Friday, February 24, 2012

വിവാദങ്ങളുടെ കാമുകന്‍ യാത്രയായി !!

കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും,വിഷയങ്ങളും എഴുതി ജന മധ്യത്തിലേക്ക് വലിച്ചെറിഞ്ഞു ഒളിച്ചിരുന്ന് കളി കണ്ടു രസിക്കുന്ന ഒരു എഴുത്തുകാരന്‍ ആയിരുന്നില്ല അഴീക്കോട് മാഷ്‌... .എഴുതുകയും ഒപ്പം അതിലെ ചിന്തകള്‍ പൊതു വേദികളില്‍ ജനങ്ങളുമായി പങ്കു വെക്കാനും,ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ചുരുക്കം ചില ചിന്തകമാരില്‍ ഒരാളായിരുന്നു അദ്ദേഹം.സമൂഹത്തില്‍ നടക്കുന്ന നന്മകളെ പുകഴ്ത്താനും,തിന്മകളെ വിമര്‍ശിക്കുവാനും അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല.അദ്ദേഹത്തിന്റെ ബോധ മണ്ഡലങ്ങളില്‍ നിന്നും ഉദിച്ചുയര്‍ന്ന രാക്ഷ്ട്രീയ നിരീക്ഷണങ്ങള്‍ രാക്ഷ്ട്ര നന്മക്കു ഉതകുന്നതായിരുന്നു.പ്രത്യശാസ്ത്രങ്ങള്‍ക്ക് അപചയം സംഭവിപ്പിക്കുന്ന അധികാരത്തിന്റെ രാക്ഷ്ട്രീയം അദ്ദേഹത്തിന് ഒരുപാട് വെറുപ്പുളവാക്കിയിരുന്നു.ആ വെറുപ്പിന്റെ ധ്വനി നല്ലൊരു വാഗ്മിയും,പ്രഭാഷകന്‍ കൂടിയായ അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ മുഴച്ചു നിന്നിരുന്നു.

വേദങ്ങളിലും,ഉപനിഷത്തുക്കളിലും മുങ്ങാന്‍ കുഴിയിട്ട് അതില്‍ ഭാരതീയ ദര്‍ശനത്തിന്റെ അടിവേരുകള്‍ കണ്ടെത്തിയ അദ്ദേഹം തത്വമസി എന്ന ഗ്രന്ഥത്തിന് ജന്മം നല്‍കി.വാല്മീകി മര്യാദ പുരുഷോത്തമന്‍ എന്ന് വിശേഷിപ്പിച്ച രാമന്റെ നെറികേടിനു ബലിയാടായ സീതയുടെ നിസ്സഹായതയെ പുരുഷ മേധാവിത്വത്തിന്റെ മാനസിക വൈകല്യമായി വാദിക്കുവാന്‍ അദ്ദേഹം ഭയപ്പെട്ടിരുന്നില്ല.ചായം പൂശിയ ചര്‍മ്മ കാന്തിയും,പണത്തിന്റെയും പ്രശസ്തിയുടെയും പകിട്ടുമാണ് സൌന്ദര്യം എന്ന് ചിന്തിക്കുന്നത് ബാലിശമാണെന്നും അറിവും, ജ്ഞാനവും,വിവേകവും,നന്മയുള്ള,നല്ലതുമാത്രം ചിന്തിക്കുന്ന,പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് യഥാര്‍ഥ സൌന്ദര്യമെന്നു അദ്ദേഹം പ്രസ്താവന നടത്തിയപ്പോള്‍ അതിന്റെ പൊരുള്‍ മനസിലാക്കാതെ വിരൂപിയായ ഒരുത്തന്റെ വികൃതമായ ചിന്തയില്‍ നിന്നും ഉത്ഭവിച്ച വെറും ജഡില ജല്പനമായി അദ്ദേഹത്തിന്റെ പ്രസ്താവനയെ സിനിമാ ലോകത്തെ സിംബളന്മാര്‍ പുച്ചിച്ചു തള്ളിയിരുന്നു.

സിനിമാ നടന്‍ മോഹന്‍ലാല്‍ കുടിയന്മാരുടെ രാജാവ്,മദ്യത്തിന്റെ പ്രചാരകന്‍( (എന്ന് അദ്ദേഹം വിമര്‍ശിച്ചപ്പോള്‍ അഴിക്കോട് ബുദ്ദി ഭ്രംശം സംഭവിചയാള്‍ എന്ന് മോഹന്‍ലാലും തിരിച്ചു അദ്ദേഹത്തിനെതിരെ പത്ര പ്രസ്താവന നടത്തി.ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താര സംഘടനയായ അമ്മ അദ്ദേഹത്തിനെതിരെ മാന നഷ്ട കേസ് ഫയല്‍ ചെയ്തു .ഇതില്‍ ക്ഷുഭിതനായ അഴിക്കോട്‌ മോഹന്‍ലാലിനു എതിരെയും കേസ് കൊടുത്തു.എന്നാല്‍ ബോണ്‍ ക്യാന്‍സര്‍ പിടിപെട്ടു അഴിക്കോട്‌ ആശുപത്രി കിടക്കയില്‍ കിടന്നപ്പോള്‍ പരസ്പരം പറഞ്ഞു തീര്‍ത്തു കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. വിവാദങ്ങള്‍ ഇത് കൊണ്ടും തീര്‍ന്നില്ല.സിനിമാ നടന്‍ തിലകനെ അമ്മ പുറത്താക്കിയ സന്ദര്‍ഭത്തില്‍ അദ്ദേഹം അമ്മയെ നിശിതമായി വിമര്‍ശിച്ചു.അമ്മ അധോലോകമായാണ് പ്രവര്‍ത്തിക്കുന്നതെന്നും,അമ്മ മക്കളുടെ ചോര കുടിക്കുന്ന പിശാചാണ് എന്നും അദ്ദേഹം നടത്തിയ പരാമര്‍ശം അമ്മയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.

കേന്ദ്ര മന്ത്രി വയലാര്‍ രവിയുടെ മകന്‍ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം നടത്തിയപ്പോള്‍ പുണ്യാഹം നടത്തിയ ഗുരുവായൂര്‍ ദേവസ്വത്തിന്റെ നടപടിക്കെതിരെ അദ്ദേഹം മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് പ്രതികരിച്ചിരുന്നു.ഓബീസിക്കാരനായ യദു കുലത്തില്‍ ജനിച്ച യാദവനായ കൃഷ്ണ ഭാഗവാന് എന്ത് അയിത്തമാണു തന്റെ ഭക്തന്മാരോട് ഉള്ളതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു ചോദിച്ചു.അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടിയ ദേവസ്വം ബോര്‍ടുകാര്‍ അഹിന്ദുക്കള്‍ക്ക്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനമില്ല എന്നും അത് ക്ഷേത്രാചാരാത്തിനു എതിര് ആണ്എന്നുമൊക്കെ പറഞ്ഞു വല്ല വിധേനെയും തടി തപ്പി എന്ന് തന്നെ പറയാം. ഒരു മരുന്നിനു പല വില ഈടാക്കുകയും,വ്യാജ മരുന്നുകള്‍ നിര്‍മ്മിച്ച്‌ ജനങ്ങളെ കൊന്നു കൊണ്ടിരുന്ന മരുന്ന് കമ്പനികള്‍ക്കെതിരെ അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊലയാളികളുടെ സംഘടനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.മാതാ അമ്രിതാനന്ദമയിയുടെ പ്രസ്ഥാനത്തിന്റെ കച്ചവട സാധ്യതകള്‍ ലാക്കാക്കി അവരോടൊപ്പം കൂട്ടുകൂടിയ പുത്തന്‍ പണക്കാരെയും അദ്ദേഹം വെറുതെ വിട്ടില്ല.വെറുതെ കെട്ടി പിടിച്ചു ഈ ലോകം നന്നാക്കാന്‍ പറ്റില്ലായെന്നും ഒരു ജോലിയും കൂലിയുമില്ലാതെ അലഞ്ഞു നടക്കുന്ന കുടവയറന്‍മാരെയല്ല മറിച്ച്‌ കുഷ്ടരോഗികളെയാണ് അവര്‍ ആലിംഗനം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.


കുഞ്ഞു കുട്ടി പരാധീനങ്ങള്‍ ഇല്ലാതെ എഴുതിയും,വായിച്ചും,വാദിച്ചും ഏകനായ് ജീവിച്ചിരുന്ന അദ്ദേഹത്തിനും ഒരു പ്രണയം ഉണ്ടായിരുന്നു.റിട്ടയിട് കോളേജ് പ്രിന്‍സിപ്പല്‍ ആയ വിലാസിനി ടീച്ചറുമായുള്ള ആ ബന്ധം വിവാഹ ആലോചനയില്‍ വരെ എത്തിയതായിരുന്നു.ഏതോ കാരണത്താല്‍ ആ വിവാഹം നടക്കാതെ പോയി.തന്റെ ആത്മ കഥയില്‍ അഴിക്കോട്‌ മാഷ്‌ ടീച്ചറെ ഒരു മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചു എന്നും പറഞ്ഞു ടീച്ചറും അദ്ദേഹത്തിന് എതിരെ അപകീര്‍ത്തിക്ക് കേസ്ഫയല്‍ ചെയ്തിരുന്നു.എന്തൊക്കെ തന്നെയായാലും നല്ലൊരു,വാഗ്മിയും,രാക്ഷ്ട്രീയ നിരീഷകനെയും,ചിന്തകനെയും,വിമര്‍ശകനെയും ആണ് നമുക്ക് നഷ്ടപ്പെട്ടത്,അഴിക്കോട് മാഷിന്റെ ദേഹ വിയോഗത്തില്‍ ഈ കാലഘട്ടത്തിലെ മലയാള ഭാഷാ കുലപതിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്.വിവാദങ്ങളില്‍ മുഴുകിയിരുന്ന അദ്ദേഹത്തിന്റെ മരണ ശേഷവും അദ്ദേഹത്തിന്റെ ഭൌതീക ശരീരം എവിടെ ദഹിപ്പിക്കണം എന്ന തര്‍ക്കവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഇടയില്‍ നില നിന്നിരുന്നു.അദ്ദേഹത്തിന്റെ മൃത ശരീരം ദഹിപ്പിക്കുന്നത് ത്രിശൂരിലോ കണ്ണൂരിലോ എന്ന തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ടു മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മധ്യസ്ഥതയില്‍ ഒടുവില്‍ അദ്ദേഹത്തിന്റെ ഭൌതീക ശരീരം അദ്ദേഹത്തിന്റെ ജന്മനാടായ കണ്ണൂരിലെ അഴിക്കൊടില്‍ ദഹിപ്പിക്കാന്‍ തീരുമാനമായി.മലയാളത്തിന്റെ സിംഹ ഗര്‍ജനമായിരുന്ന അഴിക്കോട് മാഷിനു യാത്രാ മൊഴി നല്‍കാം ഒപ്പം ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.

No comments:

Post a Comment