Friday, November 27, 2009

1990

ആദ്യമായി പടിയിറങ്ങി
പ്രവാസിയായപ്പോള്‍
കണ്ണുകളില്‍ നനവും
തിളക്കവുമുണ്ടായിരുന്നു.

ഹരിത മോഹത്തിന്റെ
പച്ചപ്പുകള്‍ വിട്ടകന്നു
മരുഭൂമിയില്‍ സ്വപ്നം
വിതച്ചു കാത്തിരുന്നപ്പോള്‍
നിനച്ചിരിക്കാതെയൊരു
അധിനിവേശവും ഘോര യുദ്ധവും.

നഷ്ട്ടക്കെടുതികള്‍ നെഞ്ചിലേറ്റി
മരിച്ച മനസുമായി
അത്തറിന്റെ മണമകന്നു
ചുളിഞ്ഞു വികൃതമായ
അവസാനത്തെ പണത്താളും
കാലിയാക്കിയ കീശയുമായി
സ്വദേശത്തിലെത്തി-
ഉറ്റവരുമുടയവരുമായി
നഷ്ടപ്പെടലുകളുടെ ദുരിത
വേദന പങ്കു വച്ചയാള്‍.

പ്രിയരുടെ എന്ന് മടങ്ങുമെന്ന
ചോദ്യത്തിനുത്തരമില്ലാതെ
വെറുപ്പോ ശാപമോ കൂട്ടിക്കുഴച്ചു-
ഉറ്റവര്‍ വച്ച് നീട്ടിയ ഭക്ഷണം
കുത്ത് വാക്കിനാല്‍ അന്നനാളത്തിലുടക്കി
ആമാശയത്തിലെത്താതെ
വിമ്മിട്ടത്തിനന്ത്യത്തില്‍ പുളിച്ചു
തികട്ടി തിരസ്ക്കരിക്കുമ്പോഴും
വീണ്ടും കൊതിച്ചയാള്‍ ഒരിക്കലും
തീരാത്തയീ പ്രവാസത്തിനായ്.



കുറിപ്പ് : 1990 കുവൈറ്റിലെ ഇറാക്ക് അധിനിവേശവും,യുദ്ധവും പ്രവാസികള്‍ക്ക്(കുവൈറ്റികള്‍ക്കും) ഓര്‍ക്കാപ്പുറത്ത് കിട്ടിയ ഒരടിയായിരുന്നു .. മാസങ്ങളോളം കുടിക്കാന്‍ വെള്ളമില്ലാതെ,കഴിക്കുവാന്‍ ഭക്ഷണമില്ലാതെ ( ഫയര്‍ എകസ്ടിങ്ങൂഷറിലെ വെള്ളം വരെ അവര്‍ കുടിച്ചിരുന്നു.പൂപ്പു പിടിച്ചു ഉണങ്ങിയ കുബ്ബുസ് വെള്ളത്തില്‍ കുതിര്‍ത്തു അവര്‍ കഴിച്ചിരുന്നു ) സംബാദിച്ചതെല്ലാം അവിടെ നഷ്ട്ടപ്പെടുത്തി കീറി മുഷിഞ്ഞ തുണിയുമുടുത്തു നാട്ടില്‍ വന്നിറങ്ങി ദുരിതമനുഭവിച്ച കുവൈറ്റ്‌ പ്രവാസി സുഹൃത്തുക്കള്‍ക്കായ്‌ ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു.

Saturday, November 21, 2009

സ്വര്‍ണ്ണ മനുഷ്യന്‍

നീണ്ട നാളത്തെ കഠിന തപസിനു ശേഷം ഭഗവാന്‍ പ്രത്യക്ഷപ്പെട്ടു.പിച്ചന്‍ തൊഴു കൈകളോടെ നിന്നു.
"പിച്ചാ നിന്റെ തപസില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു.എന്ത് വരം വേണമെങ്കിലും ചോദിച്ചു കൊള്‍ക".
പിച്ചന്റെ കണ്ണുകള്‍ സന്തോഷത്താല്‍ തിളങ്ങി.നെഞ്ചിടുപ്പ് കൂടി.ആശ്ചര്യം കൊണ്ട് വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി.എന്ത് ചോദിക്കണം എന്നറിയാതെ പിച്ചന്‍ നിന്ന് പരുങ്ങി.പെട്ടെന്ന് അയാള്‍ തന്റെ ഭാര്യയെ ഓര്‍ത്തു കുട്ടികളെ ഓര്‍ത്തു.അവര്‍ക്ക് ജീവിതത്തില്‍ ഒരു സന്തോഷവും തനിക്കു കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.എന്തിനു വേറെ ദരിദ്ര നാരായണായ തനിക്കു തന്റെ കുഞ്ഞുക്കള്‍ക്കും ഭാര്യക്കും മൂന്നു നേരം പോയിട്ട് ഒരു നേരം നല്ല ആഹാരം കഴിക്കുവാനുള്ള വക ഉണ്ടാക്കി കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.മിക്ക ദിവസങ്ങളിലും പട്ടിണിയാണ്.ഉടു തുണിക്ക് മറു തുണിയില്ല.മഴ പെയ്താല്‍ ചോരുന്ന ഒരു ഓലപ്പുരയിലാണ് താനും തന്റെ കുടുംബവും താമസിക്കുന്നത്.ഇത് നല്ല അവസരമാണ്.ഈ അവസരം നഷ്ടപ്പെടുത്തിയാല്‍ ഇനി ഒരിക്കലും തനിക്കു ജീവിതത്തില്‍ മുന്നേറാന്‍ കഴിയില്ല എന്ന് പിച്ചനു അറിയാമായിരുന്നു.

പിച്ചന്‍ മുരടനക്കി."ഭഗവാനെ ജഗദീശ്വരാ.. ചോദിക്കുന്നത് അവിവേകവും,അത്യാഗ്രഹവും ആണെങ്കില്‍ അങ്ങ് എന്നോട് പൊറുക്കുക".
"സാരമില്ല പിച്ചാ .. നീ എന്റെ പ്രിയ ഭക്തനാണ്.നിനക്ക് ഇഷ്ടമുള്ള വരം ചോദിക്കാം ... നിന്റെ കഠിന തപസു നമുക്ക് വല്ലാത്ത മതിപ്പ് നിന്നില്‍ ഉണ്ടാക്കിയിരിക്കുന്നു.ഭക്തന്റെ അഭീഷ്ടം എന്തും സാധിച്ചു കൊടുക്കുന്നവനല്ലേ ഈശ്വരന്‍ !!! ധൈര്യമായി ചോദിച്ചോളൂ.ഞാന്‍ തരാന്‍ ബാധ്യസ്ഥനാണ്".ഭഗവാന്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

"അപ്പൊ ഞാന്‍ ചോദിക്കട്ടെ ഭഗവാനെ" ?? "ഹും ചോദിച്ചു കൊള്‍ക" ... ഭഗവാനെ അങ്ങ് എന്റെ ശരീരം മുഴുവനും സ്വര്‍ണ്ണമാക്കി തരണം.എന്റെ ഈ സ്വര്‍ണ്ണ ശരീരം കൊണ്ട് ഞാന്‍ എന്റെ കുടുംബത്തെ കര കയറ്റും .. ഇത്ര നാളും ഒരു പാഴ് വസ്തുവായി കൊണ്ട് നടന്ന എന്റെ ശരീരം എന്റെ ഭാര്യക്കും,മക്കള്‍ക്കും പ്രയോജനമുള്ളതായി തീരട്ടെ !!!.

പിച്ചന്റെ ഈ വിചിത്രമായ ആഗ്രഹം ഭഗവാനില്‍ അത്ഭുതമുണ്ടാക്കി.പിച്ചന്റെ കുടുംബ സ്നേഹവും,ഭക്തിയും പിച്ചനെ ഭഗവാന് കൂടുതല്‍ പ്രിയമുള്ളവനാക്കി."ശെരി പിച്ചാ ... നിന്റെ ആഗ്രഹം നടക്കട്ടെ" ... ഭഗവാന്‍ പിച്ചനു ആ വരം നല്‍കി അപ്രത്യക്ഷനായി.നിമിഷ നേരം കൊണ്ട് പിച്ചന്റെ ശരീരം മുഴുവനും സ്വര്‍ണ്ണമായി മാറി.പിച്ചന്‍ സന്തോഷത്താല്‍ തുള്ളിച്ചാടി.

രാത്രി ആകുന്നവരെക്കും പിച്ചന്‍ ആ കാട്ടില്‍ തന്നെ കഴിച്ചു കൂട്ടി.പകല്‍ തന്നെ ആരെങ്കിലും കണ്ടാല്‍ തട്ടി കൊണ്ട് പോകും.താന്‍ ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും വില പിടിപ്പുള്ള മനുഷ്യനാണ്.ലോകത്തില്‍ ആദ്യമായിട്ടായിരിക്കും സ്വര്‍ണ്ണ ശരീരമുള്ള മനുഷ്യന്‍ ഉണ്ടാകുന്നത്.പിച്ചന്‍ തെല്ലോരഭിമാനത്തോടെ ഒരു മൂളി പാട്ടും പാടി വീട്ടിലേക്കു നടന്നു.പിച്ചനെ കണ്ടതും ഭാര്യയും,കുട്ടികളും പേടിച്ചു നില വിളിക്കാന്‍ തുടങ്ങി.വല്ല മാടനോ,മറുതയോ ആയിരിക്കുമെന്ന് കരുതിയാണ് അവര്‍ പേടിച്ചു നില വിളിച്ചത്.പിച്ചന്‍ വല്ല വിധേനെയും തനിക്കു വരം കിട്ടിയ വിവരം അവരെ പറഞ്ഞു ധരിപ്പിച്ചു.ഭാര്യയും കുട്ടികളും പിച്ചനു ചുറ്റും വളഞ്ഞു.അവര്‍ പിച്ചനെ മണത്തു നോക്കി,ഉരച്ചു നോക്കി,കൊട്ടി നോക്കി.അവര്‍ സന്തോഷത്താല്‍ തുള്ളിച്ചാടി.നാളിതു വരെ ഒരു ചില്ലി കാശിനു വകയില്ലാതിരുന്ന പിച്ചനോട് കുട്ടികള്‍ക്കും ഭാര്യക്കും അഭിമാനം തോന്നി.

ഭാര്യ പിച്ചന്റെ കൈകളില്‍ തലോടി മെല്ലെ ചോദിച്ചു നമുക്ക് അഞ്ചു പെണ്‍ മക്കളല്ലേ.. അവരെ നല്ല കുടുംബത്തില്‍ കെട്ടിച്ചു വിടണം,അവര്‍ക്ക് സ്ത്രീ ധനം കൊടുക്കണം.അതും പണ്ഡമായിട്ട് .പിന്നെ നമുക്ക് നല്ലൊരു ബംഗ്ലാവ് വേണം.വീട്ടില്‍ സപ്രമന്ജ കട്ടില്‍ വേണം നമുക്കുറങ്ങാന്‍.കുട്ടികളെ പരിചരിക്കാന്‍ പരിചാരകര്‍,ഭക്ഷണം പാചകം ചെയ്യാന്‍ പാചകക്കാര്‍.രാജകീയമായി തന്നെ നമുക്ക് ജീവിക്കണം.ഇടതു കയ്യില്‍ തടവി കൊണ്ട് ഭാര്യ ചോദിച്ചു.എന്തായാലും അങ്ങക്ക്‌ ഒരു കയ്യുടെ ആവശ്യമല്ലേയുള്ളൂ .. ഈ കൈ മുറിച്ചു വിറ്റാല്‍ നമ്മുടെ എല്ലാ സ്വപ്നങ്ങളും പൂവണിയും.അങ്ങ് എന്ത് പറയുന്നു ? "ഹും .. മുറിച്ചു എടുത്തോളൂ" ... പിച്ചന്‍ സന്തോഷത്തോടെ പറഞ്ഞു.നിങ്ങള്ക്ക് വേണ്ടിയല്ലേ ഞാന്‍ ഈ സ്വര്‍ണ്ണ ശരീരം ഭഗവാനോട് വരം ചോദിച്ചേ....എന്റെ ശരീരം കൊണ്ട് നിങ്ങള്‍ സന്തോഷമായി ജീവിച്ചാല്‍ അതില്‍ പരം സമാധാനം എനിക്ക് വേറെയൊന്നും ഇല്ലല്ലോ ..

ഭാര്യയും കുട്ടികളും ആര്‍ത്തിയോടെ പിച്ചന്റെ ഇടതു കൈ മുറിച്ചു മാറ്റി.വേദന കൊണ്ട് പിച്ചന്‍ പുളഞ്ഞു.കണ്ണില്‍ നിന്നും കണ്ണീര്‍ ധാരയായി ഒഴുകാന്‍ തുടങ്ങി .. ശരീരം വിയര്‍ക്കാന്‍ തുടങ്ങി ... അത്ഭുതം തന്നെ !!!.. പിച്ചന്റെ കണ്ണീര്‍ വീണിടത്ത് നിറയെ സ്വര്‍ണ്ണ മുത്തുകള്‍ !! ..വിയര്‍പ്പും,രക്തവും ഒക്കെ സ്വര്‍ണ്ണം തന്നെ !! .. പിച്ചന്റെ ഭാര്യയും കുട്ടികളും അതെല്ലാം ശേഖരിച്ചു .... അവര്‍ പിച്ചന്റെ ആ ഇടതു സ്വര്‍ണ്ണ കൈ വിറ്റു നല്ല ഒരു ബംഗ്ലാവ് പണി കഴിപ്പിച്ചു.അവര്‍ എല്ലാ വിധ രാജകീയ പ്രൌഡികളോടും കൂടി ജീവിക്കാന്‍ തുടങ്ങി.പിച്ചന്റെ ഭാര്യയും കുട്ടികളും കൂടുതല്‍ ആഡംബര പ്രേമികളായി.പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ അണിഞ്ഞു അവര്‍ ആര്‍മാദിച്ചു.പിച്ചന്റെ വിസര്‍ജ്യ വസ്തുക്കള്‍ പോലും സ്വര്‍ണ്ണമായിരുന്നു.അതെല്ലാം അവര്‍ ശേഖരിച്ചു പെട്ടിയില്‍ വച്ചു പൂട്ടി.

പിച്ചന്റെയും കുടുംബത്തിന്റെയും ഈ വളര്‍ച്ച നാട്ടുകാരെ അസൂയാലുക്കളാക്കി.അവര്‍ പിച്ചന്‍ എങ്ങനെ സമ്പന്നന്‍ ആയെന്നറിയാനുള്ള നീക്കങ്ങള്‍ നടത്തി.മുന്പ് എല്ലായിടത്തും തെണ്ടി നടന്ന പിച്ചനെ പുറത്തെങ്ങും കാണാനുമില്ല.അവസാനം നാട്ടുകാര്‍ എങ്ങനെയോ പിച്ചനു കിട്ടിയ വരത്തെക്കുറിച്ച് അറിഞ്ഞു.ആ അത്ഭുത മനുഷ്യനെ കാണാന്‍ നാട്ടുകാര്‍ പിച്ചന്റെ ബംഗ്ലാവിലെത്തി.എന്നാല്‍ പിച്ചന്റെ ഭാര്യയും മക്കളും അവരെയെല്ലാം ആട്ടിയോടിച്ചു.അങ്ങനെ അവര്‍ നാട്ടുകാരുടെ ശല്യം സഹിക്ക വയ്യാതെ പിച്ചനെ ഒരു മുറിയില്‍ ഇട്ടു പൂട്ടി.പിച്ചന്‍ ആകെ ധര്‍മ സങ്കടത്തിലായി.പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ അയാള്‍ തീര്‍ത്തും സ്വാതന്ത്ര്യമില്ലാത്തവനായി.എങ്കിലും തന്റെ ഭാര്യയും മക്കളും സന്തോഷത്തില്‍ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ പിച്ചന്‍ എല്ലാം മറക്കും.ഭാര്യയും മക്കളും മെല്ലെ മെല്ലെ പിച്ചന്റെ വലതു കൈ,കാലുകള്‍ എല്ലാം മുറിച്ചു വിറ്റു.എല്ലാ പെണ്‍ മക്കളുടെയും കല്യാണം കെങ്കേമമായി നടന്നു.നാട്ടിലെ വല്യ സമ്പന്നന്‍മാര്‍ക്ക് ആണ് പെണ്‍ കുട്ടികളെ വിവാഹം കഴിച്ചു കൊടുത്തത്.മിക്കവാറും അവയവങ്ങള്‍ നഷ്ടപ്പെട്ട പിച്ചന്‍ എല്ലാ വേദനകളിലും തന്റെ കുടുംബത്തിന്റെ ഉയര്‍ച്ചയില്‍ സന്തോഷം കൊണ്ടു.ഒരു ദിവസം യാദൃശ്ചികമായി ഭാര്യയും മക്കളും മരു മക്കളും എന്തോ അടക്കം പറയുന്നത് അയാള്‍ കേട്ടു.

"മിക്കവാറും എല്ലാ അവയവങ്ങളും നഷ്ടപ്പെട്ട അച്ഛന്‍ ഇനി ജീവിച്ചിരുന്നിട്ടും വല്യ കാര്യമില്ല.നമുക്ക് ബാക്കിയുള്ള അവയവങ്ങള്‍ കൂടി മുറിച്ചു വില്‍ക്കാം.മാത്രമല്ല നാട്ടുകാര്‍ മുഴുവനും അറിഞ്ഞു കഴിഞ്ഞു അച്ഛന്റെ ശരീരം സ്വര്‍ണ്ണത്തിലുള്ളതാണെന്നു!.കള്ളന്മാര്‍ എങ്ങാനും തട്ടി കൊണ്ട് പോയാലോ?".ഇത് കേട്ടു പിച്ചന്റെ നെഞ്ചൊന്നു കാളി.ഭഗവാനെ എന്റെ കുടുംബത്തിനു വേണ്ടി എന്റെ ശരീരം ഞാന്‍ അടിയറവു വെച്ചിട്ടും എന്റെ ഭാര്യയും കുട്ടികളും എന്റെ നന്മകള്‍ കണ്ടില്ലല്ലോ..ബാക്കിയുള്ള അവയവങ്ങള്‍ കൂടി മുറിച്ചു വില്‍ക്കാനുള്ള അവരുടെ ആര്‍ത്തിയില്‍ ഞാന്‍ അവരെ ജീവന് തുല്യം സ്നേഹിക്കുന്നത് അവര്‍ വിസ്മരിച്ചുവോ ? അയാളുടെ കണ്ണുകളില്‍ നിന്നും സ്വര്‍ണ്ണ കണ്ണീര്‍ ഒഴുകി കവിളുകളില്‍ സ്വര്‍ണ്ണ മുത്തുകളായി പറ്റി പിടിക്കാന്‍ തുടങ്ങി.. പെട്ടെന്ന് അടക്കം പറച്ചില്‍ നിന്നു.

മുറിയുടെ കതകു തള്ളി തുറന്നു ഭാര്യയും,മക്കളും,മരുമക്കളും ...അവര്‍ അയാളെ വട്ടം പിടിച്ചു.അവരുടെ കൈകളില്‍ കത്തിയും,കടാരയും,വെട്ടു കത്തിയും ഒക്കെയുണ്ടായിരുന്നു.തന്നെ കൊല്ലരുതെയെന്നു അയാള്‍ കേണപേക്ഷിച്ചു .. അവര്‍ ചെവി കൊണ്ടില്ല ..അയാളുടെ രോദനം നാല് ചുവരുകള്‍ക്കുള്ളില്‍ പ്രതിധ്വനികളായി മാറി.അവര്‍ അയാളെ കഷ്ണം കഷ്ണങ്ങളായി മുറിക്കാന്‍ തുടങ്ങി,കഴുത്ത്,തല,കണ്ണുകള്‍,ചെവികള്‍,കുടല്‍,അസ്ഥികള്‍ എല്ലാം അവര്‍ ആര്‍ത്തിയോടെ പങ്കു വെച്ചു.ശരീരത്തിലെ എല്ലാ അവയവങ്ങളും സ്വര്‍ണ്ണമായിരുന്ന പിച്ചന്റെ ഹൃദയം മാത്രം മാംസത്തില്‍ ഉള്ളതായിരുന്നു.അവര്‍ ഹൃദയം എടുത്തു തിരിച്ചും മറിച്ചും നോക്കി.അതിന്റെ തുടിപ്പ് അപ്പോഴും നിലച്ചിരുന്നില്ല .. അത് സ്വര്‍ണ്ണമല്ലാത്തതിനാല്‍ അവര്‍ അത് ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞു.പങ്കിട്ടെടുത്ത സ്വര്‍ണ്ണ അവയവങ്ങളുമായി അട്ടഹസിച്ചു കൊണ്ട് അവര്‍ പോകുമ്പോഴും പിച്ചന്റെ ഹൃദയം ചവറ്റു കുട്ടയില്‍ കിടന്നു തുടിക്കുന്നുണ്ടായിരുന്നു തന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ....

Tuesday, November 17, 2009

ഭക്ഷൃ വസ്തുക്കളിലെ ഹാനികരമായ കെമിക്കലുകള്‍

ഭക്ഷൃ വസ്തുക്കള്‍ മാസങ്ങളോളം,വര്‍ഷങ്ങളോളം കേടു കൂടാതെ സൂക്ഷിക്കുന്നതിനും,കൃത്രിമമായി രുചി ഉണ്ടാക്കി എടുക്കുന്നതിനും,ആകര്‍ഷകമായ നിറങ്ങളില്‍ ഉണ്ടാക്കി എടുക്കുന്നതിനുമായി പല ഫുഡ്‌ പ്രോസ്സെസ്സിംഗ് കമ്പനികളും പല തരത്തിലുള്ള കെമിക്കലുകള്‍ ഭക്ഷൃ വസ്തുക്കളോടൊപ്പം ചേര്‍ക്കാറുണ്ട്.ഹാനികരമായ ഈ കെമിക്കലുകള്‍ കാല ക്രമേണ കാന്‍സര്‍,ത്വക്ക് രോഗങ്ങള്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് നമ്മളെ അടിമപ്പെടുത്തുന്നു.ടിന്‍ ഫുഡുകളുടെയും,ഫാസ്റ്റ്‌ ഫുഡുകളുടെയും ഉപയോഗം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയാണല്ലോ ...എല്ലാവരും തിരക്കിലാണ്.ആര്‍ക്കും ഒന്നിനും സമയം ഇല്ല.ഭക്ഷണം കഴിക്കാന്‍ പോലും സമയം ആര്‍ക്കും കിട്ടുന്നില്ല.നടക്കുമ്പോഴും,വണ്ടി ഓടിക്കുമ്പോഴും,ഫോണില്‍ സംസാരിക്കുമ്പോഴും,ഓഫീസില്‍ ജോലി ചെയ്യുമ്പോഴും ചുരുട്ടി പൊതിഞ്ഞ സാന്‍ഡ്‌ വിച്ച് അല്ലങ്കില്‍ ടിന്‍ ഫുഡുകള്‍ കഴിക്കുന്നവരാണ്‌ ഇന്നീ ലോകത്തില്‍ ഏറെ പക്ഷം ആള്‍ക്കാരും.വീട്ടില്‍ പാചകം നടക്കുന്നുണ്ടോ എന്ന് തന്നെ സംശയമാണ്.ഇവര്‍ കൂടുതലും ഫാസ്റ്റ്‌ ഫുടുകളെയും,ടിന്‍ ഫുടുകളെയും,ഇന്‍സ്റ്റന്റ് ഫുടുകളെയും ആശ്രയിക്കുന്നു.ഒരു അധ്വാനവുമില്ലാതെ ഇരിക്കുന്ന ഇരിപ്പിടത്തില്‍ തന്നെ ഭക്ഷണം കിട്ടുന്നു എന്നുള്ളത് കൊണ്ടാവാം മിക്കവാറും പേരും ഇത്തരത്തിലുള്ള ഭക്ഷണ രീതി സ്വീകരിക്കുന്നത്‌.ഇതിന്റെ പരിണത ഭലമോ ? ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍...അകാല മരണം.

ഇതില്‍ ചില നിറങ്ങള്‍ പ്രകൃത്യാ ഉണ്ടാക്കിയെടുക്കുന്നവയാണ്.ചെലവ് കൂടുതല്‍ ഉള്ളത് കൊണ്ട് മിക്കവാറും കമ്പനികളും കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന കെമിക്കലുകളെയാണ് ആശ്രയിക്കുന്നത്.ഇതില്‍ വളരെ പ്രധാനപ്പെട്ടതും ഇന്ന് വ്യാപകമായി ഭക്ഷണ പദാര്‍ഥങ്ങളില്‍ ചേര്‍ക്കുന്ന ചില കെമിക്കലുകളെ കുറിച്ചും അവയുടെ ദോഷ വശങ്ങളെ കുറിച്ചും ചുവടെ ചേര്‍ക്കുന്നു.ഈ കെമിക്കലുകള്‍ ഭക്ഷണങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടെണ്ടാതാണ്.പാക്കറ്റില്‍ വരുന്ന സ്നാക്കുകളും,ടിന്‍ ഫുഡുകളും ഇന്‍സ്റ്റന്റ് ഫുഡുകളും കഴിക്കുന്നതിനു മുമ്പ്‌ ഇത്തരം കെമിക്കല്‍സ്‌ അതില്‍ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ് ..

ACRYLAMIDE : ഈ കെമിക്കല്‍ ചേര്‍ക്കുന്നത് മൂലം പൊട്ടറ്റോ ചിപ്സിനു നല്ല സ്വര്‍ണ നിറവും ഒപ്പം ക്രിസ്പിനെസ്സും ലഭിക്കുന്നു.ഒപ്പം ഈ കെമിക്കല്‍ ചേര്‍ക്കുന്നത് കൊണ്ട് നല്ല രുചിയും,മണവും നില നിര്‍ത്താന്‍ കഴിയുന്നു.ഈ കെമിക്കല്‍ കലര്‍ന്ന ആഹാര പദാര്‍ഥങ്ങള്‍ കഴിക്കുന്ന വഴി ഞരമ്പ്‌ സംബന്ധമായ രോഗങ്ങള്‍,ട്യൂമര്‍ തുടങ്ങിയവയ്ക്ക് മനുഷ്യ ശരീരം അടിമപ്പെടുന്നു.ഈ കെമിക്കല്‍ വ്യാപകമായി കൊസ്മെട്ടിക്കുകള്‍ ,പശ(glue)എന്നിവ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്നു.ബേക്കഡ് പൊട്ടട്ടൊസ്,ബ്രെഡ്‌,ക്രിസ്പ്സ്,ചിപ്സ്,ബിസ്കറ്റ്സ്‌ എന്നിവയില്‍ ഈ കെമിക്കല്‍ ചേര്‍ക്കാറുണ്ട്.54 % കോളയിലും,12 % പൊട്ടറ്റോ ചിപ്സിലും,9 % ക്രിസ്പ്സ് ബ്രെഡിലും ഈ കെമിക്കല്‍ അടങ്ങിയിട്ടുണ്ട്.അമിതമായി ഈ കെമിക്കല്‍ കലര്‍ന്ന ആഹാര പദാര്‍ഥങ്ങള്‍ കഴിക്കുന്നത്‌ മൂലം സ്ത്രീകളില്‍ കാല ക്രമേണ ബ്രെസ്റ്റ് ക്യാന്‍സര്‍ വരുവാന്‍ സാധ്യതയുണ്ട്.


NITRATE : മാംസം കേടു കൂടാതെ സൂക്ഷിക്കുന്നതിനും,അതിന്റെ ചുവപ്പ് നിറം നില നിര്‍ത്തുന്നതിനുമായി ഈ കെമിക്കല്‍ ചേര്‍ക്കുന്നു.ഈ നൈട്രേറ്റ് രൂപാന്തരപ്പെട്ടു നൈട്രോമിന്‍സ്‌ ആയി തീരുന്നു.ഈ കെമിക്കല്‍ അടങ്ങിയ ആഹാര പദാര്‍ഥങ്ങള്‍ ക്രമാതീതമായി കഴിക്കുന്നത്‌ ക്യാന്‍സറിനു കാരണമാകുന്നു.
................................................................................................................

പല തരത്തിലുള്ള സോഫ്റ്റ്‌ ഡ്രിങ്കുകള്‍ വിപണിയില്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയാണല്ലോ .. ചെറുപ്പക്കാരും,കുട്ടികളുമാണ് സോഫ്റ്റ്‌ ഡ്രിങ്കുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്.ഇന്ത്യയിലും ഈ സോഫ്റ്റ്‌ ഡ്രിങ്കുകളിലെ ഹാനികരമായ കെമിക്കലുകള്‍ നിരോധിക്കണമെന്ന് പല പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്.ഈ സോഫ്റ്റ്‌ ഡ്രിങ്കുകളിലെ ഹാനികരമായ കെമിക്കലുകളെ കുറിച്ചും അവയുടെ ദോഷ വശങ്ങളെ കുറിച്ചും താഴെ ചേര്‍ക്കുന്നു.

ARTIFICIAL SWEETENERS
----------------------------
ASPARTAME : പഞ്ചസാരയേക്കാള്‍ 200 മടങ്ങ് മധുരമുള്ളതാണ് ഈ കെമിക്കല്‍.ആയതിനാല്‍ സോഫ്റ്റ്‌ ഡ്രിങ്കുകളില്‍ മധുരത്തിനായ്‌ ചേര്‍ക്കാറുണ്ട് പഞ്ചസാരയേക്കാള്‍ കുറച്ചു ചേര്‍ത്താല്‍ മതിയെന്നതാണ് ഇതിന്റെ സവിശേഷത.ഇതിന്റെ അമിതമായ ഉപയോഗം മൈഗ്രൈന്‍,ഓര്‍മ നഷ്ടപ്പെടല്‍,മാനസിക വിഭ്രാന്തി,മങ്ങിയ കാഴ്ച,ചെവിയില്‍ മുഴക്കം ഉണ്ടാകുക,ഹൃദയത്തിന് ഭാരം തോന്നിപ്പിക്കുക,ശ്വാസ തടസ്സം തുടങ്ങിയവയ്ക്ക് കാരണമാകുന്നു.

ACESULFAME - K ( ACE - K ) : ഈ കെമിക്കലും പഞ്ചസാരയേക്കാള്‍ 200 മടങ്ങ് മധുരമുള്ളതാണ്.എന്നാലും ഇതിനു ചെറിയ തോതില്‍ കയ്പ്പുമുണ്ട്.ഈ കെമിക്കലിന്റെ അമിതമായ ഉപയോഗം ക്യാന്‍സര്‍,ട്യൂമര്‍ മുതലായവയ്ക്ക് കാരണമാകുന്നു.

SACHARINE : പഞ്ചസാരയേക്കാള്‍ 300 മടങ്ങ് മധുരമുള്ളതാണ് ഈ കെമിക്കല്‍.ഇതിന്റെ അമിതമായ ഉപയോഗം ബ്ലാടര്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നു. പെപ്സി,കൊക്കോ കോള തുടങ്ങിയ കമ്പനികള്‍ മധുരത്തിനായി ഈ കെമിക്കല്‍ ആണ് ഉപയോഗിക്കുന്നത്.

CAFFEINE : ഇത് കലര്‍ന്ന സോഫ്റ്റ്‌ ഡ്രിങ്ക് കുടിക്കുന്നത് മൂലം കുറച്ചു നേരം ക്ഷീണം മാറി കിട്ടുകയും,ഉന്മേഷം തോന്നിപ്പിക്കുകയും ചെയ്യുന്നു.എന്നാല്‍ ഈ കെമിക്കല്‍ ബ്ലഡ്‌ പ്രെഷര്‍ കൂട്ടുകയും ഹൃദ്രോഗത്തിന് കാരണം ആകുകയും ചെയ്യുന്നു.അമിതമായ കഫൈനിന്റെ ഉപയോഗം പ്രമേഹം,ബ്ലാടര്‍ ക്യാന്‍സര്‍,സ്റ്റൊമക്ക് ക്യാന്‍സര്‍ എന്നിവയുണ്ടാക്കുന്നു.ഈ കെമിക്കല്‍ അടങ്ങുന്ന സോഫ്റ്റ്‌ ഡ്രിങ്ക് അമിതമായി ഉപയോഗിക്കുന്നവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ശാരീരിക വൈകല്യങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

ACIDS : സോഫ്റ്റ്‌ ഡ്രിങ്കുകളില്‍ സാധാരണയായി ചേര്‍ക്കുന്ന ആസിഡുകള്‍ സിട്രിക് ആസിഡ്‌,ഫോസ്ഫോറിക് ആസിഡ്‌,മാലിക്‌ അഥവാ ടാര്‍ടാരിക് ആസിഡ്‌ ആണ്.ഒരു പഠനത്തിന്റെ ഭാഗമായി മനുഷ്യന്ടെ പല്ല് ഒരു സോഫ്റ്റ്‌ ഡ്രിങ്കില്‍ ഇട്ടു വച്ച് രണ്ടു ദിവസം കഴിഞ്ഞു പരിശോധിച്ചപ്പോള്‍ ഈ പല്ല് വളരെ മൃദുവായും,ഇനാമല്‍ പ്രതലത്തില്‍ നിന്നും ഒരുപാട് കാല്‍സ്യം നഷ്ടപ്പെട്ടതായും കാണാന്‍ കഴിഞ്ഞു.സാധാരണയായി ഫോസ്ഫോറിക് ആസിഡ്‌ ആട്ടോ മൊബൈല്‍ കണക്റ്റെഴ്സില്‍ പറ്റി പിടിച്ചിരിക്കുന്ന തുരുമ്പു കളഞ്ഞു വൃത്തിയാക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്.അപ്പോള്‍ ഈ ആസിഡ്‌ നമ്മുടെ വയറ്റില്‍ പോയാലുള്ള അവസ്ഥയോ ?

CARBON DIOXIDE : കാര്‍ബണ്‍ ഡയോക്സൈഡ് വളരെ പ്രഷറില്‍ വെള്ളത്തില്‍ ഇന്ജെക്ട് ചെയ്താണ് Carbonated Water ഉണ്ടാക്കിയെടുക്കുന്നത്.എല്ലാവര്ക്കും അറിയാവുന്നത് പോലെ കാര്‍ബണ്‍ ഡയോക്സൈഡ് നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത വാതകമാണ്.അമിതമായ കാര്‍ബണ്‍ ഡയോക്സൈഡ് ഉപയോഗം ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കും.

PRESERVATIVES
.................

സോഫ്റ്റ്‌ ഡ്രിങ്കുകള്‍,ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവ വളരെ കാലം കേടു കൂടാതെ സൂക്ഷിക്കുന്നതിന് ഇവ ചേര്‍ക്കുന്നു. ഇവയില്‍ കെമിക്കല്‍ പ്രിസര്‍വെടീവ്സും,പ്രകൃതി ദത്തമായ പ്രിസര്‍വെടീവ്സും ഉണ്ട്.ഉപ്പു,പഞ്ചസാര,വിനെഗര്‍,റോസ്‌മേരി എക്സ്ട്രാക്റ്റ്,വൈറ്റമിന്‍ ഈ,ഗ്രേപ്ഫ്രൂട്ട് സീഡ്‌ എക്സ്ട്രാക്റ്റ് എന്നിവ പ്രകൃതി ദത്തമായ പ്രിസര്‍വെടീവ്സുകള്‍ ആണ്.മിക്കവാറും സോഫ്റ്റ്‌ ഡ്രിങ്കുകളുടെയും, ഫുഡ്‌ പ്രോടക്ടുകളുടെയും ലേബലില്‍ Permitted Preservatives എന്ന് എഴുതി കാണാം.എങ്കിലും കെമിക്കല്‍ പ്രിസര്‍വെടീവ്സ് അടങ്ങിയ ആഹാരം അമിതമായി കഴിക്കുന്നത്‌ ആരോഗ്യത്തിന് ഹാനികരമെന്നതില്‍ സംശയമില്ല.ചില കെമിക്കല്‍ പ്രിസര്‍വെടീവ്സും അതിന്റെ ദോഷ വശങ്ങളും ചുവടെ ചേര്‍ക്കുന്നു.

SODIUM BENZOATE : ഈ കെമിക്കല്‍ മിക്കവാറും സോഫ്റ്റ്‌ ഡ്രിങ്കുകളില്‍ നമുക്ക് കാണാന്‍ കഴിയും.ഇതിന്റെ അമിതമായ ഉപയോഗം ആസ്ത്മ,സ്കിന്‍ റാഷസ്,ഹൈപര്‍ ആക്ടിവിറ്റി മുതലായവയ്ക്ക് കാരണമാകുന്നു.

SULPHUR DIOXIDE : സോഫ്റ്റ്‌ ഡ്രിങ്കുകളിലെ കളര്‍ നില നിര്‍ത്തുന്നതിനായി ഈ കെമിക്കല്‍ ഉപയോഗിക്കുന്നു.സാധാരണയായി വ്യവസായ ശാലകളില്‍ ഒരു ബ്ലീച്ചിംഗ് എജന്റ്റ്‌ ആയാണ് ഈ കെമിക്കല്‍ ഉപയോഗിക്കുന്നത്.ഇത് അടങ്ങിയ ആഹാര പദാര്‍ഥങ്ങള്‍ അമിതമായി കഴിക്കുന്നത്‌ മൂലം അപ്പപ്പോള്‍ ബോധ ക്ഷയം,ത്വക്ക് വീക്കം,ഷോക്ക്‌,കോമ തുടങ്ങിയവയ്ക്ക് കാരണമാകുന്നു.


ARTIFICIAL FLAVORINGS AND COLORING
.............................................

വിവിധ തരം രുചികള്‍ക്കായി ഈ കെമിക്കല്‍സ്‌ ഉപയോഗിക്കാറുണ്ട്.ഇത് അടങ്ങിയ ആഹാരം കഴിക്കുന്നത്‌ മൂലം കുട്ടികളില്‍ ഹൈപര്‍ ആക്ടീവ് കാണപ്പെടുന്നതിനാല്‍ ഇത് കലര്‍ന്ന ആഹാരം കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.അതില്‍ ചില ആര്‍ട്ടിഫിഷ്യല്‍ ഫ്ലെവരിങ്ങസ് ചുവടെ ചേര്‍ക്കുന്നു.

TARTRAZINE : ഓറന്ജ്,മഞ്ഞ കളറുള്ള ഈ കെമിക്കല്‍ നോര്‍വേ,ഫിന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിരോധിച്ചിരിക്കുകയാണ്.ഈ കെമിക്കല്‍ കലര്‍ന്ന ആഹാരം അമിതമായി കഴിക്കന്നത് മൂലം അലര്‍ജിക്‌ റിയാക്ഷന്‍സ്,ത്വക്ക് ചൊറിഞ്ഞു പൊട്ടല്‍,നീര്‍ വീക്കം,കണ്ണില്‍ പഴുപ്പ് കെട്ടുക തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

BRILLIANT BLUE : മിക്കവാറും വികസ്വര വികസിത രാജ്യങ്ങളില്‍ ഈ കെമിക്കലിന്റെ ഉപയോഗം നിരോധിച്ചിരിക്കുകയാണ്.ഈ കെമിക്കല്‍ ക്യാന്‍സര്‍,ജനിതക വൈകല്യം,അലര്‍ജിക്‌ റിയാക്ഷന്‍സ് തുടങ്ങിയവയ്ക്ക് കാരണമാകുന്നു .

SODIUM : ഏകദേശം എല്ലാ സോഫ്റ്റ്‌ ഡ്രിങ്കുകളിലും Inorganic Sodium ചേര്‍ക്കുന്നുണ്ട്.ഈ കെമിക്കല്‍ അടങ്ങിയ ആഹാരത്തിന്റെ അമിത ഉപയോഗം ആര്‍ട്ടറീസിനെ കട്ടിയുള്ളതും,സ്ടിഫും ആക്കി തീര്‍ക്കുന്നതിനാല്‍ സ്ട്രോക്ക്‌,കാര്‍ഡിയാക് ഫൈലുര്‍,ഹൈ ബ്ലഡ്‌ പ്രഷര്‍ തുടങ്ങിയ അനവധി രോഗങ്ങള്‍ക്ക് കാരണമാകുന്നു.

ഇത്തരത്തിലുള്ള സോഫ്റ്റ്‌ ഡ്രിങ്കുകള്‍ കുടിക്കുന്നതിനു പകരം ഫ്രഷ് ജ്യൂസ് കുടിക്കുകയോ,ദാഹത്തിനു വെള്ളം കുടിക്കുകയോ ചെയ്‌താല്‍ ഈ വിനാശകാരികളായ കെമിക്കലുകള്‍ വിതയ്ക്കുന്ന ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളില്‍ നിന്നും ഏറെക്കുറെ നമ്മുടെ ശരീരത്തെ രക്ഷിക്കാം.ടിന്‍ ഫുടുകളും,ഇന്‍സ്റ്റന്റ് ഫുടുകളും,ഫാസ്റ്റ്‌ ഫുടുകളും ഒഴിവാക്കി വീടുകളില്‍ ആഹാരം പാചകം ചെയ്തു കഴിക്കുന്നതാണ് ഉത്തമം.ആവുന്നതും ഫ്രഷ്‌ പച്ചക്കറികള്‍,ഫ്രഷ്‌ മാംസം,ഫ്രഷ്‌ മീനുകള്‍ എന്നിവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.ഭക്ഷണങ്ങളില്‍ കൂടുതലും നാരുകള്‍ അടങ്ങിയവ തിരഞ്ഞെടുക്കുക.ആരോഗ്യമുള്ള ഒരു സമൂഹം അതായിരിക്കട്ടെ നമ്മുടെ ലക്‌ഷ്യം.

Thursday, October 22, 2009

മാലിന്യ മുക്ത കേരളം


ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എത്തുമ്പോള്‍ വിദേശികളുടെ മനസ്സില്‍ എന്തായിരിക്കും? ദൈവത്തിന്റെ നാട് എന്ന് പറയുമ്പോള്‍ സ്വര്‍ഗ്ഗ തുല്യമായ ശുദ്ധമായ നാട് എന്നതായിരിക്കണമല്ലോ.മാലിന്യങ്ങള്‍ ഇല്ലാത്ത വൃത്തിയുള്ള നിരത്തുകള്‍,നല്ല തെളി നീരുള്ള പുഴകള്‍,വൃത്തിയുള്ള കടല്‍ തീരങ്ങള്‍,പ്ലാസ്ടിക്കും,ചപ്പു ചവറുകളും ഇല്ലാത്ത പുല്‍ത്തകിടികള്‍.ഇതൊക്കെയായിരിക്കും കേരളത്തില്‍ വന്നിറങ്ങുന്നതിനു മുമ്പ്‌ അവരുടെ മനസിലുണ്ടാവുക.എന്നാല്‍ അവര്‍ കേരളത്തില്‍ വന്നിറങ്ങിയാലോ കേരളത്തെ കുറിച്ച് അവര്‍ ധരിച്ചതെല്ലാം വൃഥാവിലാകും.ചപ്പു ചവറുകള്‍ കൂടി കിടക്കുന്ന നിരത്തുകള്‍,ആഹാര മാലിന്യങ്ങളും,പ്ലാസ്ടിക് ബാഗുകളും,കപ്പുകളും വലിച്ചെറിയപ്പെട്ട നിലയില്‍ കിടക്കുന്ന റെയില്‍ വേ സ്റ്റെഷനുകളും,ബസ്‌ സ്റ്റാന്റുകളും .ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം കെട്ടി കിടക്കുന്ന ഓടകളും,വെറ്റില മുറുക്കി തുപ്പി വൃത്തി കേടാക്കിയ പുല്‍ത്തകിടികളും.ഇതെല്ലാം കണ്ടു മൂക്കും പൊത്തി നടക്കുന്ന വിദേശികള്‍ക്ക് കേരളത്തെ കുറിച്ച് അന്നുവരെ അവരുടെ മനസ്സില്‍ ഉണ്ടായിരുന്ന കാഴ്ചപ്പാട് മാറ്റേണ്ടി വരും.

ദൈവത്തിന്റെ സ്വന്തം നാടല്ല ചെകുത്താന്റെ സ്വന്തം നാടാണ് എന്ന് അവരില്‍ ആരെങ്കിലും ഒരു മലയാളിയുടെ മുഖത്ത് നോക്കി പറഞ്ഞാല്‍ നിശബ്ദരായി കേട്ട് കൊണ്ട് നില്‍ക്കാനേ അവനു കഴിയൂ.കേരളത്തെ മലിനമാക്കിയത് ആരാണ് ? ഈ നാട് ഭരിക്കുന്ന സര്‍ക്കാരോ അതോ ജനങ്ങളോ ? തൊടുന്നതിനും പിടിക്കുന്നതിനും സര്‍ക്കാരിനെ കുറ്റം പറഞ്ഞു ഒഴിയുന്ന ജനങ്ങള്‍.!പരസ്പരം തമ്മിലടിച്ചും,ചെളി വാരി എറിഞ്ഞും,കുതു കാല്‍ വെട്ടിയും ഭരണ പക്ഷവും,പ്രതി പക്ഷവും !. നമുക്ക് നമ്മുടെ നാടിനോടും സമൂഹത്തോടും എന്തെങ്കിലും പ്രതിബദ്ധതയുണ്ടോ ?വെള്ളം കുടിച്ചു പ്ലാസ്റിക് ബോട്ടില്‍ കായലിലും കടലിലും വലിച്ചെറിയുന്നതും,ആഹാര മാലിന്യങ്ങള്‍ റോഡില്‍ കൊണ്ടിടുന്നതും,തുണി കഴുകിയും,മീന്‍ കഴുകിയും മലിന ജലം റോഡിലേക്ക്‌ ഒഴുക്കി വൃത്തി കേടാക്കുന്നതും,ബസ്‌ സ്റ്റാന്റിലും,റെയില്‍ വേ സ്റ്റെഷനിലും വെറ്റില മുറുക്കി തുപ്പുന്നതും,ഫാക്ടറികളില്‍ നിന്നും രാസ മാലിന്യങ്ങള്‍ പുഴയിലേക്കും,തോട്ടിലേക്കും ഒഴുക്കി വിടുന്നതും സംസ്കാര സമ്പന്നര്‍ എന്ന് സ്വയം ഊറ്റം കൊള്ളുന്ന നമ്മള്‍ മലയാളികള്‍ തന്നെയല്ലേ ?.ഒരു തരത്തില്‍ അല്ലങ്കില്‍ മറ്റൊരു തരത്തില്‍ നമ്മളെല്ലാവരുമാണ് ദൈവത്തിന്റെ സ്വന്തം നാടിനെ മലിനമാക്കിയതിനു ഉത്തരവാദികള്‍.

സര്‍ക്കാരിന്റെ വ്യക്തമായ പ്ലാനിംഗ് ഇല്ലായ്മ നമ്മുടെ പട്ടണങ്ങളെ മലിനമാക്കി കൊണ്ടിരിക്കുകയാണ്.മാലിന്യ നിര്‍മാര്‍ജനം,സംസ്കരണം എന്നിവയില്‍ സര്‍ക്കാര്‍ ശാശ്വതമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നില്ല.അതിനു ഉദാഹരണമാണ് തിരുവനന്തപുരത്തെ പാളയം മാര്‍ക്കെറ്റും,ചാല മാര്‍ക്കെറ്റും.ഇവിടെ അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കുവാന്‍ പ്രാപ്തമായ സ്ഥല സൗകര്യം തിരുവനന്തപുരം നഗരത്തില്‍ ഇല്ല.സിറ്റിയില്‍ നിന്നും കുറച്ചു ദൂരെയുള്ള വിളപ്പില്‍ ശാല എന്ന സ്ഥലത്താണ് ഈ മാലിന്യങ്ങള്‍ എല്ലാം കൊണ്ട് തള്ളുന്നത്‌.ദിവസേന അടിഞ്ഞു കൂടുന്ന ഈ മാലിന്യങ്ങള്‍ പരിസര വാസികളെ വളരെ ബുദ്ധി മുട്ടില്‍ ആക്കിയിരിക്കുകയാണ്.ദിവസവും ഒരു പാട് മാലിന്യങ്ങള്‍ ഇവിടെ കത്തിച്ചു കളയാറുണ്ട്.ഈ പുക ശ്വസിച്ചു സമീപ വാസികള്‍ക്ക് ആസ്ത്മ തുടങ്ങിയ ശ്വാസ കോശ രോഗങ്ങളും,ചീഞ്ഞഴുകിയ മാലിന്യങ്ങളില്‍ നിന്നും പല തരത്തിലുള്ള സാംക്രമിക രോഗങ്ങളും പിടി പെടുന്നുണ്ട്. എറണാകുളം,കോട്ടയം,കോഴിക്കോട്,തൃശ്ശൂര് തുടങ്ങി കേരളത്തിലെ മിക്കവാറും നഗരങ്ങളിലെയും അവസ്ഥ ഇത് തന്നെയാണ്.ഈ മാലിന്യങ്ങള്‍ ഒരു സ്ഥലത്ത് തന്നെ കൊണ്ട് നിക്ഷേപിക്കാതെ പലയിടങ്ങളിലായി നിക്ഷേപിക്കാമെന്നു വച്ചാല്‍ പര്യാപ്തമായ സ്ഥലം കിട്ടാനില്ലയെന്നതാണ് ഏറ്റവും ശോചനീയമായ അവസ്ഥ.സ്ഥലമെങ്ങനെയുണ്ടാകും?കാണുന്ന സ്ഥലങ്ങളെല്ലാം വാങ്ങി കൂട്ടി റിയല്‍ എസ്റ്റേറ്റ്‌ മാഫിയ അവരുടെ കൊണ്ക്രീറ്റ്‌ സൌന്ധങ്ങള്‍ കെട്ടി പൊക്കി കോടികള്‍ കൊയ്യുന്നു.പുഴകളുടെ ഉദരം പിളര്‍ന്നു മണല്‍ മാഫിയ മണല്‍ ഊറ്റുന്നു.ഈ വ്യാപകമായ മണലൂറ്റല്‍ പ്രക്രിയ പുഴകളില്‍ അവിടവിടെ വല്യ ഗര്‍ത്തങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു.ഇത് മൂലം വെള്ളത്തിന്‌ ഒഴുക്ക് കുറയുകയും ഈ വെള്ളം കെട്ടി കിടന്നു മലിനമാകുകയും അതില്‍ കൊതുകുകള്‍ മുട്ടയിട്ടു പെരുകുകയും ചെയ്യുന്നു.ഈ കൊതുകുകള്‍ ചിക്കന്‍ ഗുനിയ,ഡെന്ക്യു പനി തുടങ്ങിയ മാരക രോഗങ്ങള്‍ പരത്തുന്നു.ടെണ്‍ കണക്കിന് ദിവസവും അടിഞ്ഞു കൂടുന്ന ഈ മാലിന്യങ്ങള്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നു വച്ചാല്‍ കൃഷിയെവിടെ ? എല്ലാ പാടങ്ങളും നികത്തി ഇതേ റിയല്‍ എസ്റ്റേറ്റ്‌ മാഫിയ അംബര ചുംബികളായ കെട്ടിടങ്ങള്‍ കെട്ടി പൊക്കുകയല്ലെ ?

പരിസ്ഥിതി പ്രശ്നങ്ങളില്‍ നമ്മുടെ ജനങ്ങള്‍ ഒട്ടും ബോധവാന്മാരല്ല എന്നതാണ് ഏറ്റവും പരിതാപ കരവും അപകടകരവുമായ അവസ്ഥ.സര്‍ക്കാരും ജനങ്ങളെ ബോധവാന്മാര്‍ ആക്കുന്നതില്‍ അധികം ശ്രദ്ധ ചെലുത്തുന്നില്ല.സിംഗപ്പൂരിലും മറ്റു രാജ്യങ്ങളിലും ചെയ്യുന്ന പോലെ നിരത്തുകളില്‍ ചപ്പു ചവറുകള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടികള്‍ എടുക്കണം .അവരില്‍ നിന്നും പിഴ ഈടാക്കണം.ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കേരളം നൂറു ശതമാനം മാലിന്യ മുക്തമാവുമെന്നല്ല എങ്കിലും ഏറെക്കുറെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയും.കടലിലും കായലിലും പുഴയിലേക്കും പ്ലാസ്ടിക്കുകളും മറ്റു മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകണം.അവരെ ബോധവാന്മാര്‍ ആക്കണം.എല്ലാ നഗര മദ്ധ്യത്തിലും മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ തുടങ്ങണം.പിന്നെ ഏറെക്കുറെ മാലിന്യങ്ങള്‍ ബയോ ഗ്യാസ്‌ ഉത്പാദനത്തിനും കുറെയൊക്കെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.

മാലിന്യ പ്രശ്നങ്ങള്‍ തൃശ്ശൂര് നഗരത്തില്‍ ഉയര്‍ത്തുന്ന വെല്ലു വിളികള്‍ കുറച്ചൊന്നുമല്ല.തൃശ്ശൂര് നഗരത്തില്‍ നിന്നും ഏകദേശം 3 കിലോമീറ്റര്‍ ദൂരെയാണ് ലാലൂര്‍.ലാലൂരില്‍ ഏകദേശം 4.35 ഹെക്ടര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് തൃശ്ശൂര് നഗരത്തിലെ മാലിന്യങ്ങള്‍ മുഴുവനും കൊണ്ട് നിക്ഷേപിക്കുന്നത്.ദിവസേന 160 ടെണ്‍ മാലിന്യങ്ങള്‍ ആണ് കോര്‍പറേഷന്‍ വണ്ടികള്‍ അവിടെ കൊണ്ട് തള്ളുന്നത്‌.കൂടാതെ 25 ടെണ്‍ മാലിന്യങ്ങള്‍ കുടുംബ ശ്രീക്കാരും കൊണ്ട് നിക്ഷേപിക്കുന്നുണ്ട്.ഈ സ്ഥലത്തിന് ചുറ്റും നാല്പതു കുടുംബങ്ങള്‍ താമസിച്ചു വരികയാണ്.കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നു പേര്‍ ഈയിടെ ഇവിടെ മരിക്കുകയുണ്ടായി.ഹൈഡ്രജന്‍ സള്‍ൈഫഡ് ( H2s )പോലുള്ള വിഷ വാതകം ശ്വസിച്ചതാണ് മരണ കാരണം എന്നറിയുന്നത്.ഇവിടെ വര്‍ഷങ്ങളായി അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ചീഞ്ഞു രൂപ പെട്ടതാണ് ഈ വിഷ വാതകം.ചീഞ്ഞ മുട്ടയുടെ ഗന്ധമാണ് ഈ വാതകത്തിന്.ഇത്നിന്റെ അളവ് 150 PPM ( പാര്‍ട്സ്‌ പെര്‍ മില്യണ്‍ ) ആയാല്‍ ഈ വാതകം ശ്വസിക്കുന്നവരുടെ ജീവന് ആപത്താണ്.പൊതുവേ ഒക്സിജനെക്കാള്‍ ഭാരം കൂടുതലാണ് ഈ വാതകത്തിന്.ഈ വാതകം ശ്വസിക്കുന്നത് മൂലം നമ്മുടെ നാഡീ വ്യൂഹങ്ങള്‍ തകരാറിലാകുകയും,കാഴ്ച നഷ്ടപ്പെടുകയും,മരണം വരെ സംഭവിക്കുകയും ചെയ്യുന്നു.

മഴയത്ത് ഈ മാലിന്യങ്ങളില്‍ നിന്നും ഒഴുകി വരുന്ന വെള്ളവും കിണറുകളിലും,നിരത്തുകളിലും ഒഴുകി എത്തുന്നതിനാല്‍ ചിക്കന്‍ ഗുനിയ,ഡെന്ക്യു പനി,മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പെട്ടെന്ന് ജനങ്ങളിലേക്ക് പടരുകയും ചെയ്യുന്നു.ഈ ദുരവസ്ഥ സഹിക്കാന്‍ കഴിയാതെ അവിടത്തെ ജനങ്ങള്‍ സംഘടിതരായി ലാലൂര്‍ മലിനീകരണ വിരുദ്ധ സമിതി എന്ന സംഘടന ഉണ്ടാക്കി പല സമരങ്ങളും,പ്രക്ഷോഭങ്ങളും നടത്തിയെങ്കിലും നാളിതുവരെ അധികാരികളുടെ കണ്ണ് തുറപ്പിച്ചിട്ടില്ല.പല പ്രാവശ്യം മുന്‍സിപ്പല്‍,കോര്‍പറേഷന്‍ ഓഫീസുകളില്‍ ധര്‍ണ്ണ നടത്തി,സത്യാഗ്രഹം ഇരുന്നു.യാതൊരു പ്രയോജനവും ഉണ്ടായില്ല.അഞ്ചു കോടി രൂപ ഏഷ്യന്‍ ബാങ്ക് സ്പോസര്‍ ചെയ്തു അവിടെ വേസ്റ്റ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് തുടങ്ങിയപ്പോള്‍ അതിനെതിരെ നാട്ടുകാരും,പര്സ്ഥിതി പ്രവര്‍ത്തകരും മുന്ബോട്ടു വന്നിരുന്നു.ഈ അവസ്ഥയില്‍ ഗതി കെട്ട നാട്ടുകാര്‍ ഇപ്പോള്‍ മാലിന്യം നിക്ഷേപിക്കാന്‍ സിറ്റിയില്‍ നിന്നും വരുന്ന വണ്ടികളെ തടയുകയാണ്.

ഇതെല്ലാം കണ്ടും സര്‍ക്കാര്‍ കണ്ടില്ലാന്നു നടിക്കുകയാണോ?മാലിന്യ മുക്ത കേരളം എന്ന് നാഴികക്ക് നാല്പതു വട്ടം പ്രസംഗിക്കുന്ന സര്‍ക്കാര്‍ എന്തെ ഇതിനു ശാശ്വതമായ പരിഹാരം കാണുന്നില്ല ?ഒരു കിണര്‍ കുഴിച്ചിട്ടു അത് മൂടാന്‍ അടുത്ത കിണര്‍ കുഴിക്കുന്ന പോലയല്ലേ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് ? സര്‍ക്കാരിന് ഈ മാലിന്യങ്ങള്‍ ശാസ്ത്രീമായി സംസ്ക്കരിക്കാനുള്ള സംവിധാനം ഉണ്ടാക്കി കൂടെ? കാര്‍ഷിക ആവശ്യങ്ങള്‍ക്കും,ബയോ ഗ്യാസ്‌ ഉത്പാദനത്തിനും ഈ മാലിന്യങ്ങള്‍ ഉപയോഗിക്കാമല്ലോ ? മാലിന്യ മുക്ത കേരളം എന്നത് വെറും ഏട്ടിലെ പശുവായി ഒതുങ്ങി നില്‍ക്കാതിരിക്കാന്‍ പ്രബുദ്ധരായ നമ്മുടെ മലയാളി സമൂഹവും സര്‍ക്കാരും ഉണര്‍ന്നെ പറ്റൂ.സ്വദേശികളോ വിദേശികളോ മൂക്ക് പൊത്താതെ കേരളത്തിലെ നിരത്തുകളില്‍ കൂടി നടക്കുവാനുള്ള അവസ്ഥ ഉണ്ടാകാന്‍ നമുക്ക് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാം." ആരോഗ്യമുള്ളതും സംസ്കാര സമ്പന്നരുമായ ഒരു ജനതയെ വാര്‍ത്തെടുക്കുവാന്‍ നമുക്ക് കൈ കോര്‍ത്ത്‌ നീങ്ങാം." രാജ്യം നമുക്ക് എന്ത് ചെയ്തു എന്നതല്ല .. നമ്മള്‍ രാജ്യത്തിന് വേണ്ടി എന്ത് ചെയ്തു എന്നുള്ളതാണ് പ്രധാനം ".

Monday, October 19, 2009

വീട്


വീട്,
പടുത്തുയര്‍ത്തിയ ചുമരുകള്‍ക്കുള്ളില്‍
നൂറു വികാരമായും,ആയിരം വാക്കായും
നിറയുന്ന അഭയ സ്ഥാനം.
ഓരോ പ്രഭാതത്തിലും പുറപ്പെട്ടു
ഓരോ കാല്‍ വെയ്പ്പ് അകലുമ്പോഴും
പിന്‍ വിളിയാല്‍ പുറകോട്ടു-
വലിക്കുന്ന ജീവിത കൊളുത്ത്.
ചില വേളകളില്‍ സാന്ത്വനത്തിന്‍
തണുപ്പ് ചേര്‍ത്ത് പിടിക്കുന്നയിടം.
ജീവിതത്തിന്റെ താപമത്രയും-
ശിരസിലേറ്റി നില്‍ക്കുന്ന മേല്‍ക്കൂര.



കടപ്പാട് : എന്റെ പ്രിയ യുവ സാഹിത്യകാരന്‍ സാമിര്‍ സലാമിന്റെ വീട് എന്ന ആശയത്തോട്.

Share

Friday, September 25, 2009

സമര്‍പ്പയാമീ !!

രാമേശ്വരത്ത് വന്നിറങ്ങിയത് മുതല്‍ തുടങ്ങിയ ചാറ്റല്‍ മഴയാണ്.ചിലപ്പോഴെല്ലാം ഈ മഴ കാണുമ്പോള്‍ പ്രകൃതി മനുഷ്യരുടെ ദുഖങ്ങളെല്ലാം ഏറ്റു വാങ്ങി കണ്ണീര്‍ പൊഴിക്കുകയാണെന്നു തോന്നും.ക്ഷേത്രത്തില്‍ അധികം തിരക്ക് കാണുന്നില്ല.വഴിയോര കച്ചവടക്കാര്‍ നിരത്തി വച്ചിരിക്കുന്ന പൂജ സാമഗ്രികളുടെയും,പൂക്കളുടെയും,കുന്തിരിക്കത്തിന്റെയും ഗന്ധത്തോടൊപ്പം മഴയുടെ ചൂരും കൂടി കലര്‍ന്ന പരിചിതമല്ലാത്ത മണം.തന്റെ ജീവിതം പോലെ .. ഹേമ നെടുവീര്‍പ്പിട്ടു.ശ്രീക്കുട്ടന്റെ കൈ പിടിച്ചു ചളിയില്‍ ചവിട്ടരുതെന്നു താക്കീത് നല്‍കി കൊണ്ട് അച്ഛനും പിന്നാലെ വരുന്നുണ്ട്.പുറകില്‍ നൃത്തം ചവിട്ടി വരുന്ന ജട്ക(കുതിര)വണ്ടിയുടെ ശബ്ദം കേട്ട് ഭയന്ന് ചളി തെറിപ്പിച്ചു മുക്രിയിട്ടു കൊണ്ട് കുറെ കറുത്ത പന്നികള്‍അത് വഴി ഓടി നടക്കുന്നുണ്ടായിരുന്നു.പണ്ട് പുസ്തകങ്ങളില്‍ വായിച്ചു കേട്ട അറിവാണ്‌ രാമേശ്വരത്തെ കുറിച്ച്.രാ‍മ രാവണ യുദ്ധത്തില്‍ രാമന്‍ വാനര സേനയുമായി അവിടെ തമ്പടിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കടല്‍ തീരത്ത് നിന്ന് നോക്കിയാല്‍ പാമ്പന്‍ പാലം കാണാം.പൊതുവേ രാമേശ്വരം കടല്‍ ശാന്തമാണ്.യുദ്ധ സന്നാഹങ്ങള്‍ നടത്താന്‍ പാകത്തിന് കടലിനോടു ശാന്തനാവാന്‍ രാമന്‍ ആജ്ഞാപിച്ചു എന്നാണു ഐതീഹ്യം.സത്യം എന്ത് തന്നെയായാലും ഈ കടല്‍ ശാന്തമാണ്.എത്ര വല്യ തിരമാലകള്‍ ഇളക്കി ഇരമ്പി വരുന്ന കടലായാലും പൊതുവേ കടലിന്റെ പത്തിലൊന്ന് ഭാഗത്ത് മാത്രമേ പ്രഷുബ്ധതയുള്ളു എന്നതാണ് ശാസ്ത്ര നിഗമനം.ഇത് പോലെ തന്നെയല്ലേ മനസും ? പലപ്പോഴും മനസ് പ്രഷുബ്ധമാണു.എങ്കിലും മനസിന്റെ പത്തില്‍ ഒന്‍പതു ഭാഗവും ശാന്തമാക്കി വക്കണം.ശ്രീക്കുട്ടനു വിദ്യാഭ്യാസം നല്‍കണം.അച്ചനില്ലായെന്ന ഒരു അല്ലലും അറിയാതെ അവനെ വളര്‍ത്തണം.തേങ്ങലുകളും,വിതുംബലുകലുമായി പിന്നിട്ട എത്രയോ രാത്രികള്‍.എങ്കിലും ആറു വയസുള്ള ശ്രീക്കുട്ടനെ മാറോടു ചേര്‍ത്ത് കിടക്കുമ്പോള്‍ വല്ലാതെ ആശ്വാസം ഹേമ അനുഭവിച്ചിരിക്കുന്നു.അച്ഛനും അനിയത്തിയും നല്‍കുന്ന അളവില്ലാത്ത സ്നേഹം ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള എല്ലാ വിധ ധൈര്യവും നല്‍കിയിരുന്നു.പ്രീ ഡിഗ്രി പാസായ തനിക്കു ഒരു ജോലി നല്‍കാന്‍ മായാ മാഡം സന്മനസ് കാണിച്ചില്ലായിരുന്നുവെന്കില്‍ താന്‍ എന്ത് ചെയ്യുമാരുന്നു?എന്തും പെട്ടെന്ന് പഠിക്കാനുള്ള അവളുടെ ശുഷ്കാന്തി കണ്ടിട്ടാവണം മാഡം കമ്പ്യൂട്ടറിന്റെ ബാല പാഠങ്ങള്‍ എല്ലാം ഹെമക്ക് പഠിപ്പിച്ചു കൊടുത്തിരുന്നു.ഹേമയുടെ അധ്വാനവും,മാഡത്തിന്റെ സപ്പോര്‍ട്ടും അവളെ കമ്പനിയുടെ അസിസ്റ്റന്റ്‌ മാനേജര്‍ തസ്തികയില്‍ എത്തിച്ചിരുന്നു.ആര് വര്‍ഷത്തിന്റെ പ്രായം മാത്രമേ ഹേമയുടെ വിവാഹ ജീവിതത്തിനു ഉണ്ടായിരുന്നുള്ളൂ.ആറടി പൊക്കവും സുമുഖനുമായ വിനോദിനെ പെണ്ണ് കാണാന്‍ വന്നപ്പോള്‍ തന്നെ ഹേമ ഇഷ്ടപ്പെട്ടിരുന്നു.പിന്നെ ഒന്നും ഓര്‍ത്തില്ല വിവാഹത്തിന് സമ്മതിച്ചു.ആദ്യ രാത്രിയില്‍ അവള്‍ക്കുള്ള അനുഭവം അവളുടെ ജീവിതത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ തകിടം മറിക്കുന്നതായിരുന്നു .അയാള്‍ മൃഗീയമായ ആവേശത്തില്‍ അവളിലേക്ക്‌ പടര്‍ന്നു കയറി.അപ്പോള്‍ അവള്‍ക്കു എന്തെന്നില്ലാത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു.ആവേശ ഭരിതനായ അയാള്‍ അവളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതായി തോന്നി.പലവുരു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും ബലിഷ്ടമായ അയാളുടെ കരങ്ങളില്‍ അവള്‍ കീഴടങ്ങി.ഹേമയുടെ ചുണ്ടുകളില്‍ അയാള്‍ അമര്‍ത്തി ചുംബിച്ചപ്പോള്‍ പാന്‍ പാന്‍ പരാഗിന്‍െറയും വിസ്കിയുടെയും രൂക്ഷ ഗന്ധത്താല്‍ അവള്‍ക്കു മനം പുരട്ടി.അവളുടെ ശരീരം മുഴുവനും ഉഴുതു മറിച്ച തൃപ്തിയില്‍ അയാള്‍ ഉറങ്ങി.അന്ന് രാത്രി മുഴുവനും അവള്‍ ഉറങ്ങാതെ കരഞ്ഞു കൊണ്ടേയിരുന്നു.ഒരു പക്ഷെ താനാകുമോ ലോകത്ത് ആദ്യമായി സ്വന്തം ഭര്‍ത്താവാല്‍ ആദ്യ രാത്രിയില്‍ ബലാല്‍ സംഘത്തിനു ഇരയാകുന്ന ആദ്യത്തെ പെണ്ണ് ?അവള്‍ക്കു അവളോടും അയാളോടും വെറുപ്പ്‌ തോന്നി ..എന്തൊക്കെയാണ് സ്വപനം കണ്ടത്?വിനോദിന്റെ ബാഹ്യ സൌന്ദര്യം തന്നെ ഉള്ളിലും ആണെന്ന് വിചാരിച്ച താന്‍ എത്ര വിഡ്ഢിയാണ്.ദിവസവും രാവിലെ പോയാല്‍ വിനോദ് തിരിച്ചു വരുന്നത് അര്‍ദ്ധരാത്രികളിലാണ്.കുടിച്ചു ബോധം പോകുമ്പോള്‍ കൂട്ടുകാര്‍ കാറില്‍ കൊണ്ട് വന്നാക്കും.കാറില്‍ നിന്നും ഇറങ്ങി കൊച്ചു കൊഞ്ഞുങ്ങള്‍ പിച്ച വച്ച് നടക്കുന്നത് പോലെ വീട്ടിലേക്കു വന്നു കയറും.വിനോദിന് തടിയുടെ ബിസിനെസ് ആയിരുന്നു.നിറയെ കൂട്ടുകാര്‍.മുഴുവന്‍ സമയം മദ്യപാനം.ഇതിനിടയില്‍ ശ്രീക്കുട്ടനും പിറന്നു.നല്ല ഓമനത്വമുള്ള കുഞ്ഞു.അവന്റെ കളങ്കമില്ലാത്ത ചിരികളിലും,കുസൃതികളിലും ഹേമ സന്തോഷം കണ്ടെത്തി.അവന്റെ അഞ്ചാമത്തെ വയസു തികയുന്ന അന്ന് അമ്പലത്തില്‍ പോയിട്ട് വീട്ടില്‍ കയറി വന്നയുടനെയാണ് ആ ഫോണ്‍ വന്നത്.ആ ഫോണും പിടിച്ചു അവള്‍ നിര്‍വികാരയായി അങ്ങനെ നിന്നു.വിനോദിനെ ഏതോ ലോഡ്ജില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെതിയത്രേ.ആത്മഹത്യ ആയിരിക്കാം എന്നാണു പോല്സിന്റെ നിഗമനം.ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നു.അയാള്‍ കഴിച്ച മദ്യത്തിലാണ് വിഷാംശം കണ്ടത്.കൂട്ടത്തില്‍ ഒരു കുറിപ്പും ഉണ്ടായിരുന്നു.കച്ചവടത്തില്‍ ഒരു പാട് കടം വന്നുവെന്നും അത് വീട്ടനാകാതെയാണ് താന്‍ ജീവനോടുക്കുന്നുവെന്നും അയാള്‍ കുറിപ്പില്‍ എഴുതിരുന്നത്.വിനോദ് മരിച്ചു എന്നറിഞ്ഞപ്പോള്‍ തന്നെ കടക്കാര്‍ വീട്ടില്‍ വന്നു ശല്ല്യപ്പെടുതാന്‍ തുടങ്ങി.കയ്യില്‍ ഉണ്ടായിരുന്ന നാല്പതു പവന്റെ ആഭരണവും പിന്നെ അച്ഛന്റെ ആകെയുള്ള സമ്പാദ്യമായ ആറു സെന്റ്‌ പുരയിടത്തില്‍ മൂന്നു സെന്റ്‌ വിട്ടു അവള്‍ ആ കടങ്ങള്‍ ഒക്കെ വീടി.മായാ മാഡം അവരുടെ കമ്പനിയില്‍ തന്നെ ഒരു ജോലി തരപ്പെടുത്തി തന്നതിനാല്‍ അവള്‍ക്കു അച്ഛനെ ബുദ്ധി മുട്ടിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാം എന്നായി.പലരും സഹതാപത്തോടെ അവളെ നോക്കി.ചെറുപ്പത്തിലെ വിധവയാകേണ്ടി വന്ന പെണ്‍കുട്ടി.അവളെ ഇഷ്ടപ്പെടുന്ന നാട്ടുകാര്‍ അവളുടെ ദുര്‍വിധിയില്‍ ദുഖിച്ചു.പലരും അവളെ പുനര്‍ വിവാത്തിനായ്‌ നിര്‍ബന്ധിച്ചു.അച്ഛനും അനിയത്തിയും പല തവണ ഉപദേശിച്ചു പുനര്‍ വിവാഹം നടത്താന്‍.അവള്‍ അതൊന്നും കേള്‍ക്കാത്ത ഭാവം നടിച്ചു.ഹേമയുടെ മനസ്സില്‍ ഒരു മരവിപ്പായിരുന്നു.ജീവിതത്തില്‍ പരാജിതയായവളുടെ നിര്‍വികാരത.പക്ഷെ ഒരാണിന്റെ തുണയില്ലാതെ തന്നെ ഇനിയുള്ള കാലം ജീവിച്ചു തീര്‍ക്കണം.മകനെ വളര്‍ത്തി നല്ല നിലയില്‍ എത്തിക്കണം.അവളുടെ മനസ്സില്‍ ഇപ്പോള്‍ പുരുഷനോട് വെറുപ്പാണ്.അവള്‍ക്കു പുരുഷന്‍ എന്നും സ്വാര്‍ത്ഥനാണു.തന്റെ സുഖങ്ങള്‍ക്കായി മറ്റുള്ളവരുടെ ജീവിതം വച്ച് അമ്മാനമാടുന്ന നിക്രുഷ്ടനായാണ് അവള്‍ പുരുഷനെ കാണുന്നത്.വിനോദ് അങ്ങനെ ആയെന്നു വച്ച് മറ്റുള്ള പുരുഷന്മാര്‍ അങ്ങനെ ആവില്ലായെന്നു പലരും അവളെ ഉപദേശിച്ചു നോക്കി അവള്‍ അതൊന്നും ചെവിക്കൊണ്ടില്ല.ചാറ്റല്‍ മഴ ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു.നേരിയ വെയില്‍ പരന്നിരിക്കുന്നു.അവര്‍ കടല്‍ തീരത്ത് പോയി സമുദ്ര സ്നാനം നടത്തി.ഇത് രാമേശ്വരത്തെ പ്രാര്‍ഥനാ വിധികളില്‍ ഒന്നാണ്.ആദ്യം സമുദ്ര സ്നാനം പിന്നെ പുണ്ണ്യ സ്നാനം.അത് ക്ഷേത്രത്തിനകത്തെ ചെറിയ കിണറുകളില്‍ നിന്നും വെള്ളം കോരി കുളിക്കണം.ഇതിനെയാണ് പുണ്ണ്യ സ്നാനം എന്ന് പറയുന്നത്.പുണ്ണ്യ സ്നാനവും കഴിഞ്ഞു ശ്രീ കോവിലില്‍ പോയി പൂജാ സാമഗ്രികള്‍ പൂജാരിയെ ഏല്പിച്ചു അവര്‍ ഉള്ളുരുകി പ്രാര്‍ത്തിച്ചു.ശ്രീക്കുട്ടന്‍ കണ്ണുമടച്ചു തൊഴുന്നുണ്ടായിരുന്നു.അവന്‍ ഇടയ്ക്കിടയ്ക്ക് കണ്ണ് തുറന്നു നോക്കി.മുത്തച്ചനും അമ്മയും എന്ത് ചെയ്യുന്നു എന്നറിയാന്‍.അവര്‍ പ്രസാദവും വാങ്ങി ക്ഷേത്രത്തിനു കിഴക്ക് ഭാഗത്തുള്ള കടല്‍ തീരത്തേക്ക് നടന്നു.അവിടെ ഭയങ്കര തിരക്ക്.മണ്ണ് വാരി ഇട്ടാല്‍ തറയില്‍ വീഴാത്ത അത്ര ജനം.എല്ലാവരും തങ്ങളുടെ ഉറ്റവര്‍ക്കായ് ബലി അര്‍പ്പിക്കുവാന്‍ വന്നവര്‍.കയ്യില്‍ പൂജാ സാമഗ്രികളുമായി ഈറനുടുത്തു അവര്‍ ഓരോ പൂജാരികളെ തേടി നടക്കുന്നു.മരിച്ചവരുടെ പാപ മോക്ഷത്തിനായ്‌ ജീവിച്ചിരിക്കുന്നവര്‍ നടത്തുന്ന ബലി തര്‍പ്പണം.ഈ ബലി തര്‍പ്പണം കൊണ്ട് മരിച്ച ആത്മാക്കള്‍ ചെയ്ത പാപങ്ങള്‍ ദൈവം പൊറുക്കുമോ ? അവനവന്‍ ചെയ്തു കൂട്ടുന്ന പാപങ്ങളുടെ ശിക്ഷ അവനവന്‍ അനുഭവിച്ചേ മതിയാകൂ.അച്ഛനും അനിയത്തിയും നിര്‍ബന്ധിച്ചിട്ടാണ് ഹേമ ശ്രീക്കുട്ടനെ കൊണ്ട് പിതൃ ബലി തര്‍പ്പണം ഇടാന്‍ തീരുമാനിച്ചു രാമേശ്വരത്ത് വന്നത്.അല്ലാതെ ആ മനുഷ്യനോടുള്ള ആരാധനയോ സഹതാപമോ കൊണ്ടല്ല .. ഈ ചെറു പ്രായത്തില്‍ തന്നെയും ഈ പിഞ്ചു കുഞ്ഞിനെയും അനാഥരാക്കി നടു തെരുവില്‍ കുറെ കടവും ഉണ്ടാക്കി ഇട്ടു പോയ ദുഷ്ടന്‍ ! ഹേമ അമര്‍ഷം സഹിക്ക വയ്യാതെ പല്ലിരുമ്മി.അവര്‍ മെല്ലെ നടന്നു ഒരു പൂജാരിയുടെ അടുക്കല്‍ ചെന്നു.പൂജാരി ശ്രീക്കുട്ടന്റെ വലതു കയ്യിലെ മോതിര വിരലില്‍ ദര്‍ഭ മോതിരം അണിയിപ്പിച്ചു.പിണ്ട ചോറ് ഉരുളയാക്കി അവന്ടെ കുഞ്ഞു കയ്യില്‍ വച്ച് കൊടുത്തു.അവനു ഒന്നും മന്സിലാകുന്നുണ്ടായിരുന്നില്ല.അവന്‍ അമ്മയെയും മുത്തച്ചനെയും മാറി മാറി നോക്കി.ഉരുളയില്‍ എള്ളും, പൂജാ പുഷ്പങ്ങളും അര്‍പ്പിച്ചു പുന്ന്യാഹം തളിച്ച് വാഴയിലയില്‍ അത് മടക്കി ശ്രീക്കുട്ടന്റെ കൈകളില്‍ മടക്കി വച്ച് കൊടുത്തു.പൂജാരിയുടെ നിര്‍ദേശം അനുസരിച്ച് അവന്‍ തിരിഞ്ഞു നോല്‍ക്കാതെ തലയ്ക്കു മുകളില്‍ കൂടി കടല്‍ വെള്ളത്തിലേക്ക്‌ ഇട്ടു.അതെ വെള്ളത്തില്‍ മുങ്ങി അവന്‍ തന്റെ പിതാവിനായ്‌ പിതൃ ബലി തര്‍പ്പണം നടത്തി.ആ പിണ്ട ചോറും വാഴയിലയും പൂക്കളും അധികം തിരകളില്ലാത്ത ശാന്തയായ കടല്‍ വെള്ളത്തില്‍ ഒഴുകി നടന്നു.പിന്നെ കുറച്ചു കഴിഞ്ഞു ചെറിയ ഒരു തിര വന്നു അതെല്ലാം മുക്കി കളഞ്ഞു.അച്ഛനും,ശ്രീക്കുട്ടനുമായി തിരികെ നടക്കുമ്പോള്‍ ഹേമക്ക് തന്റെ മനസ്സില്‍ നിന്നും എന്തോ ഭാരം ഒഴിഞ്ഞ പോലെ തോന്നി.

Wednesday, September 9, 2009

രക്ത ബന്ധം


നീണ്ട പത്തു വര്‍ഷത്തിനു ശേഷമാണ് നന്ദന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ കാണുന്നത്.ഒരു കൂട്ടുകാരന്‍ ബൈക്ക് അക്സിടെന്റില്‍ കാലൊടിഞ്ഞു കിടന്നപ്പോള്‍ വന്നതാണ്.ഇന്ന് മെഡിക്കല്‍ കോളേജിന്റെ പ്രതിച്ഛായ തന്നെ മാറിയിരിക്കുന്നു.പരിസരം ഇപ്പോള്‍ മുന്ബത്തെക്കാള്‍ വൃത്തിയുള്ളതായിരിക്കുന്നു.മാലിന്ന്യ സംസ്കരണത്തിന് പുതിയ സംവിധാനങ്ങള്‍ ഒക്കെ ഉണ്ട് ഇപ്പോള്‍.ആയതിനാല്‍ ആശുപത്രി പരിസരങ്ങളില്‍ അധികം ചപ്പു ചവറുകള്‍ കാണുന്നില്ല.
പക്ഷെ തിരക്കിനു ഒരു കുറവുമില്ല.സൈറന്‍ അടിച്ചു വന്നു നില്‍ക്കുന്ന ആംബുലന്‍സുകള്‍,രോഗികള്‍,അവരെ കാണാന്‍ വരുന്ന സന്ദര്‍ശകര്‍.അവര്‍ക്ക് കൂട്ടിനിരിക്കാന്‍ വരുന്നവര്‍.ഡോക്ടര്‍മാര്‍,നേഴ്സുമാര്‍.ആകെക്കൂടി ശബ്ദ മുഖരിതമാണ് അവിടം.ഓരോ മുഖങ്ങളിലും ടെന്‍ഷന്‍ കാണാമായിരുന്നു.ചിരിച്ച മുഖങ്ങള്‍ ഒരിടത്തും കാണാനില്ല.സന്തോഷിക്കാണോ മനസ്സ് തുറന്നു ചിരിക്കാനോ ഉള്ള അന്തരീഷമല്ലല്ലോ അത്.

ഔട്ട്‌ പെഷിയന്റ്റ്‌ വിഭാഗത്തില്‍ ചെന്ന് കൌണ്ടറില്‍ ഇരിക്കുന്ന കുറച്ചു സീനിയര്‍ ആണെന്ന് തോന്നിക്കുന്ന നേഴ്സിനോടായ് നന്ദന്‍ ചോദിച്ചു "സിസ്റ്റര്‍" "നെഫ്രോളജി വിഭാഗത്തില്‍ ഇന്നലെ അഡ്മിറ്റ്‌ ചെയ്ത മാളവിക എന്ന പെണ്‍ കുട്ടിയെ കാണണം".രണ്ടാമത്തെ നിലയില്‍ അഞ്ചാമത്തെ വാര്‍ഡില്‍ എട്ടാമത്തെ ബെഡ്ഡില്‍ ആണ് വലതു ഭാഗത്തേക്ക് കൈ കാണിച്ചു കൊണ്ട് നേഴ്സ് പറഞ്ഞു "ദേ അവിടെയാണ് ലിഫ്റ്റ്‌.അതിനടുത്ത് തന്നെ മുകളിലേക്ക് പോകാന്‍ സ്റെപ്പും ഉണ്ട്".നെഴ്സിനോട് നന്ദി പറഞ്ഞു കൊണ്ട് നന്ദന്‍ ലിഫ്ടിനടുതെക്ക് നീങ്ങി.കുറച്ചു നേരം കാത്തു നിന്നു.ഹോ ! .. ഇത് വരാന്‍ കുറെ നേരം ആകും സ്വയം പറഞ്ഞു കൊണ്ട് കാത്തു നില്‍ക്കാന്‍ ക്ഷമയില്ലാതെ സ്റ്റെപ്പുകള്‍ കയറാന്‍ തുടങ്ങി.മൂക്ക് തുളച്ചു കയറുന്ന ഡെറ്റോള്‍ മണം.ക്ലീനെഷ്സ് ഫ്ലോറും,സ്റെപ്പുകളും ഡെറ്റോള്‍ ഒഴിച്ച് വൃത്തിയാക്കുകയാണ്.രണ്ടാമത്തെ ഫ്ലോറിലേക്കുള്ള ഓരോ പടി കയറുമ്പോഴും നന്ദന്റെ നെഞ്ചിടിപ്പ് കൂടി കൂടി വരുകയായിരുന്നു.മനസ്സില്‍ എന്തൊക്കെയോ തോന്നിച്ചു.ഓര്‍മ്മകള്‍ ഒരു മിന്നല്‍ പിണര്‍ പോലെ അയാളുടെ തലയില്‍ കൂടി കടന്നു പോയി.

നന്ദന്റെ സുഹൃത്ത്‌ അജിത്തിന്റെ മകളാണ് മാളു.എട്ടു വയസാണ് അവളുടെ പ്രായം.മാളു എന്നത് ഓമനപ്പേരാണ്.യഥാര്‍ഥ പേര്‍ മാളവിക എന്നാണു.നല്ല ഓമനത്വം തുളുമ്പുന്ന സുന്ദരിയായ കുഞ്ഞു.ഭയങ്കര വായാടിയും,മിടുക്കിയും ആണ് അവള്‍.അവളോട്‌ സംസാരിച്ചു ഇരുന്നാല്‍ ഒരു ദിവസം പോകുന്നത് അറിയില്ല.നന്ദനും ഭാര്യ ലക്ഷ്മിയും താമസിക്കുന്നത് അജിത്തിന്റെ വീടിനടുത്താണ്.മാളു മിക്ക സമയങ്ങളിലും നന്ദന്റെ വീട്ടില്‍ തന്നെയാണ്.നന്ദന്‍ അവള്‍ക്കു നന്ദ മാമയാണ്.നന്ദനും ഭാര്യക്കും കുട്ടികള്‍ ഉണ്ടായിരുന്നില്ല.പല ഡോക്ടര്‍മാരെയും കണ്ടു.പല മരുന്നും കഴിച്ചു.പക്ഷെ ഒരു ഫലവും ഉണ്ടായില്ല.അതിനാല്‍ മാളുവിനെ അവര്‍ സ്വന്തം മകളെ പോലെയാണ് സ്നേഹിച്ചിരുന്നത്.നന്ദന്റെ ഭാര്യ ലക്ഷ്മിയാണ്‌ അവളെ കുളിപ്പിക്കുന്നതും,സ്കൂളില്‍ അയക്കുന്നതും,ചോറ് വാരി കൊടുക്കുന്നതും എല്ലാം.നന്ദന്‍ എല്ലാ ദിവസവും ജോലി കഴിഞ്ഞു വരുമ്പോള്‍ കിറ്റ്‌ കാറ്റ്‌ മിട്ടായി വാങ്ങി വരും മാളൂനു.

അജിത്തിന്റെയും,പ്രിയയുടെയും പ്രേമ വിവാഹമായിരുന്നു.വീട്ടുകാരുടെ എതിര്‍പ്പ് കാരണം രണ്ടു പേരും ഒളിച്ചോടി പോയി വിവാഹം കഴിക്കേണ്ടി വന്നു.അങ്ങനെ അവര്‍ക്ക് തങ്ങളുടെ കുടുംബങ്ങളില്‍ നിന്നും യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല.അവര്‍ക്ക് ബന്ധുക്കളായി നന്ദനും,മറ്റു കൂട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ബീകോം ബിരുദ ധാരിയായ അജിത്തിന് മാളുവിന്റെ ജനനത്തിനു ശേഷം എല്‍ഡി ക്ലാര്‍ക്ക്‌ ആയി സര്‍ക്കാര്‍ ജോലി കിട്ടിയിരുന്നു.ആദ്യം വാടക വീട്ടില്‍ താമസിച്ചിരുന്ന അവര്‍ സ്വന്തമായി വീട് വച്ച് അതില്‍ ജീവിച്ചു വരികയായിരുന്നു.സന്തുഷ്ടമായ കുടുംബം.അജിത്തും,ഭാര്യ പ്രിയയും,മാളുവും സന്തോഷമായി ജീവിച്ചു വരികയായിരുന്നു.അങ്ങനെ ഒരു ദുഖങ്ങളും,വിഷമങ്ങളും ഇല്ലാതെ സമാധാനത്തില്‍ ജീവിച്ചു വരുമ്പോഴാണ്‌ ആ ദുരന്തം വിധിയുടെ രൂപത്തില്‍ മാളുവിനെ തേടിയെത്തിയത്.

ഒരു ദിവസം മുറ്റത്ത്‌ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ മാളു കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ തന്നെ കുഞ്ഞിനെ അവര്‍ ആശുപത്രിയില്‍ എത്തിച്ചു.പല ടെസ്റ്റുകളും,സ്കാനിങ്ങുകളും നടത്തി.അങ്ങനെ അവരെ ഞെട്ടിച്ചു റിസല്‍റ്റ്‌ വന്നു.മാളുവിന്റെ രണ്ടു വൃക്കകളും ഭാഗികമായി തകരാറിലാണ്.ആഴ്ചയില്‍ മൂന്നു ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യണം.ഭാരിച്ച ചിലവാണ്‌ മാത്രമല്ല അത് ശാശ്വത പരിഹാരവുമല്ല..തകരാറിലായ രണ്ടു വൃക്കകളില്‍ ഏതെങ്കിലും മാറ്റി വെച്ചാലും മാളു ജീവിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.അങ്ങനെ അവര്‍ പത്രത്തില്‍ പരസ്യം കൊടുത്തു.എബീ പോസിറ്റീവ് ഗ്രൂപ്‌ രക്തമാണ് മാളുവിന്റെത്.എബീ പോസിറ്റീവ് രക്ത ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് ഓ,ഏ,ബി,എബീ ഗ്രൂപുകളിലുള്ള ഏതു വൃക്ക വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്.അങ്ങനെ വല്ല വിധേനെയും ഒന്നര ലക്ഷം മുടക്കി ഒരു വൃക്ക സംഘടിപ്പിച്ചു.നാളെയാണ് അവള്‍ക്കു വൃക്ക മാറ്റി വക്കല്‍ ശസ്ത്ര ക്രിയ നടത്തുന്നത്.

അഞ്ചാമത്തെ വാര്‍ഡില്‍ എട്ടാമത്തെ ബെഡ്ഡില്‍ എത്തിയപ്പോള്‍ ബെഡിനു ചുറ്റും സ്ക്രീന്‍ കൊണ്ട് മറച്ചിരിക്കുന്നു.ചുറ്റും കുറെ മെഡിക്കല്‍ വിദ്യാര്‍ധികളും,സീനിയര്‍ ഡോക്ടര്‍മാരും മാളുവിനെ പരിശോധിക്കുന്നു.എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നു.ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്തൊക്കെയോ എഴുതി എടുക്കുന്നു.

എന്തായി അജിത്‌ ?നന്ദന്‍ മെല്ലെ ചോദിച്ചു.ഇപ്പോള്‍ ഡോക്ടര്‍മാരുടെ റവുന്ടിംഗ് ആണ്. നാളെ വെളുപ്പിനെ ആറു മണിക്കാണ് ഓപറേഷന്‍ അജിത്‌ പറഞ്ഞു.

നീ വല്ലതും കഴിച്ചോ അജിത്‌ ? പ്രിയ എവിടെ?

ഇല്ല കഴിച്ചില്ല.വിശപ്പില്ല.പ്രിയ കാന്റീനില്‍ നിന്നും ചായ വാങ്ങാന്‍ പോയിരിക്കുകയാണ്.ഒരു നിര്‍വികാരതയോടെ അജിത്‌ പറഞ്ഞു.അവന്റെ കണ്ണുകളില്‍ ഉറക്കച്ചടവ് കാണാമായിരുന്നു.തന്റെ കുഞ്ഞു സുഖമില്ലാതെ കിടക്കുമ്പോള്‍ ഏത് മാതാ പിതാക്കള്‍ക്ക് ആണ് ഉറങ്ങാന്‍ കഴിയുക...ആഹാരം കഴിക്കാന്‍ കഴിയുക..

അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ പ്രിയ കയ്യില്‍ ഒരു ഫ്ലാസ്കുമായി അവിടെയെത്തി.നന്ദന്‍ ആ ഫ്ലാസ്ക്‌ പ്രിയയുടെ കയ്യില്‍ നിന്നും വാങ്ങി ചായ രണ്ടു ഗ്ലാസുകളിലായി പകര്‍ന്നു അജിത്തിനും പ്രിയക്കും കൊടുത്തു.അങ്ങനെ ചെയ്തില്ലാരുന്നെന്കില്‍ അവര്‍ അത് കുടിക്കില്ലാന്നു എന്ന് അയാള്‍ക്ക്‌ അറിയാമായിരുന്നു.

ആദ്യം അവര്‍ അത് കുടിക്കാന്‍ വിസമ്മതിച്ചെങ്കിലും കുടിച്ചു കുടിച്ചില്ലന്നു വരുത്തി ആ ഗ്ലാസുകള്‍ അവര്‍ മേശപ്പുറത്തു വച്ചു.

ഡോക്ടര്‍മാര്‍ അപ്പോഴേക്കും റവുന്ടിംഗ് കഴിഞ്ഞു പോയിരുന്നു.നന്ദനെ കണ്ടതും മാളു ബെഡില്‍ നിന്നും എണീല്‍ക്കാന്‍ ശ്രമിച്ചു.അരുത് എന്ന് പറഞ്ഞു കൊണ്ട് നന്ദന്‍ അവളുടെ അടുത്ത് ഇരുന്നു.നല്ല അരുണിമയുന്ടായിരുന്ന മാളുവിന്റെ മുഖം കറുത്തു ചീര്‍ത്തിരിക്കുന്നു.കൈ കാലുകള്‍ക്ക് നീര് വച്ചിട്ടുണ്ട്.നല്ല തിളക്കമുണ്ടായിരുന്ന അവളുടെ കണ്ണുകള്‍ ഒരു പാട് ഉള്‍ വലിഞ്ഞിരിക്കുന്നു.നന്ദന്‍ വാല്‍സല്യത്തോടെ അവളെ നോക്കി.അവളുടെ തലയില്‍ തലോടി.

മാളു മെല്ലെ ചിരിച്ചു.നന്ദ മാമ എപ്പഴാ വന്നെ ? കിറ്റ്‌ കാറ്റ്‌ കൊണ്ട് വന്നിട്ടുണ്ടോ ? അവള്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു."ഉം .. കൊണ്ട് വന്നിട്ടുണ്ട്".അയാള്‍ പോക്കറ്റില്‍ നിന്നും കിറ്റ്‌ കാറ്റ്‌ എടുത്തു അവള്‍ക്കു കൊടുക്കാന്‍ തുടങ്ങിയപ്പോഴേക്കും അജിത്‌ നന്ദനെ തടഞ്ഞു."വേണ്ട നന്ദ .. വെറും ഫ്ലൂയിഡ് മാത്രം കൊടുത്ത മതീന്ന ഡോക്ടര്‍ പറഞ്ഞെ". "ജ്യൂസ് ഇരിപ്പുണ്ട് അത് കൊടുക്കാം".

കുറെ നേരം അവരോടൊപ്പം ചിലവഴിച്ചിട്ടു നന്ദന്‍ യാത്ര പറഞ്ഞു ഇറങ്ങി.ഔട്ട്‌ പെഷിയന്റ്റ്‌ വരെ അജിത്‌ നന്ദനെ അനുഗമിച്ചു.

"അപ്പൊ അജിത്‌ ഞാന്‍ പോയിട്ട് നാളെ വെളുപ്പിനെ തന്നെ ലക്ഷ്മിയെയും കൂട്ടി വരാം.വിഷമിക്കാതിരിക്കൂ.ഞാനിറങ്ങുകയാണ്.നാളെ കാണാം".നന്ദന്‍ അജിത്തിന്റെ കയ്യില്‍ പിടിച്ചു കൊണ്ട് വിഷമത്തില്‍ പറഞ്ഞു.

അജിത്‌ നന്ദനെ യാത്രയാക്കി വാര്‍ഡിലേക്ക് തിരിച്ചു നടന്നു.

പിറ്റേ ദിവസം വെളുപ്പിനെ തന്നെ നന്ദനും ലക്ഷ്മിയും ആശുപത്രിയിലെത്തി.തലേന്ന് രാത്രി രണ്ടു പേരും ഉറങ്ങിയതേയില്ല.മാളൂനു ഒന്നും വരുത്തരുതെയെന്നു നന്ദനും ലക്ഷ്മിയും ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയായിരുന്നു.

നേഴ്സുമാര്‍ മാളൂനെ ഓപറേഷനു വേണ്ടി തയ്യാറാക്കുകയാണ്.ഓപറേഷനു ഇനി ഒരു മണിക്കൂര്‍ കൂടി സമയമുണ്ട്.

അപ്പോഴേക്കും ഓപറേഷന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന നേഴ്സ് അവിടെ ഓടി കിതച്ചെത്തി."കുഞ്ഞിന്റെ ഓപറേഷനു എബീ പോസിറ്റീവ് രക്തം അത്യാവശ്യമായി വേണം.ബ്ലഡ്‌ ബാങ്കില്‍ ഉണ്ടായിരുന്ന ഈ ഗ്രൂപ്‌ രക്തം തീര്‍ന്നു പോയി".നേഴ്സ് പറഞ്ഞു.

ഇനിയിപ്പോ എന്ത് ചെയ്യും സിസ്റ്റര്‍ ? അജിത്‌ പകച്ചു നിന്നു.

ഏത് ഗ്രൂപ്‌ രക്തമാണ് വേണ്ടത് സിസ്റ്റര്‍? നന്ദന്‍ നെഴ്സിനോട് ചോദിച്ചു.

"എബീ പോസിറ്റീവ്" നേഴ്സ്.

"എന്റേത് എബീ പോസിറ്റീവ് ഗ്രൂപ്‌ ആണ് സിസ്റ്റര്‍" നന്ദന്‍..

"എന്നാല്‍ പെട്ടെന്ന് വരൂ"നേഴ്സ് പറഞ്ഞു.നന്ദന്‍ നെഴ്സിനോടൊപ്പം പോയി.ആദ്യം അവര്‍ കുറച്ചു ബ്ലഡ്‌ എടുത്തു ലാബിലേക്ക് ടെസ്റ്റിനു അയച്ചു.പത്തു മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ റിസല്‍റ്റ്‌ വന്നു.നോര്‍മല്‍ ബ്ലഡ്‌ ആയിരുന്നു.പിന്നെ അവര്‍ ആവശ്യത്തിനുള്ള ബ്ലഡ്‌ എടുത്തു.

മാളൂനെ നേഴ്സുമാര്‍ റെഡിയാക്കി ഓപറേഷന്‍ തിയെറ്ററിലേക്കു കൊണ്ട് പോയി.അജിത്തും,പ്രിയയും വാവിട്ടു കരയാന്‍ തുടങ്ങി.കുറച്ചു നേരത്തിനുള്ളില്‍ തങ്ങളുടെ പോന്നോമാനയുടെ ശരീരത്തില്‍ കത്തി ഇറങ്ങും.അതവര്‍ക്ക് ഓര്‍ക്കാന്‍ കൂടി കഴിയുമായിരുന്നില്ല.നന്ദനും ലക്ഷ്മിയും അവരെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.പ്രിയ കരഞ്ഞു തളര്‍ന്നു അജിത്തിന്റെ നെഞ്ജിലേക്ക് ചാഞ്ഞു.നന്ദന്‍ അക്ഷമനായി കോറിഡോറില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നുണ്ടായിരുന്നു.ലക്ഷ്മി പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു.

രണ്ടു മണിക്കൂറുകള്‍ക്കു ശേഷം ഓപറേഷന്‍ തിയേറ്ററിന്റെ വാതിലുകള്‍ തുറക്കപ്പെട്ടു.അവരുടെ നെഞ്ചിടുപ്പിന് വേഗത കൂടി.ഒരു സ്ട്രെചെര്‍ ട്രോളിയുമായി സിസ്റ്റര്‍ പുറത്തേക്കു വന്നു.അത് വെള്ള തുണി കൊണ്ട് മൂടിയിരിക്കുന്നു.അവര്‍ അലമുറയിട്ടു കൊണ്ട് ഓടി ട്രോളിക്ക് അരികിലെത്തി.വാവിട്ടു വിളിച്ചു കൊണ്ട് അജിത്‌ ആ വെള്ള തുണി ഉയര്‍ത്തി നോക്കി.അലമുറയിട്ടു കരഞ്ഞ അവര്‍ പെട്ടെന്ന് നിശബ്ദരായി.അവരുടെ മുഖത്ത് വീണ്ടും ഒരു പ്രതീക്ഷ നടമാടി.

അത് മാളുവായിരുന്നില്ല.മാളുവിന്റെ പ്രായത്തിലുള്ള ഒരു പെണ്‍ കുട്ടിക്ക് അതെ സമയം ഹൃദയത്തിന് ഓപറേഷന്‍ നടക്കുന്നുണ്ടായിരുന്നു.ഓപറേഷന്‍ പരാജയപ്പെടുകയും ആ കുട്ടി മരിക്കുകയും ചെയ്തിരുന്നു.ആ കുട്ടിയുടെതായിരുന്നു ആ മൃതദേഹം.

സിസ്റ്റര്‍ അരിശത്തോടെ ആക്രോശിച്ചു .. "എല്ലാരും ഒന്ന് മാറിക്കേ .. ഇത് നിങ്ങളുടെ മകളുടെയല്ല.ആ കുട്ടിയുടെ ഓപറേഷന്‍ നടക്കുന്നതെയുള്ളു" .. അപ്പോള്‍ കുറച്ചു അപ്പുറത്ത് നിന്നിരുന്ന ആ കുട്ടിയുടെ അച്ഛനും,അമ്മയും അലറി കരഞ്ഞു കൊണ്ട് മൃത ദേഹം ഏറ്റു വാങ്ങി.

അവര്‍ സ്തബ്ധരായി നിന്നു.എന്ത് ചെയ്യണമെന്നറിയാതെ.അപ്പൊ മാളൂ ? അവര്‍ വീണ്ടും അക്ഷമരായി.അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഓപറേഷന്‍ തിയേറ്ററിന്റെ വാതില്‍ വീണ്ടും തുറക്കപ്പെട്ടു.സ്ട്രെച്ചറില്‍ മാളൂ !! കൂടെ ട്രിപ്പും പിടിച്ചു കൊണ്ട് ഒരു നേഴ്സും.ഡോക്ടര്‍ പുറത്തു വന്നു അജിത്തിന്റെ തോളില്‍ തട്ടി കൊണ്ട് പറഞ്ഞു .. "ഓപറേഷന്‍ സക്സ്സെസ്സ് .. അഭിനന്ദനങ്ങള്‍" !!! "മൂന്നു മണിക്കൂര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിനായി കിടത്തുന്നതാണ്.അത് കഴിഞ്ഞു കുഞ്ഞു കണ്ണ് തുറക്കും".അവര്‍ ഡോക്ടറോടും ദൈവത്തോടും നന്ദി പറഞ്ഞു.നന്ദനും ലക്ഷ്മിക്കും പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷമായിരുന്നു.അവരുടെ ജീവന്റെ ജീവനായ പൊന്നോമന ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു.അജിത്തിനും പ്രിയക്കും കണ്ണ് നീര്‍ ധാരയായി ഒഴുകുന്നുണ്ടായിരുന്നു.അത് അവരുടെ എല്ലാമെല്ലാമായ മകളെ ജീവിതത്തിലേക്ക് തിരിച്ചു കിട്ടിയതിന്റെ ആനന്ദ അശ്രുക്കള്‍ ആയിരുന്നു.

ഡോക്ടര്‍ പറഞ്ഞത് പോലെ മാളൂ മൂന്നു മണിക്കൂര്‍ കഴിഞ്ഞു മെല്ലെ കണ്ണ് തുറന്നു.അജിത്തും പ്രിയയും അവളുടെ നെറ്റിയിലും കവിളുകളിലും തെരു തെരെ ഉമ്മ വച്ചു.

മാളൂ മെല്ലെ ചുണ്ടനക്കി."നന്ദ മാമ ... കിറ്റ്‌ കാറ്റ്‌" നന്ദന്‍ പോക്കറ്റില്‍ കൈ ഇട്ടു കിറ്റ്‌ കാറ്റ്‌ പുറത്തേക്കു എടുത്തു.അജിത്‌ ചിരിച്ചു കൊണ്ട് നന്ദനെ അരുതെന്ന് വിലക്കി.നന്ദന്‍ മാളൂന്റെ കൈകള്‍ അയാളുടെ നെഞ്ചോട്‌ ചേര്‍ത്ത് വച്ചു.അവളുടെ കുഞ്ഞു കവിളില്‍ ഉമ്മ വച്ചു.

നന്ദന്‍ മനസ്സില്‍ പറഞ്ഞു .. "മാളൂ നീ എന്റെ മകളാണ്.എന്റെ രക്തം ഇപ്പോള്‍ നിന്റെ സിരകളില്‍ ഓടുന്നു. നമുക്കിടയില്‍ ഇനി മുതല്‍ ഈ രക്തത്തിന്റെ ബന്ധം കൂടി ഉണ്ട്.എനിക്ക് പിറക്കാത്ത എന്റെ രക്തം വഹിക്കുന്ന മകള്‍".അവളുടെ കുഞ്ഞു കണ്ണുകളില്‍ നോക്കി അഭിമാനത്തോടെ അയാള്‍ ചിരിച്ചു.

Sunday, September 6, 2009

ചിലപ്പോള്‍ മനസ് !


ചിലപ്പോള്‍ മനസ് !
നില്‍ക്കാതെ പായുന്ന കുതിര പോലെയാണ്
എത്ര പുറകെ പോയാലും പിടി തരില്ല.
കാണുന്നതെല്ലാം തട്ടിത്തെറിപ്പിച്ചും,തച്ചുടച്ചും,
ചവുട്ടി മെതിച്ചും നില്‍ക്കാതെ -
ഓടിക്കൊന്ടെയിരിക്കും.

ചിലപ്പോള്‍ മനസ് !
ഓര്‍മകളോരോന്നു എണ്ണിയെടുത്തു
നിശ്വാസങ്ങള്‍ കൊണ്ട് മാല കോര്‍ക്കും.
കയ്യെത്താത്ത ഉയരങ്ങളില്‍ പറന്നു നടക്കും,
വീഴ്ചയുടെ ശൂന്യതയില്‍ ആഴങ്ങള്‍ തേടും,
അപ്പോള്‍ ഒളിച്ചിരുന്നു മടുത്ത ചിന്തകളെല്ലാം
രാക്ഷസ രൂപം പൂണ്ടു മനസ്സിനെ-
അടിമുടി വിഴുങ്ങിക്കളയും.

Monday, August 31, 2009

പന്നിപ്പനി


എച്ച് ഒണ്‍ എന്‍ ഒണ്‍ (സ്വയിന്‍ ഫ്ലൂ) മലയാളത്തില്‍ പന്നിപ്പനി.പന്നിയില്‍നിന്നു മനുഷ്യരിലേക്ക്‌ പകരാമെങ്കിലും ജനിതകമാറ്റം സംഭവിച്ച പുതിയതരം വൈറസ്‌ മനുഷ്യനില്‍നിന്നു മനുഷ്യനിലേക്കാണ്‌ ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്‌. ഈ ഇന്ഫ്ലുവെന്സ വൈറസുകള്‍ പല രൂപത്തിലും ഇതിനു മുന്പും കണ്ടു പിടിക്കപ്പെട്ടെന്കിലും ഏപ്രില്‍ മാസം രണ്ടായിരത്തി ഒന്‍പതില്‍ ഈ എച്ച് ഒണ്‍ എന്‍ ഒണ്‍(സ്വയിന്‍ ഫ്ലൂ) ഇന്ഫ്ലുവന്സ വൈറസുകളെ അമേരിക്കയില്‍ ആദ്യമായി മനുഷ്യരില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.പിന്നീടത്‌ മെക്സിക്കോ,കാനഡ തുടങ്ങിയ രാജ്യങ്ങളിലും കണ്ടെത്തുകയായിരുന്നു.ഇപ്പോള്‍ ഇത് മനുഷ്യ ജീവന് വെല്ലു വിളിയായി ലോകം മുഴുവനും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.പന്നികളില്‍ നിന്ന് പകര്‍ന്നു ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അതി വേഗം പടര്‍ന്നു കൊണ്ടിരിക്കുന്ന നിയന്ത്രിക്കാന്‍ പ്രയാസമുള്ള പകര്‍ച്ച വ്യാധിയാണ് ഇത്.നമ്മുടെ ഭാരതത്തിലും അനേകം ജനങ്ങളുടെ ജീവന്‍ അപഹരിച്ചു കൊണ്ട് ഈ വിനാശ കാരിയായ വൈറസ്‌ നാള്‍ക്കു നാള്‍ ശക്തി പ്രാപിച്ചു വരികയാണ്.സമ്പന്നരും,ദരിദ്രരും,കര്‍ഷകരും,ഡോക്ടര്‍മാരും,കുട്ടികളും എല്ലാം ഈ അസുഖത്തിന് ഇരയാകുന്ന ദയനീയ കാഴ്ചയാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്..

ഈ രോഗം പിടി പെട്ട രോഗികള്‍ താമസിക്കുന്നതിനു ചുറ്റുമുള്ളവര്‍ക്കും ഈ രോഗം പെട്ടെന്ന് പിടി പെടാം.തുമ്മല്‍ വഴിയും,ചുമ വഴിയും പെട്ടെന്ന് ഈ വൈറസുകള്‍ അന്തരീക്ഷത്തില്‍ പരക്കുന്നു.ആറടിക്കുള്ളില്‍ അടുത്തുനില്‍ക്കുന്ന മനുഷ്യര്‍ക്ക്‌ പകരുകയും ചെയ്യും.ഏകദേശം രണ്ടു മണിക്കൂര്‍ സമയത്തേക്ക്‌ ഈ വൈറസുകള്‍ക്ക്‌ രോഗം പടര്‍ത്താനുള്ള കഴിവുണ്ട്‌. അത് വഴി മറ്റുള്ളവരും പെട്ടെന്ന് ഈ രോഗത്തിന് അടിമപ്പെടുന്നു.കഠിനമായ പനി,വിറയല്‍,ശരീര വേദന,മൂക്കൊലിപ്പ്,മൂക്കില്‍ കഫം അടിഞ്ഞു കട്ട പിടിച്ചു ഇരിക്കുക,തൊണ്ട വേദന,തുമ്മല്‍,ചര്‍ദ്ദി,വയറിളക്കം തുടങ്ങിയവയാണ് രോഗം മൂര്ച്ചിക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥകള്‍.

ഈ സന്ദര്‍ഭങ്ങളില്‍ ആവുന്നതും രോഗികള്‍ പുറത്തു ഇറങ്ങാതെ ഇരിക്കുക.ജനങ്ങള്‍ കൂടുതല്‍ കൂടുന്ന പൊതു സ്ഥലങ്ങളില്‍,സ്കൂളുകളില്‍,സിനിമാ തിയെറ്ററുകളില്‍,കല്യാണ ഹാളുകളില്‍ പോകുന്നത് ഒഴിവാക്കുക.എപ്പോഴും റെസ്പിറേറ്ററി മാസ്ക് ഉപയോഗിക്കുക.ആശുപത്രിയില്‍ പോകാന്‍ മാത്രം പുറത്തിറങ്ങുക.തുമ്മുമ്പോള്‍ അല്ലങ്കില്‍ ചുമയ്ക്കുമ്പോള്‍ മൂക്കും,വായും ടിഷ്യു പേപര്‍ കൊണ്ടോ അല്ലങ്കില്‍ തൂവാല കൊണ്ടോ മറയ്ക്കുക.ടിഷ്യു പേപ്പര്‍ ആണെങ്കില്‍ അവിടെയും ഇവിടെയും വലിചെറിയാതെ അത് സുരക്ഷിതമായി ഒരിടത്ത് കുഴിച്ചിടുക.തൂവാല തിളച്ച വെള്ളത്തില്‍ മുക്കി ഡെറ്റോള്‍ ഉപയോഗിച്ച് കഴുകുക.കൈകള്‍ സ്പിരിറ്റ്‌ കൊണ്ടോ നല്ല ഡെറ്റോള്‍ കലര്‍ന്ന സോപ് കൊണ്ടോ നല്ലവണം കഴുകുക ..

വളരെ വേഗത്തില്‍ ശ്വസിക്കുക,ശ്വസനത്തിനു തടസം, ചര്‍മ്മം നീലയോ ചാര നിറത്തിലോ ആയി തീരുക,വെള്ളം കുടിക്കാതിരിക്കുക(ദാഹമില്ലായ്മ),നിര്‍ത്താതെയുള്ള ചര്‍ദ്ദി,കടുത്ത പനി,ക്ഷീണം,നിര്‍ത്താതെയുള്ള ചുമ കിടന്നിടത്ത് തന്നെ കിടക്കുക,ആരോടും സംസാരിക്കാതെ ഇരിക്കുക എന്നിവയാണ് കുട്ടികളിലെ രോഗ ലക്ഷണങ്ങള്‍.

ശ്വാസ തടസം,ശ്വസിക്കാനുള്ള ബുദ്ധിമുട്ട്,നെഞ്ചു വേദന,വയറിലും നെഞ്ചിലും സമ്മര്‍ദ്ദം അനുഭവപ്പെടുക,പെട്ടെന്നുള്ള തല കറക്കം,കണ്ഫ്യൂഷന്‍,നിര്‍ത്താതെയുള്ള ചര്‍ദ്ദി മുതലായവയാണ് മുതിര്‍ന്നവരില്‍ കാണുന്ന രോഗ ലക്ഷണങ്ങള്‍.

ഈ രോഗത്തിന് വാക്സിന്‍ ഇല്ലാ എന്നുള്ളതാണ് ഏറ്റവും അപകടകരമായ അവസ്ഥ.എന്നാലും നമ്മുടെ ചില ദൈനം ദിന ശുചിത്വ പരിശീലനം കൊണ്ട് ഈ രോഗം ഏറെക്കുറെ തടയാവുന്നതാണ്.എവിടെ പുറത്തു പോയിട്ട് വന്നാലും, സ്പിരിറ്റ് അല്ലങ്കില്‍ ഡെറ്റോള്‍ കലര്‍ന്ന സോപ് കൊണ്ട് കൈ നല്ലവണ്ണം കഴുകണം.കൈ കഴുകാതെ മൂക്കിലോ വായിലോ കണ്ണിലോ കൈ കൊണ്ട് തൊടാതിരിക്കുക.പ്രത്യേകിച്ച് ചുമ വരുമ്പോഴും,തുമ്മുമ്പോഴും കൈകള്‍ കൊണ്ട് പൊത്തുന്നത് കൊണ്ട് കൈകള്‍ കഴുകേണ്ടത് അത്യാവശ്യമാണ്.ഈ രോഗം ബാധിച്ച ആള്‍ക്കാരുമായി കൂടുതല്‍ അടുത്തിട പാഴാകാതെ രോഗികളില്‍ നിന്നും അകന്നു നില്‍ക്കുക.രോഗികള്‍ക്ക്‌ സമ്പൂര്‍ണ ആയിസോലെഷന്‍ ഉറപ്പു വരുത്തണം.

അഥവാ ഈ രോഗം നമ്മളില്‍ ആര്‍ക്കെങ്കിലും ബാധിച്ചാല്‍ ഒരിക്കലും ജോലി സ്ഥലത്തോ,പൊതു വേദികളിലോ,സ്കൂളുകളിലോ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

രോഗ ബാധിതരായവര്‍ക്ക് ആരംഭ സമയത്ത് തന്നെ മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ കഴിയുമെന്നതാണ് ഇതിനെ അപകടകരമായ അവസ്ഥ.രോഗ ബാധിതരായി ഏഴു ദിവസം കഴിഞ്ഞാണ് രോഗം മൂര്ചിക്കുക.

ഈ രോഗത്തിന് ഒസേല്ടാമിവിര്‍ (ടാമിഫ്ലു) അല്ലങ്കില്‍ സാനമിവിര്‍ (രേലെന്സ) എന്നീ മരുന്നുകളാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതു.ഈ മരുന്നുകള്‍ ശരീരത്തിനകത്തുള്ള ഈ സ്വയിന്‍ വയറസിനെ പെറ്റു പെരുകുന്നതില്‍ നിന്നും തടയുന്നു. പക്ഷെ അത് രോഗ ബാധിതനായതിനു ശേഷം രണ്ടു ദിവസത്തിനകം ഈ മരുന്ന് കഴിച്ചാല്‍ മാത്രമേ പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാകൂ.

ഈ മാരക രോഗത്തില്‍ നിന്നും നമ്മുടെ നാടിനെയും,ഈ ലോകത്തിനെയും രക്ഷിക്കുക എന്നത് എല്ലാവരുടെയും കടമയാണ്.അതിനാല്‍ നമ്മള്‍ ചെറിയ ക്യാമ്പുകള്‍ സംഘടിപ്പിച്ചു ഇത്തരം അവബോധം എല്ലാരിലും ഉണ്ടാക്കിയെടുക്കണം .. രോഗങ്ങള്‍ ചികില്‍സിച്ചു മാറ്റാന്‍ നില്‍ക്കുന്നതിനേക്കാള്‍ ഉത്തമം അത് വരാതെ ചെറുക്കുക എന്നതാണ് .

Wednesday, August 26, 2009

വിരഹം

ഇരുട്ടിലിഴഞ്ഞിറങ്ങിയ
ഏകാന്തതയുടെ കറുത്ത അക്ഷരങ്ങള്‍
വിരഹത്തിന്‍ മഷി വറ്റിയ തൂലികയാല്‍
ശൂന്യതയില്‍ എഴുതപ്പെടുകയായിരുന്നു.

സ്മൃതിയുടെ മാറാലയില്‍ തടവിലായ മൌനം
ആരോടും പറയാതെ പടിയിറങ്ങി.

സ്വപ്‌നങ്ങള്‍ കടം തരില്ലാന്നു-
തല തല്ലി കരഞ്ഞു കാറ്റുമെങ്ങോ യാത്രയായി .

മറക്കുവാനാകില്ലായെന്നു വിതുംബിക്കരയാന്‍
എന്‍ നിഴല്‍ പോലുമിന്നെനിക്ക് അന്യമായി .

നീ നടന്ന വഴികളില്‍ ഞാനേകനായ് നടന്നപ്പോള്‍
നീ നനഞ്ഞ മഴയില്‍ ഞാന്‍ ഭ്രാന്തമായ്‌ നനഞ്ഞപ്പോള്‍

അറിയുന്നു ഞാനീ വിരഹം
മൃതിയെക്കാള്‍ വേദനാ ജനകമെന്നു.

Share

സൂര്യ താപം


എടാ പ്രകാശാ നാളെ ഓണമല്ലേ നമുക്ക് സദ്യ ഒരുക്കണ്ടേ ഡാ !! - മഹി

ഹും .. എങ്ങനെയാടാ? നമ്മുടെ ഈ ഡ്യൂട്ടി ടൈമില്‍ അത് നടക്കോ ? വെളുപ്പിനെ എണീറ്റ്‌ സൈറ്റില്‍ പോകേണ്ടവരല്ലേ നമ്മള്‍ ? പിന്നെ തിരിച്ചു വരുന്നത് രാത്രിയിലാണല്ലോ - പ്രകാശന്‍

എടാ മഹീ അപ്പൊ നമുക്ക് ഒരു കാര്യം ചെയ്യാം.ലുലു ഹൈപ്പര്‍ മാര്‍കെറ്റില്‍ പോയി സദ്യക്കുള്ള പച്ചക്കറി എല്ലാം വാങ്ങി ഇന്ന് രാത്രി തന്നെ എല്ലാം ഉണ്ടാക്കി വക്കാം.നാളെ രാത്രി ഡൂട്ടി കഴിഞ്ഞു വന്നു നമുക്ക് സദ്യ കഴിക്കാം.പായസത്തിനുള്ള അടയും,സേമിയയും ഒക്കെ വാങ്ങണം.പിന്നെ വാഴയില വേണമെങ്കില്‍ ഇപ്പോഴേ പോയാലെ പറ്റുള്ളൂ കേട്ടോ.നമ്മള്‍ പോകുന്നതിനു മുമ്പ്‌ തീരാതിരുന്നാല്‍ മതിയായിരുന്നു - പ്രകാശന്‍

അപ്പൊ നീ റെഡി ആകൂ ഞാന്‍ ദേ ഇപ്പൊ വരാം !! - മഹി

നീ എവിടെക്കാട? - പ്രകാശന്‍

എടാ ഞാന്‍ മേല് ഒന്ന് കഴികീട്ടു വരാം.നീ ആ അടുപ്പത്തിരിക്കുന്ന വെള്ളത്തില്‍ കുറച്ചു ചായപ്പൊടി ഇട്ടു എനിക്കും,നിനക്കും രണ്ടു ചായ ഉണ്ടാക്കി വക്ക്.ഒരു മൂളി പാട്ട് പാടി മഹി വെള്ളം കോരി മേലില്‍ ഒഴിക്കാന്‍ തുടങ്ങി..ഹോ വെള്ളത്തിന്‌ എന്തൊരു ചൂട്.അല്ലങ്കിലും ഈ ആഗസ്റ്റ്‌ മാസത്തില്‍ വെള്ളം തിളച്ചു മറിയും. ഇടയ്ക്കിടയ്ക്ക് വരുന്ന ഹുമിടിറ്റിയും.ചൂട് എങ്ങനെ വേണേലും സഹിക്കാം.പക്ഷെ ഈ ഹുമിടിറ്റി എന്ന ഭൂതം മനുഷ്യനെയും കൊണ്ടേ പോകൂ.സൈറ്റില്‍ വര്‍ക്ക്‌ ചെയ്യുമ്പോള്‍ എത്ര വെള്ളം കുടിച്ചു നിന്നാലും ശരീരം വിയര്‍ത്തു കൊണ്ടേയിരിക്കും.അവസാനം ശരീരത്തിലെ ജലാംശം എല്ലാം നഷ്ടപ്പെട്ടു ശരീര താപ നില അധികരിച്ച് ആളുകുഴഞ്ഞു വീഴും.ബ്ലഡ്‌ പ്രഷര്‍ കുറയുകയും ഭയങ്കര ക്ഷീണിതനാവുകയും ചെയ്യുന്നു.രണ്ടു ദിവസത്തിന് മുമ്പ്‌ അങ്ങനെയാണ് സൈറ്റില്‍ ഒരു മലയാളി സുഹൃത്ത്‌ മരിച്ചത്.മണിക്കൂറുകളോളം സൈറ്റില്‍ നിന്ന് പണി ചെയ്ത അയാള്‍ കുഴഞ്ഞു വീഴുകയും ആശുപത്രിയില്‍ കൊണ്ട് പോകുന്ന വഴിയില്‍ മരണപ്പെടുകയും ചെയ്തിരുന്നു.നാട്ടിലെ അയാളുടെ ഭാര്യയും രണ്ടു പെണ്‍കുട്ടികളും അനാഥരായി.കൂടെ ജോലി ചെയ്യുന്ന എല്ലാ ജോലിക്കാരും ചേര്‍ന്ന് കുറച്ചു തുക കളക്റ്റ്‌ ചെയ്തു അയാളുടെ ഭാര്യക്ക് അയച്ചു കൊടുത്തിരുന്നു.ഈ വേനല്‍ക്കാലത്ത് എല്ലാ കമ്പനികളും ആറു മണിക്കൂര്‍ മാത്രമേ ലെബെഷ്സിനെ കൊണ്ട് പണിയെടുപ്പിക്കാവൂ എന്ന നിയമം ഉണ്ട്.ഉച്ചക്ക് പന്ത്രണ്ടു മണിക്ക് മുന്പേ സൈറ്റ് ജോലികള്‍ നിര്‍ത്തണം എന്നാണു നിയമം.മിക്കവാറും കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ഈ നിയമം തെറ്റിക്കുകയാണ് പതിവ്.അവരുടെ പണി പെട്ടെന്ന് തീര്‍ക്കാന്‍ അവര്‍ ലെബെഷ്സിനെ കൊണ്ട് മണിക്കൂറുകളോളം പണിയെടുപ്പിക്കും.മിക്കവാറും കമ്പനികള്‍ ജോലിക്കാര്‍ക്ക് വേണ്ട തണുത്ത കുടി വെള്ളം സൈറ്റില്‍ എത്തിച്ചു കൊടുക്കാറും ഇല്ല.

സൂര്യ താപം ഏറ്റു തളര്‍ന്നു വീഴുന്ന ആള്‍ക്കാരെ നല്ല തണലത്തു കൊണ്ട് പോയി കിടത്തണം.എന്നിട്ട് അവരുടെ ശരീരത്തില്‍ നിറയെ തണുത്ത വെള്ളം ഒഴിച്ച് കൊണ്ടിരിക്കണം.കുറച്ചു ഐസ് കട്ടകള്‍ തുണിയിലോ മറ്റും പൊതിഞ്ഞു അവരുടെ കക്ഷത്തിലും തുടയിടുക്കുകളിലും വച്ച് കൊടുക്കണം.എലെക്ട്രോ ലൈറ്റ്‌ പൌഡര്‍ തണുത്ത വെള്ളത്തില്‍ മിക്സ്‌ ചെയ്തു അവരെ കുടിപ്പിക്കണം.മിക്കവാറും എലെക്ട്രോ ലൈറ്റ്‌ പാനീയങ്ങളില്‍ പൊട്ടാസിയം,സോഡിയം,മഗ്നീഷ്യം,മിനറല്‍സ്,സ്റ്റാര്‍ച്ച്,ഗ്ലുകോസ് തുടങ്ങിയവ ഉണ്ടാകും.ഇത് സൈറ്റില്‍ ലഭ്യമല്ലെങ്കില്‍ ഒരു നാരങ്ങ രണ്ടായി മുറിച്ചു പിഴിഞ്ഞ് വെള്ളത്തില്‍ ഉപ്പിട്ട് കലക്കി കൊടുക്കുന്നതും നല്ലതാണ്.പക്ഷെ ഇതൊന്നും ആ പാവം കുഴഞ്ഞു വീണപ്പോള്‍ ആരും ചെയ്തില്ല.ചെയ്തില്ലാ എന്നല്ല അതിനുള്ള സൗകര്യം ആ സൈറ്റില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.നാരങ്ങ വെള്ളം പോയിട്ട് ഒരു തുള്ളി വെള്ളം പോലും കുടിക്കാതെയാണ് അയാള്‍ മരിച്ചത്.അവിടന്ന് ഒരു കിലോ മീറ്റര്‍ ദൂരത്തു പോയാണ് തണുത്ത വെള്ളം കൊണ്ട് വരേണ്ടത്.ആരോ പോയി വെള്ളം കൊണ്ട് വന്നപ്പോഴേക്കും അയാള്‍ മരിച്ചിരുന്നു.

എടാ മഹി നീ എന്തെടുക്കുവാ ഡാ ബാത്‌ റൂമില്‍ ? പ്രകാശന്‍ ബാത്‌ റൂം കതകില്‍ തട്ടികൊണ്ട്‌ ചോദിച്ചു.

എടാ ദേ വന്നു ! - മഹി

മഹേഷും,പ്രകാശും ഉണ്ടാക്കി വച്ച കട്ടന്‍ ചായയും കുടിച്ചു കൊണ്ട് റെഡി ആയി പുറത്തിറങ്ങി.ടാക്സികള്‍ മത്സരിച്ചാണ് ഓടുന്നത്.നിരത്തില്‍ എവിടെ നോക്കിയാലും മഞ്ഞ ടാക്സികള്‍.നാട്ടിലെ ഓട്ടോ റിക്ഷകളെ ഓര്‍മ്മിപ്പിച്ചു.ഒരു ടാക്സി അവരുടെ മുന്പില്‍ വന്നു നിന്നു.ഒരു പാകിസ്ഥാനിയുടെതാണ് ടാക്സി.

ഭയ്യ ലുലു തക് ജാന ഹൈന്‍ !! .. കിതന ലെന്കെ ? - പ്രകാശന്‍

ആപ് ലോക് ബയിട് ജാവോ !!.അയാള്‍ ഡോര്‍ തുറന്നു കൊണ്ട് പറഞ്ഞു.

എടാ പ്രകാശ എത്രയാന്ന് ചോദിക്കട ആദ്യം !!.അല്ലങ്കില്‍ അവന്‍ അവസാനം പച്ചയുടെ സ്വഭാവം കാണിക്കും!! - മഹി.

വീണ്ടും മടിച്ചു മടിച്ചു പ്രകാശന്‍ പാകിസ്ഥാനിയോടു ചോദിച്ചു.ടീക്‌ ഹൈന്‍ ഭയ്യ !! ബയിട് നെ കി പഹലേ യെ ബോലിയെ കിത്ന ലെന്കെ ആപ് !!?

ടീക്‌ ഹൈന്‍ !! ഏക്‌ ദിനാര്‍ ദേ ദോ - പാക്സ്ഥാനി.

മഹേഷിന്റെയും,പ്രകാശന്റെയും നെറ്റി ചുളിഞ്ഞു.അവര്‍ ഒറ്റ സ്വരത്തില്‍ ഏക്‌ ദിനാര്‍ ? !!!

ഹാം ഏക്‌ ദിനാര്‍.ക്യാ ജ്യാദ ഹൈന്‍ ക്യാ?പച്ച പുച്ഛത്തോടെ ചോദിച്ചു.

നഹിന് ഭയ്യ ആദ ദിനാര്‍ ഹൈന്‍ തോ ജായെന്കെ.അവസാനം പച്ച മനസില്ലാ മനസോടെ സമ്മതിച്ചു.സമ്മതിക്കതിരിക്കാന്‍ പറ്റില്ലല്ലോ.കാരണം അയാള്‍ ആ സവാരി വിട്ടാല്‍ പുറകില്‍ നിര്‍ത്തിയിരിക്കുന്ന ടാക്സികള്‍ ആവേശ പൂര്‍വ്വം ആ സവാരി കൊത്തിയെടുക്കും.

ലുലുവില്‍ എത്തിയ ഉടനെ പച്ച പറഞ്ഞു. ഭയ്യ ജല്‍ദി ഉത്താര്‍ ജാവോ.പോലീസ്‌ വാല കടാ ഹൈന്‍.

മഹേഷും,പ്രകാശനും പെട്ടെന്ന് ഡോര്‍ തുറന്നു ഇറങ്ങി.

ലുലു ഹൈപ്പര്‍ മാര്‍കെറ്റ്‌ അലങ്കാര വിളക്കുകളാല്‍ അലംകൃതമായിരിക്കുന്നു.ഭയങ്കര തിരക്ക്.റമദാന്‍റേയും ,ഓണത്തിന്റെയും കച്ചവടം പൊടി പൊടിക്കുകയാണ്.പുറത്തുള്ള ചൂടില്‍ നിന്നും പെട്ടെന്ന് അകത്തു കയറി സെന്‍ട്രല്‍ ഏസിയില്‍ നിന്നും വരുന്ന കാറ്റ് കൊണ്ടപ്പോള്‍ അവര്‍ക്ക് ആശ്വാസം തോന്നി.ഒപ്പം അവര്‍ക്ക് അഭിമാനവും തോന്നി പദ്മശ്രീ യൂസഫ്‌ എന്ന നമ്മുടെ മലയാളി സഹോദരന്റെ വിയര്‍പ്പിന്റെ ഫലമാണ് ഈ സ്ഥാപനം.മലയാളികളുടെ അന്തസ്സും,അദ്ധ്വാനവും അറബികളുടെ ഇടയിലും,മറ്റു വിദേശികളുടെ ഇടയിലും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മലയാളിയായ ഏതൊരുവനും അഭിമാനാത്താല്‍ രോമാഞ്ചംകൊള്ളുമെന്നതില്‍ സംശയമില്ല.

ഭയങ്കര ജന തിരക്ക്.പല ഓഫറുകളും ഉണ്ട്.കുട്ടികള്‍ അവിടെയും ഇവിടെയും ഓടി കളിക്കുന്നു.അവരെ പിടിക്കാന്‍ ഓടുന്ന മാതാ പിതാക്കള്‍.മിക്കവാറും ആള്‍ക്കാരുടെ ബാഗുകളില്‍ നിന്നും തല പുറത്തിട്ടു നോക്കുന്ന മുരിങ്ങ കോലുകള്‍,വാഴയിലകള്‍,പടവലങ്ങകള്‍.നാട്ടിലെ ഓണ ചന്തയില്‍ നില്‍ക്കുന്ന ഒരു പ്രതീതി.

മഹീ രണ്ടാമത്തെ ഫ്ലോറിലാ പച്ചക്കറികളും,ഓണ സാധനങ്ങളും.നമുക്ക് അങ്ങോട്ട്‌ പോകാം - പ്രകാശന്‍.

മഹിയും,പ്രകാശനും ലിഫ്റ്റില്‍ കയറി.അകത്തു നിന്നും പുറത്തോട്ടു,പുറത്തു നിന്നു അകത്തോട്ടും കാണാന്‍ വിധത്തിലുള്ള ചുറ്റിനും ഗ്ലാസ്‌ ഇട്ട ലിഫ്റ്റ്‌.പ്രകാശന്‍ രണ്ടാമത് ഫ്ലോറിന്റെ ബട്ടന്‍ ഞെക്കി.സെക്കണ്ടുകള്‍ക്കുള്ളില്‍ അവര്‍ രണ്ടാമത്തെ നിലയില്‍ എത്തി.പച്ചക്കറികളും,പായസത്തിനുള്ള സാമഗിരികളും,നാളി കേരവും ,വാഴയിലയും ഒക്കെ വാങ്ങി ബാഗുകളില്‍ നിറച്ചു ക്യാഷ് കൌണ്ടറിലെ ക്യൂവില്‍ നില്‍ക്കുമ്പോള്‍ രണ്ടു പേരുടേയും മുഖം ഓണ നിലാവ് ഉദിച്ച പോലെ തിളങ്ങിയിരുന്നു.ക്യാഷ്‌ പേ ചെയ്തു വേറൊരു ടാക്സി പിടിച്ചു അവര്‍ റൂമിലെത്തി.

ഹോ എന്തൊരു ചൂടാ അല്ലെ പ്രകാശാ - മഹി

എടാ കുറച്ചു വെള്ളമിങ്ങു എടുക്കു കുടിക്കാന്‍.ഹോ ഈ വെള്ളം ഭയങ്കര ചൂട് ആണ്.എന്ത് ചെയ്യും .കഴിഞ്ഞ മാസവും ശമ്പളം കിട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞതാ നിന്നോട് നമുക്ക് ഒരു ചെറിയ ഫ്രിഡ്ജ്‌ വാങ്ങാമെന്നു.അപ്പൊ നീയാ പറഞ്ഞെ ഈ മാസം പറ്റില്ല നാട്ടില്‍ പൈസ അയക്കണമെന്ന്.കുട്ട്യോള്‍ക്ക് സ്കൂള്‍ തുറക്ക എന്ന് - മഹി

എടാ ഈ മാസം കൂടി എങ്ങനേലും തള്ളി നീക്കിയ അടുത്ത മാസം അവസാനം ആകുമ്പോഴേക്കും തണുപ്പ് കാലം തുടങ്ങുമല്ലോ അപ്പൊ ആ പൈസയും നമുക്ക് നാട്ടില്‍ അയക്കാമല്ലോ കുടുംബത്തിലെ പ്രശ്നങ്ങള്‍ തീരുമല്ലോ - പ്രകാശന്‍.

ഹും..നമ്മള്‍ ഇങ്ങനെ ഈ ചൂടത്തും,തണുപ്പത്തും കഷ്ടപ്പെടുന്നത് അവര്‍ അറിയുന്നുണ്ടോ ഡാ ? ഓരോ മാസവും ഓരോ പ്രശ്നങ്ങള്‍.എല്ലാ പൈസയും അയച്ചു തീര്‍ന്നു റൂമിന്റെ വാടകയും കൊടുത്തു തീര്‍ന്നാല്‍ നമ്മുടെ കയ്യില്‍ എന്താ ഉള്ളത് മിച്ചം? പിന്നെ അടുത്ത മാസം വരെയുള്ള പല ചരക്കു സാധനങ്ങള്‍ കാസര്‍ഗോഡ്‌ കാരന്‍ ഇച്ചായുടെ കടയില്‍ നിന്നും കടം വാങ്ങണം.നല്ലൊരു മനുഷ്യനായതോണ്ട് അദ്ദേഹം മുഖം കറുപ്പിക്കാന്ടു തരും - മഹി

ഓക്കേ അപ്പൊ നമുക്ക് ഓണ സദ്യക്കുള്ള വിഭവങ്ങള്‍ ഉണ്ടാക്കാം.പ്രകാശനും,മഹിയും ലുങ്കി ഉടുത്തു തലയില്‍ ഒരു തോര്‍ത്ത്‌ കെട്ടി പച്ചക്കറി കണ്ടിക്കാനും,തേങ്ങ ചിരവാനും,തുടങ്ങി.അങ്ങനെ സാമ്പാറ്,അവിയല്‍,പച്ചടി,കിച്ചടി,തോരന്‍,കാളന്‍,ഓലന്‍ തുടങ്ങി ഓണത്തിന് വേണ്ട എല്ലാ കൂട്ടാനും റെഡി.രണ്ടു കൂട്ടം പ്രദമനും തയ്യാര്‍.ഇതെല്ലാം ഉണ്ടാക്കി തീര്‍ന്നപ്പോള്‍ മണി രണ്ടു !! അര്‍ദ്ധ രാത്രിയെന്നോ അല്ലങ്കില്‍ അടുത്ത ദിവസം പുലര്‍ച്ചയെന്നോ പറയാം.എല്ലാ വിഭവങ്ങളും ചോറും,എല്ലാം അടച്ചു വെച്ച് അവര്‍ ഉറങ്ങാന്‍ കിടന്നു.രണ്ടു മണിക്കൂര്‍ കഴിഞ്ഞു അവര്‍ ചാടിയെനീട്ടു.അതും അലാറം ദയയില്ലാതെ നിര്‍ത്താതെ അടിച്ചപ്പോഴാണ്‌ അവര്‍ ഉണര്‍ന്നത്.വല്ല വിധേനെയും ചാടി പിടിച്ചു അവര്‍ റെഡി ആയി ഡൂട്ടിക്കു പോയി.

എങ്ങനെയെങ്കിലും സമയം ഒന്ന് പോയിക്കിട്ടിയെന്കില്‍ എന്ന് അവര്‍ ആശിച്ചു.രാത്രി റൂമില്‍ പോയിട്ട് വേണം ഓണമുണ്ണാന്‍.നാട്ടില്‍ എല്ലാരും നല്ല ഓണ സദ്യ കഴിഞ്ഞു ഉറങ്ങുന്ന സമയമാണ്.

ഉച്ചക്ക് നാട്ടീന്നു അമ്മയും ഭാര്യയും കുട്ടികളും വിളിച്ചിരുന്നു - മഹി

ഹും !! എന്റെ വീട്ടീന്നും വിളിച്ചിരുന്നു.അവര്‍ക്ക് ഓരോ മിനിട്ടു വിളിക്കാന്‍ പോലും വല്യ വിഷമമാണ്.സംസാരിക്കുന്നതിനെക്കാലും കൂടുതലും ശ്രദ്ധിക്കുന്നത് ബൂത്തിലെ ടൈം മീറ്ററിലാണ്.നമ്മള്‍ അങ്ങനെ അല്ലല്ലോ നാട്ടില്‍ എല്ലാരോടും സംസാരിച്ചു അവര്‍ക്ക് ബോര്‍ ആകുമ്പോഴാണ് നമ്മള്‍ ഫോണ്‍ വയ്ക്കുന്നത്.അപ്പോഴും നമുക്ക് ഉറ്റവരോടും,ഉടയവരോടും സംസാരിച്ചു തൃപ്തി വന്നിട്ടുണ്ടാവില്ല. - പ്രകാശന്‍

ഡ്യൂട്ടി കഴിഞ്ഞു പ്രകാശനും,മഹിയും റൂമിലെത്തി.രണ്ടാളും കുളിച്ചു വൃത്തിയായി.ഓണ കോടി ഉടുത്തു നെറ്റിയില്‍ ചന്ദന കുറി തൊട്ടു അടുക്കളയിലോട്ടു ഓടി.രണ്ടു വാഴയിലയെടുത്തു നല്ലവണ്ണം കഴുകി.നിലത്തു ഇട്ടു കൂട്ടാനും ചോറും വിളമ്പി.കുടിക്കാന്‍ വെള്ളം വെച്ചു.പ്രദമന്‍ രണ്ടു ഗ്ലാസുകളിലായി ഒഴിച്ച് വെച്ചു.രണ്ടു പേരും ഉണ്ണാനിരുന്നു.മഹിയും,പ്രകാശനും ആര്‍ത്തിയോടെ ചോറും,കൂട്ടാനും ഉരുട്ടി വായിലേക്ക് വച്ചതെയുള്ളു അതെ വേഗത്തില്‍ രണ്ടാളുടെയും കൈകള്‍ താഴ്ന്നു.രണ്ടു പേരും നിരാശയോടെ പരസ്പരം നോക്കി.ചോറും കൂട്ടാനും വളിച്ചു പോയിരിക്കുന്നു.തലേന്ന് രാത്രി ഉണ്ടാക്കി വച്ചതാണ്.എല്ലാം ചൂടത്ത് വളിച്ചു പോയിരിക്കുന്നു.രണ്ടു പേരുടേയും കണ്ണില്‍ നിന്നും ധാരയായി കണീര്‍ ഒഴുകി.രണ്ടാളും എണീറ്റ്‌ കൈ കഴുകി.

പ്രാകാശാ ... എടാ ഇപ്പൊ നമ്മള്‍ എന്താ കഴിക്കുക? നല്ല വിശപ്പും ഉണ്ടല്ലോ?ആ പ്രദമന്‍ ഒന്ന് നോക്കിയേടാ - മഹി

ഇല്ലടാ അതും വളിച്ചു പോയെടാ.തേങ്ങ പാല് ഒഴിച്ചല്ലേ പ്രദമന്‍ ഉണ്ടാക്കിയത് !! ആദ്യം അത് വളിച്ചു നൂലായി കാണും!! -പ്രകാശന്‍

എടാ മഹി കുബ്ബൂസ് ഇരിപ്പുണ്ടോ ഡാ ? - പ്രകാശന്‍

ഇല്ല ഡാ ഇന്ന് സദ്യ ഉണ്ണാമെന്നു കരുതി അതും ഇന്നലെ രാത്രി വാങ്ങി വച്ചില്ല.ഇനിയിപ്പോ വാങ്ങാമെന്നു വച്ചാല്‍ ഈ അര്‍ദ്ധ രാത്രിയില്‍ ഒരു ബാക്കാലയും തുറന്നിട്ടുണ്ടാവില്ല - മഹി

രണ്ടു പേരും പരസ്പരം ദയനീയമായി നോക്കി.എന്നിട്ട് ഒരു ദീര്‍ഘ നിശ്വാസത്തോടെ ടാപ്‌ തുറന്നു ഗ്ലാസ്സുകളില്‍ വെള്ളം ഒഴിച്ച് കുടിച്ചു.വിശക്കുന്ന വയറോടെ ഒപ്പം മനസ്സില്‍ വേദനയോടെ ആ കൂട്ട് കാര്‍ നാലു മണിക്ക് അലാറം വച്ച് ലൈറ്റ്‌ കെടുത്തി കിടന്നു.

അടുത്ത റൂമിലെ ടീവിയില്‍ ഏതോ മലയാളം ചാനലില്‍ നിന്നും ആ പാട്ട് കേള്‍ക്കുന്നുണ്ടാരുന്നു .. "മാവേലി നാട് വാണിടും കാലം .. മാനുഷരെല്ലാം ഒന്ന് പോലെ"

Friday, August 7, 2009

മരണം


മരണം
ക്ഷണിക്കാത്ത-
ഒരു അഥിതിയാണ്.
വരുന്ന വഴിയില്‍-
തങ്ങാതെയിങ്ങു വന്നേയ്ക്കും.

ചിലപ്പോഴവന്‍ വരുന്നത്- ‍
ഉറക്കത്തിന്റെ സുഷുപ്തിയിലാരിക്കും,
വണ്ടി ഓടിക്കുമ്പോഴാരിക്കും,
പത്രം വായിക്കുമ്പോഴയിരിക്കും.

കരിമ്പടം പുതച്ചും,
ചുവന്ന പട്ടണിഞ്ഞും,
വെള്ള മേലങ്കിയണിഞ്ഞും
അവന്‍ വന്നു കളയും
ഒരുളുപ്പുമില്ലാതെ..

ഓരോ മരണങ്ങളും..
കുഴി വെട്ടുകാരനും,
വിറകു വെട്ടുകാരനും
നിനച്ചിരിക്കാത്ത സൌഭാഗ്യങ്ങളാണ്.
മണ്ണ് നീങ്ങി കുഴി താഴുമ്പോഴും,
കട്ടയില്‍ വിറകെരിയുന്ബോഴും,
അവന്റെയടുപ്പില്‍ പുകയുയരും.

ഞാനുമവനെ ഉപാധികളില്ലാതെ
പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.

അവന്‍ വരും,വരാതിരിക്കില്ല !!
ഒരു മുന്നറിയിപ്പകളുമില്ലാതെ ..
ഒരുളുപ്പുമില്ലാതെ !!
ക്ഷണിക്കാതെ തന്നെ ..

Sunday, July 26, 2009

മേലിന്റെ മേല്‍വിലാസം ( കവിത )


ചിറി കോടിയ തെരുവ് നായുടെ
പല്ലുകളിലൊട്ടിയ അഴുകിയ മാംസ തുണ്ടുകള്‍
കൊത്തിയെടുക്കുവാന്‍ വെന്ബുന്ന
കര്‍ക്കിടക കിരാത നരബലി കാക്കകള്‍ .

കത്തുന്ന വെയിലിലും കണ്മൂടിക്കെട്ടിയ
ഇന്നിന്റെ ഗാന്ധാരീ നേര്‍ക്കാഴ്ചകള്‍!

തെരുവിന്നോരത്ത് നികുതിയില്ലാ
മാംസത്തിന്‍ വില പേശുന്ന
പങ്കു ചന്തയുടെ പലിശപ്പറ്റുകാര്‍

മൂടിയ തോര്‍ത്തിനടിയില്‍
വിരലുകള്‍ തൊട്ടു ലേലമുറച്ചു.

രക്ത പരിശോധന,മൂത്ര പരിശോധന
പിന്നെ ഗുഹ്യ പരിശോധന !!

ഉപയോഗയുക്തമാണീ
ഉരുവെന്നു ബോധ്യമായി .

സ്വയം തുണിയുരിഞ്ഞ
അഭിനവ പാഞ്ചാലിയുടെ
കരാറിലൊപ്പു വെക്കാന്‍
അരയും തലയും മുറുക്കിയെത്തി
ഈ നൂറ്റാണ്ടിലെ കൌരവ പ്രമുഖര്‍.

ഇവളുടെ നാടേത്‌ ? വീടേത്‌ ? പിത്രുത്വമേത് ?
പ്രമുഖരിലൊരുവന്‍ പിറു പിറുത്തു .

മറ്റൊരു പ്രമുഖന്‍ !

ഹോ .. കഷ്ടം ! എന്തിനിതെല്ലമാറിയണം ?
അഞ്ചു നിമിഷങ്ങളില്‍ അഗ്നി പടര്‍ത്താനും
കിതപ്പിന്നോടുവില്‍ തീ മഴ ചുരത്താനും
വെണോയീ മേലിന്റെ മേല്‍വിലാസം ?

Monday, July 20, 2009

സ്നേഹിക്കുന്ന യന്ത്രം


മഴ പെയ്തൊഴിഞ്ഞ
ചളിയുടെ മണമുള്ള
പ്രഭാതത്തിലാണ്
മാരി മുത്തുവിന്റെ വരവ്

ആലിപ്പഴത്തിന്റെ രുചിയും,
പഴുത്തിലയുടെ ചൂരും,
പുഴുക്കത്തിലുതിരുന്ന കാറ്റും
കലര്‍ന്ന നാടന്‍ പഴമയിലേക്കു
അവന്‍ പടി കയറി വന്നു.

കുതിര്‍ന്നു നാറിയ
വടുക്കളുള്ള ഭാണ്ടക്കെട്ടും,
കയ്യിലൊരു വക്ക് പൊട്ടിയ ഉളിയും.

വെറ്റിലക്കറ വികൃതമാക്കിയ
പല്ലുകളാലവന്‍ ചിരിച്ചു

അയ്യാ .. അമ്മിക്കല്ല് കൊത്താനുണ്ടോ ?

അയാള്‍ക്ക്‌ ചിരിയടക്കാന്‍ കഴിഞ്ഞില്ല
അമ്മിക്കല്ലോ ?
അത് കണ്ടിട്ട് വര്‍ഷങ്ങളായി..
പണ്ടെങ്ങോ തറവാട്ടിലെ
ചായ്പ്പിലെവിടെയോ കണ്ടതാണ്..

അവന്റെ ഒട്ടിയ വയറിനോട്
തോന്നിയ സഹതാപത്തില്‍
അമ്പതു രൂപ നോട്ടു അവന്റെ
കയ്യില്‍ വച്ചു കൊണ്ട് അയാള്‍ -
വീടിനകത്തേക്ക് ചൂണ്ടി കാണിച്ചു...

ദേ ... "അത് അരക്കുന്ന യന്ത്രം" ..
ഇനിയെന്തിനു അമ്മിക്കല്ല് ?

ഇനിയുമുണ്ട് യന്ത്രങ്ങള്‍ ..
അലക്കുവാന്‍,കുളിക്കുവാന്‍,
ആഹാരം വാരിത്തരാന്‍,
താരാട്ടുവാന്‍,തലോടുവാന്‍ ..

"അയ്യാ .. അപ്പൊ സ്നേഹിക്കുവാനും
യന്ത്രം കാണുമല്ലേ "?
മാരി മുത്തുവിന്റെ ചോദ്യം .

ഹും ...അകത്തു നില്‍ക്കുന്ന
ഭാര്യയെ ചൂണ്ടിക്കാണിച്ചു -
കൊണ്ട് അയാള്‍ പറഞ്ഞു .. ..
"മുത്തൂ .. അതാണ്‌ ആ യന്ത്രം" !!! ....

Saturday, July 4, 2009

സിന്ട്രെല്ല ( കവിത )


നിറങ്ങളില്ലാത്ത
നിശബ്ദ വേളയിലാണ്
അവളെന്റെ ശൂന്യമായ
കണ്ണുകളിലേക്കു
സൈന്‍ ഇന്‍ ചെയ്തു വന്നത്.

ഇന്നലകളുടെ മണവും പേറി
മൌസിന്റെ ശരാഗ്രം കൊണ്ട്
തൊട്ടു വിളിച്ചപ്പോള്‍
ഹൃദയത്തിലെവിടെയോ
ഒരാര്‍ദ്ര ഗീതമായ്
ഒളിഞ്ഞും തെളിഞ്ഞും
അവള്‍ വന്നു

കീ ബോര്‍ഡില്‍ വിരലുകളുടെ
മാന്ത്രിക നടനത്തിനൊടുവില്‍
പിറന്നു വീഴുന്ന
പ്രണയ വര്‍ണാക്‍ഷരങ്ങള്‍
ദൈവ നിയോഗത്തിന്റെ
ശിലാ ലിഖിതങ്ങളാണെന്നു
സ്വയം ആശ്വസിക്കുവാനും,
പുനര്‍ ജനികളുടെ
മണ്‍ ഫലകങ്ങളില്‍ എഴുതപ്പെടുന്ന
അനശ്വരമായ പ്രേമ കാവ്യമായ്‌
അവള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന
പ്രതീക്ഷക്കൊടുവില്‍

അധരങ്ങളില്‍ വിരിയുന്ന
പുഞ്ചിരി പുഷ്പങ്ങളുമായി
ഋതുക്കള്‍ അന്ന്യമാക്കിയ
ഹൃദയ തീരങ്ങളില്‍
വന്നു പോകുന്നത്
അവള്‍ തന്നെയാണ്

" സിന്ട്രെല്ല "


Monday, June 22, 2009

എയിഡ്സ് രോഗി ( കവിത )

മാദക കാമ ദേഹങ്ങളെ ഭോഗിച്ചും
സദാചാര നീതി ശാസ്ത്രങ്ങളെ
രതി സുഖ തൃഷ്ണയില്‍ ദഹിപ്പിച്ചും

അനാഥത്വത്തിന്‍െറ
വീങ്ങിയ ശ്വാസ കോശങ്ങളെ
അവജ്ഞയുടെ
വിധി വൈറസുകള്‍ കാര്‍ന്നു തിന്നും

വേറിട്ട്‌ നില്‍ക്കുന്ന
സഹതാപ നോവുകളെ
വെറുപ്പിന്റെ
കണക്കു പുസ്തകത്തില്‍ വരവ് ചേര്‍ത്തും

അവശേഷിപ്പൂ
നീയീ ദുരന്തതിന്‍ ബാക്കി പത്രമായ്‌
ആശയുടെ
കുളിര്‍ മഴ പെയ്യിക്കാത്ത പാഴ് മേഘമായ്‌.



Sunday, June 7, 2009

വിശപ്പിന്റെ വിളി !! ( കവിത )


ഉമി നീരിലലിയുന്ന
അന്നജ മോഹങ്ങളെ
തൊലി പൊളിച്ചു
വരഞ്ഞു കീറി
മസാല തേച്ചു
നിരാശയുടെ ചൂടെണ്ണയില്‍
വറുത്തു കോരി
ദയയുടെ വിളുംബുടഞ്ഞ
മണ്‍പാത്രങ്ങളില്‍
വിളമ്പുമ്പോള്‍
ആ വിളി കേട്ടിരുന്നുവോ ?
വിശപ്പിന്റെ വിറയാര്‍ന്ന വിളി !!