Friday, February 4, 2011

കദ്ദാമ

ദാരിദ്ര്യവും പട്ടിണിയും മൂലം പൊറുതി മുട്ടി വേറൊരു തൊഴിലും വശമില്ലാത്ത,വിദ്യാഭ്യാസമില്ലാത്ത സ്ത്രീകള്‍ ചെയ്യുന്ന തൊഴിലാണ് വീട്ടു ജോലി.നിര്‍ധന കുടുംബത്തില്‍ ജനിക്കുന്ന ഇവര്‍ കുഞ്ഞുങ്ങളെ വളര്‍ത്താനും,കുടുംബത്തെ പോറ്റാനുമുള്ള തത്രപ്പാടില്‍ ഏതെങ്കിലും ഏജന്റുമാര്‍ വച്ച് നീട്ടുന്ന വിസയില്‍ ആകൃഷ്ടരാകുന്നു. കിടപ്പാടം വരെ പണയം വച്ചും,കടം വാങ്ങിയും,ലോണ്‍ എടുത്തും പണം സംഘടിപ്പിച്ചു ഗള്‍ഫില്‍ ജോലിക്ക് വന്നാല്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അറുതി വരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഈ സാഹസത്തിനു മുതിരുന്നത്.

പക്ഷെ ഈ പാവങ്ങള്‍ അറിയുന്നില്ല ഏജന്റുമാര്‍ പണം വാങ്ങി തങ്ങളെ ഗള്‍ഫിലുള്ള മറ്റുള്ള ഏജന്റുമാര്‍ക്ക് വില്‍ക്കുകയാനെന്നു.ഗള്‍ഫില്‍ വന്നിറങ്ങുന്നത് മുതല്‍ അവരുടെ ദുരിതങ്ങള്‍ അവസാനിക്കുകയല്ല മറിച്ചു ആരംഭിക്കുകയാണ്.ഗള്‍ഫിലുള്ള ഏജന്റുമാര്‍ അവരെ അറവു മാടുകളെ പോലെ ഏജന്‍സി ഓഫീസുകളില്‍ കൊണ്ടിരുത്തുന്നു.അറബികള്‍ വന്നു തിരിച്ചും മറിച്ചും നോക്കി നല്ല ഉരുക്കളെ തിരഞ്ഞെടുത്തു കച്ചവടമുറപ്പിക്കുന്നു(എല്ലാരുമല്ല).അറബികളിലും മനുഷ്യത്വത്തോടെ വീട്ടു ജോലിക്കാരോട് സമീപിക്കുന്നവരുണ്ട്.വീട്ടു ജോലിക്കാരെ സ്വന്തം സഹോദരങ്ങളെ പോലെ അല്ലങ്കില്‍ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നവരുണ്ട്.അറബികളില്‍ ഏകദേശം അഞ്ചു ശതമാനമോ അതില്‍ താഴെയോ മാത്രമേ ദയയും കാരുണ്യവും വീട്ടു ജോലിക്കാരോട് കാണിക്കുന്നവരുള്ളൂ.മറ്റുള്ളവര്‍ തങ്ങള്‍ വിലക്ക് വാങ്ങിയ അടിമകള്‍ ആയിട്ടാണ് വീട്ടു ജോലിക്കാരെ കാണുന്നത്.
അറബികളുടെ വീട്ടില്‍ ജോലി നോക്കുന്ന സ്ത്രീകള്‍ക്ക് "കദ്ദാമ" എന്നാണു പേര്.മലയാളത്തില്‍ വീട്ടു ജോലിക്കാരി എന്നാണു ഇതിനര്‍ഥം.വെളുപ്പിനെ നാല് മണിക്ക് ഇവര്‍ എഴുന്നേല്‍ക്കണം.വീട്ടിലെ എല്ലാ അംഗങ്ങളുടെയും കാറുകള്‍ കഴുകണം.ഇതു തണുപ്പത്തും,ചൂടത്തും അവര്‍ ചെയ്തെ പറ്റൂ.പിന്നെ എല്ലാ കാര്‍പെറ്റുകളും പൊടി തട്ടി ഷാമ്പൂ ഉപയോഗിച്ച് കഴുകണം.പിന്നെ തുണി കഴുകല്‍,അടുക്കളയില്‍ പാചകം,തുണികള്‍ക്ക് ഇസ്ത്തിരിയിടല്‍,യജമാനനും,യജമാനത്തിക്കും,കുട്ടികള്‍ക്കും(മിക്കവാറും പത്തു പതിനഞ്ചു മക്കളുണ്ടാകും)ആഹാരം വിളമ്പണം.കുട്ടികള്‍ക്ക് ചന്തി കഴുകി കൊടുക്കണം.കുളിപ്പിക്കേണ്ടി വരില്ല.കാരണം അവര്‍ ആഴ്ചയിലും,മാസത്തിലും ഒരിക്കലെ കുളിക്കുകയുള്ളൂ.
ഇത്രയും പണികള്‍ ചെയ്തു കഴിഞ്ഞു ഒന്ന് തല ചായ്ക്കുമ്പോള്‍ രാത്രി പന്ത്രണ്ടു മണിയാകും.ഈ പണികള്‍ക്കിടയില്‍ യജമാനനും,യജമാനത്തിയും പല കുറ്റങ്ങളും കണ്ടു പിടിക്കും.ഇസ്തിരി ഇട്ടതു ശെരിയാകതത്തിനു,പാത്രങ്ങള്‍ കയ്യില്‍ നിന്ന് വീണു പൊട്ടിയതിന് ശകാരവും,മാനസികവും,ശാരീരികവുമായ പീഡനങ്ങളും.വീട്ടു ജോലിക്കാരെ വളരെ മൃഗീയമായി ഉപദ്രവിക്കുന്ന അറബികള്‍ ഉണ്ട്.ലൈന്കീക പീഡനങ്ങള്‍ വളരെയധികം ഇവര്‍ അനുഭവിക്കുന്നുണ്ട്.പത്തു വയസു കാരന്‍ മുതല്‍ നൂറു വയസു കാരന്‍ വരെ കദ്ദാമകളെ ലൈന്കീകമായി പീഡിപ്പിച്ച അറബി വീടുകളുണ്ട്.തുടയിലും,ദേഹത്തും കമ്പി ചൂടാക്കി വക്കുക,ആഹാരം കൊടുക്കാതെ പട്ടിണിക്കിടുക,ശരീരത്തില്‍ തിളച്ച എണ്ണ കൊരിയോഴിക്കുക തുടങ്ങിയ ദ്രോഹങ്ങള്‍ ഈ പാവങ്ങളോട് അറബികള്‍ കാട്ടാറുണ്ട്‌.നാട്ടിലുള്ള തങ്ങളുടെ കുഞ്ഞുങ്ങളുടെ ഒട്ടിയ വയര്‍ ഓര്‍ക്കുമ്പോള്‍ അവര്‍ എല്ലാം സഹിക്കുകയും മറക്കുകയും ചെയ്യുന്നു.ഇതെല്ലാം കഴിഞ്ഞു ഇവര്‍ക്ക് കിട്ടുന്നത് നാലപ്പതു ദിനാര്‍... ഏകദേശം ആറായിരം രൂപ.അതും രണ്ടും മൂന്നു മാസം കഴിഞ്ഞാണ് ഇവര്‍ക്ക് കിട്ടുന്നത്..കുട്ടികളെ പഠിപ്പിക്കാനും,അവരുടെ ഭക്ഷണത്തിനും,പലിശ പൈസ അയക്കുന്നതിനും ഒട്ടും ഈ പണം തികയാറില്ല.
പീഡനങ്ങള്‍ സഹിക്ക വയ്യാതെ പ്രതികരിച്ചു പോയാല്‍ കദ്ദാമകളെ മര്‍ദ്ദിച്ചു അവശരാക്കി ഏജന്‍സിയില്‍ തിരിച്ചു കൊണ്ട് വിടുന്നു.ഏജന്റുമാരുടെ മര്‍ദ്ദന മുറകള്‍ വേറെയും...ഏജന്റുമാരുടെയും,അറബികളുടെയും മര്‍ദ്ദന മുറകള്‍ സഹിക്ക വയ്യാതെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ചാടി മരിച്ച കദ്ദാമകളും ഉണ്ട്.ഭ്രാന്തായി തീര്‍ന്നവര്‍ ഏറെയുണ്ട് ...പീഡനങ്ങള്‍ സഹിക്ക വയ്യാതെ ചില കദ്ദാമകള്‍ ഓടി എംബസിയില്‍ പോകാറുണ്ട്.അവിടെ ചെന്നാലോ അറബികള്‍ക്കെതിരെ നടപടികള്‍ എടുക്കാതെ അവരെ അറബികളുടെ വീട്ടിലേക്കു തന്നെ തിരിച്ചു അയക്കുകയാണ് പതിവ്...പിന്നെ വീട് വിട്ടു ഓടി പോയതിനു വേറെ ശിക്ഷയും.
വീട് വിട്ടു ഓടിപ്പോകുന്ന സ്ത്രീകളെ സംരക്ഷിക്കുന്നു എന്ന വ്യാജേന വേശ്യാ വൃത്തിക്കു പ്രേരിപ്പിക്കുന്ന സംഘങ്ങളും ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപകമാണ്. മനുഷ്യത്വ രഹിതമായ ഈ പ്രവര്‍ത്തനങ്ങള്‍ കണ്ടും കണ്ടില്ലാന്നു നടിക്കുന്ന ഒരു സമൂഹമാണ് ഗള്‍ഫിലെ നമ്മുടെ ഇന്ത്യന്‍ സമൂഹം.ഇതിനെതിരെയെല്ലാം ശബ്ദമുയര്‍ത്തുന്ന ചില സംഘടനകള്‍ ഉണ്ട്.എന്നാല്‍ അവര്‍ക്ക് വേണ്ട സഹകരണങ്ങളും,സഹായങ്ങളും സര്‍ക്കാരില്‍ നിന്നോ നാട്ടുകാരില്‍ നിന്നോ കിട്ടുന്നില്ല എന്നതാണ് വാസ്തവം.ഈ പാവങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്ന അറബികളുമുണ്ട്.പക്ഷെ ഒരു പരിധിവരെ മാത്രമേ ഇവര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയൂ.കാരണം കദ്ദാമ വീട്ടു ജോലിക്കാരിയാണ്.അവള്‍ അറബിയുടെ വീടിന്റെ സ്വകാര്യതയുടെ ഭാഗമാണ്.അറബികള്‍ പൊതുവേ തങ്ങളുടെ സ്വകാര്യതകള്‍ മറ്റുള്ളവരുമായി പങ്കു വക്കാന്‍ ആഗ്രഹിക്കാത്തവരുമാണ്.
കദ്ദാമകളെ പീഡിപ്പിക്കുന്നതില്‍ മലയാളികള്‍ ഒട്ടും പിന്നിലല്ലായെന്നു തെളിയിക്കുന്ന സംഭവമാണ് കുവൈറ്റിലെ ഫാഹാഹീലില്‍ നടന്നത്. അവിടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നേര്‍ഴ്സും,ഭര്‍ത്താവും അവരുടെ വീട്ടു ജോലിക്കാരിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച വാര്‍ത്ത ചിത്രങ്ങള്‍ സഹിതം ഇന്റര്‍നെറ്റ്‌ വഴി ലോകം മുഴുവനും അറിഞ്ഞിരുന്നു.മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ഒരു വാര്‍ത്തയായിരുന്നു അത്.വീട്ടു ജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ച ഈ നേര്‍ഴ്സിന്റെ കയ്യില്‍ രോഗികള്‍ എത്ര സുരക്ഷിതരായിരിക്കും?ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇത് എന്നും നമ്മുടെ മനസ്സില്‍ അവശേഷിക്കും.ഈ വാര്‍ത്തകള്‍ പുറത്തു വന്നതിനു ശേഷം മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ നിമിത്തം ഈ നേര്‍ഴ്സിനു തന്നാല്‍ പീഡിപ്പിക്കപ്പെട്ട വീട്ടു ജോലിക്കാരിക്ക് നഷ്ട പരിഹാരം നല്‍കി നാട്ടില്‍ അയക്കേണ്ടി വന്നു.
ഒരു ചാണ്‍ വാറിനു വേണ്ടി ജീവിതത്തില്‍ പൊരുതി എല്ലാ പീഡനങ്ങളും ഏറ്റു വാങ്ങി തങ്ങളുടെ ജീവിതം ഹോമിക്കുന്ന ഈ സഹോദരികളുടെ ജീവിതത്തിലേക്ക് നമ്മള്‍ എത്തി നോക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.കൂട്ടം എന്ന ഈ തറവാട്ടിലെ മക്കള്‍ ഒരുപാട് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഈയവസരത്തില്‍ നമ്മള്‍ വീണ്ടും ഒരുമിച്ചിരുന്നു ഈ സഹോദരിമാരുടെ ക്ഷേമത്തിനായ് പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ ആത്മാര്‍ഥമായും ആഗ്രഹിക്കുന്നു.നമുക്ക് ചുറ്റുമുള്ള വീട്ടു ജോലിക്ക് വന്നു യാതനകള്‍ അനുഭവിക്കുന്ന സഹോദരിമാരുടെ പ്രശ്നങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുകയും അവര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്നതിനും നമ്മുടെ കൂട്ടം കൂട്ടുകാര്‍ ഒന്നിക്കണം.നമ്മുടെ കൂട്ടം ജീവ കാരുണ്യത്തിന്റെ വട വൃക്ഷമായി വളരട്ടെ.സ്നേഹവും സാഹോദര്യവും നമ്മുടെ ജീവിതത്തിന്റെ മുഖ മുദ്രയാകട്ടെ!!.

No comments:

Post a Comment