Friday, November 27, 2009

1990

ആദ്യമായി പടിയിറങ്ങി
പ്രവാസിയായപ്പോള്‍
കണ്ണുകളില്‍ നനവും
തിളക്കവുമുണ്ടായിരുന്നു.

ഹരിത മോഹത്തിന്റെ
പച്ചപ്പുകള്‍ വിട്ടകന്നു
മരുഭൂമിയില്‍ സ്വപ്നം
വിതച്ചു കാത്തിരുന്നപ്പോള്‍
നിനച്ചിരിക്കാതെയൊരു
അധിനിവേശവും ഘോര യുദ്ധവും.

നഷ്ട്ടക്കെടുതികള്‍ നെഞ്ചിലേറ്റി
മരിച്ച മനസുമായി
അത്തറിന്റെ മണമകന്നു
ചുളിഞ്ഞു വികൃതമായ
അവസാനത്തെ പണത്താളും
കാലിയാക്കിയ കീശയുമായി
സ്വദേശത്തിലെത്തി-
ഉറ്റവരുമുടയവരുമായി
നഷ്ടപ്പെടലുകളുടെ ദുരിത
വേദന പങ്കു വച്ചയാള്‍.

പ്രിയരുടെ എന്ന് മടങ്ങുമെന്ന
ചോദ്യത്തിനുത്തരമില്ലാതെ
വെറുപ്പോ ശാപമോ കൂട്ടിക്കുഴച്ചു-
ഉറ്റവര്‍ വച്ച് നീട്ടിയ ഭക്ഷണം
കുത്ത് വാക്കിനാല്‍ അന്നനാളത്തിലുടക്കി
ആമാശയത്തിലെത്താതെ
വിമ്മിട്ടത്തിനന്ത്യത്തില്‍ പുളിച്ചു
തികട്ടി തിരസ്ക്കരിക്കുമ്പോഴും
വീണ്ടും കൊതിച്ചയാള്‍ ഒരിക്കലും
തീരാത്തയീ പ്രവാസത്തിനായ്.



കുറിപ്പ് : 1990 കുവൈറ്റിലെ ഇറാക്ക് അധിനിവേശവും,യുദ്ധവും പ്രവാസികള്‍ക്ക്(കുവൈറ്റികള്‍ക്കും) ഓര്‍ക്കാപ്പുറത്ത് കിട്ടിയ ഒരടിയായിരുന്നു .. മാസങ്ങളോളം കുടിക്കാന്‍ വെള്ളമില്ലാതെ,കഴിക്കുവാന്‍ ഭക്ഷണമില്ലാതെ ( ഫയര്‍ എകസ്ടിങ്ങൂഷറിലെ വെള്ളം വരെ അവര്‍ കുടിച്ചിരുന്നു.പൂപ്പു പിടിച്ചു ഉണങ്ങിയ കുബ്ബുസ് വെള്ളത്തില്‍ കുതിര്‍ത്തു അവര്‍ കഴിച്ചിരുന്നു ) സംബാദിച്ചതെല്ലാം അവിടെ നഷ്ട്ടപ്പെടുത്തി കീറി മുഷിഞ്ഞ തുണിയുമുടുത്തു നാട്ടില്‍ വന്നിറങ്ങി ദുരിതമനുഭവിച്ച കുവൈറ്റ്‌ പ്രവാസി സുഹൃത്തുക്കള്‍ക്കായ്‌ ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു.

3 comments:

  1. നന്നായിരിയ്ക്കുന്നു മാഷേ

    ReplyDelete
  2. നന്നായിരിയ്ക്കുന്നു

    ReplyDelete