Friday, February 4, 2011

കോടതി വിധി ! ജന വിധി !

പൊതു റോഡുകളിലും,പാതയോരങ്ങളിലും സമ്മേളനങ്ങളും,പ്രകടനങ്ങളും നടത്തി ജന ജീവിതം ദുസഹമാക്കി കൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് മൂക്ക് കയറിടാന്‍ ബഹുമാനപ്പെട്ട കോടതി വിധിക്ക് കഴിയുമെന്ന പ്രത്യാശയിലാണ് കേരളത്തിലെ ഒട്ടു മുക്കാല്‍ ജനങ്ങളും.ബഹുമാനപ്പെട്ട കോടതിയുടെ ഈ വിധിയില്‍ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജനങ്ങള്‍ സന്തുഷ്ടരും,സംത്രുപ്തരുമാണെന്നുമാണ്‌ മലയാള മനോരമ നടത്തിയ ഓണ്‍
ലൈന്‍ സര്‍വ്വേ തെളിയിക്കുന്നത്.വേറൊരു സംസ്ഥാനത്തിലും ഇത്തരം പൊതു നിരത്തുകളില്‍ നടക്കുന്ന പൊതു യോഗങ്ങളും,ഉപരോധ സമരങ്ങളും അധികം നമുക്ക് കാണാന്‍ കഴിയില്ല.കേരളം പുരോഗതിയുടെ കൊടുമുടിയിലേക്ക് കുതിക്കുമ്പോഴും പുതിയ റോഡുകള്‍ ഉണ്ടാവാത്തതും ഒപ്പം ഉള്ള റോഡുകള്‍ വീതിയില്ലാതെ ഞെരുങ്ങുന്നതും പൊതു നിരത്തുകള്‍ സമര നിരത്തുകള്‍ ആക്കുന്നവര്‍ അറിയുന്നില്ല.

സന്തോഷത്തില്‍ ആര്‍മാദിക്കാനും,രോഷാകുലരായി പ്രതിക്ഷേധിക്കാനും പൊതു നിരത്തുകള്‍ തറവാട്ടു സ്വത്തു പോലെ ഉപയോഗിക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ക്ക് ഈ വിധി വല്യ ഒരു തിരിച്ചടി തന്നെയാകും.പ്രകടനങ്ങളും,പൊതു യോഗങ്ങളും,പ്രതിക്ഷേധങ്ങളും ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണെന്ന വസ്തുത നില നില്‍ക്കുമ്പോള്‍ തന്നെ അവരുടെ അവകാശങ്ങള്‍ മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ ഉള്ളതായി തീരരുത്. ഈ പ്രകടങ്ങളും,പൊതു യോഗങ്ങളും,ജന ജീവിതം സ്തംഭിപ്പിക്കുകയും, ഗതാഗത തടസം മൂലം ജനങ്ങള്‍ ദുരിതത്തില്‍ ആയി തീരുന്നതും കേരളീയര്‍ക്ക് നിത്യ സംഭവങ്ങള്‍ ആണല്ലോ ! അത്യാസന്ന നിലയില്‍ വലയുന്ന രോഗികള്‍,ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍,വിമാന,ട്രെയിന്‍ യാത്രക്കും മറ്റും പുറപ്പെടുന്നവര്‍,അന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവര്‍ തുടങ്ങിയവരുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കാന്‍ ഈ പൊതു യോഗങ്ങള്‍ക്കും,പ്രകടനങ്ങള്‍ക്കും കഴിയുമെന്നുള്ളതാണ്‌ അപകടകരമായ
അവസ്ഥ.ചിലപ്പോള്‍ ഈ സമ്മേളങ്ങളും,പ്രകടനങ്ങളും അക്ക്രമാസക്തമായി തീരാറുണ്ട്.ജനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് മറ്റുള്ളവരുടെ അവകാശങ്ങളില്‍ ബോധവാന്‍മാരാകാത്ത ഇത്തരക്കാര്‍ക്ക് എതിരെ കോടതി കര്‍ശന നടപടികളില്‍ എത്തിചേര്‍ന്നിരിക്കുന്നത്.

ഈ സമരങ്ങളും,പൊതു യോഗങ്ങളും കൊണ്ട് വീര്‍പ്പു മുട്ടുന്നത് കേരളത്തിലെ മറ്റേതു നഗരത്തേക്കാള്‍ തിരുവനന്തപുരം നഗരമാണെ ന്നുള്ളത് ഏല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ !! അനന്തപുരിയുടെ ഈ ദുര്യോഗം ആറു വര്‍ഷത്തിനു മുന്‍പ് ബീ ബീ സീയുടെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത് പുറം ലോകത്ത് എത്തിച്ചിരുന്നു.ഇന്ത്യയിലെ ഏതൊരു നഗരത്തെക്കാളും ഈ സമരക്കാരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നത് തിരുവനന്തപുരം നഗരം തന്നെയാനെന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യം തന്നെയാണ്.ഇത്തരം പ്രകടനങ്ങളാലും,പൊതു യോഗങ്ങളാലും ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പൊതു ജനങ്ങള്‍ക്ക്‌ കോടതി വിധി ഒരു ആശ്വാസം തന്നെയാണ്.

കാല്‍ നടക്കാര്‍ക്കും,വാഹനങ്ങള്‍ക്കും തടസമുണ്ടാക്കുന്ന രീതിയില്‍ പ്രകടനക്കാര്‍ റോഡ്‌ നിരന്നു നടക്കരുതെന്നു 1997- ല്‍ തന്നെ കോടതി നിര്‍ദേശിച്ചിരുന്നതാണ്.യോഗമോ,ജാഥയോ,പ്രകടനങ്ങളോ നടത്തുന്നവര്‍ പങ്കെടുക്കുന്നവരുടെ ഏകദേശ കണക്കും,പൊതു യോഗം നടക്കുന്ന മൈതാനത്തിന്റെ വിവരവും അറിയിക്കുവാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സുഗമമായ ഗതാഗത സംവിധാനം ഉറപ്പു വരുത്തുന്നതോടൊപ്പം ശബ്ദ മലിനീകരണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുവാനുമാണ് കോടതിയുടെ ജനഹിതമായ ഈ വിധി.അവധി ദിവസങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്കൂളുകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മൈതാനങ്ങള്‍,വഴിയോരം വിട്ടുള്ള തുറസ്സായ സ്ഥലങ്ങള്‍,സ്ടെഡിയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യോഗാനുമതി നല്‍കാവുന്നതാണെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.അനുമതിയില്ലാതെ സമ്മേളങ്ങളും,യോഗങ്ങളും,പ്രകടനങ്ങളും നടത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കുവാനും,വേദികളും,അനുബന്ധ സജ്ജീകരണങ്ങളും പൊളിച്ചു നീക്കാനും പോലീസിനു കര്‍ശനമായ നിര്‍ദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്.വളരെ വൈകിയാണെങ്കിലും കോടതി നടത്തിയ ഈ വിധി പ്രഹ്യാപനം സംശുദ്ദമായ ഒരു ജനാധിപത്യ പ്രക്രിയ വാര്‍ത്തെടുക്കും എന്നുള്ളതില്‍ സംശയമില്ല ...

No comments:

Post a Comment