Friday, January 18, 2013

വ്യര്‍ത്ഥ സ്വപ്‌നങ്ങള്‍

വെളിച്ചമില്ലാത്ത സൂര്യനിലോ, നിലാവില്ലാത്ത ചന്ദ്രനിലോ, ജലം വറ്റിയ പുഴകളിലോ, അലകളില്ലാത്ത ആഴിയിലോ, മഴ പെയ്യിക്കാത്ത മേഘങ്ങളിലോ, ഇരുള്‍ മുറിഞ്ഞ രാത്രികളിലോ, അക്ഷരങ്ങളില്ലാത്ത പുസ്തകങ്ങളിലോ, ഞാന്‍ നിന്നെ തിരയുന്നില്ല. എങ്കിലും, കഴുത്ത്‌ ഞെരിച്ചു കണ്ണ് തുറിച്ചു - മൃതമാക്കിയ മോഹങ്ങള്‍ നെഞ്ചിലൊതുക്കി മലര്‍ന്നു കിടന്നു കണ്ണുകള്‍ തുറന്നു വച്ച് കാണാതെ കാണട്ടെ നിന്നെ ഞാനീ- നിറങ്ങളില്ലാത്ത വ്യര്‍ത്ഥ സ്വപ്നത്തിലെങ്കിലും !!

മദര്‍ ഇന്ത്യ

അവനെന്റെ ഗര്‍ഭ പാത്രത്തില്‍ അണുവായി ഭ്രൂണമായ് തുടിച്ചപ്പോഴും ഗര്‍ഭ രക്തത്തില്‍ കുളിച്ചവന്‍ പുറം ലോകം കണ്ടപ്പോഴും, കുഞ്ഞിക്കാലുകളാലെന്‍ നെഞ്ചില്‍ താണ്ഡവ നൃത്തമാടിയപ്പോഴും, എന്റെ നെഞ്ചിലെ പാലാഴി കുടിച്ചു വറ്റിച്ചപ്പോഴും, എന്‍ കൈകളാല്‍ തഴുകി തലോടിയവനെ പൂര്‍ണ പുരുഷനായി വളര്‍ത്തിയപ്പോഴും ഞാന്‍ ഓര്‍ത്തിരുന്നില്ല അവനൊരിക്കല്‍ രകതമൊലിക്കുന്ന തീക്കനല്‍ കണ്ണുകളുള്ള ചെകുത്താനായി മാറുമെന്നും മാംസ ദാഹിയായ ചെന്നായയായ് നിഷ്കളങ്ക സ്ത്രീ മേനികളില്‍ അവന്റെ ദ്രംഷ്ടകള്‍ ആഴ്ത്തിറക്കുമെന്നും, പെണ്ണിന്റെ മാനത്തെ കവര്‍ന്നെടുത്തു പിച്ചി ചീന്തി കുടല്‍ മാല പോലും പൂമാലയായ് പാപ ശരീരത്തിലണിഞ്ഞു കാമത്തിന്‍ വികൃതമായ വേട്ട നടത്തി വെകിളി നൃത്തം ചവിട്ടുമെന്നും !! പൊറുക്കുക സമൂഹമേ ഈ ചെകുത്താന് ജന്മം നല്‍കിയതിനു .. ക്ഷമിക്കുക ജനങ്ങളെ ഈ കിരാതന് ജീവ രക്തം നല്‍കിയതിനു ... നിങ്ങള്‍ നല്‍കൂ കടും ശിക്ഷ ഈ കൊടിയ പാപിക്ക്‌ ... മുറിച്ചെറിയൂ അവന്റെ വികൃത കാമം ത്രസിപ്പിക്കും ഞരമ്പുകള്‍ !! ചൂഴ്ന്നെടുക്കൂ സ്ത്രീയെ ഭോഗ വസ്തുവായി കാണുന്ന കണ്ണുകള്‍ !!

ഒളിത്താവളം

നിന്റെ തീക്ഷ്ണമായ നോട്ടത്തിനു എന്നോളം നീളുന്ന വെയിലിന്‍ ചൂടുണ്ട്!! നിന്റെ മൃദുലമായ മൌനത്തിനു ആയിരം വാക്കുകളുടെ വാചാലതയുണ്ട് !! നിന്റെ പ്രൌഡമായ ഭാഷയ്ക്ക്‌--- കവിതയോളം ബിംബങ്ങളുണ്ട് !! ആര്‍ക്കോ,എന്തിനോ, എപ്പോഴോ,എന്നോ ഇണ പിരിഞ്ഞ ജീവിത പാതകള്‍ പിന്നിലാക്കി ഒന്നിനുമല്ലാതെ ഏതിനുമല്ലാതെ നമുക്കൊന്നിക്കുവാന്‍ നിന്‍ മനസിലൊരു ഒളിത്താവളം ഒരുക്കി വയ്ക്കുക !! അവിടെ നമുക്ക് ഒച്ച വയ്ക്കാതെ,മുരടനക്കാതെ, വിങ്ങാതെ,വിതുംബാതെ എന്തിനുമല്ലാതെ ഒളിച്ചിരിക്കാം . .

കംബ്യൂട്ടര്‍ കാണിയ്ക്ക !!

ജനനം,മരണം,വിവാഹം,വിവാഹ മോചനം,വിദ്യാഭ്യാസം,കല,പ്രേമം,സല്ലാപം,ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളും കംബ്യൂട്ടര്‍വല്ക്കരിച്ചിരിക്കുന്ന ഈ കാലത്ത് ദൈവ ദര്‍ശനവും,ദൈവത്തിനു കൊടുക്കുന്ന കാണിക്കയും ( ഭക്തര്‍ രോഷാകുലരാകേണ്ട.ഈ പ്രപഞ്ചത്തിനു മുഴുവനും ഉടമയായ ലോകത്തെ ഏറ്റവും വല്ല്യ ധനികനായ ദൈവത്തിനു നമ്മള്‍ മനുഷ്യരുണ്ടാക്കിയ ഈ ഇരുമ്പ് തുട്ടുകള്‍ കാണിയ്ക്ക എന്ന പേരില്‍ കാര്യ സാധ്യത്തിനു കൊടുക്കുന്നത് വഴി ഭഗവാനെ നമ്മള്‍ അപമാനിക്കുകയല്ലേ ചെയ്യുന്നത് ? അതിനെ കൈക്കൂലി അല്ലാതെ എന്തെന്നാണ് വിളിക്കുക ? ദൈവത്തിനു നമ്മുടെ തുരുമ്പിച്ചു നാറിയ ഈ ഇരുമ്പ് തുട്ടുകളോട് ആര്‍ത്തിയുണ്ടോ ? ) കംബ്യൂട്ടര്‍ വഴി നടത്താം..ഒരു അദ്ദ്വാനവുമില്ലാതെ വളരെ എളുപ്പത്തില്‍ നെറ്റ് വഴി ഭഗവല്‍ ദര്‍ശനവും ഒപ്പം ദൈവ പ്രസാദമായ അപ്പം,അരവണ എന്നിവ വീട്ടിലേക്കു വരുത്തി സായൂജ്യമടയുകയും ആവാം .. വേണമെങ്കില്‍ മേല്‍ശാന്തിക്കു ഈ മെയില്‍ അയച്ചു പണം ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്തു പ്രത്യേക പൂജകളും നടത്താം .. ഈ ലോകത്ത് എല്ലാം അങ്ങനെ രസം പിടിച്ചു വരികയാണ് .. ദൈവവും,ഭക്തരും വെബ് ക്യാമില്‍ ചാറ്റുന്നു ... ഇട നിലക്കാരായ പൂജാരികളും,സര്‍ക്കാര്‍ ദൈവ വകുപ്പുകാരും ( ദൈവത്തിനും ഭക്തര്‍ക്കും ഇടയിലെ കൂട്ടി മുട്ടിപ്പുകാര്‍ ) ഭക്തി വിറ്റും,വിളമ്പിയും തിന്നു കൊഴുത്തു ഭൂമിയില്‍ ആത്മീയതയുടെ അവശിഷ്ടങ്ങള്‍ വിസര്‍ജിക്കുന്നു ) ... ആ വിസര്‍ജ്യങ്ങള്‍ ഒരു ഭാണ്ടത്തിലാക്കി തോളിലേറ്റി ഭക്തര്‍ മനുഷ്യ ദൈവങ്ങള്‍ക്ക് അടിയറവു വച്ച് മുട്ടിപ്പായി പ്രാര്‍ഥിക്കുന്നു.. പാവപ്പെട്ടവന്റെ വയറ്റത്തടിച്ചതിനും, പിടിച്ചു പറിച്ചതിലും മനം നൊന്തു മാനസാന്തരപ്പെട്ടു മോഷണ ദ്രവ്യങ്ങള്‍ ആള്‍ ദൈവങ്ങളുടെ കാല്‍ക്കല്‍ വയ്ച്ചു കണ്ണീര്‍ വാര്‍ത്ത് ആശ്രമത്തിലെ ആശ്രിതരായി കഴിയുന്നു ... ഈ പറഞ്ഞതെല്ലാം വിവരമില്ലാത്തവന്റെ കാര്യമല്ല .. വിവരവും,വിവേകവും വിവര സങ്കേതികയും ഒക്കെയുള്ള പ്രബുദ്ധരായ മനുഷ്യരുടെ കാര്യമാണ് .. വിദ്യ അഭ്യസിക്കുക എന്നത് ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു നമ്മളെ നമ്മള്‍ തന്നെ നയിക്കുക എന്നതാണ് ... പക്ഷെ ഇന്നത്തെ വിദ്യാഭ്യാസം സ്വയാശ്രയ പരാശ്രയ പരാക്രമങ്ങളുടെ വാണിഭ വിദഗ്ധ തന്ത്രങ്ങളല്ലേ ? അപ്പോള്‍ വിദ്യയില്‍ വെളിച്ചം എവിടെ കിട്ടും ? ഇരുട്ട് മൂടി കിടക്കുന്ന വിദ്യയും,മനുഷ്യ മസ്തിഷ്ക്കവും !! കണ്ണുണ്ടായിട്ടും കാണാതെ പോകുന്ന മാനവികതയുടെ നാശത്തില്‍ നിന്നും നാശത്തിലേക്കുള്ള പ്രയാണം ... ദൈവ ശക്തി പോലും തന്റെ പരിമിതമായ ബൌധീക തലം വച്ച് കണ്ടു പിടിക്കാന്‍ നടക്കുന്ന ഭൌതീക വാദികള്‍ !! ഒരു പല്ല് വേദന വന്നാല്‍ പോലും മരുന്നുകളുടെ സഹായത്തില്‍ അല്ലാതെ അതിജീവിയ്ക്കുവാന്‍ കഴിയാത്ത നിസ്സഹായരായ മനുഷ്യര്‍ !! എന്താണ് ഭക്തി ? എന്താണ് മോക്ഷം ? എന്താണ് ആത്മീയത ? എന്താണ് ദൈവീകത ? എന്താണ് മാനവീകത ? മനുഷ്യ ജന്മത്തിന്റെ ഉദ്ദേശങ്ങള്‍ എന്താണ് ? മരണത്തിനു ശേഷം എന്താണ് ? ജനിക്കുവാന്‍ പോകുന്നവന്‍ ആരാണ് ? ഞാന്‍ എന്നാല്‍ എന്താണ് ? നീ എന്നാല്‍ എന്താണ് ? ഇങ്ങനെ പോകുന്നു മനുഷ്യന്റെ ചിന്തകള്‍ !! ഇതിനൊക്കെ മനുഷ്യര്‍ക്ക്‌ ഉത്തരം കിട്ടിയിട്ടുണ്ടോ ? ഇല്ല കിട്ടി കാണണമെന്നില്ല !! കാരണം മനുഷ്യന്‍ ചോദിച്ച ചോദ്യങ്ങള്‍ എല്ലാം തന്നെ മനുഷ്യ നിര്‍മ്മിതങ്ങള്‍ എന്നുള്ളത് കൊണ്ട് തന്നെ ഉത്തരവും കിട്ടണമെന്നില്ല ... ആയതിനാല്‍ ഞാന്‍ എന്ന ഭാവം ഉപേക്ഷിക്കുക ... താന്‍ ദൈവത്തെ കാണുന്നില്ല എങ്കിലും തന്നെ ദൈവം കാണുന്നു എന്ന ബോധം ഉണ്ടാക്കി എടുക്കുക ... താന്‍ ആരെന്ന ചോദ്യം ഉപേക്ഷിച്ചു ( വെള്ളത്തിന്‌ തനതായ നിറം ഉണ്ടോ ? അതില്‍ ചേര്‍ക്കുന്ന നിറങ്ങള്‍ ആണ് വെള്ളത്തിന്റെ നിറമായി നാം കാണുന്നത്.അത് പോലെ ശൂന്യമായ നമ്മില്‍ ദൈവത്തെ നിറയ്ക്കുമ്പോഴാണ് നമ്മള്‍ നമ്മള്‍ ആകുന്നതു ) തന്റെ അസ്തിത്വത്തില്‍ വ്യാകുലരാകാതെ പര ബ്രഹ്മത്തില്‍ ലയിച്ചു ഭൂമിയില്‍ നന്മകള്‍ വാരി വിതയ്ച്ചു ദേഹവും ദേഹിയും ശുദ്ദീകരിച്ചു മുന്നോട്ടു നീങ്ങുമ്പോഴാണ് മനുഷ്യ ജീവിതം സഭലമാകുന്നത് ... അഹം ബ്രഹ്മാസ്മി !! ( ഞാന്‍ ഈ പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു )

ചുമട് താങ്ങി

കൊയ്യുവാന്‍ പോന്നൊരു തലയും മേയുവാന്‍ പോന്നൊരു മെയ്യും വെല്ലുവാന്‍ പോന്നൊരു നെഞ്ചും തല്ലുവാന്‍ പോന്നൊരു കയ്യും പുലഭ്യം പറയുവാന്‍ പോന്നൊരു നാക്കും വിയര്‍ക്കാതെ വിശക്കുന്ന വയറും നടക്കാതെ തുരുമ്പിച്ച കാലും നെറ്റിയില്‍ വെട്ടിന്റെ തഴമ്പും അതാണ്‌ സോദരാ എന്റെ ബലം !! എന്നെ ചുമക്കുന്നയീ നാടിന്റെ ബലം !!

ഷവര്‍മ്മ

ഷവര്‍മ്മ കഴിച്ചു ശവമാകുന്നതിനു ശവമാക്കപ്പെട്ട കോഴിയും കാളയും എന്ത് പിഴച്ചു ? ആസിഡും കറുത്തയുപ്പും അജിനമോട്ടയും ക്യാന്‍സറും വന്ധ്യതയും വിതയ്ക്കുമ്പോള്‍ നോക്ക് കുത്തികളായി വാ പൊളിക്കുന്ന നാവറ്റ ജഡങ്ങള്‍ വസിക്കും നാടല്ലോ ഇത് !! മുലപ്പാലില്‍ വിഷം,ആഹാരത്തില്‍ വിഷം, ജലത്തില്‍ വിഷം,വായുവില്‍ വിഷം, സര്‍വത്ര വിഷം !! സര്‍വത്ര നാശം !! ചത്തൊടുങ്ങുന്ന വെളുത്ത ചുവന്ന - രക്താണുക്കള്‍,ബീജങ്ങള്‍,അണ്ഡങ്ങള്‍ .. കരുവിലെ സമാധിയാകുന്ന പിഞ്ചു ഭ്രൂണങ്ങള്‍!! !!1 !! !!!!!! എല്ലാ ശാപവും ഏറ്റു വാങ്ങി ആര്‍ക്കോ വേണ്ടി കറങ്ങുന്ന ഭൂമിയും ആര്‍ക്കോ വേണ്ടി മരണങ്ങള്‍ വിധിയ്ക്കുന്ന മനുഷ്യ കുലവും !! മരിച്ചു പോയവരും ഇതുവരെ ജനിക്കാത്തവരും എത്ര ഭാഗ്യവാന്മാര്‍ !! മുജ്ജന്മ പുണ്യം ചെയ്തവര്‍ !!

ഡെല്‍ സുന്ദരി

ഒരു കുന്നു സ്പാമുകള്‍ ലോട്ടറി,പെണ്‍ വാണിഭം, തൊഴില്‍ വാഗ്ദാനം,വയാഗ്രാ,നയാഗ്രാ .. നിരത്തി വെട്ടി തല പിളര്‍ന്നു തലച്ചോറില്‍ സ്ക്രോള്‍ ചെയ്തു നോക്കി .... കണ്ണുരുട്ടി വാപൊളിച്ചു തീ പാറുന്ന കണ്ണുകളുമായി ഒരു ലക്ഷം വൈറസുകള്‍ ..... തന്തയ്ക്കു മുമ്പേ പിറന്നു തന്‍ തല വെട്ടിയ മാല്‍വെയറിന്‍ കുലം കുത്തിയ സന്തതികള്‍ ... ചവച്ചരച്ചു കാറി തുപ്പിയ സിസ്ടം ഫയലുകള്‍ .... ആമാശയത്തില്‍ കംബിതവുമായി ചര്‍ദ്ദിച്ചു അവശയായ എന്റെ ഡെല്‍ സുന്ദരി ... ആന്റി ബയോട്ടിക്കും ആര്‍ത്തവ ഗുളികയും സമാസമം ചേര്‍ത്തരച്ചു മൂന്നു നേരം ഡീ ഡ്രൈവിലും സീ ഡ്രൈവിലും ലേപനം ചെയ്യണമെന്നു പീസീ വൈദ്യന്‍ .... ബുദ്ധി മാന്ദ്യം സംഭവിച്ച എന്റെ ഡെല്‍ സുന്ദരിക്ക് ഓര്‍മ പലകയില്‍ ( മെമ്മറി കാര്‍ഡ് )ചാഞ്ചാട്ടം .. കരളു പിളര്‍ന്നു ബൈനറിയും ജാവയും ഒക്കെ പുറത്തെടുത്തു താക്കോല്‍ പലകയില്‍ ( കീ ബോര്‍ഡ് ) കൂട്ടിയും ഗുണിച്ചും ഹരിച്ചും,കുറച്ചും അടിവേരുകള്‍ തേടിയപ്പോള്‍ വന്നത് ഈ സന്ദേശം ... "റണ്‍ ആന്റി വൈറസ് പ്രോഗ്രാം" .. "ഇഫ്‌ യു വാണ്ട് ഡൌണ്‍ലോഡ് ഫ്രീ ട്രയല്‍ ".... " ക്ലിക്ക് ഹിയര്‍ " ...