Sunday, July 26, 2009

മേലിന്റെ മേല്‍വിലാസം ( കവിത )


ചിറി കോടിയ തെരുവ് നായുടെ
പല്ലുകളിലൊട്ടിയ അഴുകിയ മാംസ തുണ്ടുകള്‍
കൊത്തിയെടുക്കുവാന്‍ വെന്ബുന്ന
കര്‍ക്കിടക കിരാത നരബലി കാക്കകള്‍ .

കത്തുന്ന വെയിലിലും കണ്മൂടിക്കെട്ടിയ
ഇന്നിന്റെ ഗാന്ധാരീ നേര്‍ക്കാഴ്ചകള്‍!

തെരുവിന്നോരത്ത് നികുതിയില്ലാ
മാംസത്തിന്‍ വില പേശുന്ന
പങ്കു ചന്തയുടെ പലിശപ്പറ്റുകാര്‍

മൂടിയ തോര്‍ത്തിനടിയില്‍
വിരലുകള്‍ തൊട്ടു ലേലമുറച്ചു.

രക്ത പരിശോധന,മൂത്ര പരിശോധന
പിന്നെ ഗുഹ്യ പരിശോധന !!

ഉപയോഗയുക്തമാണീ
ഉരുവെന്നു ബോധ്യമായി .

സ്വയം തുണിയുരിഞ്ഞ
അഭിനവ പാഞ്ചാലിയുടെ
കരാറിലൊപ്പു വെക്കാന്‍
അരയും തലയും മുറുക്കിയെത്തി
ഈ നൂറ്റാണ്ടിലെ കൌരവ പ്രമുഖര്‍.

ഇവളുടെ നാടേത്‌ ? വീടേത്‌ ? പിത്രുത്വമേത് ?
പ്രമുഖരിലൊരുവന്‍ പിറു പിറുത്തു .

മറ്റൊരു പ്രമുഖന്‍ !

ഹോ .. കഷ്ടം ! എന്തിനിതെല്ലമാറിയണം ?
അഞ്ചു നിമിഷങ്ങളില്‍ അഗ്നി പടര്‍ത്താനും
കിതപ്പിന്നോടുവില്‍ തീ മഴ ചുരത്താനും
വെണോയീ മേലിന്റെ മേല്‍വിലാസം ?

Monday, July 20, 2009

സ്നേഹിക്കുന്ന യന്ത്രം


മഴ പെയ്തൊഴിഞ്ഞ
ചളിയുടെ മണമുള്ള
പ്രഭാതത്തിലാണ്
മാരി മുത്തുവിന്റെ വരവ്

ആലിപ്പഴത്തിന്റെ രുചിയും,
പഴുത്തിലയുടെ ചൂരും,
പുഴുക്കത്തിലുതിരുന്ന കാറ്റും
കലര്‍ന്ന നാടന്‍ പഴമയിലേക്കു
അവന്‍ പടി കയറി വന്നു.

കുതിര്‍ന്നു നാറിയ
വടുക്കളുള്ള ഭാണ്ടക്കെട്ടും,
കയ്യിലൊരു വക്ക് പൊട്ടിയ ഉളിയും.

വെറ്റിലക്കറ വികൃതമാക്കിയ
പല്ലുകളാലവന്‍ ചിരിച്ചു

അയ്യാ .. അമ്മിക്കല്ല് കൊത്താനുണ്ടോ ?

അയാള്‍ക്ക്‌ ചിരിയടക്കാന്‍ കഴിഞ്ഞില്ല
അമ്മിക്കല്ലോ ?
അത് കണ്ടിട്ട് വര്‍ഷങ്ങളായി..
പണ്ടെങ്ങോ തറവാട്ടിലെ
ചായ്പ്പിലെവിടെയോ കണ്ടതാണ്..

അവന്റെ ഒട്ടിയ വയറിനോട്
തോന്നിയ സഹതാപത്തില്‍
അമ്പതു രൂപ നോട്ടു അവന്റെ
കയ്യില്‍ വച്ചു കൊണ്ട് അയാള്‍ -
വീടിനകത്തേക്ക് ചൂണ്ടി കാണിച്ചു...

ദേ ... "അത് അരക്കുന്ന യന്ത്രം" ..
ഇനിയെന്തിനു അമ്മിക്കല്ല് ?

ഇനിയുമുണ്ട് യന്ത്രങ്ങള്‍ ..
അലക്കുവാന്‍,കുളിക്കുവാന്‍,
ആഹാരം വാരിത്തരാന്‍,
താരാട്ടുവാന്‍,തലോടുവാന്‍ ..

"അയ്യാ .. അപ്പൊ സ്നേഹിക്കുവാനും
യന്ത്രം കാണുമല്ലേ "?
മാരി മുത്തുവിന്റെ ചോദ്യം .

ഹും ...അകത്തു നില്‍ക്കുന്ന
ഭാര്യയെ ചൂണ്ടിക്കാണിച്ചു -
കൊണ്ട് അയാള്‍ പറഞ്ഞു .. ..
"മുത്തൂ .. അതാണ്‌ ആ യന്ത്രം" !!! ....

Saturday, July 4, 2009

സിന്ട്രെല്ല ( കവിത )


നിറങ്ങളില്ലാത്ത
നിശബ്ദ വേളയിലാണ്
അവളെന്റെ ശൂന്യമായ
കണ്ണുകളിലേക്കു
സൈന്‍ ഇന്‍ ചെയ്തു വന്നത്.

ഇന്നലകളുടെ മണവും പേറി
മൌസിന്റെ ശരാഗ്രം കൊണ്ട്
തൊട്ടു വിളിച്ചപ്പോള്‍
ഹൃദയത്തിലെവിടെയോ
ഒരാര്‍ദ്ര ഗീതമായ്
ഒളിഞ്ഞും തെളിഞ്ഞും
അവള്‍ വന്നു

കീ ബോര്‍ഡില്‍ വിരലുകളുടെ
മാന്ത്രിക നടനത്തിനൊടുവില്‍
പിറന്നു വീഴുന്ന
പ്രണയ വര്‍ണാക്‍ഷരങ്ങള്‍
ദൈവ നിയോഗത്തിന്റെ
ശിലാ ലിഖിതങ്ങളാണെന്നു
സ്വയം ആശ്വസിക്കുവാനും,
പുനര്‍ ജനികളുടെ
മണ്‍ ഫലകങ്ങളില്‍ എഴുതപ്പെടുന്ന
അനശ്വരമായ പ്രേമ കാവ്യമായ്‌
അവള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന
പ്രതീക്ഷക്കൊടുവില്‍

അധരങ്ങളില്‍ വിരിയുന്ന
പുഞ്ചിരി പുഷ്പങ്ങളുമായി
ഋതുക്കള്‍ അന്ന്യമാക്കിയ
ഹൃദയ തീരങ്ങളില്‍
വന്നു പോകുന്നത്
അവള്‍ തന്നെയാണ്

" സിന്ട്രെല്ല "