Monday, August 31, 2009

പന്നിപ്പനി


എച്ച് ഒണ്‍ എന്‍ ഒണ്‍ (സ്വയിന്‍ ഫ്ലൂ) മലയാളത്തില്‍ പന്നിപ്പനി.പന്നിയില്‍നിന്നു മനുഷ്യരിലേക്ക്‌ പകരാമെങ്കിലും ജനിതകമാറ്റം സംഭവിച്ച പുതിയതരം വൈറസ്‌ മനുഷ്യനില്‍നിന്നു മനുഷ്യനിലേക്കാണ്‌ ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്‌. ഈ ഇന്ഫ്ലുവെന്സ വൈറസുകള്‍ പല രൂപത്തിലും ഇതിനു മുന്പും കണ്ടു പിടിക്കപ്പെട്ടെന്കിലും ഏപ്രില്‍ മാസം രണ്ടായിരത്തി ഒന്‍പതില്‍ ഈ എച്ച് ഒണ്‍ എന്‍ ഒണ്‍(സ്വയിന്‍ ഫ്ലൂ) ഇന്ഫ്ലുവന്സ വൈറസുകളെ അമേരിക്കയില്‍ ആദ്യമായി മനുഷ്യരില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.പിന്നീടത്‌ മെക്സിക്കോ,കാനഡ തുടങ്ങിയ രാജ്യങ്ങളിലും കണ്ടെത്തുകയായിരുന്നു.ഇപ്പോള്‍ ഇത് മനുഷ്യ ജീവന് വെല്ലു വിളിയായി ലോകം മുഴുവനും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.പന്നികളില്‍ നിന്ന് പകര്‍ന്നു ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അതി വേഗം പടര്‍ന്നു കൊണ്ടിരിക്കുന്ന നിയന്ത്രിക്കാന്‍ പ്രയാസമുള്ള പകര്‍ച്ച വ്യാധിയാണ് ഇത്.നമ്മുടെ ഭാരതത്തിലും അനേകം ജനങ്ങളുടെ ജീവന്‍ അപഹരിച്ചു കൊണ്ട് ഈ വിനാശ കാരിയായ വൈറസ്‌ നാള്‍ക്കു നാള്‍ ശക്തി പ്രാപിച്ചു വരികയാണ്.സമ്പന്നരും,ദരിദ്രരും,കര്‍ഷകരും,ഡോക്ടര്‍മാരും,കുട്ടികളും എല്ലാം ഈ അസുഖത്തിന് ഇരയാകുന്ന ദയനീയ കാഴ്ചയാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്..

ഈ രോഗം പിടി പെട്ട രോഗികള്‍ താമസിക്കുന്നതിനു ചുറ്റുമുള്ളവര്‍ക്കും ഈ രോഗം പെട്ടെന്ന് പിടി പെടാം.തുമ്മല്‍ വഴിയും,ചുമ വഴിയും പെട്ടെന്ന് ഈ വൈറസുകള്‍ അന്തരീക്ഷത്തില്‍ പരക്കുന്നു.ആറടിക്കുള്ളില്‍ അടുത്തുനില്‍ക്കുന്ന മനുഷ്യര്‍ക്ക്‌ പകരുകയും ചെയ്യും.ഏകദേശം രണ്ടു മണിക്കൂര്‍ സമയത്തേക്ക്‌ ഈ വൈറസുകള്‍ക്ക്‌ രോഗം പടര്‍ത്താനുള്ള കഴിവുണ്ട്‌. അത് വഴി മറ്റുള്ളവരും പെട്ടെന്ന് ഈ രോഗത്തിന് അടിമപ്പെടുന്നു.കഠിനമായ പനി,വിറയല്‍,ശരീര വേദന,മൂക്കൊലിപ്പ്,മൂക്കില്‍ കഫം അടിഞ്ഞു കട്ട പിടിച്ചു ഇരിക്കുക,തൊണ്ട വേദന,തുമ്മല്‍,ചര്‍ദ്ദി,വയറിളക്കം തുടങ്ങിയവയാണ് രോഗം മൂര്ച്ചിക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥകള്‍.

ഈ സന്ദര്‍ഭങ്ങളില്‍ ആവുന്നതും രോഗികള്‍ പുറത്തു ഇറങ്ങാതെ ഇരിക്കുക.ജനങ്ങള്‍ കൂടുതല്‍ കൂടുന്ന പൊതു സ്ഥലങ്ങളില്‍,സ്കൂളുകളില്‍,സിനിമാ തിയെറ്ററുകളില്‍,കല്യാണ ഹാളുകളില്‍ പോകുന്നത് ഒഴിവാക്കുക.എപ്പോഴും റെസ്പിറേറ്ററി മാസ്ക് ഉപയോഗിക്കുക.ആശുപത്രിയില്‍ പോകാന്‍ മാത്രം പുറത്തിറങ്ങുക.തുമ്മുമ്പോള്‍ അല്ലങ്കില്‍ ചുമയ്ക്കുമ്പോള്‍ മൂക്കും,വായും ടിഷ്യു പേപര്‍ കൊണ്ടോ അല്ലങ്കില്‍ തൂവാല കൊണ്ടോ മറയ്ക്കുക.ടിഷ്യു പേപ്പര്‍ ആണെങ്കില്‍ അവിടെയും ഇവിടെയും വലിചെറിയാതെ അത് സുരക്ഷിതമായി ഒരിടത്ത് കുഴിച്ചിടുക.തൂവാല തിളച്ച വെള്ളത്തില്‍ മുക്കി ഡെറ്റോള്‍ ഉപയോഗിച്ച് കഴുകുക.കൈകള്‍ സ്പിരിറ്റ്‌ കൊണ്ടോ നല്ല ഡെറ്റോള്‍ കലര്‍ന്ന സോപ് കൊണ്ടോ നല്ലവണം കഴുകുക ..

വളരെ വേഗത്തില്‍ ശ്വസിക്കുക,ശ്വസനത്തിനു തടസം, ചര്‍മ്മം നീലയോ ചാര നിറത്തിലോ ആയി തീരുക,വെള്ളം കുടിക്കാതിരിക്കുക(ദാഹമില്ലായ്മ),നിര്‍ത്താതെയുള്ള ചര്‍ദ്ദി,കടുത്ത പനി,ക്ഷീണം,നിര്‍ത്താതെയുള്ള ചുമ കിടന്നിടത്ത് തന്നെ കിടക്കുക,ആരോടും സംസാരിക്കാതെ ഇരിക്കുക എന്നിവയാണ് കുട്ടികളിലെ രോഗ ലക്ഷണങ്ങള്‍.

ശ്വാസ തടസം,ശ്വസിക്കാനുള്ള ബുദ്ധിമുട്ട്,നെഞ്ചു വേദന,വയറിലും നെഞ്ചിലും സമ്മര്‍ദ്ദം അനുഭവപ്പെടുക,പെട്ടെന്നുള്ള തല കറക്കം,കണ്ഫ്യൂഷന്‍,നിര്‍ത്താതെയുള്ള ചര്‍ദ്ദി മുതലായവയാണ് മുതിര്‍ന്നവരില്‍ കാണുന്ന രോഗ ലക്ഷണങ്ങള്‍.

ഈ രോഗത്തിന് വാക്സിന്‍ ഇല്ലാ എന്നുള്ളതാണ് ഏറ്റവും അപകടകരമായ അവസ്ഥ.എന്നാലും നമ്മുടെ ചില ദൈനം ദിന ശുചിത്വ പരിശീലനം കൊണ്ട് ഈ രോഗം ഏറെക്കുറെ തടയാവുന്നതാണ്.എവിടെ പുറത്തു പോയിട്ട് വന്നാലും, സ്പിരിറ്റ് അല്ലങ്കില്‍ ഡെറ്റോള്‍ കലര്‍ന്ന സോപ് കൊണ്ട് കൈ നല്ലവണ്ണം കഴുകണം.കൈ കഴുകാതെ മൂക്കിലോ വായിലോ കണ്ണിലോ കൈ കൊണ്ട് തൊടാതിരിക്കുക.പ്രത്യേകിച്ച് ചുമ വരുമ്പോഴും,തുമ്മുമ്പോഴും കൈകള്‍ കൊണ്ട് പൊത്തുന്നത് കൊണ്ട് കൈകള്‍ കഴുകേണ്ടത് അത്യാവശ്യമാണ്.ഈ രോഗം ബാധിച്ച ആള്‍ക്കാരുമായി കൂടുതല്‍ അടുത്തിട പാഴാകാതെ രോഗികളില്‍ നിന്നും അകന്നു നില്‍ക്കുക.രോഗികള്‍ക്ക്‌ സമ്പൂര്‍ണ ആയിസോലെഷന്‍ ഉറപ്പു വരുത്തണം.

അഥവാ ഈ രോഗം നമ്മളില്‍ ആര്‍ക്കെങ്കിലും ബാധിച്ചാല്‍ ഒരിക്കലും ജോലി സ്ഥലത്തോ,പൊതു വേദികളിലോ,സ്കൂളുകളിലോ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

രോഗ ബാധിതരായവര്‍ക്ക് ആരംഭ സമയത്ത് തന്നെ മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ കഴിയുമെന്നതാണ് ഇതിനെ അപകടകരമായ അവസ്ഥ.രോഗ ബാധിതരായി ഏഴു ദിവസം കഴിഞ്ഞാണ് രോഗം മൂര്ചിക്കുക.

ഈ രോഗത്തിന് ഒസേല്ടാമിവിര്‍ (ടാമിഫ്ലു) അല്ലങ്കില്‍ സാനമിവിര്‍ (രേലെന്സ) എന്നീ മരുന്നുകളാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതു.ഈ മരുന്നുകള്‍ ശരീരത്തിനകത്തുള്ള ഈ സ്വയിന്‍ വയറസിനെ പെറ്റു പെരുകുന്നതില്‍ നിന്നും തടയുന്നു. പക്ഷെ അത് രോഗ ബാധിതനായതിനു ശേഷം രണ്ടു ദിവസത്തിനകം ഈ മരുന്ന് കഴിച്ചാല്‍ മാത്രമേ പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാകൂ.

ഈ മാരക രോഗത്തില്‍ നിന്നും നമ്മുടെ നാടിനെയും,ഈ ലോകത്തിനെയും രക്ഷിക്കുക എന്നത് എല്ലാവരുടെയും കടമയാണ്.അതിനാല്‍ നമ്മള്‍ ചെറിയ ക്യാമ്പുകള്‍ സംഘടിപ്പിച്ചു ഇത്തരം അവബോധം എല്ലാരിലും ഉണ്ടാക്കിയെടുക്കണം .. രോഗങ്ങള്‍ ചികില്‍സിച്ചു മാറ്റാന്‍ നില്‍ക്കുന്നതിനേക്കാള്‍ ഉത്തമം അത് വരാതെ ചെറുക്കുക എന്നതാണ് .

No comments:

Post a Comment