Saturday, November 21, 2009

സ്വര്‍ണ്ണ മനുഷ്യന്‍

നീണ്ട നാളത്തെ കഠിന തപസിനു ശേഷം ഭഗവാന്‍ പ്രത്യക്ഷപ്പെട്ടു.പിച്ചന്‍ തൊഴു കൈകളോടെ നിന്നു.
"പിച്ചാ നിന്റെ തപസില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു.എന്ത് വരം വേണമെങ്കിലും ചോദിച്ചു കൊള്‍ക".
പിച്ചന്റെ കണ്ണുകള്‍ സന്തോഷത്താല്‍ തിളങ്ങി.നെഞ്ചിടുപ്പ് കൂടി.ആശ്ചര്യം കൊണ്ട് വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി.എന്ത് ചോദിക്കണം എന്നറിയാതെ പിച്ചന്‍ നിന്ന് പരുങ്ങി.പെട്ടെന്ന് അയാള്‍ തന്റെ ഭാര്യയെ ഓര്‍ത്തു കുട്ടികളെ ഓര്‍ത്തു.അവര്‍ക്ക് ജീവിതത്തില്‍ ഒരു സന്തോഷവും തനിക്കു കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.എന്തിനു വേറെ ദരിദ്ര നാരായണായ തനിക്കു തന്റെ കുഞ്ഞുക്കള്‍ക്കും ഭാര്യക്കും മൂന്നു നേരം പോയിട്ട് ഒരു നേരം നല്ല ആഹാരം കഴിക്കുവാനുള്ള വക ഉണ്ടാക്കി കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.മിക്ക ദിവസങ്ങളിലും പട്ടിണിയാണ്.ഉടു തുണിക്ക് മറു തുണിയില്ല.മഴ പെയ്താല്‍ ചോരുന്ന ഒരു ഓലപ്പുരയിലാണ് താനും തന്റെ കുടുംബവും താമസിക്കുന്നത്.ഇത് നല്ല അവസരമാണ്.ഈ അവസരം നഷ്ടപ്പെടുത്തിയാല്‍ ഇനി ഒരിക്കലും തനിക്കു ജീവിതത്തില്‍ മുന്നേറാന്‍ കഴിയില്ല എന്ന് പിച്ചനു അറിയാമായിരുന്നു.

പിച്ചന്‍ മുരടനക്കി."ഭഗവാനെ ജഗദീശ്വരാ.. ചോദിക്കുന്നത് അവിവേകവും,അത്യാഗ്രഹവും ആണെങ്കില്‍ അങ്ങ് എന്നോട് പൊറുക്കുക".
"സാരമില്ല പിച്ചാ .. നീ എന്റെ പ്രിയ ഭക്തനാണ്.നിനക്ക് ഇഷ്ടമുള്ള വരം ചോദിക്കാം ... നിന്റെ കഠിന തപസു നമുക്ക് വല്ലാത്ത മതിപ്പ് നിന്നില്‍ ഉണ്ടാക്കിയിരിക്കുന്നു.ഭക്തന്റെ അഭീഷ്ടം എന്തും സാധിച്ചു കൊടുക്കുന്നവനല്ലേ ഈശ്വരന്‍ !!! ധൈര്യമായി ചോദിച്ചോളൂ.ഞാന്‍ തരാന്‍ ബാധ്യസ്ഥനാണ്".ഭഗവാന്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

"അപ്പൊ ഞാന്‍ ചോദിക്കട്ടെ ഭഗവാനെ" ?? "ഹും ചോദിച്ചു കൊള്‍ക" ... ഭഗവാനെ അങ്ങ് എന്റെ ശരീരം മുഴുവനും സ്വര്‍ണ്ണമാക്കി തരണം.എന്റെ ഈ സ്വര്‍ണ്ണ ശരീരം കൊണ്ട് ഞാന്‍ എന്റെ കുടുംബത്തെ കര കയറ്റും .. ഇത്ര നാളും ഒരു പാഴ് വസ്തുവായി കൊണ്ട് നടന്ന എന്റെ ശരീരം എന്റെ ഭാര്യക്കും,മക്കള്‍ക്കും പ്രയോജനമുള്ളതായി തീരട്ടെ !!!.

പിച്ചന്റെ ഈ വിചിത്രമായ ആഗ്രഹം ഭഗവാനില്‍ അത്ഭുതമുണ്ടാക്കി.പിച്ചന്റെ കുടുംബ സ്നേഹവും,ഭക്തിയും പിച്ചനെ ഭഗവാന് കൂടുതല്‍ പ്രിയമുള്ളവനാക്കി."ശെരി പിച്ചാ ... നിന്റെ ആഗ്രഹം നടക്കട്ടെ" ... ഭഗവാന്‍ പിച്ചനു ആ വരം നല്‍കി അപ്രത്യക്ഷനായി.നിമിഷ നേരം കൊണ്ട് പിച്ചന്റെ ശരീരം മുഴുവനും സ്വര്‍ണ്ണമായി മാറി.പിച്ചന്‍ സന്തോഷത്താല്‍ തുള്ളിച്ചാടി.

രാത്രി ആകുന്നവരെക്കും പിച്ചന്‍ ആ കാട്ടില്‍ തന്നെ കഴിച്ചു കൂട്ടി.പകല്‍ തന്നെ ആരെങ്കിലും കണ്ടാല്‍ തട്ടി കൊണ്ട് പോകും.താന്‍ ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും വില പിടിപ്പുള്ള മനുഷ്യനാണ്.ലോകത്തില്‍ ആദ്യമായിട്ടായിരിക്കും സ്വര്‍ണ്ണ ശരീരമുള്ള മനുഷ്യന്‍ ഉണ്ടാകുന്നത്.പിച്ചന്‍ തെല്ലോരഭിമാനത്തോടെ ഒരു മൂളി പാട്ടും പാടി വീട്ടിലേക്കു നടന്നു.പിച്ചനെ കണ്ടതും ഭാര്യയും,കുട്ടികളും പേടിച്ചു നില വിളിക്കാന്‍ തുടങ്ങി.വല്ല മാടനോ,മറുതയോ ആയിരിക്കുമെന്ന് കരുതിയാണ് അവര്‍ പേടിച്ചു നില വിളിച്ചത്.പിച്ചന്‍ വല്ല വിധേനെയും തനിക്കു വരം കിട്ടിയ വിവരം അവരെ പറഞ്ഞു ധരിപ്പിച്ചു.ഭാര്യയും കുട്ടികളും പിച്ചനു ചുറ്റും വളഞ്ഞു.അവര്‍ പിച്ചനെ മണത്തു നോക്കി,ഉരച്ചു നോക്കി,കൊട്ടി നോക്കി.അവര്‍ സന്തോഷത്താല്‍ തുള്ളിച്ചാടി.നാളിതു വരെ ഒരു ചില്ലി കാശിനു വകയില്ലാതിരുന്ന പിച്ചനോട് കുട്ടികള്‍ക്കും ഭാര്യക്കും അഭിമാനം തോന്നി.

ഭാര്യ പിച്ചന്റെ കൈകളില്‍ തലോടി മെല്ലെ ചോദിച്ചു നമുക്ക് അഞ്ചു പെണ്‍ മക്കളല്ലേ.. അവരെ നല്ല കുടുംബത്തില്‍ കെട്ടിച്ചു വിടണം,അവര്‍ക്ക് സ്ത്രീ ധനം കൊടുക്കണം.അതും പണ്ഡമായിട്ട് .പിന്നെ നമുക്ക് നല്ലൊരു ബംഗ്ലാവ് വേണം.വീട്ടില്‍ സപ്രമന്ജ കട്ടില്‍ വേണം നമുക്കുറങ്ങാന്‍.കുട്ടികളെ പരിചരിക്കാന്‍ പരിചാരകര്‍,ഭക്ഷണം പാചകം ചെയ്യാന്‍ പാചകക്കാര്‍.രാജകീയമായി തന്നെ നമുക്ക് ജീവിക്കണം.ഇടതു കയ്യില്‍ തടവി കൊണ്ട് ഭാര്യ ചോദിച്ചു.എന്തായാലും അങ്ങക്ക്‌ ഒരു കയ്യുടെ ആവശ്യമല്ലേയുള്ളൂ .. ഈ കൈ മുറിച്ചു വിറ്റാല്‍ നമ്മുടെ എല്ലാ സ്വപ്നങ്ങളും പൂവണിയും.അങ്ങ് എന്ത് പറയുന്നു ? "ഹും .. മുറിച്ചു എടുത്തോളൂ" ... പിച്ചന്‍ സന്തോഷത്തോടെ പറഞ്ഞു.നിങ്ങള്ക്ക് വേണ്ടിയല്ലേ ഞാന്‍ ഈ സ്വര്‍ണ്ണ ശരീരം ഭഗവാനോട് വരം ചോദിച്ചേ....എന്റെ ശരീരം കൊണ്ട് നിങ്ങള്‍ സന്തോഷമായി ജീവിച്ചാല്‍ അതില്‍ പരം സമാധാനം എനിക്ക് വേറെയൊന്നും ഇല്ലല്ലോ ..

ഭാര്യയും കുട്ടികളും ആര്‍ത്തിയോടെ പിച്ചന്റെ ഇടതു കൈ മുറിച്ചു മാറ്റി.വേദന കൊണ്ട് പിച്ചന്‍ പുളഞ്ഞു.കണ്ണില്‍ നിന്നും കണ്ണീര്‍ ധാരയായി ഒഴുകാന്‍ തുടങ്ങി .. ശരീരം വിയര്‍ക്കാന്‍ തുടങ്ങി ... അത്ഭുതം തന്നെ !!!.. പിച്ചന്റെ കണ്ണീര്‍ വീണിടത്ത് നിറയെ സ്വര്‍ണ്ണ മുത്തുകള്‍ !! ..വിയര്‍പ്പും,രക്തവും ഒക്കെ സ്വര്‍ണ്ണം തന്നെ !! .. പിച്ചന്റെ ഭാര്യയും കുട്ടികളും അതെല്ലാം ശേഖരിച്ചു .... അവര്‍ പിച്ചന്റെ ആ ഇടതു സ്വര്‍ണ്ണ കൈ വിറ്റു നല്ല ഒരു ബംഗ്ലാവ് പണി കഴിപ്പിച്ചു.അവര്‍ എല്ലാ വിധ രാജകീയ പ്രൌഡികളോടും കൂടി ജീവിക്കാന്‍ തുടങ്ങി.പിച്ചന്റെ ഭാര്യയും കുട്ടികളും കൂടുതല്‍ ആഡംബര പ്രേമികളായി.പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ അണിഞ്ഞു അവര്‍ ആര്‍മാദിച്ചു.പിച്ചന്റെ വിസര്‍ജ്യ വസ്തുക്കള്‍ പോലും സ്വര്‍ണ്ണമായിരുന്നു.അതെല്ലാം അവര്‍ ശേഖരിച്ചു പെട്ടിയില്‍ വച്ചു പൂട്ടി.

പിച്ചന്റെയും കുടുംബത്തിന്റെയും ഈ വളര്‍ച്ച നാട്ടുകാരെ അസൂയാലുക്കളാക്കി.അവര്‍ പിച്ചന്‍ എങ്ങനെ സമ്പന്നന്‍ ആയെന്നറിയാനുള്ള നീക്കങ്ങള്‍ നടത്തി.മുന്പ് എല്ലായിടത്തും തെണ്ടി നടന്ന പിച്ചനെ പുറത്തെങ്ങും കാണാനുമില്ല.അവസാനം നാട്ടുകാര്‍ എങ്ങനെയോ പിച്ചനു കിട്ടിയ വരത്തെക്കുറിച്ച് അറിഞ്ഞു.ആ അത്ഭുത മനുഷ്യനെ കാണാന്‍ നാട്ടുകാര്‍ പിച്ചന്റെ ബംഗ്ലാവിലെത്തി.എന്നാല്‍ പിച്ചന്റെ ഭാര്യയും മക്കളും അവരെയെല്ലാം ആട്ടിയോടിച്ചു.അങ്ങനെ അവര്‍ നാട്ടുകാരുടെ ശല്യം സഹിക്ക വയ്യാതെ പിച്ചനെ ഒരു മുറിയില്‍ ഇട്ടു പൂട്ടി.പിച്ചന്‍ ആകെ ധര്‍മ സങ്കടത്തിലായി.പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ അയാള്‍ തീര്‍ത്തും സ്വാതന്ത്ര്യമില്ലാത്തവനായി.എങ്കിലും തന്റെ ഭാര്യയും മക്കളും സന്തോഷത്തില്‍ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ പിച്ചന്‍ എല്ലാം മറക്കും.ഭാര്യയും മക്കളും മെല്ലെ മെല്ലെ പിച്ചന്റെ വലതു കൈ,കാലുകള്‍ എല്ലാം മുറിച്ചു വിറ്റു.എല്ലാ പെണ്‍ മക്കളുടെയും കല്യാണം കെങ്കേമമായി നടന്നു.നാട്ടിലെ വല്യ സമ്പന്നന്‍മാര്‍ക്ക് ആണ് പെണ്‍ കുട്ടികളെ വിവാഹം കഴിച്ചു കൊടുത്തത്.മിക്കവാറും അവയവങ്ങള്‍ നഷ്ടപ്പെട്ട പിച്ചന്‍ എല്ലാ വേദനകളിലും തന്റെ കുടുംബത്തിന്റെ ഉയര്‍ച്ചയില്‍ സന്തോഷം കൊണ്ടു.ഒരു ദിവസം യാദൃശ്ചികമായി ഭാര്യയും മക്കളും മരു മക്കളും എന്തോ അടക്കം പറയുന്നത് അയാള്‍ കേട്ടു.

"മിക്കവാറും എല്ലാ അവയവങ്ങളും നഷ്ടപ്പെട്ട അച്ഛന്‍ ഇനി ജീവിച്ചിരുന്നിട്ടും വല്യ കാര്യമില്ല.നമുക്ക് ബാക്കിയുള്ള അവയവങ്ങള്‍ കൂടി മുറിച്ചു വില്‍ക്കാം.മാത്രമല്ല നാട്ടുകാര്‍ മുഴുവനും അറിഞ്ഞു കഴിഞ്ഞു അച്ഛന്റെ ശരീരം സ്വര്‍ണ്ണത്തിലുള്ളതാണെന്നു!.കള്ളന്മാര്‍ എങ്ങാനും തട്ടി കൊണ്ട് പോയാലോ?".ഇത് കേട്ടു പിച്ചന്റെ നെഞ്ചൊന്നു കാളി.ഭഗവാനെ എന്റെ കുടുംബത്തിനു വേണ്ടി എന്റെ ശരീരം ഞാന്‍ അടിയറവു വെച്ചിട്ടും എന്റെ ഭാര്യയും കുട്ടികളും എന്റെ നന്മകള്‍ കണ്ടില്ലല്ലോ..ബാക്കിയുള്ള അവയവങ്ങള്‍ കൂടി മുറിച്ചു വില്‍ക്കാനുള്ള അവരുടെ ആര്‍ത്തിയില്‍ ഞാന്‍ അവരെ ജീവന് തുല്യം സ്നേഹിക്കുന്നത് അവര്‍ വിസ്മരിച്ചുവോ ? അയാളുടെ കണ്ണുകളില്‍ നിന്നും സ്വര്‍ണ്ണ കണ്ണീര്‍ ഒഴുകി കവിളുകളില്‍ സ്വര്‍ണ്ണ മുത്തുകളായി പറ്റി പിടിക്കാന്‍ തുടങ്ങി.. പെട്ടെന്ന് അടക്കം പറച്ചില്‍ നിന്നു.

മുറിയുടെ കതകു തള്ളി തുറന്നു ഭാര്യയും,മക്കളും,മരുമക്കളും ...അവര്‍ അയാളെ വട്ടം പിടിച്ചു.അവരുടെ കൈകളില്‍ കത്തിയും,കടാരയും,വെട്ടു കത്തിയും ഒക്കെയുണ്ടായിരുന്നു.തന്നെ കൊല്ലരുതെയെന്നു അയാള്‍ കേണപേക്ഷിച്ചു .. അവര്‍ ചെവി കൊണ്ടില്ല ..അയാളുടെ രോദനം നാല് ചുവരുകള്‍ക്കുള്ളില്‍ പ്രതിധ്വനികളായി മാറി.അവര്‍ അയാളെ കഷ്ണം കഷ്ണങ്ങളായി മുറിക്കാന്‍ തുടങ്ങി,കഴുത്ത്,തല,കണ്ണുകള്‍,ചെവികള്‍,കുടല്‍,അസ്ഥികള്‍ എല്ലാം അവര്‍ ആര്‍ത്തിയോടെ പങ്കു വെച്ചു.ശരീരത്തിലെ എല്ലാ അവയവങ്ങളും സ്വര്‍ണ്ണമായിരുന്ന പിച്ചന്റെ ഹൃദയം മാത്രം മാംസത്തില്‍ ഉള്ളതായിരുന്നു.അവര്‍ ഹൃദയം എടുത്തു തിരിച്ചും മറിച്ചും നോക്കി.അതിന്റെ തുടിപ്പ് അപ്പോഴും നിലച്ചിരുന്നില്ല .. അത് സ്വര്‍ണ്ണമല്ലാത്തതിനാല്‍ അവര്‍ അത് ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞു.പങ്കിട്ടെടുത്ത സ്വര്‍ണ്ണ അവയവങ്ങളുമായി അട്ടഹസിച്ചു കൊണ്ട് അവര്‍ പോകുമ്പോഴും പിച്ചന്റെ ഹൃദയം ചവറ്റു കുട്ടയില്‍ കിടന്നു തുടിക്കുന്നുണ്ടായിരുന്നു തന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ....

2 comments:

  1. oru pravasi malayaliyude chithram ano ithu?

    ReplyDelete
  2. ഒരു പുരുക്ഷായുസ്സു മുഴുവന്‍ തന്റെ കുടുംബത്തിനായ് ജീവിച്ചു അവസാനം പ്രിയപ്പെട്ടവരാല്‍ തള്ളി പറയപ്പെടുന്ന അല്ലങ്കില്‍ പുറം തള്ളപ്പെടുന്ന അനേകം മനുഷ്യരുടെ പ്രതീകമാണ് പിച്ചന്‍ എന്ന സ്വര്‍ണ്ണ മനുഷ്യന്‍ ... വരം ചോദിച്ചത് തന്റെ സുഖങ്ങള്‍ക്കല്ല എന്ന് മനസിലാക്കുമ്പോഴാണ് പിച്ചനു തന്റെ കുടുംബത്തോടുള്ള പ്രദിബദ്ദത ഇവിടെ വ്യക്തമാകുന്നത് ... ഭാര്യയും,മക്കളും,മരുമക്കളും എല്ലാ അവയവങ്ങളും മുറിച്ചു എടുക്കുമ്പോഴും പിച്ചന്‍ ഒരിറ്റു കരുണ തന്റെ പ്രിയപ്പെട്ടവരില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു ... തന്റെ ജീവന് വേണ്ടി കേണതു തന്നെ പിച്ചനു സുഖ ലോലുപനായി ജീവിക്കുവാന്‍ ആയിരുന്നില്ല .. തന്റെ കുടുംബം സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആയിരുന്നു ... പിച്ചന്റെ ഭാര്യയും മക്കളും ഒരിക്കലും അയാളിലെ നന്മകളെ കാണാന്‍ ശ്രമിച്ചില്ല .. സ്വര്‍ണ്ണത്തിന്റെ മഞ്ഞളിപ്പില്‍ അവര്‍ അന്ധരായി .. ആ അന്ധതയില്‍ അവര്‍ പിച്ചനെന്ന ആ നല്ല മനുഷ്യന്റെ നന്മകള്‍ മറന്നു പോയി ..

    ReplyDelete