Friday, February 4, 2011

കൈക്കൂലി

മകനെ
ഞാന്‍ മരിച്ചാല്‍ എന്നെ കത്തിച്ചു ചാരമാക്കരുത്‌
എനിയ്ക്ക് നാളെ ഉയിര്‍ത്തെഴുന്നേല്‍ക്കണം
ബാക്കി വെച്ച് പോയതെല്ലാം ചെയ്തു തീര്‍ക്കണം
മൂക്കില്‍ പഞ്ഞി വയ്ക്കരുത് മലിനമെങ്കിലുംഎനിക്ക്
നിഷിദ്ദമായ ജീവ വായു ഒരിക്കല്‍ കൂടി ശ്വസിക്കണം

കാലിലെ തള്ള വിരലുകള്‍ കൂട്ടി കെട്ടരുത്
ഒരിക്കല്‍ കൂടി വീണുമെണീറ്റും പിച്ച വച്ച് നടക്കണം
തേങ്ങാ മുറിയില്‍ തിരിയിട്ടു തലയ്ക്കു വിളക്ക് വയ്ക്കരുത്
വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും പൊള്ളുന്ന വിലയാണ്

നാറുന്നയീ ദേഹത്തില്‍ പൂ കൊണ്ട് മൂടരുത്
ആ പൂക്കള്‍ കൊണ്ട് ആള്‍ ദൈവങ്ങള്‍ക്ക് മെത്തയൊരുക്കൂ
നിന്റെ ഭംഗിയുള്ള തലമുടി മുണ്ഡനം ചെയ്യരുത്
ഒരു പക്ഷെ നിന്റെ സഹധര്‍മ്മിണി വിവാഹ മോചനം ചോദിച്ചേക്കാം
പുല കുളി അടിയന്തിരത്തിന് സാമ്പാറും പായസവും വിളംബരുത്
ദുഃഖം പറഞ്ഞു വരുന്നവര്‍ക്ക് കട്ടന്‍ ചായയും പരിപ്പുവടയും കൊടുത്താല്‍ മതി
നാല്‍പത്തൊന്നു ദിവസം വ്രുതമനുഷ്ടിക്കണ്ട
നാല്പത്തൊന്നു നാഴിക വിശന്നിരിക്കാന്‍ നിനക്ക് കഴിയില്ല

കണ്ണ് ഞെരടി നീ കരയണ്ട
ഈറനാവാത്ത നിന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയെക്കാം
ആണ്ടു ബലി നടത്തി ഉപ്പില്ലാത്ത ചോറ് തരരുത്
നല്ല ബിരിയാണിയും കപ്പയും ബീഫുമെല്ലാം വേണം
കുടിയ്ക്കുവാന്‍ ഹണി ബീയുടെ ഒരു പൈന്റ് എങ്കിലും കരുതണം

അമ്മയോട് പൊട്ട് വയ്ക്കാന്‍ പറയണം
കാഞ്ചീപുരം സാരിയുടുക്കാന്‍ പറയണം ( പറഞ്ഞില്ലെങ്കിലും അവളതു ചെയ്യും )
എന്റെ ഫോട്ടോ ചുവരില്‍ തൂക്കി രാമച്ചത്തിന്‍ മാലയിടരുത്
മെഴുകു തിരിയോ വിളക്കോ തെളിക്കരുത്
ശവ കുടീരം പണിതു കാഴ്ച വസ്തുവാക്കരുത്
പത്ര താളുകളില്‍ ചരമ കോളത്തില്‍ എന്നെ കോമാളിയാക്കരുത്

ഇതിനെല്ലാം സമ്മതമാണെങ്കില്‍
നീ പറയുന്ന തീയതിയില്‍ നീ പറയുന്ന നേരത്ത്
ബിനാമിയായി കിടക്കുന്ന എന്റെ സ്വത്തെല്ലാം
സുനാമിയായി നിന്‍ മുന്നിലെത്തും തീര്‍ച്ച.

1 comment:

  1. പണ്ടാരമടങ്ങാന്‍
    മരിക്കുമ്പോഴും ഉപദേശമാണോ?
    ---------------
    നന്നായിട്ടുണ്ട് !!

    ReplyDelete