Wednesday, September 9, 2009

രക്ത ബന്ധം


നീണ്ട പത്തു വര്‍ഷത്തിനു ശേഷമാണ് നന്ദന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ കാണുന്നത്.ഒരു കൂട്ടുകാരന്‍ ബൈക്ക് അക്സിടെന്റില്‍ കാലൊടിഞ്ഞു കിടന്നപ്പോള്‍ വന്നതാണ്.ഇന്ന് മെഡിക്കല്‍ കോളേജിന്റെ പ്രതിച്ഛായ തന്നെ മാറിയിരിക്കുന്നു.പരിസരം ഇപ്പോള്‍ മുന്ബത്തെക്കാള്‍ വൃത്തിയുള്ളതായിരിക്കുന്നു.മാലിന്ന്യ സംസ്കരണത്തിന് പുതിയ സംവിധാനങ്ങള്‍ ഒക്കെ ഉണ്ട് ഇപ്പോള്‍.ആയതിനാല്‍ ആശുപത്രി പരിസരങ്ങളില്‍ അധികം ചപ്പു ചവറുകള്‍ കാണുന്നില്ല.
പക്ഷെ തിരക്കിനു ഒരു കുറവുമില്ല.സൈറന്‍ അടിച്ചു വന്നു നില്‍ക്കുന്ന ആംബുലന്‍സുകള്‍,രോഗികള്‍,അവരെ കാണാന്‍ വരുന്ന സന്ദര്‍ശകര്‍.അവര്‍ക്ക് കൂട്ടിനിരിക്കാന്‍ വരുന്നവര്‍.ഡോക്ടര്‍മാര്‍,നേഴ്സുമാര്‍.ആകെക്കൂടി ശബ്ദ മുഖരിതമാണ് അവിടം.ഓരോ മുഖങ്ങളിലും ടെന്‍ഷന്‍ കാണാമായിരുന്നു.ചിരിച്ച മുഖങ്ങള്‍ ഒരിടത്തും കാണാനില്ല.സന്തോഷിക്കാണോ മനസ്സ് തുറന്നു ചിരിക്കാനോ ഉള്ള അന്തരീഷമല്ലല്ലോ അത്.

ഔട്ട്‌ പെഷിയന്റ്റ്‌ വിഭാഗത്തില്‍ ചെന്ന് കൌണ്ടറില്‍ ഇരിക്കുന്ന കുറച്ചു സീനിയര്‍ ആണെന്ന് തോന്നിക്കുന്ന നേഴ്സിനോടായ് നന്ദന്‍ ചോദിച്ചു "സിസ്റ്റര്‍" "നെഫ്രോളജി വിഭാഗത്തില്‍ ഇന്നലെ അഡ്മിറ്റ്‌ ചെയ്ത മാളവിക എന്ന പെണ്‍ കുട്ടിയെ കാണണം".രണ്ടാമത്തെ നിലയില്‍ അഞ്ചാമത്തെ വാര്‍ഡില്‍ എട്ടാമത്തെ ബെഡ്ഡില്‍ ആണ് വലതു ഭാഗത്തേക്ക് കൈ കാണിച്ചു കൊണ്ട് നേഴ്സ് പറഞ്ഞു "ദേ അവിടെയാണ് ലിഫ്റ്റ്‌.അതിനടുത്ത് തന്നെ മുകളിലേക്ക് പോകാന്‍ സ്റെപ്പും ഉണ്ട്".നെഴ്സിനോട് നന്ദി പറഞ്ഞു കൊണ്ട് നന്ദന്‍ ലിഫ്ടിനടുതെക്ക് നീങ്ങി.കുറച്ചു നേരം കാത്തു നിന്നു.ഹോ ! .. ഇത് വരാന്‍ കുറെ നേരം ആകും സ്വയം പറഞ്ഞു കൊണ്ട് കാത്തു നില്‍ക്കാന്‍ ക്ഷമയില്ലാതെ സ്റ്റെപ്പുകള്‍ കയറാന്‍ തുടങ്ങി.മൂക്ക് തുളച്ചു കയറുന്ന ഡെറ്റോള്‍ മണം.ക്ലീനെഷ്സ് ഫ്ലോറും,സ്റെപ്പുകളും ഡെറ്റോള്‍ ഒഴിച്ച് വൃത്തിയാക്കുകയാണ്.രണ്ടാമത്തെ ഫ്ലോറിലേക്കുള്ള ഓരോ പടി കയറുമ്പോഴും നന്ദന്റെ നെഞ്ചിടിപ്പ് കൂടി കൂടി വരുകയായിരുന്നു.മനസ്സില്‍ എന്തൊക്കെയോ തോന്നിച്ചു.ഓര്‍മ്മകള്‍ ഒരു മിന്നല്‍ പിണര്‍ പോലെ അയാളുടെ തലയില്‍ കൂടി കടന്നു പോയി.

നന്ദന്റെ സുഹൃത്ത്‌ അജിത്തിന്റെ മകളാണ് മാളു.എട്ടു വയസാണ് അവളുടെ പ്രായം.മാളു എന്നത് ഓമനപ്പേരാണ്.യഥാര്‍ഥ പേര്‍ മാളവിക എന്നാണു.നല്ല ഓമനത്വം തുളുമ്പുന്ന സുന്ദരിയായ കുഞ്ഞു.ഭയങ്കര വായാടിയും,മിടുക്കിയും ആണ് അവള്‍.അവളോട്‌ സംസാരിച്ചു ഇരുന്നാല്‍ ഒരു ദിവസം പോകുന്നത് അറിയില്ല.നന്ദനും ഭാര്യ ലക്ഷ്മിയും താമസിക്കുന്നത് അജിത്തിന്റെ വീടിനടുത്താണ്.മാളു മിക്ക സമയങ്ങളിലും നന്ദന്റെ വീട്ടില്‍ തന്നെയാണ്.നന്ദന്‍ അവള്‍ക്കു നന്ദ മാമയാണ്.നന്ദനും ഭാര്യക്കും കുട്ടികള്‍ ഉണ്ടായിരുന്നില്ല.പല ഡോക്ടര്‍മാരെയും കണ്ടു.പല മരുന്നും കഴിച്ചു.പക്ഷെ ഒരു ഫലവും ഉണ്ടായില്ല.അതിനാല്‍ മാളുവിനെ അവര്‍ സ്വന്തം മകളെ പോലെയാണ് സ്നേഹിച്ചിരുന്നത്.നന്ദന്റെ ഭാര്യ ലക്ഷ്മിയാണ്‌ അവളെ കുളിപ്പിക്കുന്നതും,സ്കൂളില്‍ അയക്കുന്നതും,ചോറ് വാരി കൊടുക്കുന്നതും എല്ലാം.നന്ദന്‍ എല്ലാ ദിവസവും ജോലി കഴിഞ്ഞു വരുമ്പോള്‍ കിറ്റ്‌ കാറ്റ്‌ മിട്ടായി വാങ്ങി വരും മാളൂനു.

അജിത്തിന്റെയും,പ്രിയയുടെയും പ്രേമ വിവാഹമായിരുന്നു.വീട്ടുകാരുടെ എതിര്‍പ്പ് കാരണം രണ്ടു പേരും ഒളിച്ചോടി പോയി വിവാഹം കഴിക്കേണ്ടി വന്നു.അങ്ങനെ അവര്‍ക്ക് തങ്ങളുടെ കുടുംബങ്ങളില്‍ നിന്നും യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല.അവര്‍ക്ക് ബന്ധുക്കളായി നന്ദനും,മറ്റു കൂട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ബീകോം ബിരുദ ധാരിയായ അജിത്തിന് മാളുവിന്റെ ജനനത്തിനു ശേഷം എല്‍ഡി ക്ലാര്‍ക്ക്‌ ആയി സര്‍ക്കാര്‍ ജോലി കിട്ടിയിരുന്നു.ആദ്യം വാടക വീട്ടില്‍ താമസിച്ചിരുന്ന അവര്‍ സ്വന്തമായി വീട് വച്ച് അതില്‍ ജീവിച്ചു വരികയായിരുന്നു.സന്തുഷ്ടമായ കുടുംബം.അജിത്തും,ഭാര്യ പ്രിയയും,മാളുവും സന്തോഷമായി ജീവിച്ചു വരികയായിരുന്നു.അങ്ങനെ ഒരു ദുഖങ്ങളും,വിഷമങ്ങളും ഇല്ലാതെ സമാധാനത്തില്‍ ജീവിച്ചു വരുമ്പോഴാണ്‌ ആ ദുരന്തം വിധിയുടെ രൂപത്തില്‍ മാളുവിനെ തേടിയെത്തിയത്.

ഒരു ദിവസം മുറ്റത്ത്‌ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ മാളു കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ തന്നെ കുഞ്ഞിനെ അവര്‍ ആശുപത്രിയില്‍ എത്തിച്ചു.പല ടെസ്റ്റുകളും,സ്കാനിങ്ങുകളും നടത്തി.അങ്ങനെ അവരെ ഞെട്ടിച്ചു റിസല്‍റ്റ്‌ വന്നു.മാളുവിന്റെ രണ്ടു വൃക്കകളും ഭാഗികമായി തകരാറിലാണ്.ആഴ്ചയില്‍ മൂന്നു ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യണം.ഭാരിച്ച ചിലവാണ്‌ മാത്രമല്ല അത് ശാശ്വത പരിഹാരവുമല്ല..തകരാറിലായ രണ്ടു വൃക്കകളില്‍ ഏതെങ്കിലും മാറ്റി വെച്ചാലും മാളു ജീവിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.അങ്ങനെ അവര്‍ പത്രത്തില്‍ പരസ്യം കൊടുത്തു.എബീ പോസിറ്റീവ് ഗ്രൂപ്‌ രക്തമാണ് മാളുവിന്റെത്.എബീ പോസിറ്റീവ് രക്ത ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് ഓ,ഏ,ബി,എബീ ഗ്രൂപുകളിലുള്ള ഏതു വൃക്ക വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്.അങ്ങനെ വല്ല വിധേനെയും ഒന്നര ലക്ഷം മുടക്കി ഒരു വൃക്ക സംഘടിപ്പിച്ചു.നാളെയാണ് അവള്‍ക്കു വൃക്ക മാറ്റി വക്കല്‍ ശസ്ത്ര ക്രിയ നടത്തുന്നത്.

അഞ്ചാമത്തെ വാര്‍ഡില്‍ എട്ടാമത്തെ ബെഡ്ഡില്‍ എത്തിയപ്പോള്‍ ബെഡിനു ചുറ്റും സ്ക്രീന്‍ കൊണ്ട് മറച്ചിരിക്കുന്നു.ചുറ്റും കുറെ മെഡിക്കല്‍ വിദ്യാര്‍ധികളും,സീനിയര്‍ ഡോക്ടര്‍മാരും മാളുവിനെ പരിശോധിക്കുന്നു.എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നു.ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്തൊക്കെയോ എഴുതി എടുക്കുന്നു.

എന്തായി അജിത്‌ ?നന്ദന്‍ മെല്ലെ ചോദിച്ചു.ഇപ്പോള്‍ ഡോക്ടര്‍മാരുടെ റവുന്ടിംഗ് ആണ്. നാളെ വെളുപ്പിനെ ആറു മണിക്കാണ് ഓപറേഷന്‍ അജിത്‌ പറഞ്ഞു.

നീ വല്ലതും കഴിച്ചോ അജിത്‌ ? പ്രിയ എവിടെ?

ഇല്ല കഴിച്ചില്ല.വിശപ്പില്ല.പ്രിയ കാന്റീനില്‍ നിന്നും ചായ വാങ്ങാന്‍ പോയിരിക്കുകയാണ്.ഒരു നിര്‍വികാരതയോടെ അജിത്‌ പറഞ്ഞു.അവന്റെ കണ്ണുകളില്‍ ഉറക്കച്ചടവ് കാണാമായിരുന്നു.തന്റെ കുഞ്ഞു സുഖമില്ലാതെ കിടക്കുമ്പോള്‍ ഏത് മാതാ പിതാക്കള്‍ക്ക് ആണ് ഉറങ്ങാന്‍ കഴിയുക...ആഹാരം കഴിക്കാന്‍ കഴിയുക..

അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ പ്രിയ കയ്യില്‍ ഒരു ഫ്ലാസ്കുമായി അവിടെയെത്തി.നന്ദന്‍ ആ ഫ്ലാസ്ക്‌ പ്രിയയുടെ കയ്യില്‍ നിന്നും വാങ്ങി ചായ രണ്ടു ഗ്ലാസുകളിലായി പകര്‍ന്നു അജിത്തിനും പ്രിയക്കും കൊടുത്തു.അങ്ങനെ ചെയ്തില്ലാരുന്നെന്കില്‍ അവര്‍ അത് കുടിക്കില്ലാന്നു എന്ന് അയാള്‍ക്ക്‌ അറിയാമായിരുന്നു.

ആദ്യം അവര്‍ അത് കുടിക്കാന്‍ വിസമ്മതിച്ചെങ്കിലും കുടിച്ചു കുടിച്ചില്ലന്നു വരുത്തി ആ ഗ്ലാസുകള്‍ അവര്‍ മേശപ്പുറത്തു വച്ചു.

ഡോക്ടര്‍മാര്‍ അപ്പോഴേക്കും റവുന്ടിംഗ് കഴിഞ്ഞു പോയിരുന്നു.നന്ദനെ കണ്ടതും മാളു ബെഡില്‍ നിന്നും എണീല്‍ക്കാന്‍ ശ്രമിച്ചു.അരുത് എന്ന് പറഞ്ഞു കൊണ്ട് നന്ദന്‍ അവളുടെ അടുത്ത് ഇരുന്നു.നല്ല അരുണിമയുന്ടായിരുന്ന മാളുവിന്റെ മുഖം കറുത്തു ചീര്‍ത്തിരിക്കുന്നു.കൈ കാലുകള്‍ക്ക് നീര് വച്ചിട്ടുണ്ട്.നല്ല തിളക്കമുണ്ടായിരുന്ന അവളുടെ കണ്ണുകള്‍ ഒരു പാട് ഉള്‍ വലിഞ്ഞിരിക്കുന്നു.നന്ദന്‍ വാല്‍സല്യത്തോടെ അവളെ നോക്കി.അവളുടെ തലയില്‍ തലോടി.

മാളു മെല്ലെ ചിരിച്ചു.നന്ദ മാമ എപ്പഴാ വന്നെ ? കിറ്റ്‌ കാറ്റ്‌ കൊണ്ട് വന്നിട്ടുണ്ടോ ? അവള്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു."ഉം .. കൊണ്ട് വന്നിട്ടുണ്ട്".അയാള്‍ പോക്കറ്റില്‍ നിന്നും കിറ്റ്‌ കാറ്റ്‌ എടുത്തു അവള്‍ക്കു കൊടുക്കാന്‍ തുടങ്ങിയപ്പോഴേക്കും അജിത്‌ നന്ദനെ തടഞ്ഞു."വേണ്ട നന്ദ .. വെറും ഫ്ലൂയിഡ് മാത്രം കൊടുത്ത മതീന്ന ഡോക്ടര്‍ പറഞ്ഞെ". "ജ്യൂസ് ഇരിപ്പുണ്ട് അത് കൊടുക്കാം".

കുറെ നേരം അവരോടൊപ്പം ചിലവഴിച്ചിട്ടു നന്ദന്‍ യാത്ര പറഞ്ഞു ഇറങ്ങി.ഔട്ട്‌ പെഷിയന്റ്റ്‌ വരെ അജിത്‌ നന്ദനെ അനുഗമിച്ചു.

"അപ്പൊ അജിത്‌ ഞാന്‍ പോയിട്ട് നാളെ വെളുപ്പിനെ തന്നെ ലക്ഷ്മിയെയും കൂട്ടി വരാം.വിഷമിക്കാതിരിക്കൂ.ഞാനിറങ്ങുകയാണ്.നാളെ കാണാം".നന്ദന്‍ അജിത്തിന്റെ കയ്യില്‍ പിടിച്ചു കൊണ്ട് വിഷമത്തില്‍ പറഞ്ഞു.

അജിത്‌ നന്ദനെ യാത്രയാക്കി വാര്‍ഡിലേക്ക് തിരിച്ചു നടന്നു.

പിറ്റേ ദിവസം വെളുപ്പിനെ തന്നെ നന്ദനും ലക്ഷ്മിയും ആശുപത്രിയിലെത്തി.തലേന്ന് രാത്രി രണ്ടു പേരും ഉറങ്ങിയതേയില്ല.മാളൂനു ഒന്നും വരുത്തരുതെയെന്നു നന്ദനും ലക്ഷ്മിയും ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയായിരുന്നു.

നേഴ്സുമാര്‍ മാളൂനെ ഓപറേഷനു വേണ്ടി തയ്യാറാക്കുകയാണ്.ഓപറേഷനു ഇനി ഒരു മണിക്കൂര്‍ കൂടി സമയമുണ്ട്.

അപ്പോഴേക്കും ഓപറേഷന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന നേഴ്സ് അവിടെ ഓടി കിതച്ചെത്തി."കുഞ്ഞിന്റെ ഓപറേഷനു എബീ പോസിറ്റീവ് രക്തം അത്യാവശ്യമായി വേണം.ബ്ലഡ്‌ ബാങ്കില്‍ ഉണ്ടായിരുന്ന ഈ ഗ്രൂപ്‌ രക്തം തീര്‍ന്നു പോയി".നേഴ്സ് പറഞ്ഞു.

ഇനിയിപ്പോ എന്ത് ചെയ്യും സിസ്റ്റര്‍ ? അജിത്‌ പകച്ചു നിന്നു.

ഏത് ഗ്രൂപ്‌ രക്തമാണ് വേണ്ടത് സിസ്റ്റര്‍? നന്ദന്‍ നെഴ്സിനോട് ചോദിച്ചു.

"എബീ പോസിറ്റീവ്" നേഴ്സ്.

"എന്റേത് എബീ പോസിറ്റീവ് ഗ്രൂപ്‌ ആണ് സിസ്റ്റര്‍" നന്ദന്‍..

"എന്നാല്‍ പെട്ടെന്ന് വരൂ"നേഴ്സ് പറഞ്ഞു.നന്ദന്‍ നെഴ്സിനോടൊപ്പം പോയി.ആദ്യം അവര്‍ കുറച്ചു ബ്ലഡ്‌ എടുത്തു ലാബിലേക്ക് ടെസ്റ്റിനു അയച്ചു.പത്തു മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ റിസല്‍റ്റ്‌ വന്നു.നോര്‍മല്‍ ബ്ലഡ്‌ ആയിരുന്നു.പിന്നെ അവര്‍ ആവശ്യത്തിനുള്ള ബ്ലഡ്‌ എടുത്തു.

മാളൂനെ നേഴ്സുമാര്‍ റെഡിയാക്കി ഓപറേഷന്‍ തിയെറ്ററിലേക്കു കൊണ്ട് പോയി.അജിത്തും,പ്രിയയും വാവിട്ടു കരയാന്‍ തുടങ്ങി.കുറച്ചു നേരത്തിനുള്ളില്‍ തങ്ങളുടെ പോന്നോമാനയുടെ ശരീരത്തില്‍ കത്തി ഇറങ്ങും.അതവര്‍ക്ക് ഓര്‍ക്കാന്‍ കൂടി കഴിയുമായിരുന്നില്ല.നന്ദനും ലക്ഷ്മിയും അവരെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.പ്രിയ കരഞ്ഞു തളര്‍ന്നു അജിത്തിന്റെ നെഞ്ജിലേക്ക് ചാഞ്ഞു.നന്ദന്‍ അക്ഷമനായി കോറിഡോറില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നുണ്ടായിരുന്നു.ലക്ഷ്മി പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു.

രണ്ടു മണിക്കൂറുകള്‍ക്കു ശേഷം ഓപറേഷന്‍ തിയേറ്ററിന്റെ വാതിലുകള്‍ തുറക്കപ്പെട്ടു.അവരുടെ നെഞ്ചിടുപ്പിന് വേഗത കൂടി.ഒരു സ്ട്രെചെര്‍ ട്രോളിയുമായി സിസ്റ്റര്‍ പുറത്തേക്കു വന്നു.അത് വെള്ള തുണി കൊണ്ട് മൂടിയിരിക്കുന്നു.അവര്‍ അലമുറയിട്ടു കൊണ്ട് ഓടി ട്രോളിക്ക് അരികിലെത്തി.വാവിട്ടു വിളിച്ചു കൊണ്ട് അജിത്‌ ആ വെള്ള തുണി ഉയര്‍ത്തി നോക്കി.അലമുറയിട്ടു കരഞ്ഞ അവര്‍ പെട്ടെന്ന് നിശബ്ദരായി.അവരുടെ മുഖത്ത് വീണ്ടും ഒരു പ്രതീക്ഷ നടമാടി.

അത് മാളുവായിരുന്നില്ല.മാളുവിന്റെ പ്രായത്തിലുള്ള ഒരു പെണ്‍ കുട്ടിക്ക് അതെ സമയം ഹൃദയത്തിന് ഓപറേഷന്‍ നടക്കുന്നുണ്ടായിരുന്നു.ഓപറേഷന്‍ പരാജയപ്പെടുകയും ആ കുട്ടി മരിക്കുകയും ചെയ്തിരുന്നു.ആ കുട്ടിയുടെതായിരുന്നു ആ മൃതദേഹം.

സിസ്റ്റര്‍ അരിശത്തോടെ ആക്രോശിച്ചു .. "എല്ലാരും ഒന്ന് മാറിക്കേ .. ഇത് നിങ്ങളുടെ മകളുടെയല്ല.ആ കുട്ടിയുടെ ഓപറേഷന്‍ നടക്കുന്നതെയുള്ളു" .. അപ്പോള്‍ കുറച്ചു അപ്പുറത്ത് നിന്നിരുന്ന ആ കുട്ടിയുടെ അച്ഛനും,അമ്മയും അലറി കരഞ്ഞു കൊണ്ട് മൃത ദേഹം ഏറ്റു വാങ്ങി.

അവര്‍ സ്തബ്ധരായി നിന്നു.എന്ത് ചെയ്യണമെന്നറിയാതെ.അപ്പൊ മാളൂ ? അവര്‍ വീണ്ടും അക്ഷമരായി.അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഓപറേഷന്‍ തിയേറ്ററിന്റെ വാതില്‍ വീണ്ടും തുറക്കപ്പെട്ടു.സ്ട്രെച്ചറില്‍ മാളൂ !! കൂടെ ട്രിപ്പും പിടിച്ചു കൊണ്ട് ഒരു നേഴ്സും.ഡോക്ടര്‍ പുറത്തു വന്നു അജിത്തിന്റെ തോളില്‍ തട്ടി കൊണ്ട് പറഞ്ഞു .. "ഓപറേഷന്‍ സക്സ്സെസ്സ് .. അഭിനന്ദനങ്ങള്‍" !!! "മൂന്നു മണിക്കൂര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിനായി കിടത്തുന്നതാണ്.അത് കഴിഞ്ഞു കുഞ്ഞു കണ്ണ് തുറക്കും".അവര്‍ ഡോക്ടറോടും ദൈവത്തോടും നന്ദി പറഞ്ഞു.നന്ദനും ലക്ഷ്മിക്കും പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷമായിരുന്നു.അവരുടെ ജീവന്റെ ജീവനായ പൊന്നോമന ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു.അജിത്തിനും പ്രിയക്കും കണ്ണ് നീര്‍ ധാരയായി ഒഴുകുന്നുണ്ടായിരുന്നു.അത് അവരുടെ എല്ലാമെല്ലാമായ മകളെ ജീവിതത്തിലേക്ക് തിരിച്ചു കിട്ടിയതിന്റെ ആനന്ദ അശ്രുക്കള്‍ ആയിരുന്നു.

ഡോക്ടര്‍ പറഞ്ഞത് പോലെ മാളൂ മൂന്നു മണിക്കൂര്‍ കഴിഞ്ഞു മെല്ലെ കണ്ണ് തുറന്നു.അജിത്തും പ്രിയയും അവളുടെ നെറ്റിയിലും കവിളുകളിലും തെരു തെരെ ഉമ്മ വച്ചു.

മാളൂ മെല്ലെ ചുണ്ടനക്കി."നന്ദ മാമ ... കിറ്റ്‌ കാറ്റ്‌" നന്ദന്‍ പോക്കറ്റില്‍ കൈ ഇട്ടു കിറ്റ്‌ കാറ്റ്‌ പുറത്തേക്കു എടുത്തു.അജിത്‌ ചിരിച്ചു കൊണ്ട് നന്ദനെ അരുതെന്ന് വിലക്കി.നന്ദന്‍ മാളൂന്റെ കൈകള്‍ അയാളുടെ നെഞ്ചോട്‌ ചേര്‍ത്ത് വച്ചു.അവളുടെ കുഞ്ഞു കവിളില്‍ ഉമ്മ വച്ചു.

നന്ദന്‍ മനസ്സില്‍ പറഞ്ഞു .. "മാളൂ നീ എന്റെ മകളാണ്.എന്റെ രക്തം ഇപ്പോള്‍ നിന്റെ സിരകളില്‍ ഓടുന്നു. നമുക്കിടയില്‍ ഇനി മുതല്‍ ഈ രക്തത്തിന്റെ ബന്ധം കൂടി ഉണ്ട്.എനിക്ക് പിറക്കാത്ത എന്റെ രക്തം വഹിക്കുന്ന മകള്‍".അവളുടെ കുഞ്ഞു കണ്ണുകളില്‍ നോക്കി അഭിമാനത്തോടെ അയാള്‍ ചിരിച്ചു.

No comments:

Post a Comment