര്‍ ഒന്നിച്ചു നില്‍ക്കേണ്ടത് അത്യാവശ്യമാണ്.ഇത്തരം പിശാചുക്കളുടെ മേലുള്ള വിജയമായിരിക്കണം ദൈവരാജ്യം സ്ഥാപിക്കുവാനുള്ള സജ്ജനങ്ങളുടെ ലക്‌ഷ്യം !! ലോകാവസാന കാലങ്ങളില്‍ ചെകുത്താനും വേദമോതും എന്ന തെളിവാണ് ഇത്തരം മനുഷ്യത്വ ഹീനമായ പ്രവര്‍ത്തനങ്ങള്‍ !!
ഇടയ്ക്കിടക്ക് പ്രത്യക്ഷപ്പെടുന്ന മനുഷ്യ ദൈവങ്ങള്‍,മന്ത്രവാദികള്‍, ഹൈടെക് പര്ണാശ്രമങ്ങള്‍,ഫൈവ് സ്റ്റാര്‍ സന്ന്യാസികള്‍, സുവിശേഷ മിനിസ്ട്രികള്‍,യതീം ഖാനകള്‍ എന്നിവയെല്ലാം സംഭാവനയുടെ പേരില്‍ കറുത്ത പണം വെളുപ്പിക്കുന്ന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നില്ലേ എന്ന സംശയവും ബാക്കി നില്‍ക്കുന്നു.ഇത്തരം കേന്ദ്രങ്ങളില്‍ നമ്മുടെ അധികാര പ്രമുഖര്‍ കയറി ഇറങ്ങുന്നതും,സഹകരിക്കുന്നതും കൌതുകത്തോടെയല്ല ഒരു ഉള്‍ ഭയത്തോടെയാണ് നമുക്ക് നോക്കി കാണുവാന്‍ കഴിയുക !!

മെട്രോധരന്‍

ത്രിപ്പുണിത്തുറ മുതല്‍ ആലുവ വരെ നീളുന്ന 27 കിലോമീറ്റര്‍ മെട്രോ റെയില്‍വേ പദ്ധതി പല പ്രതിസന്ധികള്‍ക്കുമൊടുവില്‍ ഡീ എം ആര്‍ സീ ഏറ്റെടുത്തു.5000 കോടി ചെലവ് വരുന്ന ഈ പദ്ധതിക്ക് ജപ്പാന്‍ ഏജന്‍സി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.ഗതാഗത പ്രതിസന്ധി നേരിടുന്ന കൊച്ചിക്കാര്‍ക്ക്‌ ഇതൊരു സന്തോഷമുള്ള വാര്‍ത്തയാണ്.ഡീ എം ആര്‍ സീയുടെ അധ്യക്ഷനായി ചുമതലയേല്‍ക്കാമെന്ന് മേട്രോമാന്‍ എന്നറിയപ്പെടുന്ന ഈ ശ്രീധരന്‍ ഉറപ്പു നല്‍കി.പതിനഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഡീ എം ആര്‍ സീ തന്നെയാണ് ഈ പദ്ധതി നടപ്പാക്കാന്‍ യോഗ്യരെന്നും പല പ്രോജക്ടുകളും വിജയകരമായി സമയ ബന്ധിതമായി പൂര്‍ത്തീകരിച്ച മലയാളിയായ ഈ ശ്രീധരന്റെ സേവനം ഒരു മുതല്‍ക്കൂട്ടാണെന്നും ആണ് വീ ഗാര്‍ഡ് കമ്പനിയുടെ ഉടമസ്ഥനായ കൊച്ചുസേഫ് ചിറ്റിലപള്ളി പോലുള്ള കൊച്ചിയിലെ നഗര പ്രമുഖരുടെ അഭിപ്രായം.മൂന്നു വര്‍ഷം കൊണ്ട് ഈ പ്രോജക്റ്റ് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് ഈ ശ്രീധരന്‍ ഉറപ്പു നല്‍കി.

ഏറ്റുവളപ്പില്‍ ശ്രീധരന്‍ : 1932 ജാനുവരി - ല്‍ പാലക്കാട്ടെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചു.1954 - ല്‍ സിവില്‍ എന്ജിനീയറിംഗ് ബിരുദ ധാരിയായ അദ്ദേഹം ഇന്ത്യന്‍ റയില്‍വേയില്‍ ചേര്‍ന്ന് കൊണ്ടാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.1963 - ല്‍ വമ്പന്‍ തിരമാലകളാല്‍ തകര്‍ന്ന പാമ്പന്‍ പാലത്തിന്റെ ചില ഭാഗങ്ങളുടെ അറ്റകുറ്റ പണികള്‍ ചെയ്തു തീര്‍ത്തു കൊണ്ടാണ് അദ്ദേഹത്തിന്റെ സാങ്കേതികമായ പരിജ്ഞാനവും,കഴിവും ആദ്യമായി തെളിയച്ചത്. ഈ ദൌത്യം പൂര്‍ത്തീകരിക്കാന്‍ റെയില്‍വേ അദ്ദേഹത്തിന് ആറു മാസം സമയം കൊടുത്തിരുന്നു.എങ്കിലും അദ്ദേഹം എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് വെറും 46 ദിവസം കൊണ്ട് തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.1970 - ല്‍ ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയില്‍ പ്രോജെക്റ്റ്‌ ആയ കൊല്‍ക്കത്ത മെട്രോയുടെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത് ശ്രീധരനാണ്. 1981 മുതല്‍ ഏഴു വര്‍ഷം അദ്ദേഹം ഇന്ത്യന്‍ റെയില്‍വേയില്‍ ചീഫ് എഞ്ചിനീയറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1987 - ല്‍ ജനറല്‍ മാനേജരായി സ്ഥാനക്കയറ്റം ലഭിച്ച ഇദ്ദേഹം പിന്നീട് 1989-ല്‍ റെയില്‍വേ ബോര്‍ഡില്‍ അംഗമായി നിയമിക്കപ്പെടുകയും ചെയ്തു.1990 - ല്‍ അദ്ദേഹം ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും വിരമിക്കുകയും എന്നാല്‍ അതെ വര്‍ഷം തന്നെ ഗവണ്‍മെന്റ് അദ്ദേഹത്തെ കൊങ്കണ്‍ റെയില്‍വേയുടെ CMD ആയി നിയമിക്കുകയും ചെയ്തു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഈ വമ്പന്‍ പ്രോജെക്റ്റ്‌ ബില്‍ഡ് ഓപേറേറ്റ് ട്രാന്‍സ്ഫെര്‍ അടിസ്ഥാനത്തില്‍ ആണ് നിര്‍മ്മിച്ചത്. ഈ പ്രോജെക്ടില്‍ 760 കിലോമീറ്റര്‍ ദൂരത്തില്‍ 93 ടണലുകളും,50 ബ്രിട്ജുകളും ഉള്‍പ്പെട്ടിരുന്നു. 1997 - ല്‍ അദ്ദേഹത്തെ ഡല്‍ഹി മെട്രോയുടെ മാനേജിംഗ് ടയറക്ടര്‍ ആയി നിയോഗിച്ചു.2002 വരെ സമയ പരിമിതി ഉണ്ടായിരുന്ന ഈ പദ്ധതി അദ്ദേഹം അതിനു മുമ്പേ പൂര്‍ത്തീകരിച്ചു കൊണ്ട് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുകയായിരുന്നു.അദ്ദേഹത്തിന് തന്റെ കര്‍ത്തവ്യങ്ങളോടുള്ള പ്രതിബദ്ധതയും,ആത്മാര്‍ഥതയും,ശുഷ്കാന്തിയും,മെട്രോ പ്രോജെക്റ്റുകള്‍ സാങ്കേതിക മികവോടെ പൂര്‍ത്തീകരിക്കുവാനുള്ള മികവും അദ്ദേഹത്തെ മേട്രോമാന്‍ എന്ന പേരിനു ഉടമയാക്കി. 2001 - ല്‍ അദ്ദേഹത്തിന് കേന്ദ്ര ഗവണ്‍മെന്റിന്റെ "പദ്മശ്രീ" അവാര്‍ഡും,ടൈംസ്‌ ഓഫ് ഇന്ത്യയുടെ "മാന്‍ ഓഫ് ദി ഇയര്‍"'' അവാര്‍ഡും ലഭിച്ചിരുന്നു.അതിനു പുറമേ 2005 - ല്‍ ഫ്രാന്‍സ് ഗവണ്‍മെന്റ് "ചെവലിയര്‍ ദെ ല ലെജ്യന്‍ ദ'ഹോണിയര്‍""""". "അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. മലയാളിയുടെ അഭിമാനവും,അഹങ്കാരവും ആയ ശ്രീധരന്‍ എന്ന സാങ്കേതിക വിദഗ്ദ്ധന്‍ മുക്കിനും മൂലയ്ക്കും മുളച്ചു വരുന്ന ആശ്രയവും,പരാശ്രയവും,സ്വയാശ്രയുമായ എന്ജിനീയറിംഗ് കോളേജുകള്‍ക്കും,ഓട്ടോ കാഡിന്റെയും,സോഫ്റ്റ്‌ വെയറുകളുടെയും ഹൈക്കു സന്തതികള്‍ക്കും അസൂയയോടെയും, അത്ഭുതത്തോടെയും നോക്കി കാണുവാനുള്ള ഒരു വ്യക്തിത്വമായി അവശേഷിക്കുമെന്നതില്‍ സംശയമില്ല.ഇനി വരും കാലങ്ങളില്‍ "മെട്രോധരന്‍""""""""""'' തിയറി സിവില്‍ എന്ജിനീയറിംഗ് മേഖലകളില്‍ ഒരു കൊടുംകാറ്റായി വീശിയടിച്ചെക്കാം !!

കൊച്ചുണ്ട്രാപ്പി റീലോഡട്‌ - 2012

സീന്‍ ഒന്ന് :
എടാ കൊച്ചു ...
എന്തരണ്ണ ?

നീ പിടിച്ചിരുന്നോ.വെള്ളത്തില്‍ വീണു പോയാല്‍ എനിക്ക് മുങ്ങി തപ്പാന്‍ പറ്റൂല.

ഓ .. അണ്ണന്‍ കത്തിച്ചു വിട്.നേരത്തെ എത്തിയില്ലങ്കില്‍ ബിവറേജ് അടച്ചു പൂട്ടും.രാവിലെ അടിച്ച ഗോല്‍ക്കണ്ട ഇപ്പോഴും വയറ്റില്‍ കെടന്നു കത്താണ്.

അണ്ണാ ..
എടേ എന്തരു ?

അണ്ണാ രാവിലത്തെ മൊതല് കത്തിയാ ?

ഓ .. കൊറച്ചു കത്തിയടെ !! നിനക്കാ ?

എന്തരു പറയാന്‍ അണ്ണാ .. എനിക്ക് ചെവിയില്‍ ഒരു ചെറിയ പെരുപ്പ്‌ മാത്രമേ ഒണ്ടായിരുന്നുള്ളു!!

എടേ ലവന്മാര്‍ ഇപ്പൊ കുപ്പീല് നെറയെ വെള്ളം ഒഴിച്ചാണ് വിക്കണത്‌ കേട്ട...

ഓ തന്നെ !! ഒരു കൃതവും ഇല്ലണ്ണ !! അടിച്ചത് മുഴുവനും പെടുത്തു പോയി !! ഇടയ്ക്കിടയ്ക്ക് മൊബെല് കാരു റീ ചാര്‍ജ് ചെയ്യണ പോലെ ചാര്‍ജ് ചെയ്താ വല്ലതും ആയി !! വല്ല വിധേനെയും വല്ലവനെയും കുറ്റി വച്ച് ഒരു പെയിന്റ് ആന്തി കൊണ്ട് വന്നു ചാര്‍ജ് ചെയ്താ ദാ കെടക്കണ്.. "പരിധിക്കു പുറത്തു"

അണ്ണാ ഇങ്ങനെ പോയാ എങ്ങനെ അണ്ണാ നമ്മള്‍ കുടിയന്മാര്‍ ജീവിക്കണേ ? എത്ര ലവന്മാരെ തള്ളക്കു വിളി കേട്ടാണ് അണ്ണാ നമ്മള്‍ കൊറച്ചു സൊയമ്പന്‍ നാക്കില്‍ തൊട്ടു തേക്കണതു !!

അണ്ണാ ...
എന്തരു കൊച്ചു ?

അണ്ണാ ഈ തമിഴന്മാരെ കൊണ്ട് തോറ്റു.
ലവന്മാര്‍ ഡാം കെട്ടാനും വിടൂല .. ജല നിരപ്പ് കൊറക്കാനും വിടൂല .. പശുവോട്ട് തിന്നേം ഇല്ല പട്ടിയെ കൊണ്ട് തീറ്റിക്കേം ഇല്ല എന്ന ഗതിയാണ് ഇപ്പൊ !!
അവിടന്ന് പൊങ്ങിയ താനേ കാറ്റ് വന്നു ഇവിടേം വന്നു കലിപ്പാക്കി !! റോഡേതു പുഴയെത് എന്ന അവസ്ഥയല്ലേ അണ്ണാ ഇപ്പൊ. ഇന്ന് ന്യൂയീര്‍ മുഴുവനും വെള്ളത്തില്‍ ആയല്ലോ അണ്ണാ .. ദാണ്ടേ ബൈക്കും കാറുമൊക്കെ മുങ്ങി നടക്കണ് !! തള്ളെ കലിപ്പ് .. കലിപ്പ് ..

എന്റെ ആറ്റുകാല്‍ അമ്മച്ചീ തിരോന്തരത്തെ എല്ലാ ബിവറേജുകളിലും വെള്ളം കേറി ഫുള്ളും പൈന്റും ഒഴുകി നടന്നെങ്കില്‍ !! ഞാന്‍ ചൂണ്ടയിട്ടു പിടിച്ചേനെ !!
അണ്ണാ..
എന്തരു ടെ ?
നിങ്ങള് ബൈക്ക് ഉരുട്ടണ അതാ ഓടിക്കണ ?

ഡേയ് കൊച്ചു പിടിച്ചിരുന്നോ ...
മരുതം കുഴി ഇറക്കം ആണ്..
സൂക്ഷിച്ചു ഇരുന്നില്ലെങ്കില്‍ മരുതം കുഴി ആറ്റില്‍ ചെന്ന് വീഴും ...
അണ്ണാ പോപ്പ അടിക്കിന്‍ !! പോപ്പ അടിക്കിന്‍ !!
എടേ എന്തരു ?
അണ്ണാ കാളവണ്ടിക്ക് സൈഡ് കൊടുക്കിന്‍ .. പോം പോം ..
ഹോ .. നിങ്ങളെ സമ്മതിച്ചു കേട്ട .. കാള വണ്ടി നിങ്ങളെ ഓവര്‍ ടെക് ചെയ്തല്ല !!
ഓ ... കൊല കൊല മുന്തിരിക്കാ !!
അണ്ണാ ...
എന്തരു ഡേയ് ?
അണ്ണാ സൈഡിലോട്ടു ചവിട്ടി പിടിക്കീന്‍ .. ബിവറേജ് !! ബിവറേജ് !!
ഓ ബിവറെജാ !! പേടിപ്പിച്ചു കളഞ്ഞല്ല ഡേയ് !!
ഡേയ് കൊച്ചു ..
എന്തരണ്ണാ ?
നീ പോയി ഒരു ഗോല്‍ക്കണ്ട ഫുള്‍ വാങ്ങിയിട്ട് വാ !!
ശെരി അണ്ണാ ... നിങ്ങള് വെയ്ടീന്‍ ... ദാ ... വന്ന് !!
വൈ ദിസ്‌ കൊലവെറി ... കൊലവെറി ഡീ ... അല്ലങ്കിന്‍ വേണ്ട ലവന്മാര്‍ പാണ്ടിയാണെന്നു വിചാരിച്ചു കൂമ്പിനിടിചാലാ !!
അപ്പൊ കെടക്കട്ട് !! പണ്ടിട്റ്റ് അണ്ണന്റെ "രാത്രി ശിവരാത്രി" ..... നീയെന്‍ കാമാക്ഷി...
അണ്ണാ ഒരു ഗോല്‍ക്കണ്ട ഫുള്ള് !!
പൊതിഞ്ഞു പാന്റിന്റെ ഇടയിലോട്ടു കേറ്റി വയ്ക്കാം ... ആഹ !! ആഹ !!
എടേ കൊച്ചു നീ എന്തരിനു കെടന്നു പൊളക്കണ ?
അണ്ണാ അത് !!കുപ്പീരെ മൂട് കൊണ്ട് ... ലവിടെ !! ലെവിടെ ? ലവിടെ !!
ഡേയ് ലതു പൊട്ടിയാലും കുപ്പി പൊട്ടിക്കരുത്‌ കേട്ട ...
അണ്ണാ ദോ പെട്ടിക്കടെരെ അടുത്ത് നിര്‍ത്തിന്‍ !!
ഓ .. നിര്‍ത്തി !!
അണ്ണാ ... കടിക്കാന്‍ വാങ്ങീട്ടു വരാം !!
പെട്ടിക്കടയില്‍ : അണ്ണാ കടിക്കാന്‍ എന്തുണ്ട് ?
കടക്കാരന്‍ : അരിയുണ്ട !!
കൊച്ചു : അണ്ണാ നാലെണ്ണം പൊതിയിന്‍ !!
സീന്‍ രണ്ടു :അരിയുണ്ടയും ഗോല്‍ക്കണ്ട ഫുള്ളുമായി കൊച്ചുണ്ട്രാപ്പിയും കൂട്ടുകാരനും അടച്ചിട്ടിരിക്കുന്ന ഒരു കടയുടെ പുറകില്‍ ഇരുട്ടത്ത്‌ നിന്ന് ഗോല്‍ക്കണ്ട മാറി മാറി പൂശുകയാണ്.ഒരു പെക്ക് കൊച്ചു അടിക്കുമ്പോള്‍ കൂട്ടുകാരന്‍ രണ്ടു ഒരുമിച്ചു അടിക്കും.ടച്ചിംഗ്സിനായ് അരിയുണ്ട കറുമുറാ എന്ന് കടിച്ചു തിന്നും.എന്തോ പെട്ടെന്ന് തൊണ്ടയില്‍ കുരുങ്ങി കൊച്ചുണ്ട്രാപ്പി ഒച്ചത്തില്‍ ചുമക്കാന്‍ തുടങ്ങി ..
ഡേയ് ... എന്തരിനു ചുമക്കണേ ?
തേങ്ങ !!
ഡേയ് എന്തരിനു നീ പള്ളു പറയണേ?
അണ്ണാ പള്ളു പറഞ്ഞതല്ല ... തൊണ്ടയില്‍ അരിയുണ്ടയിലെ "തേങ്ങ കുരുങ്ങയിതാണ്". !!
സീന്‍ മൂന്നു : പാളയത്തെ ഗതാഗത കുരുക്കു .. കൊച്ചുണ്ട്രാപ്പി അടിച്ചു വീലായി സ്കൂട്ടറിന്റെ പുറകില്‍ .. കൂട്ടുകാരന്‍ പാമ്പായി ബൈക്ക് വെട്ടി വെട്ടി നാട് റോഡില്‍ നിര്‍ത്തി ..കൊച്ചുണ്ട്രാപ്പി ബൈക്കില്‍ നിന്നും ചാടിയിറങ്ങി ട്രാഫിക്ക് ഐലന്റില്‍ ചാടി കയറി പോലീസുകാരനെ ഒരൊറ്റ ചവിട്ടു .... ലങ്ങേരു മണ്ടയടിച്ചു ദാ കെടക്കണ് താഴെ!!
പിന്നെ കളിശം പൊക്കി കേറ്റി കൊച്ചുണ്ട്രാപ്പി വണ്ടികള്‍ നിയന്ത്രിക്കാന്‍ തുടങ്ങി ... പിന്നത്തെ കാര്യം പറയണ്ടല്ല അല്ലെ ?
എവിടെന്നോ വന്ന ഒരടി !! ... ചെകിട് പൊളിഞ്ഞു ചെവിക്കകത്ത്‌ ഒരു മുഴക്കം മാത്രം !! ... പിന്നെ കൊച്ചുണ്ട്രാപ്പിയുടെ കണ്ണുകളില്‍ കുറെ നക്ഷത്രങ്ങളും സ്പ്രിങ്ങുകളും !!
കൊച്ചുണ്ട്രാപ്പിക്ക് ബോധം വന്നപ്പോള്‍ താന്‍ മ്യൂസിയം സ്ടഷനില്‍ ആണെന്ന് ബോധ്യമായി.
കൊച്ചുണ്ട്രാപ്പി ചുറ്റും ഒന്ന് നോക്കി ... കുറെ ചെരുപ്പക്കാരന്മാര്‍ ജട്ടി മാത്രം ഇട്ടു കൊണ്ട് നില്‍ക്കുന്നു .. അതില്‍ പല ജട്ടികളും തന്നെ നോക്കി പല്ലിളിക്കുന്ന പോലെ കൊച്ചുണ്ട്രാപ്പിക്ക് തോന്നി .. അതില്‍ പലതും ഓട്ട വിഴുന്നതും എലാസ്ടിക്ക് പോയതും ഒക്കെ ആയിരുന്നു !!

പെട്ടെന്നൊരു ആക്രോശം മുണ്ടും ഷര്‍ട്ടും ഊരടെ!! എസ് ഐ ആണ് ...

കൊച്ചുണ്ട്രാപ്പി മടിച്ചു മടിച്ചു മുണ്ടും ഷര്‍ട്ടും ഊരി .. കൊച്ചുണ്ട്രാപ്പി പച്ച വരകളുള്ള കളിശം മാത്രം ധരിച്ചു കൊണ്ട് നാണിച്ചു കൊണ്ട് നഖം പോയ പേര് വിരല്‍ കൊണ്ട് ചിത്രം വരച്ചു നിന്നു.
ഹൌ സെക്സീ ഡ !!

എന്തോ ശബ്ദം കേട്ട് കൊച്ചുണ്ട്രാപ്പി സൈഡിലോട്ടു നോക്കി... അയ്യോ അണ്ണനെ കുനിച്ചു നിര്‍ത്തി ലങ്ങേരെ മുതുകില്‍ ബിയര്‍ കുപ്പികള്‍ നിരത്തി വച്ച് പോലീസുകാര്‍ കാത്തു നില്‍ക്കുന്നു .. ബാറില്‍ മേശപ്പുറത്തു കുപ്പികള്‍ നിരത്തി വച്ചിരിക്കുന്ന പോലെ.അവര്‍ ഇടയ്ക്കിടയ്ക്ക് വാച്ചും നോക്കുന്നുണ്ട് ..

എവിടെയോ ഒരു വെടി പൊട്ടി ... പോലീസുകാര്‍ ആര്‍ത്തു വിളിച്ചു ... "ഹാപ്പി ന്യൂ ഇയര്‍ 2012" .... ബീയര്‍ കുപ്പികളുടെ വായില്‍ നിന്നും നുരഞ്ഞു പൊന്തിയ ദ്രാവകം കൊച്ചുണ്ട്രാപ്പിയെയും കടന്നു പോലീസ് സ്ടെഷനെയും കടന്നു "താനേ" ചുഴലിക്കാറ്റില്‍ താനെ പറന്നു പോയി.

കവിയൂരില്‍ നഷ്ടപ്പെട്ടത് !! ( അനഘാ )

സ്ത്രീ ലൈന്കീക പീഡനങ്ങള്‍ മാധ്യമങ്ങളും,രക്ഷ്ട്രീയക്കാരും, ജനങ്ങളും ആഘോഷമാക്കുന്ന ഈ കാലത്ത് അതിന്റെ പുറകില്‍ നടക്കുന്ന സത്യാവസ്ഥ എന്തെന്ന് പുറത്തു കൊണ്ട് വരാന്‍ ഇന്നേ വരെ ഒരു അന്വേഷണ സംഘത്തിനും കഴിഞ്ഞിട്ടില്ല അഥവാ സ്വതന്ത്രമായ അന്വേഷണങ്ങള്‍ നടത്തുവാന്‍ തക്കതായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല.അന്വേഷണ റിപ്പോര്‍ട്ടുകളില്‍ പോലും മായം ചേര്‍ത്ത് പൂച്ചയെ പുലിയാക്കുന്ന കാഴ്ചകള്‍ നമ്മള്‍ പലതും കണ്ടതാണ്.കണ്ടു മടുത്തവരാണു.ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിച്ചു കണ്ടു രസിക്കുന്ന സാഡിസ്റ്റുകളായ ഒരു ജനതയാണോ നമ്മുടേത്‌ ? അതോ പ്രതികരണ ശേഷി നഷ്ടപ്പെട്ട വെറും നോക്ക് കുത്തികളോ? നിരപരാധികളായ സ്ത്രീകളുടെ നഗ്നത മൊബൈല്‍ ഫോണ്‍ വഴിയും ഇന്റര്‍നെറ്റ് വഴിയും ദ്രിശ്യ വിരുന്നുകള്‍ ഒരുക്കുമ്പോള്‍ ഇത്തരക്കാരുടെ സിരകളില്‍ കാമം നുരയ്ക്കുന്നുണ്ടാകുമോ ? അതോ അവരിലെല്ലാം തങ്ങളുടെ അമ്മയുടെയോ,മകളുടെയോ, ,സഹോദരിയുടെയോ നിഷ്കളങ്കമായ ,ദയനീയമായ മുഖം ഇക്കൂട്ടരുടെ മനസ്സില്‍ സഹതാപം ഉണര്‍ത്തുന്നുവോ ? നാല് വയസു മുതല്‍ നൂറു വയസുവരെയുള്ള നമ്മുടെ സ്ത്രീ ജനങ്ങള്‍ക്ക്‌ എന്ത് സുരക്ഷയാണ് ഈ നാട്ടിലുള്ളത് ?പഠിയ്ക്കുവാനും,ജോലിക്കും പുറത്തു പോകുന്ന പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തുന്നത് വരെ മാതാ പിതാക്കന്മാര്‍ക്കു മനസ്സില്‍ ആധിയാണ്.ഈ പെണ്‍കുട്ടികളെ ഏതെങ്കിലും ഗോവിന്ദ ചാമികള്‍ ആക്രമിചെക്കാം,വീ ഐപികള്‍ പങ്കിട്ടെടുത്തു പിച്ചി ചീന്തിയെക്കാം.തുണിക്കടയിലെയും,മൂത്രപ്പുരയിലേയും ഞരമ്പ് രോഗികളുടെ ഒളിക്യാമറകള്‍ ഈ നിരപരാധികളായ ഈ സ്ത്രീകളുടെ നഗ്നത ഒപ്പിയെടുത്തു അവരുടെ മാനത്തിന് വില പറഞ്ഞേക്കാം.അവരുടെ നഗ്നത നാളെ ഒരു മുഴം കയറില്‍ തൂങ്ങി ആടിയേക്കാം,ഒരു കുപ്പി വിഷത്തില്‍ തലച്ചോറ് പൊട്ടി കൈ കാലുകള്‍ വിറങ്ങലിച്ചു മരവിച്ചു കിടന്നേക്കാം.
പണത്തിനും അധികാരത്തിനും മേല്‍ പരുന്തല്ല ഒരു ചെറിയ കൊതുക് പോലും പറക്കില്ല എന്ന വസ്തുത ബുദ്ധിയുണ്ടെന്ന് വാദിക്കുന്ന ഏതു പ്രബുദ്ധനായ മലയാളിക്കും അറിയാവുന്ന ഒരു സത്യമാണ്.എന്ത് തന്നെയായാലും ഇവിടെ മനുഷ്യത്വം നശിക്കുകയാണ്.അധികാരത്തിന്റെയും,പണത്തിന്റെയും ലഹരിയില്‍ മത്തു പിടിച്ച മാടമ്പിമാര്‍ ധര്‍മ്മം,നീതി ,ന്യായം എന്നിവയുടെ കഴുത്ത്‌ ഞെരിച്ചു കൊന്നു അന്ത്യ ശുശ്രൂഷ പോലും നല്‍കാതെ ശവക്കുഴിയിലേക്ക് ചവുട്ടി തള്ളുകയാണ്.കവിയൂരിലെ അനഘയുടെ മരണത്തില്‍ പല ദുരൂഹതയും നില നിന്നിരുന്നു.പത്രക്കാരും ദ്രിശ്യ മാധ്യമങ്ങളും അവരവരുടെ ഭാവനയില്‍ പല തുടര്‍ കഥകളും വള്ളിയും പുള്ളിയുമില്ലാതെ എഴുതി.ഈ തുടര്‍ സീരിയയിലെ അശ്ലീലതയും,ശ്ലീലതയും മസാലയും വായിച്ചു രസിച്ച ഞരമ്പ്‌ രോഗികള്‍ അഥവാ നോക്ക് കുത്തികള്‍ അതിന്റെ ക്ലൈമാക്സിനു കാത്തിരിക്കുമ്പോഴാണ് അനഘയെ പീഡിപ്പിച്ചത് സ്വന്തം അച്ഛന്‍ നാരായണന്‍ നമ്പൂതിരി തന്നെയാണ് എന്ന അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ വെളിപ്പെടുത്തലുകള്‍........ !! ... ഡീ എന്‍ ഏ ടെസ്റ്റിന്റെയോ, ബ്ലഡ് ടെസ്റ്റിന്റെയോ തെളിവില്‍ അല്ലാ ഇവര്‍ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.ഒരു പക്ഷെ കവടി നിരത്തി കണിയാര് പ്രശനം വച്ച് ഗ്രഹ നില നോക്കി പറഞ്ഞതായിരിക്കും!! മരിച്ചു പോയവര്‍ എന്തായാലും തിരിച്ചു വന്നു ഇവര്‍ക്കെതിരെ ഹര്‍ജി കൊടുക്കൂല എന്ന ധൈര്യത്തില്‍ ആയിരിക്കാം ഈ ജെയിംസ്‌ ബോണ്ടുമാര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്..കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. !!!!!....? നമ്മുടെ നിയമങ്ങള്‍ക്കു ഒത്തിരി ഓട്ടകള്‍ ഉണ്ടെന്നും അത് വഴി ഏതു കുറ്റവാളികളെയും രക്ഷപ്പെടുത്താന്‍ കഴിയുമെന്നും അറിയാവുന്ന കറുത്ത അങ്കി ധരിച്ച അഭിഭാഷകര്‍ ഉള്ളിടത്തോളം കാലം അവര്‍ക്ക് വേണ്ട സാമ്പത്തിക ഭൌതീക ദ്രവ്യങ്ങള്‍ കാഴ്ച വയ്ക്കുവാന്‍ മാടമ്പിമാര്‍ ഉള്ളിടത്തോളം കാലം ഈ നാട്ടില്‍ നീതിയുടെ ധര്‍മ്മത്തിന്റെ പ്രഭാതം പുലരില്ല.മാറ്റുവിന്‍ ചട്ടങ്ങളെ !! സാമൂഹ്യ നീതി ഉറപ്പാക്കാന്‍ കഴിയാത്ത ഏതു നിയമങ്ങളും പുനരവലോകനം ചെയ്യപ്പെടണം.തിരുത്തപ്പെടണം !!

തീ നാളങ്ങള്‍ക്ക് കീഴടങ്ങാത്ത ആത്മാവുകള്‍ ( AMRI HOSPITAL കൊല്‍ക്കത്ത )

കൊല്‍ക്കത്തയിലെ AMRI ആശുപത്രിയില്‍ ഉണ്ടായ തീ പിടുത്തത്തില്‍ തീവ്ര പരിചരണത്തില്‍ ഉണ്ടായിരുന്ന രോഗികള്‍ ഉള്‍പ്പെടെ 73 പേര്‍ മരിക്കുകയുണ്ടായി.താഴത്തെ നിലയില്‍ ഉണ്ടായ തീ പിടുത്തം ക്രമേണ സെന്‍ട്രല്‍ എയര്‍ കണ്ടീഷന്‍ ഡക്റ്റുകള്‍ വഴി മറ്റുള്ള നിലകളിലേക്ക് പടരുകയായിരുന്നു.നിമിഷ നേരം കൊണ്ട് കുമിഞ്ഞു കൂടിയ പുക ശ്വസിച്ചതാണ് ഇത്രയും പേരുടെ മരണത്തിനു കാരണമായത്‌.ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത് വളരെ ഇടുങ്ങിയ സ്ഥലത്താണ്.വണ്ടികള്‍ വരുവാനും പോകുവാനും വേണ്ടത്ര സൌകര്യങ്ങള്‍ ഈ സ്ഥലത്ത് കുറവാണ്.അപകടം നടന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് അഗ്നി ശമന പ്രവര്‍ത്തകര്‍ എത്തിയതെന്നും ആക്ഷേപമുണ്ട്.മാത്രമല്ല അപകടമറിഞ്ഞു തടിച്ചു കൂടിയ ജനങ്ങളും വാഹനങ്ങളും കാരണം അഗ്നി ശമന സേനയ്ക്ക് വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്ന പരാതിയുമുണ്ട്.ഈ അപകടം നടക്കുന്നതിനു ആറു മാസത്തിനു മുമ്പേ സേഫ്റ്റി കൌണ്‍സില്‍ അപകട സാധ്യതയെ കുറിച്ച് അവരുടെ ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ടില്‍ ആശുപത്രി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതൊന്നും വക വയ്ക്കാതെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയ ആശുപത്രി അധികൃതര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.മരിച്ചവരുടെ കുടുംബത്തിനായ് അഞ്ചു ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാരും രണ്ടു ലക്ഷം രൂപ വീതം കേന്ദ്ര സര്‍ക്കാരും നല്‍കാമെന്നു പ്രഹ്യാപിച്ചിട്ടുണ്ട്.
ഈ അപകടത്തില്‍ വിനീത,രംമ്യ മലയാളി നേഴ്സുമാരും മരിച്ചിരുന്നു.അവര്‍ ജോലി ചെയ്തിരുന്ന ജനറല്‍ വാര്‍ടിലുള്ള ഒന്‍പതില്‍ എട്ടു രോഗികളെയും അവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. അവസാനത്തെ രോഗിയെ രക്ഷപ്പെടുത്തുന്ന അവസരത്തിലാണ് ഈ ത്യാഗമതികളായ രണ്ടു സഹോദരിമാരെയും തീ നാളങ്ങള്‍ വിഴുങ്ങിയത്.വളരെ ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരാണ് ഈ സഹോദരിമാര്‍.ഇവരുടെ തുച്ചമായ വരുമാനത്തില്‍ ആണ് നാട്ടിലുള്ള അവരുടെ കുടുംബം പുലര്‍ന്നു പോന്നിരുന്നത്.ഇവരുടെ വിയോഗം ആ കുടുംബങ്ങളെ ആകെ തളര്‍ത്തിയിരിക്കു കയാണ്.ആതുര സേവനം വെറും കച്ചവടം ആയി കൊണ്ടിരിക്കുന്ന ഈ കാലത്ത് വിനീത രമ്യമാര്‍ തങ്ങളുടെ ജീവന്‍ പണയം വച്ച് തന്റെ രോഗികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതും അവസാനം തങ്ങളുടെ ജീവനും അഗ്നിക്ക് സമര്‍പ്പിച്ചിട്ടു യാത്രയായതും ചരിത്രത്തിന്റെ ഏടുകളില്‍ ഇവര്‍ക്കുള്ള മഹോന്നത സ്ഥാനം നില നിര്‍ത്തുമെന്നതില്‍ സംശയമില്ല .. ഈ ധീര വനിതകളുടെ വിയോഗത്തിലും ഒപ്പം അഗ്നിക്കിരയായി അവരോടൊപ്പം യാത്രയായ മറ്റുള്ളവര്‍ക്കും എന്റെ കണ്ണീര്‍ അഞ്ജലികള്‍ ചെലുത്തുന്നു ... ഇനിയും ഇത്തരത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ സേഫ്റ്റി കൌണ്‍സിലിന്റെയും അഗ്നി ശമന സേനയുടെയും അപ്പ്രൂവല്‍ എല്ലാ സ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കെണ്ടാതാണ്.ആശുപത്രികള്‍ പോലും സുരക്ഷിതമല്ലാത്ത ഈയവസരത്തില്‍ അധികാരികള്‍ കണ്ണ് തുറന്നു പ്രവര്‍ത്തിക്കുമെന്ന് ആത്മാര്‍ഥമായും ആശിക്കുന്നു.