Friday, February 4, 2011

ചിരി ദിനം

ചിരിക്കുവാനും ഒരു ദിനം .... പലതും വെട്ടിപ്പിടിക്കാനും എല്ലാം സ്വന്തമാക്കാനും മനുഷ്യര്‍ നെട്ടോട്ടം ഓടുമ്പോള്‍ മറക്കാറുള്ള ഒരു വസ്തുതയാണ് ചിരി ... എല്ലാ സമ്മര്‍ദ്ദങ്ങളുടെയും,മത്സരങ്ങളുടെയും വീര്‍പ്പു മുട്ടലില്‍ ജീവിക്കുന്ന മനുഷ്യന് ചിരിക്കാന്‍ എവിടെ നേരം?മരവിപ്പ് ബാധിച്ച അവന്റെ മനസിനും,ശരീരത്തിനും ഉണര്‍വേകാന്‍ ചിരി സഹായകമാകുന്നുവെന്നു എത്രപേര്‍ക്ക് അറിയാം?.ഓഫീസിലും,വീട്ടിലും പൊതു സഭകളിലും മുഖം വീര്‍പ്പിച്ചിരിക്കുന്ന മനുഷ്യരോട് മറ്റുള്ളവര്‍ അടുക്കുവാന്‍ തന്നെ മടിക്കുന്നു ... അതെ സമയം എപ്പോഴും ചിരിച്ചും കളിച്ചും ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ സുഹൃത്തുക്കള്‍ കൂടുതലാണ് ചിരിക്കാത്തവരെ അപേക്ഷിച്ച് ...ചിരിക്കുന്നവര്‍ എല്ലായിടത്തും ശ്രദ്ധിക്കപ്പെടുകയും എല്ലാരാലും ഇഷ്ടപ്പെടുന്നവരുമായി തീരാറുണ്ട്.
എപ്പോഴും ഉള്ളു തുറന്നു ചിരിച്ചു സന്തോഷവാന്‍മാരായി ഇരിക്കുന്നവര്‍ക്ക് യൌവ്വനവും,സൌന്ദര്യവും,ആരോഗ്യവും ഉണ്ടായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചിരിക്കുന്നത് മൂലം മുഖത്തിന്‌ നല്ല വ്യായാമം കിട്ടുന്നു.മുഖത്തെ മാംസ പേശികള്‍ നല്ലവണ്ണം പ്രവര്‍ത്തിക്കുകയും ഒപ്പം മുഖത്തിന്‌ നല്ല കാന്തിയും ഓജസും ലഭിക്കുന്നു.മാത്രമല്ല ചിരിച്ചു കൊണ്ട് സംസാരിക്കുന്നവരോട് സംസാരിക്കുവാന്‍ മറ്റുള്ളവര്‍ക്ക് താല്‍പര്യവും, ആത്മ വിശ്വാസവും ഉണ്ടാകാറുണ്ട്.ഉദാഖരണത്തിന് ചാടി കടിക്കാന്‍ നില്‍ക്കുന്ന ഒരു വ്യക്തിയോട് നമ്മള്‍ പറയാന്‍ വന്ന കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ കഴിയാറില്ല.അത് പകുതിയിലെ നിന്ന് പോവുകയാണ് പതിവ്.ചിരി സ്വന്തം ആരോഗ്യത്തിനും മറ്റുള്ളവരുടെ ആരോഗ്യത്തിനും ഉതകുന്ന ദിവ്യ ഔഷധമാണ് എന്ന് നമുക്ക് ഇതില്‍ നിന്നും മനസിലാക്കാം.
ചിരിക്കാതെ സെര്‍വ് ചെയ്യുന്ന ഒരു വെയിറ്ററെ അല്ലങ്കില്‍ ഒരു എയര്‍ ഹോസ്റ്റസിനെ നമ്മള്‍ ഇഷ്ടപ്പെടാറില്ല.ചിരിക്കാതെ മുഖം വീര്‍പ്പിച്ചു നമുക്ക് മരുന്ന് നല്‍കുന്ന ഒരു നേര്‍ഴ്സിനെയോ നമുക്ക് സങ്കല്‍പ്പിക്കാനേ കഴിയില്ല.ഒരു ഡോക്ടറുടെയോ അല്ലെങ്കില്‍ ഒരു നേര്‍ഴ്സിന്റെയോ ചിരിച്ചു കൊണ്ടുള്ള സമീപനം നമ്മുടെ പകുതി അസുഹത്തെയും മാറ്റുവാനും നമുക്ക് അവരോടുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്നു.ദിവസം മുഴുവനും അധ്വാനിച്ചു വീട്ടില്‍ എത്തുമ്പോള്‍ ഒരു പുഞ്ചിരിയുമായി തന്നെ വരവേല്‍ക്കുന്ന ഭാര്യയെ ഇഷ്ടപ്പെടാതിരിക്കാന്‍ ഈ ലോകത്ത് ഏതു ഭര്‍ത്താവിനാണ് കഴിയുക? ഭാര്യയുടെ കൊച്ചു കൊച്ചു തമാശകള്‍ പോലും കേട്ടു കുലുങ്ങി ചിരിക്കുന്ന ഏതു ഭര്‍ത്താവിനെയാണ് ഭാര്യമാര്‍ ഇഷ്ടപ്പെടാതിരിക്കുക ? കുഞ്ഞുങ്ങളുടെ പാല്‍ പുഞ്ചിരി ഇഷ്ടപ്പെടാത്ത ഏതു മാതാ പിതാക്കളാണ് ഈ ലോകത്തിലുള്ളത് ?

പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങകുകയില്ല എന്ന മട്ടില്‍ മസിലു പിടിച്ചു ഇരിക്കുന്ന ചില വ്യക്തികളെ നമുക്കു ചുറ്റും കാണാം.തമാശകള്‍ കേട്ടു മറ്റുള്ളവര്‍ പൊട്ടി ചിരിക്കുമ്പോള്‍ ഇക്കൂട്ടര്‍ നിര്‍ജീവമായി ഇരിക്കുന്നത് നമുക്ക് പലപ്പോഴും കാണാന്‍ കഴിയും.ഒരു പക്ഷെ വായ തുറന്നു ചിരിച്ചാല്‍ അവരുടെ ഇമേജ് നഷ്ടപ്പെടുമെന്നു ഇക്കൂട്ടര്‍ കരുതുന്നുണ്ടാവാം .ഇത്തരക്കാര്‍ക്ക് വേണ്ടി ഇപ്പോള്‍ മുക്കിലും മൂലയിലും ചിരി ക്ലബ്ബുകള്‍ തുടങ്ങിയിട്ടുണ്ട്.ഇവിടെ എങ്ങനെ ചിരിക്കാംഎന്നു പഠിപ്പിക്കുന്നു.ഇക്കൂട്ടര്‍ നിര നിരയായി നിന്ന് ഹ ഹ ഹ ഹോ ഹോ ഹോ എന്ന് അട്ടഹസിക്കുന്നു.ഇതിനായി ഒരു പരിശീലകനും.എന്തൊരു വിരോധാഭാസം !! കാശ് മുടക്കി ചിരിക്കാന്‍ പഠിക്കുന്ന ഇത്തരക്കാരോട് എനിക്ക് സഹതാപം തോന്നിയിട്ടുണ്ട്.പഴമക്കാര്‍ പണ്ട് പറഞ്ഞത് പോലെ മനസ് അറിഞ്ഞു ചിരിക്കാന്‍ നല്ലൊരു മനസ് വേണം.തമാശകളുടെ അര്‍ഥം മനസിലാക്കി ഉള്ളു തുറന്നു ചിരിക്കാന്‍ ഒരു നല്ല ഹൃദയം വേണം.മറ്റുള്ളവരെ സ്നേഹിക്കാനും സഹോദര്യത്തോടെ ജീവിക്കാനും പഠിക്കണം.ആയിരം ചാര്‍ളി ചാപ്ലിന്മാരും,ജഗതി ശ്രീകുമാറുമാറും ഈ ലോകത്ത് ജനിച്ചാലും ഇതൊന്നുമില്ലാത്തവര്‍ക്ക് ഒരു വ്യത്യാസവും ഉണ്ടാവുകയില്ല.ആയതിനാല്‍ പരസ്പരം തമാശകള്‍ പറഞ്ഞും ഉള്ളു തുറന്നു ചിരിച്ചും നമുക്കു ഈ ക്ഷണികമായ ജീവിതത്തെ മനോഹരമാക്കാം.... ചിരിച്ചു കൊണ്ടെയിരിക്കാം ...... ലോകാ സമസ്താ സുഖിനോ ഭവന്തു ....

No comments:

Post a Comment