Friday, February 4, 2011

ഒപ്പ്

ആശുപത്രി കിടക്കയില്‍ ജനിച്ചു വീണപ്പോള്‍ ലിംഗ നിര്‍ണ്ണയത്തിനായ്‌ ഡോക്ടര്‍ ആണ് ആദ്യമായി ഒപ്പ് ഇട്ടതു.

അച്ഛനും അമ്മയും തന്റെ പൊന്നോമനയെ ഏറ്റു വാങ്ങുമ്പോള്‍ ഇട്ടു ഓരോ ഒപ്പ്...

ആദ്യാക്ഷരം കുറിക്കാന്‍ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ രക്ഷ കര്‍ത്താവിന്റെ കോളത്തില്‍ അച്ഛനിട്ടു വീണ്ടുമൊരു ഒപ്പ്.

പഠിച്ചു പഠിച്ചു ഓരോ ബിരുദങ്ങള്‍ ഏറ്റു വാങ്ങുവാനും ഇട്ടു ഓരോ ഒപ്പുകള്‍.

ജോലിയുടെ തുടക്കത്തിലും ഇട്ടു ഒരൊപ്പ്,പിന്നെ മാസാ മാസം ശമ്പളം വാങ്ങുവാനും ഇട്ടു ഒപ്പുകള്‍.

ജോലി രാജി വച്ച് ബിസിനസ്സിലേക്ക്‌ ഇറങ്ങിയപ്പോള്‍ മണിക്കൂറില്‍ ഒരിക്കല്‍ ഒപ്പുകള്‍ ഇടുവാന്‍ തുടങ്ങി.

പ്രണയം മൂത്ത് സ്നേഹിച്ചവളെ സ്വന്തമാക്കാന്‍ രെജിസ്ടര്‍ ഓഫീസിലും ഇട്ടു ഒരൊപ്പ് ....

സ്നേഹിച്ചു സ്നേഹിച്ചു സ്നേഹം വിരസമായപ്പോള്‍ വീണ്ടുമിട്ടു ഒരൊപ്പ് പിരിയുവാന്‍ എന്നെന്നേക്കുമായി ....

ഈ ഒപ്പുകള്‍ക്കിടയില്‍ ഹൃദയത്തില്‍ പതിച്ച ഒപ്പുമായി അവന്‍ പിറന്നിരുന്നു .... അച്ഛന്റെ മകന്‍ !!

ഈ അവസാനമില്ലാത്ത ഒപ്പുകള്‍ക്കിടയില്‍ അവന്‍ വളര്‍ന്നു വന്നു.

എന്താണ് എന്നറിയില്ല ഇപ്പോള്‍ അവനും ഒപ്പിടാന്‍ പഠിക്കുകയാണ് !!...

ഏതോ ഒരാശുപത്രിയുടെ മൂലയില്‍ അവന്റെ അച്ഛന്റെ അനാഥമായ വിറങ്ങലിച്ച മൃത ശരീരം
ഏറ്റു വാങ്ങുവാന്‍ അവനും ഇടണ്ടേ ഒരു ഒപ്പ് ?

No comments:

Post a Comment