Monday, July 20, 2009

സ്നേഹിക്കുന്ന യന്ത്രം


മഴ പെയ്തൊഴിഞ്ഞ
ചളിയുടെ മണമുള്ള
പ്രഭാതത്തിലാണ്
മാരി മുത്തുവിന്റെ വരവ്

ആലിപ്പഴത്തിന്റെ രുചിയും,
പഴുത്തിലയുടെ ചൂരും,
പുഴുക്കത്തിലുതിരുന്ന കാറ്റും
കലര്‍ന്ന നാടന്‍ പഴമയിലേക്കു
അവന്‍ പടി കയറി വന്നു.

കുതിര്‍ന്നു നാറിയ
വടുക്കളുള്ള ഭാണ്ടക്കെട്ടും,
കയ്യിലൊരു വക്ക് പൊട്ടിയ ഉളിയും.

വെറ്റിലക്കറ വികൃതമാക്കിയ
പല്ലുകളാലവന്‍ ചിരിച്ചു

അയ്യാ .. അമ്മിക്കല്ല് കൊത്താനുണ്ടോ ?

അയാള്‍ക്ക്‌ ചിരിയടക്കാന്‍ കഴിഞ്ഞില്ല
അമ്മിക്കല്ലോ ?
അത് കണ്ടിട്ട് വര്‍ഷങ്ങളായി..
പണ്ടെങ്ങോ തറവാട്ടിലെ
ചായ്പ്പിലെവിടെയോ കണ്ടതാണ്..

അവന്റെ ഒട്ടിയ വയറിനോട്
തോന്നിയ സഹതാപത്തില്‍
അമ്പതു രൂപ നോട്ടു അവന്റെ
കയ്യില്‍ വച്ചു കൊണ്ട് അയാള്‍ -
വീടിനകത്തേക്ക് ചൂണ്ടി കാണിച്ചു...

ദേ ... "അത് അരക്കുന്ന യന്ത്രം" ..
ഇനിയെന്തിനു അമ്മിക്കല്ല് ?

ഇനിയുമുണ്ട് യന്ത്രങ്ങള്‍ ..
അലക്കുവാന്‍,കുളിക്കുവാന്‍,
ആഹാരം വാരിത്തരാന്‍,
താരാട്ടുവാന്‍,തലോടുവാന്‍ ..

"അയ്യാ .. അപ്പൊ സ്നേഹിക്കുവാനും
യന്ത്രം കാണുമല്ലേ "?
മാരി മുത്തുവിന്റെ ചോദ്യം .

ഹും ...അകത്തു നില്‍ക്കുന്ന
ഭാര്യയെ ചൂണ്ടിക്കാണിച്ചു -
കൊണ്ട് അയാള്‍ പറഞ്ഞു .. ..
"മുത്തൂ .. അതാണ്‌ ആ യന്ത്രം" !!! ....

No comments:

Post a Comment