Friday, September 25, 2009

സമര്‍പ്പയാമീ !!

രാമേശ്വരത്ത് വന്നിറങ്ങിയത് മുതല്‍ തുടങ്ങിയ ചാറ്റല്‍ മഴയാണ്.ചിലപ്പോഴെല്ലാം ഈ മഴ കാണുമ്പോള്‍ പ്രകൃതി മനുഷ്യരുടെ ദുഖങ്ങളെല്ലാം ഏറ്റു വാങ്ങി കണ്ണീര്‍ പൊഴിക്കുകയാണെന്നു തോന്നും.ക്ഷേത്രത്തില്‍ അധികം തിരക്ക് കാണുന്നില്ല.വഴിയോര കച്ചവടക്കാര്‍ നിരത്തി വച്ചിരിക്കുന്ന പൂജ സാമഗ്രികളുടെയും,പൂക്കളുടെയും,കുന്തിരിക്കത്തിന്റെയും ഗന്ധത്തോടൊപ്പം മഴയുടെ ചൂരും കൂടി കലര്‍ന്ന പരിചിതമല്ലാത്ത മണം.തന്റെ ജീവിതം പോലെ .. ഹേമ നെടുവീര്‍പ്പിട്ടു.ശ്രീക്കുട്ടന്റെ കൈ പിടിച്ചു ചളിയില്‍ ചവിട്ടരുതെന്നു താക്കീത് നല്‍കി കൊണ്ട് അച്ഛനും പിന്നാലെ വരുന്നുണ്ട്.പുറകില്‍ നൃത്തം ചവിട്ടി വരുന്ന ജട്ക(കുതിര)വണ്ടിയുടെ ശബ്ദം കേട്ട് ഭയന്ന് ചളി തെറിപ്പിച്ചു മുക്രിയിട്ടു കൊണ്ട് കുറെ കറുത്ത പന്നികള്‍അത് വഴി ഓടി നടക്കുന്നുണ്ടായിരുന്നു.പണ്ട് പുസ്തകങ്ങളില്‍ വായിച്ചു കേട്ട അറിവാണ്‌ രാമേശ്വരത്തെ കുറിച്ച്.രാ‍മ രാവണ യുദ്ധത്തില്‍ രാമന്‍ വാനര സേനയുമായി അവിടെ തമ്പടിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കടല്‍ തീരത്ത് നിന്ന് നോക്കിയാല്‍ പാമ്പന്‍ പാലം കാണാം.പൊതുവേ രാമേശ്വരം കടല്‍ ശാന്തമാണ്.യുദ്ധ സന്നാഹങ്ങള്‍ നടത്താന്‍ പാകത്തിന് കടലിനോടു ശാന്തനാവാന്‍ രാമന്‍ ആജ്ഞാപിച്ചു എന്നാണു ഐതീഹ്യം.സത്യം എന്ത് തന്നെയായാലും ഈ കടല്‍ ശാന്തമാണ്.എത്ര വല്യ തിരമാലകള്‍ ഇളക്കി ഇരമ്പി വരുന്ന കടലായാലും പൊതുവേ കടലിന്റെ പത്തിലൊന്ന് ഭാഗത്ത് മാത്രമേ പ്രഷുബ്ധതയുള്ളു എന്നതാണ് ശാസ്ത്ര നിഗമനം.ഇത് പോലെ തന്നെയല്ലേ മനസും ? പലപ്പോഴും മനസ് പ്രഷുബ്ധമാണു.എങ്കിലും മനസിന്റെ പത്തില്‍ ഒന്‍പതു ഭാഗവും ശാന്തമാക്കി വക്കണം.ശ്രീക്കുട്ടനു വിദ്യാഭ്യാസം നല്‍കണം.അച്ചനില്ലായെന്ന ഒരു അല്ലലും അറിയാതെ അവനെ വളര്‍ത്തണം.തേങ്ങലുകളും,വിതുംബലുകലുമായി പിന്നിട്ട എത്രയോ രാത്രികള്‍.എങ്കിലും ആറു വയസുള്ള ശ്രീക്കുട്ടനെ മാറോടു ചേര്‍ത്ത് കിടക്കുമ്പോള്‍ വല്ലാതെ ആശ്വാസം ഹേമ അനുഭവിച്ചിരിക്കുന്നു.അച്ഛനും അനിയത്തിയും നല്‍കുന്ന അളവില്ലാത്ത സ്നേഹം ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള എല്ലാ വിധ ധൈര്യവും നല്‍കിയിരുന്നു.പ്രീ ഡിഗ്രി പാസായ തനിക്കു ഒരു ജോലി നല്‍കാന്‍ മായാ മാഡം സന്മനസ് കാണിച്ചില്ലായിരുന്നുവെന്കില്‍ താന്‍ എന്ത് ചെയ്യുമാരുന്നു?എന്തും പെട്ടെന്ന് പഠിക്കാനുള്ള അവളുടെ ശുഷ്കാന്തി കണ്ടിട്ടാവണം മാഡം കമ്പ്യൂട്ടറിന്റെ ബാല പാഠങ്ങള്‍ എല്ലാം ഹെമക്ക് പഠിപ്പിച്ചു കൊടുത്തിരുന്നു.ഹേമയുടെ അധ്വാനവും,മാഡത്തിന്റെ സപ്പോര്‍ട്ടും അവളെ കമ്പനിയുടെ അസിസ്റ്റന്റ്‌ മാനേജര്‍ തസ്തികയില്‍ എത്തിച്ചിരുന്നു.ആര് വര്‍ഷത്തിന്റെ പ്രായം മാത്രമേ ഹേമയുടെ വിവാഹ ജീവിതത്തിനു ഉണ്ടായിരുന്നുള്ളൂ.ആറടി പൊക്കവും സുമുഖനുമായ വിനോദിനെ പെണ്ണ് കാണാന്‍ വന്നപ്പോള്‍ തന്നെ ഹേമ ഇഷ്ടപ്പെട്ടിരുന്നു.പിന്നെ ഒന്നും ഓര്‍ത്തില്ല വിവാഹത്തിന് സമ്മതിച്ചു.ആദ്യ രാത്രിയില്‍ അവള്‍ക്കുള്ള അനുഭവം അവളുടെ ജീവിതത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ തകിടം മറിക്കുന്നതായിരുന്നു .അയാള്‍ മൃഗീയമായ ആവേശത്തില്‍ അവളിലേക്ക്‌ പടര്‍ന്നു കയറി.അപ്പോള്‍ അവള്‍ക്കു എന്തെന്നില്ലാത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു.ആവേശ ഭരിതനായ അയാള്‍ അവളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതായി തോന്നി.പലവുരു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും ബലിഷ്ടമായ അയാളുടെ കരങ്ങളില്‍ അവള്‍ കീഴടങ്ങി.ഹേമയുടെ ചുണ്ടുകളില്‍ അയാള്‍ അമര്‍ത്തി ചുംബിച്ചപ്പോള്‍ പാന്‍ പാന്‍ പരാഗിന്‍െറയും വിസ്കിയുടെയും രൂക്ഷ ഗന്ധത്താല്‍ അവള്‍ക്കു മനം പുരട്ടി.അവളുടെ ശരീരം മുഴുവനും ഉഴുതു മറിച്ച തൃപ്തിയില്‍ അയാള്‍ ഉറങ്ങി.അന്ന് രാത്രി മുഴുവനും അവള്‍ ഉറങ്ങാതെ കരഞ്ഞു കൊണ്ടേയിരുന്നു.ഒരു പക്ഷെ താനാകുമോ ലോകത്ത് ആദ്യമായി സ്വന്തം ഭര്‍ത്താവാല്‍ ആദ്യ രാത്രിയില്‍ ബലാല്‍ സംഘത്തിനു ഇരയാകുന്ന ആദ്യത്തെ പെണ്ണ് ?അവള്‍ക്കു അവളോടും അയാളോടും വെറുപ്പ്‌ തോന്നി ..എന്തൊക്കെയാണ് സ്വപനം കണ്ടത്?വിനോദിന്റെ ബാഹ്യ സൌന്ദര്യം തന്നെ ഉള്ളിലും ആണെന്ന് വിചാരിച്ച താന്‍ എത്ര വിഡ്ഢിയാണ്.ദിവസവും രാവിലെ പോയാല്‍ വിനോദ് തിരിച്ചു വരുന്നത് അര്‍ദ്ധരാത്രികളിലാണ്.കുടിച്ചു ബോധം പോകുമ്പോള്‍ കൂട്ടുകാര്‍ കാറില്‍ കൊണ്ട് വന്നാക്കും.കാറില്‍ നിന്നും ഇറങ്ങി കൊച്ചു കൊഞ്ഞുങ്ങള്‍ പിച്ച വച്ച് നടക്കുന്നത് പോലെ വീട്ടിലേക്കു വന്നു കയറും.വിനോദിന് തടിയുടെ ബിസിനെസ് ആയിരുന്നു.നിറയെ കൂട്ടുകാര്‍.മുഴുവന്‍ സമയം മദ്യപാനം.ഇതിനിടയില്‍ ശ്രീക്കുട്ടനും പിറന്നു.നല്ല ഓമനത്വമുള്ള കുഞ്ഞു.അവന്റെ കളങ്കമില്ലാത്ത ചിരികളിലും,കുസൃതികളിലും ഹേമ സന്തോഷം കണ്ടെത്തി.അവന്റെ അഞ്ചാമത്തെ വയസു തികയുന്ന അന്ന് അമ്പലത്തില്‍ പോയിട്ട് വീട്ടില്‍ കയറി വന്നയുടനെയാണ് ആ ഫോണ്‍ വന്നത്.ആ ഫോണും പിടിച്ചു അവള്‍ നിര്‍വികാരയായി അങ്ങനെ നിന്നു.വിനോദിനെ ഏതോ ലോഡ്ജില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെതിയത്രേ.ആത്മഹത്യ ആയിരിക്കാം എന്നാണു പോല്സിന്റെ നിഗമനം.ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നു.അയാള്‍ കഴിച്ച മദ്യത്തിലാണ് വിഷാംശം കണ്ടത്.കൂട്ടത്തില്‍ ഒരു കുറിപ്പും ഉണ്ടായിരുന്നു.കച്ചവടത്തില്‍ ഒരു പാട് കടം വന്നുവെന്നും അത് വീട്ടനാകാതെയാണ് താന്‍ ജീവനോടുക്കുന്നുവെന്നും അയാള്‍ കുറിപ്പില്‍ എഴുതിരുന്നത്.വിനോദ് മരിച്ചു എന്നറിഞ്ഞപ്പോള്‍ തന്നെ കടക്കാര്‍ വീട്ടില്‍ വന്നു ശല്ല്യപ്പെടുതാന്‍ തുടങ്ങി.കയ്യില്‍ ഉണ്ടായിരുന്ന നാല്പതു പവന്റെ ആഭരണവും പിന്നെ അച്ഛന്റെ ആകെയുള്ള സമ്പാദ്യമായ ആറു സെന്റ്‌ പുരയിടത്തില്‍ മൂന്നു സെന്റ്‌ വിട്ടു അവള്‍ ആ കടങ്ങള്‍ ഒക്കെ വീടി.മായാ മാഡം അവരുടെ കമ്പനിയില്‍ തന്നെ ഒരു ജോലി തരപ്പെടുത്തി തന്നതിനാല്‍ അവള്‍ക്കു അച്ഛനെ ബുദ്ധി മുട്ടിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാം എന്നായി.പലരും സഹതാപത്തോടെ അവളെ നോക്കി.ചെറുപ്പത്തിലെ വിധവയാകേണ്ടി വന്ന പെണ്‍കുട്ടി.അവളെ ഇഷ്ടപ്പെടുന്ന നാട്ടുകാര്‍ അവളുടെ ദുര്‍വിധിയില്‍ ദുഖിച്ചു.പലരും അവളെ പുനര്‍ വിവാത്തിനായ്‌ നിര്‍ബന്ധിച്ചു.അച്ഛനും അനിയത്തിയും പല തവണ ഉപദേശിച്ചു പുനര്‍ വിവാഹം നടത്താന്‍.അവള്‍ അതൊന്നും കേള്‍ക്കാത്ത ഭാവം നടിച്ചു.ഹേമയുടെ മനസ്സില്‍ ഒരു മരവിപ്പായിരുന്നു.ജീവിതത്തില്‍ പരാജിതയായവളുടെ നിര്‍വികാരത.പക്ഷെ ഒരാണിന്റെ തുണയില്ലാതെ തന്നെ ഇനിയുള്ള കാലം ജീവിച്ചു തീര്‍ക്കണം.മകനെ വളര്‍ത്തി നല്ല നിലയില്‍ എത്തിക്കണം.അവളുടെ മനസ്സില്‍ ഇപ്പോള്‍ പുരുഷനോട് വെറുപ്പാണ്.അവള്‍ക്കു പുരുഷന്‍ എന്നും സ്വാര്‍ത്ഥനാണു.തന്റെ സുഖങ്ങള്‍ക്കായി മറ്റുള്ളവരുടെ ജീവിതം വച്ച് അമ്മാനമാടുന്ന നിക്രുഷ്ടനായാണ് അവള്‍ പുരുഷനെ കാണുന്നത്.വിനോദ് അങ്ങനെ ആയെന്നു വച്ച് മറ്റുള്ള പുരുഷന്മാര്‍ അങ്ങനെ ആവില്ലായെന്നു പലരും അവളെ ഉപദേശിച്ചു നോക്കി അവള്‍ അതൊന്നും ചെവിക്കൊണ്ടില്ല.ചാറ്റല്‍ മഴ ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു.നേരിയ വെയില്‍ പരന്നിരിക്കുന്നു.അവര്‍ കടല്‍ തീരത്ത് പോയി സമുദ്ര സ്നാനം നടത്തി.ഇത് രാമേശ്വരത്തെ പ്രാര്‍ഥനാ വിധികളില്‍ ഒന്നാണ്.ആദ്യം സമുദ്ര സ്നാനം പിന്നെ പുണ്ണ്യ സ്നാനം.അത് ക്ഷേത്രത്തിനകത്തെ ചെറിയ കിണറുകളില്‍ നിന്നും വെള്ളം കോരി കുളിക്കണം.ഇതിനെയാണ് പുണ്ണ്യ സ്നാനം എന്ന് പറയുന്നത്.പുണ്ണ്യ സ്നാനവും കഴിഞ്ഞു ശ്രീ കോവിലില്‍ പോയി പൂജാ സാമഗ്രികള്‍ പൂജാരിയെ ഏല്പിച്ചു അവര്‍ ഉള്ളുരുകി പ്രാര്‍ത്തിച്ചു.ശ്രീക്കുട്ടന്‍ കണ്ണുമടച്ചു തൊഴുന്നുണ്ടായിരുന്നു.അവന്‍ ഇടയ്ക്കിടയ്ക്ക് കണ്ണ് തുറന്നു നോക്കി.മുത്തച്ചനും അമ്മയും എന്ത് ചെയ്യുന്നു എന്നറിയാന്‍.അവര്‍ പ്രസാദവും വാങ്ങി ക്ഷേത്രത്തിനു കിഴക്ക് ഭാഗത്തുള്ള കടല്‍ തീരത്തേക്ക് നടന്നു.അവിടെ ഭയങ്കര തിരക്ക്.മണ്ണ് വാരി ഇട്ടാല്‍ തറയില്‍ വീഴാത്ത അത്ര ജനം.എല്ലാവരും തങ്ങളുടെ ഉറ്റവര്‍ക്കായ് ബലി അര്‍പ്പിക്കുവാന്‍ വന്നവര്‍.കയ്യില്‍ പൂജാ സാമഗ്രികളുമായി ഈറനുടുത്തു അവര്‍ ഓരോ പൂജാരികളെ തേടി നടക്കുന്നു.മരിച്ചവരുടെ പാപ മോക്ഷത്തിനായ്‌ ജീവിച്ചിരിക്കുന്നവര്‍ നടത്തുന്ന ബലി തര്‍പ്പണം.ഈ ബലി തര്‍പ്പണം കൊണ്ട് മരിച്ച ആത്മാക്കള്‍ ചെയ്ത പാപങ്ങള്‍ ദൈവം പൊറുക്കുമോ ? അവനവന്‍ ചെയ്തു കൂട്ടുന്ന പാപങ്ങളുടെ ശിക്ഷ അവനവന്‍ അനുഭവിച്ചേ മതിയാകൂ.അച്ഛനും അനിയത്തിയും നിര്‍ബന്ധിച്ചിട്ടാണ് ഹേമ ശ്രീക്കുട്ടനെ കൊണ്ട് പിതൃ ബലി തര്‍പ്പണം ഇടാന്‍ തീരുമാനിച്ചു രാമേശ്വരത്ത് വന്നത്.അല്ലാതെ ആ മനുഷ്യനോടുള്ള ആരാധനയോ സഹതാപമോ കൊണ്ടല്ല .. ഈ ചെറു പ്രായത്തില്‍ തന്നെയും ഈ പിഞ്ചു കുഞ്ഞിനെയും അനാഥരാക്കി നടു തെരുവില്‍ കുറെ കടവും ഉണ്ടാക്കി ഇട്ടു പോയ ദുഷ്ടന്‍ ! ഹേമ അമര്‍ഷം സഹിക്ക വയ്യാതെ പല്ലിരുമ്മി.അവര്‍ മെല്ലെ നടന്നു ഒരു പൂജാരിയുടെ അടുക്കല്‍ ചെന്നു.പൂജാരി ശ്രീക്കുട്ടന്റെ വലതു കയ്യിലെ മോതിര വിരലില്‍ ദര്‍ഭ മോതിരം അണിയിപ്പിച്ചു.പിണ്ട ചോറ് ഉരുളയാക്കി അവന്ടെ കുഞ്ഞു കയ്യില്‍ വച്ച് കൊടുത്തു.അവനു ഒന്നും മന്സിലാകുന്നുണ്ടായിരുന്നില്ല.അവന്‍ അമ്മയെയും മുത്തച്ചനെയും മാറി മാറി നോക്കി.ഉരുളയില്‍ എള്ളും, പൂജാ പുഷ്പങ്ങളും അര്‍പ്പിച്ചു പുന്ന്യാഹം തളിച്ച് വാഴയിലയില്‍ അത് മടക്കി ശ്രീക്കുട്ടന്റെ കൈകളില്‍ മടക്കി വച്ച് കൊടുത്തു.പൂജാരിയുടെ നിര്‍ദേശം അനുസരിച്ച് അവന്‍ തിരിഞ്ഞു നോല്‍ക്കാതെ തലയ്ക്കു മുകളില്‍ കൂടി കടല്‍ വെള്ളത്തിലേക്ക്‌ ഇട്ടു.അതെ വെള്ളത്തില്‍ മുങ്ങി അവന്‍ തന്റെ പിതാവിനായ്‌ പിതൃ ബലി തര്‍പ്പണം നടത്തി.ആ പിണ്ട ചോറും വാഴയിലയും പൂക്കളും അധികം തിരകളില്ലാത്ത ശാന്തയായ കടല്‍ വെള്ളത്തില്‍ ഒഴുകി നടന്നു.പിന്നെ കുറച്ചു കഴിഞ്ഞു ചെറിയ ഒരു തിര വന്നു അതെല്ലാം മുക്കി കളഞ്ഞു.അച്ഛനും,ശ്രീക്കുട്ടനുമായി തിരികെ നടക്കുമ്പോള്‍ ഹേമക്ക് തന്റെ മനസ്സില്‍ നിന്നും എന്തോ ഭാരം ഒഴിഞ്ഞ പോലെ തോന്നി.

No comments:

Post a Comment