Friday, February 4, 2011

വിശ്വകര്‍മ്മന്‍

മഴ പെയ്തു കഴിഞ്ഞാല്‍ തോട് കവിഞ്ഞൊഴുകും .തെങ്ങിന്‍ തടി കൊണ്ടുള്ള പാലം വഴിയാണ് വീട്ടില്‍ നിന്നും വരമ്പിലേക്ക്‌ പോകുവാനുള്ളത്.തെങ്ങിന്‍ പാലത്തില്‍ കൂടി സൂക്ഷിച്ചു നടന്നില്ലായെങ്കില്‍ കാലു വഴുതി തോട്ടിലേക്ക് വീഴും.പിന്നെ പറഞ്ഞിട്ട് കാര്യമില്ല ഏതെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കാണ് പോകുന്നതെങ്കില്‍ എല്ലാം അവതാളത്തിലാകും.കൊച്ചുനാളില്‍ മുത്തുരാമന്‍ അണ്ണന്റെ കൈ പിടിച്ചു സ്കൂളിലേക്ക് പോകുമ്പോള്‍ പലവട്ടം അണ്ണനും താനും കാലു വഴുതി തോട്ടിലേക്ക് വീണത്‌ രംഗന്‍ ഓര്‍ത്തു.ചളിയിലും ചേറിലും വീണു അടയാളം കണ്ടു പിടിക്കാന്‍ ആകാതെ തന്നെയും മുത്ത്‌ അണ്ണനെയും കണ്ടു അമ്മ അരിശത്തോടെ ഇങ്ങനെ പറയുമായിരുന്നു ... "സ്കൂളുക്ക് പോക വെണാന്ന ചൊന്നാ പോതുമേ ... ഏന്‍ ഇന്ത കണ്ട്രാവിയെല്ലാം" .. പിന്നെ ഞങ്ങളെ രണ്ടാളെയും കിണറ്റിന്‍ ചോട്ടിലിട്ടു ചവുട്ടി കഴുകലായി ... പിന്നെ മഴക്കാലത്ത് പനി പിടിച്ചു കിടക്കുക ... ബണ്ണും, ചുക്ക് കാപ്പിയും കുടിക്കുവാന്‍ പല വട്ടം തനിക്കു പനി വരണേയെന്നു താന്‍ പ്രാര്‍തിച്ചതായി രംഗന്‍ ഓര്‍ത്തു.

അപ്പ പെരുമാള്‍ ആചാരി ചാലയില്‍ നിന്ന് വരുമ്പോള്‍ കാക്കി സഞ്ചിയില്‍ നിറയെ മുറുക്കും,പലഹാരങ്ങളും കൊണ്ട് വരും...മുത്തു അണ്ണനും,താനും ബോളിക്കും ,ലടുവിനും വേണ്ടി തല്ലു പിടിക്കാറുണ്ട്.അപ്പാക്ക്‌ നല്ല ആഡറുകള്‍ വരുമ്പോഴാണ് ഞങ്ങള്‍ക്ക് ആഘോഷം.താലി,വളകള്‍,മാലകള്‍,കമ്മലുകള്‍ ഒട്യാണങ്ങള്‍ തുടങ്ങി എല്ലാ ആഭരണങ്ങളും അപ്പ വളരെ ഭംഗിയായി കരവിരുതുകളോടെ ചെയ്തു കൊടുക്കുമായിരുന്നു.ചാലയിലെ വന്ബന്‍ സ്വര്‍ണ്ണ കടക്കാര്‍ക്ക് പെരുമാള്‍ ആചാരി പ്രിയങ്കരനായിരുന്നു.പണിയിലെ സത്യ സന്ധതയും,സമയത്തിനു ആഭരണങ്ങള്‍ പണി തീര്‍ത്തു കൊടുക്കുന്നത് കൊണ്ടുമാണ് അപ്പയെ എല്ലാരും ഇഷ്ടപ്പെട്ടിരുന്നത്.മാത്രമല്ല നാട്ടിലെ പെണ്‍ കുഞ്ഞുങ്ങള്‍ക്ക്‌ കാത്തു കുത്തുന്നതിനും,കല്യാണ താലികള്‍ ചെയ്തു കൊടുക്കുന്നതിനും നാട്ടുകാര്‍ അപ്പയെ തന്നെ ആശ്രയിച്ചു പോന്നിരുന്നു.താനും മുത്തു അണ്ണനും രാത്രി ഉറക്കമൊഴിച്ചു അപ്പയെ സഹായിച്ചു പോന്നു.പൊന്നുരുക്കുവാന്‍ ഉലയൂതിയിരുന്നത്‌ താനും,ആഭരണങ്ങളുടെ അവസാന മിനുക്ക്‌ പണികള്‍ ചെയ്തിരുന്നത് മുത്തു രാമന്‍ അണ്ണന്മായിരുന്നു.സ്വര്‍ണ്ണം വീടിന്റെയും നാടിന്റെയും സമ്പത്തും ഐശ്വര്യമാനെന്നും അതിനെ നോവിക്കാതെ ക്ഷമയോടും കരുതലോടും കൂടി മാത്രമേ ഒരു ആചാരി അതിനു രൂപങ്ങള്‍ മെനയാവൂ എന്നും അപ്പാ തങ്ങള്‍ക്കു പറഞ്ഞു തന്നിരുന്നു.

അങ്ങനെ സന്തോഷത്തോടെ ജീവിച്ചു പോന്നിരുന്ന തങ്ങള്‍ക്കിടയില്‍ ഒരു ദുരന്തമായി അപ്പായുടെ വിയോഗം.പെട്ടെന്നൊരു ദിവസം പണി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അപ്പാ കുഴഞ്ഞു വീണത്‌.മാരിയമ്മന്‍ കുടക്കു ദേവിക്ക് ചാര്‍ത്താന്‍ സ്വര്‍ണ്ണ പൊട്ടു ഉണ്ടാക്കുകയായിരുന്നു.ഹൃദയ സ്തംഭനം ആയിരുന്നു.കുഴഞ്ഞു പോയ നാക്ക് കൊണ്ട് എന്തോ അവ്യക്തമായി പറഞ്ഞു കൊണ്ട് മുത്തു അണ്ണന്റെ കയ്യില്‍ അമ്മയുടെയും,തന്റെയും കൈ പിടിച്ചു കൊണ്ട് സ്നേഹ നിധിയായ അപ്പാ എന്നെന്നേക്കുമായി കണ്ണുകളടച്ചു.പിന്നെ അപ്പായുടെ ജോലികള്‍ എല്ലാം തന്നെ മുത്തു അണ്ണന്‍ ഏറ്റെടുത്തു ചെയ്യുവാന്‍ തുടങ്ങി.അണ്ണന്‍ എട്ടാം ക്ലാസ് വരെയേ പോയുള്ളൂ..അണ്ണന്‍ പഠിത്തം നിര്‍ത്തി മുഴുവന്‍ സമയവും കുല തൊഴിലില്‍ വ്യാപ്രതനായി.താനും അണ്ണനെ സഹായിച്ചു കൊണ്ട് കാലങ്ങള്‍ നീക്കി.അണ്ണന് വിവാഹ പ്രായം ആയി എന്ന് ബോധ്യമായപ്പോള്‍ അമ്മ അണ്ണനെ വിവാഹം കഴിക്കുവാന്‍ പ്രേപ്പിച്ചു.അങ്ങനെ പെണ്ണ് കാണാന്‍ പോയി.ആര്യ ശാലയിലെ അമ്മയുടെ ആങ്ങള മണി മാമന്റെ മകള്‍ വള്ളിയമമാള്‍.അണ്ണന്റെ മുറ പെണ്ണ് ആണ്.മഹാ ലക്ഷ്മി തോറ്റു പോകും മധിനിയെ* കണ്ടാല്‍.

അങ്ങനെ മധിനി വലതു കാലു വച്ച് തങ്ങളുടെ ജീവിതത്തില്‍ കയറി വന്നു.അമ്മയെ സ്വന്തം അമ്മയായും തന്നെ സ്വന്തം മകനായും മധിനി സ്നേഹിച്ചു പോന്നു.മുത്തു അണ്ണന്‍ മുന്ബത്തെക്കാളും സന്തോഷവാനായും പ്രസന്ന വദനായും കണ്ടു.അണ്ണന്‍ അപ്പയെ പോലെ ചാലയില്‍ നിന്നും വരുമ്പോള്‍ മുറുക്കും പലഹാരങ്ങളും കൊണ്ട് വന്നിരുന്നു.കൂട്ടത്തില്‍ കുറെ കുപ്പി വളകളും,ചാന്തും,പൊട്ടുകളും,അലുവയും,മുല്ലപ്പൂവും കൊണ്ട് വന്നിരുന്നു.ആദ്യമാദ്യം അതെന്തിനാണ് എന്ന് മനസിലായില്ല.പിന്നെ പിന്നെ പ്രഭാതങ്ങളില്‍ ഉറക്കമെണീട്ട് വരുമ്പോള്‍ മധിനിയുടെ തലയില്‍ അണ്ണന്‍ തലേന്ന് കൊണ്ട് വന്ന മുല്ല പൂക്കള്‍ വാടിയിരിക്കുന്നതു കാണാമായിരുന്നു.ഒരു ദിവസം കോലായില്‍ കുനിഞ്ഞിരുന്നു മധിനി ചര്ധിക്കുന്നുണ്ടായിരുന്നു.പിന്നെ ഓരോ മാസവും മധിനിയുടെ വയറു വീര്‍ത്തു വീര്‍ത്തു വന്നു.അണ്ണന്‍ ചാലയില്‍ നിന്നും വരുമ്പോള്‍ പല തരത്തിലുള്ള പലഹാരങ്ങള്‍ കൊണ്ട് വരാന്‍ തുടങ്ങി.അങ്ങനെ മധിനി പ്രസവിച്ചു.പെണ്‍ കുഞ്ഞു.അവള്‍ക്കു പേരിട്ടു രത്തിനം.

എന്തോ രത്തിനം ജനിച്ചതിനു ശേഷം അണ്ണന്റെ ആ സന്തോഷവും പ്രസരിപ്പുമെല്ലാം അങ്ങ് പോയി.അണ്ണന്‍ എപ്പോഴും ദുഖിചിരിക്കുന്നത് കാണാം.യുവത്വത്തിന്റെ പടി വാതില്‍ക്കല്‍ നില്‍ക്കുന്ന തനിക്കു ഇപ്പോള്‍ കാര്യങ്ങള്‍ ഊഹിചെടുക്കുവാന്‍ വല്യ പ്രയാസമില്ല.മുത്തു അണ്ണന് ഒരു ആണ്‍ കുഞ്ഞിനെ വേണം.തന്റെ വാരിസ് ആയി ഒരു ആണ്‍ തരി.പിന്നെയും അണ്ണന്‍ മുല്ല പൂക്കളും,അലുവയും വാങ്ങി വന്നു.മധിനി പല വട്ടം ചര്‍ദിച്ചു.ഒന്നിന് പുറകെ ഒന്നായി പെണ്‍ കുഞ്ഞുങ്ങള്‍.മൊത്തം ആറു പെണ്‍ കുട്ടികള്‍.അവസാനത്തെ മകള്‍ അഭിരാമി.അണ്ണന്‍ തീരാ ദുഖതിലായി.സമയത്തിന് ആഹാരമില്ല.ജോലിയില്‍ ശ്രദ്ധ ഇല്ല.ഇടയ്ക്കിടയ്ക്ക് അണ്ണന്‍ കുടിച്ചു വരുവാനും തുടങ്ങി.ദിവസവും മധിനിയുമായി വഴക്കിടും.അവര്‍ കുഞ്ഞുങ്ങളെയും കെട്ടി പിടിച്ചു കരഞ്ഞു കൊണ്ടിരിക്കും.അണ്ണന്റെ പീഡനങ്ങള്‍ കണ്ടു നെഞ്ചു പൊട്ടി അങ്ങനെ അമ്മയും യാത്രയായി.ഒരു പരിഭവങ്ങളും പരാതികളും ഇല്ലാത്ത ലോകത്തേക്ക്.അപ്പ പോയ അതെ വഴിയില്‍.

അങ്ങനെ താന്‍ ഈ ലോകത്ത് തീര്‍ത്തും അനാഥമായത് പോലെ തോന്നി ആ നാളുകളില്‍.അണ്ണനെ ഗുണ ദോഷിക്കാന്‍ തനിക്കു ആകുമായിരുന്നില്ല.മണി മാമന്‍ കുറെയൊക്കെ ഉപദേശിച്ചു നോക്കി.ആറ്റുകാല്‍ കൊണ്ട് പോയി ഭജനയിരുത്തി നോക്കി ഒരു രക്ഷയുമില്ല.തല്ലണ്ട അമ്മാവാ ഞാന്‍ നന്നാകില്ല എന്ന അണ്ണന്റെ പോക്ക് നാള്‍ക്കു നാള്‍ വഷളായി. അണ്ണന്‍ മുഴു കുടിയനായി.ഏറ്റെടുക്കുന്ന പണികള്‍ ഒന്നും ചെയ്തു കൊടുക്കാറില്ല.സമയത്തിന് വീട്ടില്‍ വരാതെയായി.ചാല കമ്പോളത്തില്‍ അപ്പാ പെരുമാള്‍ ആചാരി ഉണ്ടാക്കിയെടുത്ത വിശ്വാസവും,വ്യക്തിത്വവും മുത്തുരാമന്‍ അണ്ണന്‍ ചാരായത്തിന്റെ ലഹരിക്കായ് പണയം വച്ചു.

തോട്ടിലൂടെ കുത്തിയൊഴുകുന്ന മഴ വെള്ളത്തിന്‌ മുകളില്‍ യാന്ത്രികമായി ആ തെങ്ങിന്‍ തടിയില്‍ കാലു വക്കുമ്പോള്‍ രംഗന്റെ കാലുകള്‍ വിറക്കുന്നതു പോലെ തോന്നി.തെങ്ങിന്‍ തടി ഇളകിയാടുന്ന പോലെ തോന്നി.അയാളുടെ ശരീരം വിയര്‍ത്തു.തലയില്‍ കൊള്ളിയാന്‍ മിന്നി.എഴുപതിനോട് അടുക്കുന്ന ആ വൃദ്ധന്റെ കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി.ഇത് പോലൊരു മഴയത്താണ് മുത്തു അണ്ണന്‍ !! കള്ള് കുടിച്ചു ബോധ രഹിതനായി വന്ന മുത്തു അണ്ണന്‍ ഈ തെങ്ങിന്‍ തടിയില്‍ കാലു വഴുതി വെള്ളത്തില്‍ വീണത്‌.പിറ്റേന്ന് രാവിലെ കറവക്കാരന്‍ രാജയ്യനാണ് അത് കണ്ടത്. തോട്ടു വെള്ളത്തില്‍ മരിച്ചു പൊന്തി കിടക്കുന്ന മുത്തു രാമന്‍ അണ്ണന്‍. ആറു പെണ്‍ കുട്ടികളെയും,മധിനിയെയും തന്നെയും അനാഥരാക്കി കടന്നു പോയ സ്വാര്‍തനായ മുത്തു രാമന്‍ അണ്ണന്‍.പിന്നെ അനാഥരായ മധിനിക്കും കുട്ടികള്‍ക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വക്കുകയായിരുന്നു.വിവാഹം കഴിച്ചില്ല.താന്‍ വിവാഹം കഴിച്ചാല്‍ മധിനിക്കും കുട്ടികളെയും നോക്കാന്‍ കഴിയില്ല.രാ പകലില്ലാതെ പണിയെടുത്തു ആറു കുട്ടികളെയും പഠിപ്പിച്ചു... വല്ല വിധേനെയും അഞ്ചു പേരെയും കെട്ടിച്ചു വിട്ടു... അവര്‍ നല്ല രീതിയില്‍ ജീവിക്കുന്നു...ഇനിയുള്ളത് അഭിരാമി മാത്രം.അവള്‍ സോഫ്റ്റ്‌വെയര്‍ എന്ജിനീരിംഗ് ഫസ്റ്റ്‌ ക്ലാസ്സില്‍ പാസ്സായി നില്‍ക്കുന്നു.ഇപ്പോള്‍ ടെക്നോ പാര്‍ക്കില്‍ ജോലിയും ശെരിയായിട്ടുണ്ട്.. അടുത്ത മാസം ജോയിന്‍ ചെയ്യണം.

അവള്‍ക്കു ഒരാലോചന വന്നിട്ടുണ്ട് .കണിയാരെ കാണാനുള്ള യാത്രയിലാണ്.കണ്ണും അത്ര കാണുന്നില്ല.മുടിയെല്ലാം നരച്ചു പഞ്ഞി കേട്ട് പോലെയായി.മധിനിക്ക് എണീറ്റ്‌ നടക്കാന്‍ കഴിയില്ല.കാഴ്ചയും മങ്ങിയിട്ടുണ്ട്...മക്കള്‍ക്ക്‌ വേണ്ടി ജീവിതത്തിലെ സ്വന്തം സുഖങ്ങള്‍ ത്യജിച്ച രണ്ടു വ്യക്തികളാണ് മധിനിയും താനും....

ചിത്തപ്പാ !! ... അഭിരാമിയാണ് !! ...

എന്ന മക്കാ ?

ഏന്‍ കുടയേടുക്കാമേ പോകിറായ് ?

അഭിരാമി കുടയുമായി മര തടിയുടെ നടുവില്‍ എത്തി.കുട അവളുടെ കയ്യില്‍ എത്തി പിടിക്കുംബോഴേക്കും അയാള്‍ വെള്ളത്തിലേക്ക്‌ വഴുതി വീണു....ധരിച്ചിരുന്ന തൂ വെള്ള വേഷ്ടിയും ഷര്‍ട്ടും ഒക്കെ ചേറും ചളിയുമായി.വല്ല വിധേനെയും അയാളെ അവള്‍ വലിച്ചു വീണ്ടും പടവുകളിലേക്ക് കയറ്റി ... അവള്‍ തന്റെ ചിത്തപ്പായെ കൊച്ചു കുട്ടിയെ പോലെ കൈ പിടിച്ചു നടത്തി വീടിന്റെ വടക്ക് ഭാഗത്തുള്ള കിണറ്റിന്‍ ചോട്ടില്‍ കൊണ്ട് പോയി.... എന്നാ ആച്ച് അഭീ ? മധിനിയാണ്. ചിത്തപ്പാ തോട്ടിലെ വിളുന്തിട്ടാ !! ...

ഏന്‍ അവനുക്ക് ഇന്ത വമ്പു ? ... മള മുടിന്‍ചതുക്കു പിറകു പോക കൂടാതാ ? മധിനി വേച്ചു വേച്ചു കിണറ്റിന്‍ കരയില്‍ വന്നു വെള്ളം കോരി രംഗന്റെ ദേഹത്ത് ഒഴിക്കാന്‍ തുടങ്ങി .. കൂട്ടത്തില്‍ സ്നേഹത്തിലുള്ള ശകാരങ്ങളും !!... രംഗന്‍ അപ്പോള്‍ തന്റെ അണ്ണന്‍ മുത്തു രാമനെ ഓര്‍ത്തു.അപ്പാ പെരുമാള്‍ അചാരിയെ ഓര്‍ത്തു...അമ്മ സീതംബാളെ ഓര്‍ത്തു .... എല്ലാരും സമന്ന്വയിച്ച ഒരു രൂപമായിരുന്നു അപ്പോള്‍ മധിനിയുടെത്... ആ കണ്ണുകളില്‍ വാത്സല്ല്യത്തിന്റെ നിറ ദീപം തെളിയുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നു.അയാള്‍ ഒരു കൊച്ചു കുട്ടിയായി മാറുകയായിരുന്നു.

മധിനി : ജേഷ്ഠ ഭാര്യ

No comments:

Post a Comment